ലേഖനം: സ്വഭാവ സർട്ടിഫികേറ്റ് | രാജൻ പെണ്ണുക്കര

ഇന്ന് എല്ലാ മേഖലകളിലും സ്വഭാവ സർട്ടിഫികേറ്റ് അനിവാര്യം ആകുന്നു. ഒരാളുടെ സ്വഭാവവും, എല്ലാ തലങ്ങളിലെ പെരുമാറ്റരീതികളും മറ്റും തെളിയിക്കുന്ന സാക്ഷ്യപത്രം എന്നും പറയാം. നാം ആകുന്ന പത്രത്തെ വേറെയൊരാൾ നന്നായി പഠിച്ചിട്ട് എഴുതുന്ന കുറിപ്പ് എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല.

വേദപുസ്തകം ഉടനീളം പഠിച്ചാൽ ഏകവചന പ്രയോഗത്തിലുള്ള പല വ്യക്തികളുടെ സ്വഭാവ സർട്ടിഫികേറ്റും, നല്ല സാക്ഷ്യവും പരിശുദ്ധത്മാവ് പറയുന്നതായി വായിക്കുന്നു.

എന്നാൽ ബഹുവചന രൂപത്തിൽ ഭാര്യാ ഭർത്താക്കന്മാരെ ചേർത്ത് പ്രതിപാദിക്കുന്ന ഉത്തമ ഉദാഹരണമാണ് “”പുരോഹിതനായ സെഖര്യാവിന്റെയും ഭാര്യ എലിസബേത്തിന്റെയും” കുടുംബം ചരിത്രം. വചനം പറയുന്നു “”ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു”” (ലൂക്കോ 1:6). ഇവിടെ പറയുന്ന *ഇരുവരും* എന്നപ്രയോഗം അടിവരയിട്ട് പഠിക്കണം.

post watermark60x60

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നിതിയും, ന്യായവും, കല്പനയും മുറുകെ പിടിച്ചു നടക്കുക മാത്രമല്ല ആരും കുറ്റം വിധിക്കാത്ത രീതിയിൽ അവകളെ അതുപോലെ തന്നേ ജീവിതത്തിൽ പ്രാവർത്തികം ആക്കാനും ഒരോ ദൈവപൈതലും ബാധ്യസ്ഥർ ആയിരിക്കണം.

ഇവിടെ പറയുന്നത് ഒരു സാധാരണ വ്യക്തിയെ കുറിച്ചല്ല മറിച്ച്, ശ്രേഷ്ഠ കുടുംബ പാരമ്പര്യത്തിൽ ജനിച്ച പുരോഹിതനെ കുറിച്ചാണെന്ന കാര്യം ഓർക്കണം. സകലരും മാതൃക ആക്കേണ്ടിയ ദമ്പതികൾ. ഒരു കുറ്റവും ആരാലും കണ്ടുപിടിക്കാൻ കഴിയാത്ത വിധം പാവനവും പവിത്രവുമായ ജീവിതം നയിച്ചിരുന്നവർ. ദൈവത്തിന്റെ കണ്ണുകളിൽ പോലും കുറ്റവും കുറവും ഇല്ലാത്തവരെ, ലോകമനുഷ്യന്റെ ദൃഷ്ടികൊണ്ടും ഒന്നും കണ്ടുപിടിക്കാൻ സാധിക്കില്ല എന്ന സത്യം ഓർത്തുകൊൾക.

നീതി ഒരിക്കലും മറിച്ചു കളയാതെ ന്യായം നടത്തുന്ന കാര്യത്തിലും, കല്പനകൾ (നിയമങ്ങൾ) വള്ളിപുള്ളി മാറാതെ പാലിക്കുന്ന കാര്യത്തിലും, അതുപോലെ നടപ്പിലും പ്രവർത്തിയിലും ഒരുകുറ്റവും കുറവും ചാർത്തപ്പെടാത്തവരായിരിക്കണം. ഇവകൾ സ്വന്തനിലനിൽപ്പിന്റെ വിഷയം ആയാൽ പോലും ദൈവദൃഷ്ടിയിൽ കുററമില്ലാത്തവരായി കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടണം എന്നതല്ലേ തത്വം.

ഇതിൽ ആദ്യത്തെ മൂന്ന് ഭാഗങ്ങൾ ദൈവികവും, നടപ്പ് നമ്മുടെ ഉത്തരവാദിത്വവും ആകുന്നു. ആദ്യത്തേ മൂന്നുകാര്യങ്ങൾ മറിച്ചിട്ട് സ്വയം നല്ലവനായി ചമഞ്ഞു നടന്നാലും അതുപോലെ തിരിച്ചായാലും അവസാന പരിക്ഷാഫലം തോൽവിയും ദൈവദൃഷ്ടിയിൽ കുററക്കാരനും ആയി മാറും.

ചിലർ കരുതുന്നത് എന്നേ ബാധിക്കുന്ന എന്റെ നിലനിൽപ്പിന്റെ വിഷയം ആകുമ്പോൾ നീതിയേയും ന്യായത്തേയും നിയമത്തേയും എങ്ങനെയും എനിക്ക് അനുകൂലമാകുന്ന രീതിയിൽ ദുർവ്യാഖ്യാനിക്കാമെന്ന മനോഭാവം ദൈവ സന്നിധിയിൽ കുറ്റമാകുന്നു എന്നു പറയാതെ വയ്യാ. കൂടാതെ ഭൂരിപക്ഷം സപ്പോർട്ട് ചെയ്യുന്നതുകൊണ്ടും, പറയുന്നതുകൊണ്ടും നിതിയും ന്യായവും നിയമവും മറിച്ചു കളയുന്നതും ദൈവദൃഷ്ടിയിൽ മഹാകുറ്റം ആകുന്നു എന്നുകൂടി പറഞ്ഞുകൊണ്ട് തൽക്കാലം വിടുന്നു.

മന്ത്രിമാരും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരും വിവിധ നാമങ്ങളിൽ എടുക്കുന്ന സത്യപ്രതിജ്ഞയിൽ പറയുന്നത്തിന് വിപരീതമായി എന്തെങ്കിലും പറഞ്ഞാലോ പ്രവർത്തിച്ചാലോ അതിനെ വലിയ സത്യപ്രതിജ്ഞ ലംഘനമായി ലോകനിയമവും ഭരണഘടനയും കാണുമ്പോൾ ദൈവസന്നിധിയിൽ തലയിൽ കൈവെച്ച് പ്രാർത്ഥിച്ച് പ്രതിജ്ഞ എടുത്ത് വേലയിൽ ഇറങ്ങുന്നവർ പിന്നീട് നിതിയും, ന്യായവും, പ്രവർത്തിക്കാതെ കല്പനകളെ മറിച്ചു കളഞ്ഞ് അതിനോട് അനാദരവ് കാണിച്ചാൽ അതിനെ ആരോട് കാണിക്കുന്ന അഥവാ ഏതുതരം സത്യപ്രതിജ്ഞ ലംഘനമായി കാണണം എന്ന് നിങ്ങൾ തന്നേ പറയൂ. അത് ദൈവത്തിന്റെ ദൃഷ്ടിയിൽ കുറ്റവും പാപവും അല്ലേ.!

ഇനിയും കാര്യത്തിലേക്കു കടക്കാം. നാം സാധാരണയായി എത്രയോ ശുശ്രുഷകരേയും/ വിശ്വാസിയെയും പറ്റി കേൾക്കുന്ന സാക്ഷ്യങ്ങൾ ഇപ്രകാരം അല്ലേ.! ഉദാ:- അമ്മാമ്മ ശുദ്ധയാണ് പക്ഷെ അച്ചായൻ ഭൂലോക തരികിടയാ, തട്ടിപ്പാ അതുപോലെ തിരിച്ചും. അദ്ദേഹം നല്ലമനുഷ്യനാ എന്നാൽ സകല പ്രശ്നങ്ങൾക്കും ആണിക്കല്ല് അവരാണ്. സഭ ഭരിക്കുന്നതും, അച്ചായന് വേണ്ടാത്ത ഉപദേശവും വേലയും വെച്ചു കൊടുക്കുന്നത് അവരാണ്. അങ്ങനെ പലതും പലതും. ചിലർ മുതലകണ്ണീർ ഒഴുക്കി വിശ്വസികളെ വശത്താക്കാനും, കാര്യങ്ങൾ വരുതിയിൽ കൊണ്ടുവരാനും നേടാനും ബഹുമിടുക്കരാണ്.

ഒന്നു ചിന്തിച്ചാൽ ഈ പറയുന്നതെല്ലാം ശരിയല്ലേ, ചിലർ ചൊടിപ്പിക്കാനും പ്രകോപനം കൊള്ളിക്കാനും എരിച്ചില്‍ കൂട്ടാൻ അഥവാ എരിതീയിൽ എണ്ണ ഒഴിക്കാനും മിടുക്കരാണ്. നിസാര കാര്യങ്ങൾക്കു പോലും പൊടിപ്പും തൊങ്ങലും ചേർത്തു വഷളാക്കി എല്ലാം ഒരു പരുവത്തിലാക്കി സ്ഥലം കാലിയാക്കി, ഞാൻ ഒന്നും അറിഞ്ഞില്ലേ.! എന്നു അഭിനയിച്ച് സ്വയം വിശുദ്ധരായി ചമയാൻ മിടുക്കരാണ്.

ഇന്ന് നമ്മുടെ കണ്മുൻപിൽ കാണുന്ന കാഴ്ചകളും നഗ്നസത്യങ്ങളും വിശ്വാസ ജീവിതത്തിലെ അനുഭവങ്ങളും ഇതല്ലേ നമ്മേ പഠിപ്പിക്കുന്നത്, ഇന്ന് പല മേഖലകളിലും നടക്കുന്നതും ഇപ്രകാരം അല്ലേ?..

എന്നാൽ പുരോഹിതനായ സെഖര്യാവിന്റെയും ഭാര്യ എലിസബേത്തിന്റെയും കാര്യത്തിൽ, ഇങ്ങനെയുള്ള എന്തെങ്കിലും കമെന്റുകൾ പറയുവാനോ കേൾക്കുവാനോ സാധിക്കുന്നില്ല എന്നതല്ലേ വാസ്തവം. തികച്ചും കുററമില്ലാത്തവരായി നടന്നവർ. ഇതായിരിക്കണം നാം ഓരോരുത്തരും പ്രത്യേകിച്ച് കർത്തൃവേലയിൽ ആയിരിക്കുന്നവരും കേൾപ്പിക്കേണ്ടിയ യഥാർത്ഥ സാക്ഷ്യം. അത് എല്ലാ തലങ്ങളിൽ നിന്നും ഒരുപോലെ നേടുകയും വേണം. കേൾക്കുവാൻ എത്ര ഇമ്പകരമായ സാക്ഷ്യം. പക്ഷേ ചെയ്തുകാണിക്കാൻ വളരെ ബുദ്ധിമുട്ടുള്ള സത്യം.

ചിലർ ലോക്കൽ സഭയുടെ കണ്ണിലുണ്ണിയും, പഞ്ചപാവവും ആയി തോന്നാം, അഭിനയിക്കാം. കൂടാതെ സഭാ വിശ്വാസികളെ സോപ്പിട്ടും, പ്രീതിപെടുത്തിയും ആത്മീയ രാഷ്ട്രീയം കളിച്ചും അർഹരായ മറ്റ് പാവങ്ങൾക്ക്‌ ഒരിക്കൽ പോലും അവസരം കൊടുക്കാതെ ആണ്ടുകൾ ആണ്ടുകൾ വേണമെങ്കിൽ തുടരുവാനും സാധിക്കും. നമ്മുടെ സഹജീവികളോട് മനസ്സലിവുണ്ടാകാതെ എന്റെ കാര്യങ്ങൾ മാത്രം നന്നായി നടക്കണം എന്ന സ്വാർത്ഥ മനോഭാവവും, ചിന്താഗതിയും പാപം അല്ലേ?.

എന്നാൽ അങ്ങനെ നല്ല പിള്ള ചമയുമ്പോഴും, അവരുടെ സ്വന്തം വയൽ പ്രദേശത്തേ കൂട്ടുവേലക്കാരുടേയും, സഹപ്രവർത്തകരുടേയും മദ്ധ്യത്തിലും, മറ്റ് മേൽ തലങ്ങളിലുമുള്ള സാക്ഷ്യവും അഭിപ്രായവും, അവർ തമ്മിലുള്ള സ്വരചേർച്ചയും, ഉൾപ്പോരും ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ആയി നിലനിൽക്കുന്നു.

പരസ്പരം കണ്ടാൽ കുശലപ്രശ്നങ്ങളും നർമ്മ സംഭാഷണങ്ങളും നടന്നുണ്ടെങ്കിലും ഉള്ളിലോ!. സ്റ്റേജിൽ കയറിയാൽ ഇവർ ദൈവത്തേയും മനുഷ്യനെയും പ്രസാദിപ്പിക്കുന്ന രീതിയിൽ എന്തൊരു ഒത്തൊരുമയുടെ ശുശ്രുഷയും അപ്പം നുറുക്കലും ചെയ്യും. എന്നാൽ സങ്കീ 55:21പോലെ “അവരുടെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ”, കീരിയും പാമ്പും, നെരിപ്പോടു കണക്കേ എന്നു കൂടി പറയാതെ വയ്യാ.

എന്തിനേറെ പറയണം, പലരുടെയും ഉന്നത സ്വാധിനവും പിടിപാടും കൊണ്ട്, കൂട്ടുവേലക്കാരും, സഹപ്രവർത്തകരും പ്രതികരിക്കാനോ, ഒന്നു ശബ്‌ദിക്കാനോ, തെറ്റുകൾ കുറവുകൾ ചൂണ്ടി കാണിക്കാനോ മുഖത്തു നോക്കി പറയുവാനോ ഭയക്കുന്നു അഥവാ ശങ്കിക്കുന്നു എന്നതല്ലേ സത്യം. ചൂണ്ടി കാണിച്ചാൽ തന്നേ ആർക്ക്/ എന്ത് പരിവർത്തനവും മാനസ്സാന്തരവും വരാനാണ് എന്ന ചോദ്യവും അവശേഷിക്കുന്നു.

അഞ്ച് പതിറ്റാണ്ടുകൾ വടക്കേ ഇന്ത്യയിൽ താമസിച്ചിട്ട് അടുത്തകാലത്ത് നാട്ടിൽ വന്നു സ്ഥിരതാമസം ആക്കിയ സഹോദരൻ (പെന്തക്കോസ്തുക്കാരൻ അല്ലാത്ത) പറഞ്ഞ അനുഭവ സാക്ഷ്യം വളരെ ചിന്തിപ്പിക്കുവാൻ ഇടയായി. ചുറ്റുപാടുമുള്ള അനേക അയൽ വാസി ഭവനങ്ങളിൽ ഏകദേശം ഏഴിൽ പരം സൗധങ്ങൾ പാസ്റ്റർന്മാരുടെതു മാത്രം. അതിലെ ഒരു പാസ്റ്ററിന്റ മകന്റെ പണിതീരാത്ത വീട് കോടികൾ ചിലവഴിച്ചിട്ടും ഇന്നും പൂർത്തീകരിക്കാതെ തുടരുന്നു. മാത്രവുമല്ല, അധികവും റബ്ബർ ടാപ്പിംഗ് വേലയും, തൊഴിലുറപ്പ് ജോലിക്കാരും, നിത്യ വേതനവും വാങ്ങുന്ന പാവങ്ങളുടെ സഭയുടെ ശുശ്രുഷകനായ ഈ പാസ്റ്റർ പറയുകയാണെന്നു പോലും നിങ്ങൾ തരുന്ന വിഹിതം ഒന്നിനും ഇല്ല, ബാക്കികാര്യങ്ങൾ എന്തായിരിക്കുമെന്ന് നിങ്ങൾ തന്നേ ഊഹിക്കുക. ആ സഹോദരൻ വേദനയോടെ പറയുകയാണ്, ഞാൻ വന്നു പെട്ടുപോയി, ഒരു നല്ല സാക്ഷ്യം കേൾക്കുവാനോ, മാതൃക ആക്കാൻ പറ്റിയ ഒന്നുമേ ആരിലും കാണുന്നില്ല. എത്ര പരിതാപകരം എന്നു മാത്രമേ ഇപ്പോൾ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കുന്നുള്ളൂ.

നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും നന്നായി അറിയുന്ന, എല്ലാം കാണുന്ന ദിവ്യനേത്രങ്ങൾ ഉള്ള ദൈവം നമ്മെക്കുറിച്ച് സാക്ഷ്യം പറയുന്ന ദിനം ഉണ്ടെന്ന് ഓർക്കുക, കൂടാതെ ദൈവം സാക്ഷ്യം പറയുവാൻ തുടങ്ങിയാൽ എന്തായിരിക്കും കേൾക്കുവാൻ പോകുന്നതെന്ന ധാരണ അല്പമെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ നമ്മുടെ ക്രിസ്തിയ ജീവിതം എത്ര ഭയത്തോടെ കഴിക്കേണ്ടി വരുമെന്നു കൂടി ചിന്തിക്കുക.!

“നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?” ( 1 പത്രൊ 4:18). നാം ഏതു ഗണത്തിൽ?.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like