ലേഖനം: പ്രശ്നങ്ങളും പ്രതികരണവും | ജോസ് പ്രകാശ്

ല്ലാവരുടേയും ചോരയുടെ നിറം ചുവപ്പാണെങ്കിലും മനുഷ്യർ സ്വഭാവത്തിൽ വ്യത്യസ്തരാണ്. മനുഷ്യരിൽ പ്രാകൃതരും ആത്മീകരും എന്ന് രണ്ടു വിഭാഗക്കാരുണ്ടെന്നു വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നു. ലോകാത്മാവിനാൽ പ്രാകൃതരും ദൈവാത്മാവിനാൽ ആത്മീകരും നയിക്കപ്പെടുന്നു. ആത്മീകമായതു ഗ്രഹിപ്പാൻ കഴിയാത്തവരാണ് പ്രാകൃതർ. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ മുന്നിലാണിവർ. അല്പകാലത്തെ യാത്രയിൽ ആത്മീകർക്ക് അസംഖ്യം അനാത്മീകരെ നേരിടേണ്ടതുണ്ട്. ലോകമനുഷ്യർ ദൈവ മനുഷ്യർക്കെതിരായി നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്താറുണ്ട്. അവയ്ക്കൊന്നും പകരം ചെയ്യാതെ പ്രയാണം തുടരുന്നവരാണ് പക്വതയുള്ള ആത്മീകർ.

ലോകാത്മാവിൽ ജീവിക്കുന്നവരും ബൈബിൾ വായിക്കാറുണ്ട്. ചിലർ യേശുവിനെ നല്ല ഗുരുവെന്നും ആദർശ പുരുഷനെന്നും അഗീകരിക്കാറുമുണ്ട്. എന്നാൽ തങ്ങളുടെ ഹൃദയ ദൃഷ്ടി പ്രകാശിക്കാത്തതിനാൽ അവർ വചനത്തെ ദുർവ്യാഖനിച്ച് യേശുവിന്റെ നാമത്തെ വൃഥാ ഉപയോഗിക്കുന്നു. പോരാത്തതിന്‌ സത്യവിശ്വാസികളെ ശാരീരിക,മാനസീക പീഡനങ്ങളും ഏൽപ്പിക്കുന്നു. യേശുവിനെ കർത്താവു അഥവാ രക്ഷിതാവ് എന്ന് അഗീകരിക്കണമെങ്കിൽ ഒരുവനിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കണം.

ദൈവജനത്തെ സമൂഹത്തിൽ അപമാനപ്പെടുത്തവാൻ പ്രതിയോഗി എപ്പോഴും തക്കം പാർക്കയാണ്. നമ്മെ പ്രകോപിതരാക്കുവാനും ശത്രു ശ്രമിക്കുന്നുണ്ട്. നമ്മുടെ സാക്ഷ്യം നഷ്ടപ്പെടുത്തേണ്ടതിനായി അവൻ കെണി ഒരുക്കുന്നു. നമ്മെ പ്രതികരിപ്പിക്കുവാനായി വ്യാജരോപണങ്ങൾ ഉന്നയിക്കും. പിശാച് ദോഷങ്ങളാൽ നമ്മെ പരീക്ഷിക്കും. മനുഷ്യരെ അതിനായി ഉപയോഗിക്കും. അവർ പ്രതിയോഗിയുടെ പക്ഷം ചേർന്ന് നമ്മെ അപമാനിക്കും. ഇതിനെക്കുറിച്ചു യേശു കർത്താവ് നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു ക്രിസ്തു വിശ്വാസിയുടെ സമീപനം എങ്ങനെ ആയിരിക്കണം?

പ്രതികരണത്തെക്കാൾ പ്രയോജനം ചെയ്യുന്നത്‌ പ്രാർത്ഥനയാണ്. അപവാദങ്ങൾക്കെതിരെയുള്ള പ്രഥമായുധം പ്രാർത്ഥനയാകട്ടെ. അശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരെ പരിശുദ്ധാത്മാവിനാൽ നേരിടുക. നമ്മുടെ യുദ്ധായുധങ്ങൾ ആത്മീകമായിരിക്കണം. അതിവിശുദ്ധ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ ആത്മാവിൽ വിനിമയം ചെയ്യപ്പെടേണ്ടവയാണ്. ദൈവം ഇടപെടേണ്ട കാര്യങ്ങളിൽ നാം ഇടപെട്ടു തടസ്സം സൃഷ്ടിക്കരുത്. മാനുഷിക ഇടപെടലുകൾ സൗഹാർദത്തിന് പകരം സംഘർഷവും, സമാധാനത്തിന് പകരം വിദ്വേഷവും ജനിപ്പിയ്ക്കും. ആദിമസഭയുടെ പ്രധാന ആയുധമായിരുന്നു പ്രാർത്ഥന. അത് ഉപയോഗിച്ചാണ് അവർ പ്രശ്നങ്ങളെ നേരിട്ടത്.

പുറത്തുള്ളവരെ പ്രഹരിക്കുവാനല്ല, അകത്തുള്ളവരെ പുറത്താക്കുവാനായിരുന്നു സഭാനാഥൻ ചാട്ടവാർ എടുത്തത്. പുറത്തുള്ളവർക്കെതിരെ നവമാധ്യമങ്ങളെ ചാട്ടവാർ ആക്കുന്നതിന് മുൻപ് വേണ്ടുവോളം ചിന്തിക്കുക. തീ ഇറക്കുന്നവരാകാതെ തീ കെടുക്കുന്നവരാകാം. അഗ്നി ആളിക്കത്തിക്കഴിഞ്ഞാൽ അണക്കുക വളരെ ശ്രമകരമാണ്. ഇവിടെയാണ് പാമ്പിന്റെ ബുദ്ധിയും പ്രാവിന്റെ നിഷ്കളങ്കതയും നമുക്കാവശ്യം. ഓർക്കുക, നാം ചെന്നായ്ക്കളുടെ നടുവിലാണ്. വാളെടുത്ത പത്രോസല്ല, മുറിവുണക്കിയ ഗുരുവാണ് നമ്മുടെ മാതൃക.

മനുഷ്യർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ നമുക്ക് പ്രാർത്ഥിക്കാം. ഗുരുവും അതാണല്ലോ നമ്മെ പഠിപ്പിച്ചത്. ശകാരിച്ചവരോടും ഭീഷണിപ്പെടുത്തിയവരോടും അവിടുന്ന് പകരം ചെയ്തില്ലല്ലോ. ഇതല്ലേ നമുക്ക് പിന്തുടരുവാൻ അവിടുന്ന് വെച്ചിട്ടു പോയ മഹത്തായ മാതൃക. നമ്മുടെ പ്രതിഷേധമല്ല, സൗമ്യതയാണ് സകലരും അറിയേണ്ടത്. പ്രശ്നക്കാരുടെ രൂപാന്തരത്തിനായി പ്രാർത്ഥിക്കുക. മാദ്ധ്യമ സാദ്ധ്യതകൾ ഉപയോഗിച്ച് ക്രൈസ്തവ ചരിത്ര തെളിവുകൾ നിരത്തി സത്യത്തെ കാട്ടികൊടുക്കുക. വ്യാജ പ്രചാരണങ്ങളെ നിശബ്ദമാക്കുക. ഇനി തീരുമാനിക്കുക, പുറത്തുള്ളവരോട് നാം എങ്ങനെ പെരുമാറണമെന്ന്. പ്രതികരിക്കണമോ, പ്രതിഷേധിക്കണമോ അതോ പ്രാർത്ഥിക്കണമോ?

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.