അറിവും വിചാരവും: തപാലിനെക്കുറിച്ച് അറിയാൻ | ജെ പി വെണ്ണിക്കുളം

ഇന്ന് ലോക തപാല്‍ ദിനം

ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമാണ്. ദൈനംദിന ജീവിതത്തില്‍ പോസ്റ്റ് ഓഫീസിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. ആഗോള പോസ്റ്റല്‍ യൂണിയന്റെ സ്ഥാപക ദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപീകരിച്ചത്. 1969 ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്.
ആഗോളതലത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അതിന്റെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നത്. തപാല്‍ സേവനങ്ങള്‍ക്ക് ജനജീവിതത്തിലുള്ള പങ്കിനെ കുറിച്ചും, ആഗോളപുരോഗതിയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നു. 1800 കളുടെ അവസാനത്തിലാണ് ആഗോള തപാല്‍ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ 1874 ല്‍ രൂപീകരിച്ചത്. 1948 ല്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായി.
150 ലേറെ രാജ്യങ്ങള്‍ ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആഘോഷിക്കുന്നു. ചില രാജ്യങ്ങളില്‍ അവധിദിനമാണ്. പുതിയ തപാല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഈ ദിവസം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്റ്റാമ്പുകളുടെ പ്രദര്‍ശനവും പുതിയ സ്റ്റാമ്പുകളുടെ അവതരണവും ലോക തപാല്‍ ദിനത്തില്‍ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നു. മികച്ച സേവനത്തിന് ജീവനക്കാര്‍ക്ക് പാരിതോഷികങ്ങളും നല്‍കി വരുന്നു. കൂടാതെ സെമിനാറുകളും മറ്റ് ആഘോഷപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍, ആദ്യത്തെ ഔദ്യോഗിക തപാല്‍ സ്റ്റാമ്പ് 1947 നവംബര്‍ 21 ന് പുറത്തിറങ്ങി. സ്റ്റാമ്പില്‍ ദേശസ്‌നേഹികളുടെ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യവും ഇന്ത്യന്‍ പതാകയും ചിത്രീകരിച്ചിരുന്നു. 2022ലെ ലോക തപാല്‍ ദിനത്തിന്റെ സന്ദേശം ‘പോസ്റ്റ് ഫോര്‍ പ്ലാനറ്റ്’ എന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.