ലേഖനം: മടക്കുന്നവനും മുടക്കുന്നവരും | രാജൻ പെണ്ണുക്കര

കഴിഞ്ഞ ദിവസം എന്റെ ആത്മസുഹൃത്തയച്ച നർമ്മരസം കലർന്ന കമന്റ് വായിച്ചപ്പോൾ ചിരി വന്നെങ്കിലും, പലവട്ടം വായിച്ചപ്പോൾ അതിൽ എന്തോചില മർമ്മങ്ങൾ ഉള്ളതുപോലെ തോന്നി പോയി. “നേരോടെ നടക്കുന്നവർക്ക് *അവൻ* ഒരു നന്മയും മുടക്കില്ല” (സങ്കി 84:11), “പക്ഷെ *‘അവർ’* മുടക്കും, മുടക്കി മുടക്കി അവർ മടുക്കും, പിന്നെ മുട്ടു മടക്കും, അപ്പോൾ നമ്മൾ എഴുന്നേറ്റു നടക്കും, ദൈവത്താൽ നാം മതിൽ ചാടി കടക്കും. നമ്മുടെ ജീവിതാനുഭങ്ങൾ വെച്ച് നോക്കിയാൽ എത്രയോ വാസ്തവമായി തോന്നുന്നില്ലേ ഈ വാക്കുകൾ.

നേരോടെ നടക്കാൻ ആഗ്രഹിക്കുന്നവർക്കും തീരുമാനിക്കുന്നവർക്കും ആ പാതയിൽ കൂടി സഞ്ചരിക്കുന്നവർക്കും തികച്ചും അനുകൂലവും അനുയോജ്യവുമല്ല ഈ ലോകം പ്രേത്യേകിച്ച് ഈ വന്നകാലം. അങ്ങനെയുള്ളവർക്ക് ഈ പാത ഞെരുക്കവും ഇടുക്കവും ആകുന്നു. “ഒരാൾ സത്യത്തോട് എത്രകണ്ട് ചേർന്നു നിൽക്കുന്നുവോ അത്രകണ്ട് അയാളുടെ ജീവിതം ദുരിത പൂർണ്ണമായിരിക്കും. അയാളെ സമൂഹം ഒറ്റപ്പെടുത്തും, ശാരീരികമായും മാനസികമായും മുറിവേല്പിക്കും  പക്ഷെ ആർക്കും അയാളെ അത്യന്തികമായി തോൽപ്പിക്കാൻ കഴിയില്ല എന്നത് യഥാർഥ്യമാണ്, മാറ്റമില്ലാത്ത പ്രപഞ്ചസത്യമാകുന്നു എന്നല്ലേ പറയുന്നത്”. അത് ആത്മീകത്തിൽ ആയാലും ലൗകീകത്തിൽ ആയാലും ഫലം തഥൈവ. അവന്റ യാത്ര എപ്പോഴും ഒറ്റക്കാണ്. അവൻ സഭയിലും, ഓഫീസിലും, സമൂഹത്തിലും, അയൽവക്കത്തും കുടുംബത്തിലും ഒറ്റപ്പെടുന്നു. അവന്റെ സമ്പാദ്യം എന്നും കുറെ ശത്രുക്കൾ മാത്രം, അവന് മിത്രങ്ങളെക്കാൾ ശത്രുക്കൾ അധികം. ഏതു മേഖല നോക്കിയാലും അങ്ങനെയുള്ളവരെ തകർക്കുവാൻ /മുടക്കുവാൻ സമയവും സാഹചര്യവും സന്ദർഭവും നോക്കി കണ്ണിൽ എണ്ണയുമൊഴിച്ച് തക്കം പാർത്തിരിക്കുന്ന ഒരുകൂട്ടം ഉണ്ടന്ന കാര്യം കൂടി ഓർത്തുകൊൾക.

പക്ഷെ നേരോടെ നടക്കുന്നവന്റെ നന്മകൾ അൽപ്പം താമസിച്ചാലും സത്യവും നേരും ഉള്ള ദൈവം ഒരിക്കലും അവന്റെ നന്മകൾ മുടക്കില്ല അവന് മുട്ടുണ്ടാകയില്ല, നന്മയും കരുണയും അവന്റെ ആയുഷ്കാലമൊക്കെയും അവനെ പിന്തുടരും; അവൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കുമെന്ന് വചനം ഉറപ്പ് തരുന്നു.

post watermark60x60

എന്നാൽ നേരുംനെറിയും ഇല്ലാത്തവർ അവരെ  എല്ലാതലങ്ങളിലിൽ നിന്നും മുടക്കും, മുടക്കി മുടക്കി അവർ മടുക്കും പിന്നെയവർ തളർന്ന് മുട്ടു മടക്കും, നേരോടെ നടക്കുന്നവൻ മുട്ടുകുത്തും, ദൈവം അവനെ ബലപ്പെടുത്തുമ്പോൾ അവൻ ചാടി എഴുന്നേറ്റ് നടക്കും ദൈവത്താൽ അവൻ മതിൽ ചാടി കടക്കും. എന്താ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുവോ?. എന്നാൽ അതാണ് സത്യം അതാണ് ദൈവപ്രവർത്തി. ഈ തരുണം ഭക്തന്റെ വരികൾ ഓർത്തു പോകുന്നു “അവനാർക്കും കടക്കാരനല്ല” “അവനാർക്കും ബാധ്യതയല്ല” “അവനൊപ്പം പറയാൻ ആരുമേ ഇല്ല..”

അങ്ങനെ മുടക്കി തോൽപിച്ച് മുട്ടുമടക്കിച്ച എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉദാഹരണം ആയി നിൽക്കുന്നു. പലപ്പോഴും അവരെ കുറ്റപ്പെടുത്തി പറയുന്നത് കേട്ടിട്ടുണ്ട്, നിങ്ങൾ അനീതിക്കും അന്യായത്തിനും അസത്യത്തിനും നെറികേടിനും എതിരെ അവിടെ നിന്നു പോരാടണമായിരുന്നു, എന്തിന് ഇട്ടെറിഞ്ഞു കളഞ്ഞിട്ട് ഓടി പോയി, ഒട്ടും വിട്ടു കൊടുക്കരുതായിരുന്നു അതല്ലേ അവർ ജയിക്കുവാൻ കാരണം.

ചിലപ്പോൾ ഈ വാക്കുകൾ ശരിയായി തോന്നുമായിരിക്കും. എന്നാൽ ജീവിതത്തിൽ തോറ്റുപോയവരിൽ അല്ലെങ്കിൽ മനഃപ്പൂർവ്വം തോറ്റു കൊടുത്തിട്ടുള്ളവരിൽ അധികവും ജയിക്കാൻ അറിയാത്തവരല്ല മറിച്ച് മറ്റുള്ളവരെ ചതിക്കാനോ, വഞ്ചിക്കാനോ, കാലുവാരാനോ, നോവിക്കാനോ, മുറിക്കാനോ, പിളർത്തി നശിപ്പിച്ചു കളയാനോ അറിയാത്തവരാണെന്ന സത്യം ഓർത്തുകൊൾക. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ തിന്മക്കെതിരെ വാദിച്ചു ജയിക്കുവാൻ നിൽക്കാതെ/ശ്രമിക്കാതെ മാറികൊടുക്കുന്നവർ/വിട്ടുകൊടുക്കുന്നവർ/ ദൈവം നോക്കിക്കൊള്ളും എന്ന പൂർണ്ണ വിശ്വാസത്തിൽ ദൈവത്തേ കാര്യങ്ങൾ ഭരമേൽപ്പിച്ച് പടിയിറങ്ങുന്നവർ, അകന്നുപോകുന്നവർ എന്നുകൂടി പേര് വിളിക്കുന്നതാണ് ഉത്തമം. ദൈവം നേരുള്ള ന്യുനപക്ഷത്തിന്റെ കൂടെയാണ് അവരുടെ പക്ഷത്താണ്.

ഒരിക്കൽ വേലയിലും, വിശ്വാസത്തിലും, ദൈവമക്കളെ ശുശ്രുഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും, ആദരിക്കുന്നതിലും മുൻപന്തിയിൽ കത്തി ശോഭിക്കുന്ന വിളക്കുപോലെ കൈത്താങ്ങായി നിന്ന ഒരു വിശ്വാസിയോ, ഒരു സഹോദരനോ നിന്റെ പ്രവർത്തികൊണ്ട്, നിന്റെ ശുശ്രുഷ കൊണ്ട്, നിന്റെ സ്വാർത്ഥതമൂലം എടുത്ത ചില തെറ്റായ തീരുമാനങ്ങൾ കൊണ്ട്  തോറ്റുപിന്മാറി ഒടുങ്ങി പോയാൽ, അവൻ പിന്മാറ്റക്കാരനായി മാറി മടുത്തു പോകുന്നെങ്കിൽ വിശ്വാസ ജീവിതത്തിൽ തളർന്നു ക്ഷീണിച്ചു പോകുന്നെങ്കിൽ, അവൻ നരകയോഗ്യൻ ആയി മാറുന്നെങ്കിൽ അതിന്റ ഉത്തരവാദിത്വം ആരുടേതാണെന്ന് നിങ്ങൾ തന്നേ തീരുമാനിക്കൂ, അതിൽ നിന്നും ആർക്കും രക്ഷപെട്ടു പോകുവാൻ കഴിയുകയില്ല. അതിന്റ കണക്ക് നിന്റെ പ്രവർത്തി /ശുശ്രുഷ തന്നേ പറയണം എന്നത് ദൈവനീതിയും പ്രപഞ്ചസത്യവുമാണ്. ആത്മാവിന്റെ രക്ഷയിൽ ഉപരി ആത്മാവിന്റെ നാശത്തിന്റ കാരണഭൂതർ നാം ഓരോരുത്തരും ആയി മാറുന്നു എന്നുകൂടി പറയാതെ വയ്യാ, പ്രേത്യകിച്ച് ഇടയൻ ആടുകളുടെയും കണക്ക് പറയണം എന്ന് വചനം വ്യക്തമായി പറയുന്നു.

“പലപ്പോഴും ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടുവന്നു” എന്ന് എത്ര ദുഖത്തോടെയാണ് ഇയ്യോബ് (30:26) വിളിച്ചു പറയുന്നത്. പ്രതീക്ഷിച്ചതിനും കാത്തിരുന്നതിനും തികച്ചും വിപരീതമായ കാര്യങ്ങളല്ലേ ഇവിടെ സംഭവിക്കുന്നത്. നാം വെളിച്ചത്തിന്റെ മക്കൾ ആകുന്നു എന്ന് പറയുന്നവർ ഇരുട്ടിന്റെ പ്രവർത്തിയായ കള്ളത്തരങ്ങളെ ആശ്രയിക്കുകയും, നന്മകൾ ചെയ്യണമെന്നും സത്യത്തിന്റെ സാക്ഷികളാകണം, സത്യത്തേ മാത്രം പിൻതുടരണം, പിൻതാങ്ങണം എന്നൊക്കെ മുഷ്ടി ഉയർത്തി വാതോരാതെ പ്രസംഗിക്കുന്നവർ തിന്മ/അസത്യത്തെ കൂട്ടുപിടിച്ച് നേരിനെ/സത്യത്തേ ചവിട്ടിയരച്ചു കൊല്ലുമ്പോൾ ദുഃഖം തോന്നാറുണ്ടോ?.

എന്നാൽ ദാവീദ് ജ്ഞാപക സങ്കീർത്തനത്തിൽ (38:20) പറയുന്ന വാക്കുകൾ കൂടി ഒന്നുകേൾക്കൂ “ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.” കാരണം ഇന്നു മനുഷ്യൻ “നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു” (സങ്കീ:52:3).

പ്രിയപ്പെട്ട വായനക്കാരെ, മടുത്തുപോകരുത്, മുട്ടുമടക്കിയാൽ എഴുനേൽപ്പിക്കുന്ന ഒരുവൻ നമ്മുടെ അടുത്തുണ്ട്. ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം ഇയ്യോബ് 34:4. ദൈവം നമ്മേ അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like