ശാസ്ത്രവീഥി: സിങ്ക്ഹോൾ പ്രതിഭാസം – തുർക്കിയിൽ കാർഷിക തകർച്ച | സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

തുർക്കിയിലെ കോന്യബേസിൻ മേഖലയിൽ പൊടുന്നനെ രൂപപ്പെട്ടുവരുന്ന ഭീമൻഗർത്തങ്ങൾ കാർഷികമേഖലയ്ക്കു വൻ തിരിച്ചടി നൽകുന്നതായി വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിബ്രഹത്തും ഭീകരവും ആണ് (Immense and eerie) ഈ ഗർത്തങ്ങൾ എന്നാണ് “ദ വെതർ നെറ്റ്‌വർക്ക്” 2021 ജൂൺ 16-നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ പണ്ടുമുതലേ ഈ മേഖലയിൽ സിങ്ക്ഹോൾസ് രൂപപ്പെടുന്നുണ്ടായിരുന്നു. 2000 വർഷം പഴക്കമുള്ളതും 17,500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതുമായ ഒരു ഗർത്തമാണ് അതിൽ ഏറ്റവും വലുത്. അതിൽ മനുഷ്യനിർമ്മിതമായ ഗുഹകളും ഉണ്ട്.

post watermark60x60

പുതിയ പ്രതിഭാസത്തെക്കുറിച്ചു ലേഖനമെഴുതിയ ടോം ജോയ്നർ വളരെ രസകരമായ ഒരു തലക്കെട്ടു ആണു തൻ്റെ ആർട്ടിക്കിളിനു നല്കിയിരിക്കുന്നത്. “സിങ്ക്ഹോൾ ഗ്രാമത്തിലേക്കു സ്വാഗതം. തുർക്കിയിലെ ഗർത്തങ്ങൾ രാജ്യത്തിൻ്റെ അപ്പപ്പാത്രത്തിൻ്റെ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയെ വിഴുങ്ങുന്നു.” 2022 ഓഗസ്റ്റ് 11 – നു എബിസി ന്യൂസ് റ്റോം ജോയ്നറുടെ ലേഖനം പ്രസിദ്ധീകരിച്ചു. കോന്യ ബേസിനിൽ 25,000 ഗർത്തങ്ങളാണ് എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നത്. അവയിൽ 700 എണ്ണം വളരെ ആഴമുള്ളവയാണ്. കുഴികൾ രൂപപ്പെടുന്നതു പൊടുന്നനെയാണ്.
താൻ സ്ഥിരം ഇരുന്നിരുന്ന സ്ഥലത്തു 7 മീറ്റർ വ്യാസവും നല്ല ആഴമുള്ള ഒരു കുഴി
പൊടുന്നനെ പ്രത്യക്ഷപ്പെട്ടതിൻ്റെ അങ്കലാപ്പിലാണ് ഒരു കൃഷിക്കാരൻ. മെഷീൻ വച്ചു കുഴിച്ചതുപോലെയുണ്ടു ഗർത്തം എന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഗർത്തങ്ങളെ ഭയന്നു ജനം രാത്രിസഞ്ചാരം ഒഴിവാക്കിയിരിക്കുകയാണ്. കാരണം അവശ്യഘട്ടങ്ങളിൽ രക്ഷിക്കുവാൻ ആരും രാത്രിയിൽ ഉണ്ടായെന്നു വരില്ലല്ലോ. കാർഷികമേഖലയുടെ ഹൃദയം എന്നാണ് കോന്യബേസിൻ അറിയപ്പെടുന്നത്. ധാരാളം പാടശേഖരങ്ങളും കൃഷിയിടങ്ങളും ഉള്ള ഇവിടം ചെമ്മരിയാടു വളർത്തലിനും ഫാമിങിനും പ്രസിദ്ധമാണ്. എന്നാൽ ഗർത്തം കാരണം എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ചില ഗർത്തങ്ങളുടെ അടിത്തട്ടിൽ സൂര്യപ്രകാശം പോലും എത്തുന്നില്ല.

കോന്യബേസിനിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ഫെത്തുളള അരിൿ ആണ് സിങ്ക്ഹോൾ പ്രതിഭാസത്തെ കുറിച്ചുള്ള പഠനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്. കരപ്നർ എന്ന നഗരത്തെ ചുറ്റി പറ്റിയാണ് 700 പുതിയ ഗർത്തങ്ങൾ രൂപപ്പെട്ടതെന്നും കഴിഞ്ഞ ഒരു ദശകം കൊണ്ടാണ് അവ ഇത്ര രൂക്ഷമായതെന്നും അദ്ദേഹം പറയുന്നു. പാടശേഖരങ്ങളിലും, ചോളവയലുകളിലും, ഗ്രാമപാതകളിലും ഗർത്തങ്ങൾ പെട്ടെന്ന് രൂപപ്പെടുകയാണ്. “സിങ്ക്ഹോളുകൾ ഭൂമിശാസ്ത്രപരമായി മനോഹരമാണ്. എന്നാൽ മനുഷ്യജീവൻ അപകടത്തിലാണ്,” ഫെത്തുള്ള പറയുന്നു. “വീടുകൾക്കു സമീപം രൂപപ്പെടുന്ന ഗർത്തങ്ങൾ എത്ര ഭീതിജനകമാണെന്നു പറയേണ്ടല്ലോ. ഞങ്ങൾ അപ്പാടെ കുഴിച്ചുമൂടുപ്പെടും എന്ന ഭയമാണ് എപ്പോഴും.” സിങ്ക്ഹോൾ വില്ലേജ് എന്നർത്ഥമുള്ള ‘ഒബ്റുൿ കോയു” എന്ന ഗ്രാമത്തിലെ ചെമ്മരിയാടുകർഷകനായ എർദോഗൻ സിഹാദർ പറയുന്നു.

Download Our Android App | iOS App

കാലാവസ്ഥാ വ്യതിയാനവും, വരൾച്ചയും, ജലലഭ്യതക്കുറവും, കുഴൽകിണർ കുഴിക്കലും ആണ് ഈ പുതിയ പ്രതിഭാസത്തിനു കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്. വാർഷിക മഴലഭ്യത കുറഞ്ഞപ്പോൾ വിളകൾ കരിഞ്ഞുണങ്ങി. അതിനെ നേരിടാനായി കർഷകർ ഭൂഗർഭജലത്തെ ചൂഷണം ചെയ്യാനായി അനിയന്ത്രിതമായി കുഴൽകിണർ കുഴിച്ചു. ലൈസൻസുള്ള 35,000 കുഴൽക്കിണർ ഉള്ളപ്പോൾ അതിൻ്റെ മുന്നിരട്ടിയാണ് ഗവൺമെൻറ് അറിയാതെ കുഴിക്കപ്പെട്ടിരിക്കുന്നതു എന്നാണ് ഏകദേശകണക്ക്. ഇങ്ങനെ അനിയന്ത്രിതമായി ജലചൂഷണം നടന്നതിനാൽ മണ്ണിൻ്റെ സ്വാഭാവിക ഘടനയും സന്തുലിതാവസ്ഥയും നഷ്ടമായി പെട്ടെന്ന് തകർന്നു താഴേക്കു ഇരുന്നുപോവുകയാണ്. ഇതുകൂടാതെ, കന്നുകാലിവളർത്തൽ മേഖലയിൽ വളരെ വർദ്ധിച്ചു. ജലസേചനം വളരെ ആവശ്യമുള്ള ചോളം പോലെയുള്ള വിളകൾ കൃഷി ചെയ്യുന്നതും വർദ്ധിച്ചു. ഇതു മേഖലയിലെ പരമ്പരാഗത കൃഷിരീതിയെ തകിടംമറിച്ചു സുസ്ഥിരമല്ലാതാക്കി. “20-30 വർഷം മുമ്പു ഇവിടെ ചോളക്കൃഷി ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും ചോളമാണ്.” പ്രൊഫെസർ ഫെത്തുള്ള പറയുന്നു. 2015 നു ശേഷം മണ്ണിലെ ജലവിതാനം രണ്ടുമീറ്റർ കുറഞ്ഞത് 2021- ൽ 20 മീറ്ററായി. ഇന്നതു 1950 മുതൽ കണക്കാക്കിയാൽ 50 മീറ്ററായി താണിരിക്കുകയാണ്. 120 മീറ്റർ ആഴത്തിൽ കുഴിച്ചു എങ്കിൽ മാത്രമേ കുഴൽകിണറിൽ നിന്നു പമ്പു ചെയ്യത്തക്കവിധം ജലനിരപ്പ് സ്ഥായിയാകൂ.

നദികൾക്കു മദ്ധ്യേയുള്ള പ്രദേശം എന്നർത്ഥം വരുന്ന മെസോപ്പൊട്ടാമിയ എന്ന പേരിന് കാരണമായ യൂഫ്രട്ടീസ് – ടൈഗ്രീസ് നദികൾ ഉത്ഭവിക്കുന്നത് തുർക്കിയിൽ നിന്നാണ്. യൂഫ്രട്ടീസ്നദി ആരംഭത്തിൽ പടിഞ്ഞാറൻ യൂഫ്രട്ടീസ് എന്നും കിഴക്ക് യൂഫ്രട്ടീസ് എന്നും രണ്ടു കൈവഴികൾ ആണ്. ഒന്നാമത്തേതു 450 കിലോമീറ്ററും രണ്ടാമത്തേതു 722 കിലോമീറ്ററും ഒഴുകിയാണു ഒന്നായിത്തീരുന്നതു. തുടർന്ന് യൂഫ്രട്ടീസ് നദി 600 കിലോമീറ്റർ തുർക്കിയിലൂടെ ഒഴുകിയാണ് സിറിയായിൽ പ്രവേശിക്കുന്നത്. ഈ മേഖലയും കടുത്ത ജലദൗർലഭ്യത്തിലാണ്.

സിങ്ക്ഹോൾ പ്രതിഭാസവും നദീതടവരൾച്ചയും ബൈബിൾ പ്രവചനങ്ങളുടെ നിവർത്തികരണത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. “ഭൂവാസിയേ, പേടിയും കുഴിയും കെണിയും നിനക്ക് നേരിട്ടിരിക്കുന്നു(യെശയ്യാ:24:17). എത്ര കൃത്യമായ പ്രവചനം. കുഴിനിമിത്തം പേടി. കുഴി ഒരു കെണി. റ്റാർറോഡിലെ കുഴി മുതൽ അഗാധഗർത്തം വരെ മനുഷ്യനെ ഭയപ്പെടുത്തുന്നു. അതു അവനു കെണിയായിരുന്നു. “ഭൂമി ദുഃഖിച്ചുവാടി പോകുന്നു; ഭൂതലം ക്ഷയിച്ചു പോകുന്നു” (യെശയ്യാ: 24: 4). കടുത്ത വരൾച്ച ഉണ്ടാകും എന്ന മുന്നറിയിപ്പാണിത്. സസ്യശ്യാമളമായ പ്രകൃതിയാണു ഭൂമിയുടെ അനുഗ്രഹം. “ഭൂതലം ക്ഷയിച്ചു” എന്ന പ്രയോഗം എത്ര കൃത്യമാണ്. മണ്ണിൻ്റെ സ്വാഭാവികതക്കു സംഭവിക്കുന്ന തകർച്ചയെക്കുറിച്ചു ഇതിലും നന്നായി എങ്ങനെ വിവരിക്കും?

നഹൂമിൻ്റെ കാലത്തു നീനെവേ പട്ടണത്തെയും അതിൻ്റെ ബലമേറിയ രാജകൊട്ടാരത്തയും, പഴുത്തു ഇറുന്ന അത്തിപ്പഴം പോലെ, ഇറുത്തു ചുഴറ്റിയെറിഞ്ഞു സർവ്വനാശം വരുത്തിയ യൂഫ്രട്ടീസ് – ടൈഗ്രിസ് നദീതടം വറ്റിവരണ്ടു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം. “ആറാമത്തവൻ തൻ്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയിൽ
ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുക്കേണ്ടതിനു അതിലെ വെള്ളം വറ്റിപ്പോയി” (വെളി:16:12). ഹർമ്മഗെദ്ദോൻ എന്ന മൂന്നാം ലോകമഹായുദ്ധത്തിൽ യിസ്രയേലിനെതിരെ വരുന്ന സൈനികശക്തി ഇരുപതുകോടി കുതിരപ്പട (കാലാൾപ്പട/ കരസേന) ആയിരിക്കും. അവരുടെ സുഗമമായ യാത്രയ്ക്കായിട്ടാണ് മഹാനദി വറ്റിവരളുന്നത് (വെളി: 19: 16).

യൂഫ്രട്ടീസ് – ടൈഗ്രീസ് നദീതടത്തിൻ്റെ സംയുക്ത നീർവാർച്ചാപ്രദേശം തുർക്കി, സിറിയ, ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അഞ്ചുലക്ഷം ചതുരശ്രകിലോമീറ്ററാണ്. ജോർദ്ദാൻ രാജ്യവും ഈ പട്ടികയിൽ ഉണ്ടെന്ന് ചിലർ വാദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ രാജ്യങ്ങളിലെ ജലലഭ്യതയും നീർവാർച്ചയും ഗണ്യമായി കുറയുന്നു എന്നല്ലേ അർത്ഥം? 451 മീറ്റർ ആഴവും 119 കിലോമീറ്റർ നീളവും 3,755 ചതുരശ്ര കിലോമീറ്റർ ഉപരിതല വിസ്തീർണ്ണവും 12,500 ചതുരശ്ര കിലോമീറ്റർ ക്യാച്മെൻ്റ് ഏരിയയുമുള്ള വാൻതടാകത്തിൽ (Lake Van) നിന്നുമാണു യൂഫ്രട്ടീസ്നദി ഉത്ഭവിക്കുന്നത്. ഇത്രയും ജലസ്രോതസ്സുള്ള ഒരു മഹാനദി ജലദാരിദ്ര്യത്തിലാണ് എന്നു വന്നാൽ സ്ഥിതി എത്ര രൂക്ഷമാണെന്ന് ചിന്തിച്ചു കൊൾക.

വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയിലൂടെ ആണു യൂഫ്രട്ടീസ് നദികാലാവസ്ഥയിലൂടെ മഴയുടെ നദി ഒഴുകി പേർഷ്യൻഉൾക്കടലിൽ നിപതിക്കുന്നത്. ഉത്ഭവസ്ഥാനത്തു നിന്നും ഒഴുകി ടൈഗ്രീസുമായി സംയോജിക്കുമ്പോൾ 3200 കിലോമീറ്റർ യൂഫ്രട്ടീസ്നദി തരണം ചെയ്തിരിക്കും. ഈ ദൂരം കൊണ്ട് 4800 മീറ്റർ താഴ്ചയിലേക്കാണ് നദി ഒഴുകി ഇറങ്ങുന്നത്. ഈ യാത്രയിൽ കോടിക്കണക്കിന് ഏക്കർ സ്ഥലത്തെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വനപ്രദേശങ്ങൾ, മഴക്കാടുകൾ, ഊഷരഭൂമികൾ, ഒക്കെ കടന്നാണ് നദി ഒഴുകി മുന്നേറുന്നത്. ഈ മേഖലയിൽ പലവിധ പക്ഷിമൃഗാദികളും, ജീവജാലങ്ങളും ഒപ്പം മനുഷ്യർ വളർത്തുന്ന മൃഗസമ്പത്തും ഉണ്ടെന്നു ഓർക്കുക. ഇവയെല്ലാം വറുതിയിലാണ്. “ഒലിവുതോട്ടങ്ങൾ കരയുന്നു, ഞാങ്ങണപാടങ്ങൾ വരളുന്നു.” യൂഫ്രട്ടീസ് ടൈഗ്രീസ് നദീതടത്തിലെ ചതുപ്പിലാണ് ഞങ്ങണ വളരുന്നത്. ഈ ചതുച്ചുനിലങ്ങൾ വറ്റിവരണ്ടു വിണ്ടുകീറി എക്കൽ മണ്ണു ഇരുമ്പിനേക്കാൾ കടുപ്പമുള്ളതായിത്തീർന്നിരിക്കുന്നു. ഞാങ്ങണ ശേഖരിച്ച് ഉപജീവിക്കുന്നവർ ധാരാളം! അവരെല്ലാവരും പട്ടിണിയിലാണ്. അവരുടെ അരിവാൾ തുരുമ്പിച്ചു കഴിഞ്ഞു.

ഇതെല്ലാം ബൈബിൾ പ്രവചനത്തിൻ്റെ നിവൃത്തിയാണ്. “ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റേ പട്ടണത്തിൽ മഴപെയ്യിക്കാതിരിക്കുകയും ചെയ്തു — രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നു ചെന്നു, ദാഹം തീർന്നില്ല താനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്”(ആമോസു 4: 7-9). ഇതു അക്ഷരാർത്ഥത്തിൽ നിറവേറുകയാണ്. ലോകവ്യാപകമായി ജലവിതരണവും ജലലഭ്യതയും താറുമാറായിരിക്കുന്നു. താപമാനം വർദ്ധിക്കുന്നു. “അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീയിട്ടുണ്ടോ നീ മദ്ധ്യവാനിൽ യേശു വെളിപ്പെടുമേ.” അതിനായി ഒരുങ്ങാം. ആമേൻ കർത്താവേ വരേണമേ.

-ADVERTISEMENT-

-ADVERTISEMENT-

You might also like