ചെറു ചിന്ത: മറുരൂപമല | വീണ ഡിക്രൂസ്, യൂ. എ . ഇ

ബൈബിളിൽ നിരവധി മലകള്‍ നമുക്ക് കാണാന്‍ കഴിയും. സീനായ് മല, ഹോരേബ് മല, കര്‍മ്മേല്‍ മല, ഒലിവുമല, മോറിയാമല, കാല്‍വറിമല അങ്ങനെ തുടങ്ങിയവ. സീനായി മലയില്‍ ദൈവം ഇറങ്ങിവന്നയിടമാണ്. ഒലിവുമലയില്‍ ഒട്ടും താമസിക്കാതെ യേശു വരുമെന്ന് നാം വിശ്വസിക്കുന്നു. മോറിയാ മലയിലാണ് അബ്രഹാം ദൈവത്തിനായി യാഗം കഴിച്ചത്. കര്‍മ്മേലില്‍ ഏലിയാവ് പ്രാർത്ഥിച്ചപ്പോൾ ദൈവം തീയിറക്കി. എന്നാല്‍ മറുരൂപ മലയിൽ പഴയനിയമത്തിന്റെ പ്രവാചകന്മാരും, യേശുവും, തന്റെ ശിക്ഷ്യന്മാരും കൂടെ ഒന്നിച്ച് വന്നു. ഇവിടെ യേശുവിന്റെ അങ്കി അത്യന്തം വെള്ളായി തീര്‍ന്നു. ദൈവതേജസിന്റെ മര്‍മ്മം നമുക്ക് വെളിപ്പെടണമെങ്കിൽ നാം തനിച്ചായിരിക്കണം. “തനിച്ച് കൊണ്ടു പോയി” എന്ന വാക്ക് നാം ശ്രദ്ധിക്കണം. നാം തനിയേ ആത്മ മണ്ഡലത്തില്‍ ചെന്നാല്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ദൈവതേജസിന്റെ ആഴം കാണുകയും ഗ്രഹിക്കുകയും ചെയ്യാം. ജീവിതത്തിന്റെ കയ്‌പേറിയ മേഖലകളില്‍ ഒറ്റപ്പെടുത്തലുകളും, ഏകാന്തതയും, അനുഭവിക്കുമ്പോള്‍ നിരാശപ്പെടരുത്. ദൈവം നമ്മെ തനിച്ച് കൂട്ടിക്കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് യേശു എല്ലാ ശിക്ഷ്യരെയും ഇവിടേക്ക് കൊണ്ടു പോകാതിരുന്നത്. എല്ലാവര്‍ക്കും എല്ലാ മര്‍മ്മങ്ങളും വെളിപ്പെടുകയില്ല. നമ്മുടെ സഹവിശ്വാസികളെക്കാള്‍, സഹപ്രവര്‍ത്തകരേക്കാള്‍, സഹ ചാരികളേക്കാള്‍ നമ്മെ മാത്രം ചില മര്‍മ്മങ്ങള്‍ കാണിച്ചു തരുന്നതില്‍ ദൈവത്തിനു പ്രത്യേകം ഉദ്ദേശമുണ്ട്. എന്നാല്‍ നാം തനിച്ചാകുമ്പോൾ എല്ലാറ്റിൽ നിന്നും വ്യത്യസ്തമായി പരിശുദ്ധാത്മാവ് നമ്മെ ആത്മ മണ്ഡലത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്നു.കാല്‍വറി മലയിലെ യേശുവിനോടുള്ള അതിക്രൂരമായ പീഢനങ്ങൾ കാണാനും അതിന്റെ ആതമീയ തലത്തിലേക്ക് പോകാനും മരുരൂപ മലയിലെ മര്‍മ്മങ്ങള്‍ വെളിപ്പെട്ടവനെ കഴിയുകയുള്ളു മരുരുപമലയിലെ മര്‍മ്മങ്ങള്‍ വെളിപ്പെട്ടുകിട്ടിയാല്‍ ക്രൂശിലെ പീഢനം കാണാന്‍ ധൈര്യം ഉണ്ടാകും. ഗലീലക്കടലിലും യെരുശലേം തെരുവീഥികളിലും മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത്യന്തം തിളങ്ങുന്ന വസ്ത്രത്തിന്റെ മര്‍മ്മം കാണുവാന്‍ കഴിയില്ല. മറ്റാര്‍ക്കുമില്ലാത്ത പ്രതികൂലങ്ങളും പ്രതിസന്ധികളും എന്തുകൊണ്ട് എനിക്ക് മാത്രം എന്നാണ് നമ്മുടെ ചോദ്യമെങ്കില്‍ മറ്റാരും കാണാത്ത ചില രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തുവാനാണ് ഈ കഷ്ടത. ഏലിയാവും, മോശയും മറുരൂപ മലയിൽ പ്രത്യക്ഷരായി. സീനായ്മലയും, ഹോരേബും മോശെയുടെ പേരില്‍ അറിയപ്പെടുന്നു. കര്‍മ്മേല്‍ പര്‍വ്വതത്തിൽ ഏലിയാവ് തീയിറക്കി. പഴയനിയമത്തിന്റെ മധ്യസ്ഥനാണ് മോശ. പുതിയ നിയമത്തിന്റെ മധ്യസ്ഥനാണ് ക്രിസ്തു. പഴയ നിയമത്തിലെ പ്രവാചകനാണ് ഏലിയാവ്. പുതിയ നിയമത്തിന്റെ പ്രവാചകനാണ് ക്രിസ്തു. യേശുവിനെക്കുറിച്ച് ഇവന്‍ ഏലിയാവോ എന്ന് ഹെരോദാവ് ചിന്തിച്ചു പോയി. സാക്ഷാല്‍ മധ്യസ്ഥനും പ്രവാചകനുമായവനെ കാണുവാൻ പഴയനിയമത്തിലെ നിഴലായ നിയമങ്ങളുടെ മധ്യസ്ഥനും, പ്രവാചകനും മറുരൂപമലയില്‍ വന്നു. ദൈവ സ്നേഹവും, പാപത്തിനെതിരെയുള്ള താക്കീതും, ജനത്തിന്റെ കഷ്ടത കണ്ട് അവര്‍ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളും കൊണ്ട് തന്റെ ദേഹത്തെ ക്രൂശിച്ചു, പുനരുദ്ധാനം കൊണ്ട് സകലതിനെയും ജയിച്ച ജയാളിയാകുന്നു നമ്മുടെ കർത്താവായ ക്രിസ്തു.

മറുരൂപമലയിലെ ദൈവസാന്നിദ്ധ്യം നന്നായി അനുഭവിച്ചപ്പോള്‍ അവിടുന്ന് പോകുവാന്‍ പത്രോസിന് മനസ്സു വന്നില്ല. ഭൂമിയില്‍ ഒരു അലക്കുകാരനും വെളുപ്പിക്കുവാന്‍ കഴിയാത്ത നിലയില്‍ വെള്ളയായി അതേ അങ്കി. നമ്മുടെ സ്വന്ത പ്രവര്‍ത്തികളെല്ലാം കറ പുരണ്ട തുണിയത്രേ. പാപയങ്കി മാറ്റി നീതിയുടെ വസ്ത്രം നമുക്ക് നല്‍കുവാന്‍ അവന്റെ അങ്കി അത്യന്തം വെള്ളയായി. നിന്റെ പാപം എത്ര കടുംചുവപ്പായാലും ഞാന്‍ അതിനെ ഹിമം പോലെ വെളുപ്പിക്കാം എന്ന് ദൈവം അരുളിചെയ്യുന്നു. കൊരിന്ത്യര്‍ക്ക് ലേഖനമെഴുതുമ്പോള്‍ പൗലോസ് പറയുന്നത് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും. ക്രിസ്തുവിന്റെ രണ്ടാം വരവില്‍ കാഹളം ധ്വനിക്കും, മരിച്ചവര്‍ അക്ഷയരായ് ഉയര്‍ക്കും, നാം എല്ലാവരും രൂപാന്തരപ്പെടും. ഇത് മറ്റൊരു നിലയില്‍ മറുരൂപമലയില്‍ സംഭവിച്ചു. അതാണ് മേഘത്തില്‍ നിന്ന് ശബ്ദമുണ്ടായതും, യേശു രൂപാന്തരപ്പെട്ടതും, മാത്രമല്ല
മോശ ഉയര്‍ത്തെഴുന്നേറ്റ് വന്നതും. പാപവും, ശാപവും നിറഞ്ഞ ഈ ഭൂമി മാറി പുതിയ ആകാശവും പുതിയ ഭൂമിയും വരും. നാം അക്ഷയരായി ഉയര്‍ക്കും.

മർക്കൊസ് 9 : 3. ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like