ചെറു ചിന്ത: പ്രവർത്തി നല്ലതെങ്കിൽ പ്രതികരിക്കരുത്, സ്വർഗം സംസാരിക്കും | ആശിഷ് ജോസഫ്‌, സലാല

എന്നാൽ യേശു ; അവളെ വിടുവിൻ, അവളെ അസഹ്യപ്പെടുത്തുന്നത് എന്ത് ? അവൾ എങ്കൽ നല്ല പ്രവർത്തി അല്ലോ ചെയ്തത്.

പശ്ചാത്തലം : യേശു ബെഥാന്യയിൽ “കുഷ്ഠരോഗിയായ” ശീമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ, ഒരു ഭരണി സ്വച്ഛജടമാംസി തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു. അപ്പോൾ അവിടെയുള്ള “ചിലർ” ഉള്ളിൽ നീരസപ്പെട്ട് അവളെ ഭർത്സിച്ചു.

സന്ദർഭവശാലുള്ള രണ്ടു കാര്യങ്ങൾ .

post watermark60x60

1 . അന്നത്തെ കാലഘട്ടത്തിലെ കീഴ്‌വഴക്കം അനുസരിച്ച് കുഷ്ഠരോഗികളോട് സംസാരിക്കുവാൻ പോലും കൂട്ടാക്കാത്ത സമയത്താണ് യേശു ഒരു കുഷ്ഠരോഗിയുടെ ഭവനത്തിൽ ഭക്ഷണത്തിന് ഇരിക്കുന്നത് .
അർഥം , ഈ ലോകം മുഴുവൻ നിന്നെ തള്ളിക്കളഞ്ഞാലും , സാമൂഹ്യ ചുറ്റുപാടുകളിൽ നീ ഒറ്റപ്പെട്ടു പോയാലും , യേശു നിന്റെ അരികിൽ വരും, നീ കൊടുക്കുന്നത് അവൻ സ്വീകരിക്കും , അവന്റെ സ്നേഹം നിനക്കു പകർന്നു തരും.

2 . യേശു അവിടേക്ക് പോയപ്പോൾ കീഴ്വഴക്കങ്ങൾ പാടേ മറന്നുകൊണ്ട് ഒരു കൂട്ടം യേശുവിന്റെ പിന്നാലെ അവിടേക്ക് പോയി. എന്നാൽ കൂടിവന്നവരിൽ “ചിലർക്ക് ” ഉള്ളിൽ നീരസം ആണ് . യേശു ഉള്ളയിടത്തേക്കാണ് ഇവർ കടന്നു വരുന്നതെങ്കിലും കർത്താവിനുവേണ്ടി പാടിയാൽ, ആ നാമത്തെ ഉയർത്തിയാൽ, പ്രസംഗിച്ചാൽ , പ്രാർത്ഥിച്ചാൽ , പ്രവചിച്ചാൽ , പരോപകാരം ചെയ്താൽ …….. “ചിലർക്ക്” ഉള്ളിൽ നീരസം ഉണ്ടാകും. ക്രമേണ അത് വർദ്ധിച്ച് ഭർത്സന ആയി മാറും . പുറമെ നോക്കുമ്പോൾ – യേശുവിന്റെ കൂടെ വന്നവർ , പന്തിയിൽ ഇരിക്കുന്നവർ , ഏതു കാര്യത്തിനും മുൻപിൽ നിൽക്കുന്നവർ , അങ്ങനെ പല ഗുണങ്ങൾ അടങ്ങിയ ഈ “ചിലരുടെ ” ഉള്ളിന്റെ ഉള്ളിൽ നീരസത്തിന്റെ വിത്തുകൾ വളർന്നു ഭർത്സനയെന്ന ഫലം പുറത്തു വന്നു കൊണ്ടിരിക്കും.

പക്ഷെ ആ സ്ത്രീയുടെ സവിശേഷത , അവൾ ചുറ്റും നിന്ന ആരെയും ശ്രദ്ധിച്ചില്ല , അവളുടെ മുൻപിൽ യേശുവിന്റെ മുഖം മാത്രം , അവനു വേണ്ടി എന്തെങ്കിലും തനിക്ക് ചെയ്തേ പറ്റൂ എന്ന അതിയായ ആഗ്രഹം – അതിനെ യേശു മാനിച്ചു . അതുകൊണ്ട് അവൾ മറുപടി പറയുന്നതിന് മുൻപേ യേശു അവരെ വിലക്കി.

രണ്ടു കാര്യങ്ങൾ ഓർമ്മയിൽ വെക്കുക.
1. എന്തു ചെയ്താലും മുഴു മനസോടെ ചെയ്യുക.
2. അത് കർത്താവിനുവേണ്ടി ചെയ്യുക.

ഇവ നാം കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ, ദൈവനാമത്തിന് വേണ്ടി എന്തു ചെയ്താലും നീരസം വിതറുന്നവരോട് നാം പ്രതികരിക്കേണ്ട. അതിനും മുൻപേ യേശു അവരെ വിലക്കിയിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like