ലേഖനം: ഈയ്യോബിനെപ്പോലെ… | രാജൻ പെണ്ണുക്കര

നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം” എന്ന ദൈവീക കല്പന ആവർത്തനം 18:13-ൽ വായിക്കുന്നു. അതും മനുഷ്യന്റെ മുമ്പാകെ അല്ല ദൈവത്തിന്റെ മുമ്പാകെ അഥവാ സന്നിധിയിൽ തന്നെയാണ് വേണ്ടതെന്ന കാര്യവും മറക്കരുത്. മാത്രവുമല്ല, ചിലർ ഇതിനെ പഴയനിയമ വ്യവസ്ഥ ആണല്ലോ എന്നുപറഞ്ഞു നിസാരവൽകരിച്ച് തള്ളിക്കളയാനുള്ള ഒഴികഴിവ് പറയുമായിരിക്കും. ഏതായാലും അങ്ങനെയുള്ളവരെ തത്കാലം വെറുതെ വിടാം.

“നിഷ്കളങ്കം” (Perfect, Blameless, Spotless) എന്ന പദത്തിന്റെ നാനാർത്ഥങ്ങൾ നോക്കിയാൽ കുറ്റമറ്റ, കറയില്ലാത്ത, കുറവുകളില്ലാത്ത, നിര്‍ദ്ദോഷമായ എന്നല്ലേ?. ഇതല്ലേ ഒരാളുടെ ക്രിസ്തീയ ജീവിതത്തെ പ്രമുഖമാക്കിക്കാട്ടുവാൻ (Prominent/Highlight) അഥവാ അടിവരയിട്ട് (Underline) സൂക്ഷിക്കുവാൻ വേണ്ടുന്ന ഗുണം.

എന്നാൽ പുതിയ നിയമവ്യവസ്ഥയിൽ കാൽവറിയിൽ മാനവ ജാതിക്കുവേണ്ടി ചൊരിഞ്ഞ യേശുവിന്റെ രക്തത്തെ “ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം” (1പത്രോ 1:19) എന്ന് വിശേഷിപ്പിക്കുമ്പോൾ, ആ രക്തം കൊണ്ട് വീണ്ടെടുക്കപ്പെട്ട നാം എങ്ങനെയുള്ളവർ ആയിരിക്കണം എന്ന് പ്രത്യേകിച്ച് ഇനിയും പറഞ്ഞു തരണമോ? അതുകൊണ്ടാണ് ദൈവം മനുഷ്യന് കൊടുക്കുന്ന വിവിധ പ്രമാണങ്ങളിൽ വളരെ പരമപ്രധാനമായ പ്രമാണമായി തന്നേ ഇതിനെയും കരുതണം എന്ന് പറയുന്നത്. യഥാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ടുള്ള കല്പന അല്ലേ ഇത്.!

ദൈവവചനത്തിൽ നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു എന്നും, ഇയ്യോബിനെ കുറിച്ച് പറയുമ്പോൾ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; (ഇയ്യോ 1:8, 2:3) എന്ന് രണ്ടുവട്ടം ആവർത്തിച്ച് യഹോവ പറയുന്ന വിശേഷണ പ്രയോഗവും വായിക്കുന്നു. യഹോവയാം ദൈവം ആവർത്തിച്ചവർത്തിച്ച് സാത്താനോട് ഇങ്ങനെ പറയണമെങ്കിൽ ഈയ്യോബ് എന്ന വ്യക്തി ആരായിരിക്കും എന്ന് ചിന്തിക്കുക. ഈ സാക്ഷ്യം കേൾപ്പിക്കുവാൻ നമുക്ക്‌ സാധിക്കുമോ എന്നതാണ് നാം ശോധന ചെയ്യേണ്ടിയത്. ഇവിടെ എടുത്തു പറയുന്ന വിവിധ ഗുണ വിശേഷണത്തിൽ വളരെ പ്രധാനമായി ഊന്നി പറയുന്ന ഗുണമാണല്ലോ നിഷ്കളങ്കത്വം.

ദൈവത്തോടുകൂടെ നടക്കുവാൻ “നിഷ്കളങ്കൻ” എന്ന യോഗ്യത ഉണ്ടായിരിക്കണം എന്ന് നോഹയും നേരുള്ളവരുടെ “നിഷ്കളങ്കത്വം” അവരെ വഴിനടത്തും എന്ന് സദൃശ്യ വാക്യങ്ങളും പറയുമ്പോൾ നമ്മുടെ ജീവിതത്തിൽ ഇത് എത്ര അളവിൽ ആവശ്യമെന്ന് വിലയിരുത്തേണ്ടത് നമ്മുടെ ആവശ്യം തന്നേ.

“നിഷ്കളങ്കത്വം” ഹൃദയത്തിൽ ഉരുവായി നമ്മുടെ പ്രവർത്തിയിലും ജീവിതത്തിലും ദൈനദിനം പ്രതിഫലിക്കേണ്ട ഗുണ വിശേഷണമാകുന്നു എന്നു പറയേണ്ടി വരുന്നു. ഹൃദയത്തിൽ ശുദ്ധിയുണ്ടായാൽ മാത്രമേ നിഷ്കളങ്കമായ ജീവിതം നയിക്കുവാൻ സാധിക്കൂ എന്ന കാര്യം മറക്കരുത്.

ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും എന്ന് യേശു തന്നേ പറയുമ്പോൾ
ഇവിടെ ഒരുകാര്യം വളരെ വ്യക്തം, ഹൃദയശുദ്ധിയുണ്ടെങ്കിൽ മാത്രമേ കുറഞ്ഞ പക്ഷം ദൈവത്തെ ഒന്നു കാണുവാൻ പോലും കഴികയുള്ളൂ എങ്കിൽ, സ്വർഗ്ഗത്തിൽ പോകുന്ന കാര്യം പിന്നെ ചിന്തിക്കാം.

നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ (സങ്കീ 15:2) എന്ന് വചനം പഠിപ്പിക്കുമ്പോൾ നമ്മുടെ പ്രവർത്തിയിലും നടപ്പിലും സംസാരത്തിലും നിഷ്കളങ്കത്വം അനിവാര്യം അല്ലേ. ഇതില്ലാതെ എത്ര ആത്മീകം അഭിനയിച്ചാലും ഉപവാസം ചെയ്താലും സൂം നടത്തിയാലും ഫലം ശൂന്യം എന്നതും സത്യം. അൽപ്പസ്വൽപ്പം കൗശലം, ചതിവ്, വഞ്ചന, കാപട്യം ഉള്ളിൽ വെച്ച് താലോലിച്ചുകൊണ്ട് ആത്മീകതയുടെ പരിവേഷം അണിഞ്ഞ്, ആത്മീകതയുടെ പേരിൽ കാണിക്കുന്ന /നടത്തുന്ന അഭിനയങ്ങൾ, അഭ്യാസങ്ങൾ നിഷ്കളങ്കതയുടെ മാനദണ്ഡമായി മാറില്ല എന്നുകൂടി ഓർത്താൽ നന്ന്. മാത്രവുമല്ല എല്ലാം അൽപ്പസ്വൽപ്പം ആകാം എന്നമനോഭാവവും പാപമാകുന്നു.

വചനം പറയുന്നു “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു”.. (ഫിലി 2:14). യഥാർത്ഥത്തിൽ നാം പരമാർത്ഥികളും നിഷ്കളങ്കരും ആകുന്നെങ്കിൽ മാത്രമേ “”ദൈവത്തിന്റെ നിഷ്കളങ്കമക്കൾ”” എന്ന ഓമന പേര് ലഭിക്കുകയുള്ളു എന്നകാര്യം മറക്കരുത്. അല്ലാ തിരിച്ചാണ് നമ്മുടെ അവസ്ഥ എങ്കിൽ നാം ആരുടെ മക്കൾ എന്നു സ്വയം തീരുമാനിക്കുക.

നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; (സങ്കീ 37:37). ഇവിടെ പറയുന്ന കുറിക്കൊള്ളുക എന്നതിന് ഇംഗ്ലീഷിൽ Consider/ Mark എന്നീപദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. എന്നുവെച്ചാൽ നിഷ്കളങ്കന്റെ ഗുണങ്ങള്‍ പരിഗണിക്കുക, വിചിന്തനം ചെയ്യുക, നേരുള്ളവനെ നോക്കി ഗുണപാഠങ്ങൾ പഠിച്ചു കൊള്ളണം എന്നൊക്കെയാണ്. മനുഷ്യരെ നോക്കരുത് ക്രിസ്തുവിനെ നോക്കണം എന്ന സത്യം മറന്നുപോയിട്ടില്ല എങ്കിലും ഒന്നു ചോദിക്കട്ടെ, ആത്മീകതയിൽ ഒന്നു കുറിച്ചുവെക്കാൻ (Mark), ഒന്ന് അടയാളപ്പെടുത്തി (Highlight) വെക്കാൻ, നമ്മേ ഒന്ന് അനുകരിക്കാൻ, പരിഗണിക്കുവാൻ, നമ്മേ നോക്കി പഠിക്കാൻ, നമ്മേ മാതൃക ആക്കാൻ, നമ്മേ റോൾ മോഡൽ ആക്കാൻ പറ്റിയ എന്തെങ്കിലും ഗുണങ്ങൾ നമ്മിൽ അവശേഷിക്കുന്നുവോ എന്നു ശോധന ചെയ്യാം.

പുറമെ എത്ര ആത്മീകം അഭിനയിച്ചാലും ഉപവാസം ചെയ്താലും സൂം (Zoom) യോഗം നടത്തി നാട്ടുകാരെ കാണിച്ചാലും നമ്മുടെ ഹൃദയങ്ങളേയും നിനവുകളേയും തൂക്കി നോക്കുന്ന ദൈവത്തിന്റെ ത്രാസ്സിൽ കയറ്റി നമ്മേ ഒന്നുനിർത്തിയാൽ നമ്മുടെ തട്ട് എവിടെ ആയിരിക്കും നിൽക്കുക. സൂം നടത്തിപ്പുകാരുടെ ഉള്ളിലിരിപ്പുപോലും “Zoom” ചെയ്യാതെ തന്നെ കാണാൻ കഴിവുള്ളവനാണ് നമ്മുടെ കർത്താവ്.

ആകയാൽ, ഇയ്യോബിനെ പോലെ എന്റെയും നിങ്ങളുടേയും പ്രാർത്ഥനയും ദൃഢപ്രതിജ്ഞയും ഇതായിരിക്കട്ടേ, “ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ; എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ, ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ”, “മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല” (ഇയ്യോ 31:5-7, 27:5).

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.