ഉയരങ്ങളിലെ ധീരപോരാളി, സുവിശേഷ വിപ്ലവത്തിന്റെ മുന്നിൽ അഭിവാദ്യങ്ങൾ

പാസ്റ്റർ ലിജോ കെ ജോസഫ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ ശുശ്രൂഷകൻ (വൈ പി സി എ വൈസ് പ്രസിഡന്റ്)

അപ്പച്ചൻ ഞങ്ങളുടെ മാർഗദർശി
എനിക്ക് ഓർമ്മവച്ച നാളു മുതലുള്ള ബന്ധമാണ് ന്യൂ ഇന്ത്യാ ദൈവസഭയുമായുള്ളത്.അതിനും എത്രയോ മുമ്പ് തന്നെ ഞങ്ങളുടെ കുടുംബവുമായി അപ്പച്ചൻ അടുത്ത ബന്ധം പുലർത്തിയിരുന്നു ! അതുകൊണ്ട് തന്നെ അന്നുമുതലുള്ള ഓർമ്മകളും അദ്ദേഹവുമായുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിലേക്ക് റ്റാറ്റായുടെ എസ്റ്റേറ്റ് വിഭാഗത്തിൽ പെട്ട കാറുമായി അദ്ദേഹം എത്തുമ്പോൾ ഞങ്ങൾ -കുട്ടികൾ കാറിന് പിന്നാലെ ഓടുന്നതാണ് ആദ്യത്തെ ഓർമ്മ. ഞാൻ ശുശ്രൂഷയിൽ വന്നശേഷമാകട്ടെ, പലപ്പോഴും ഒറ്റപ്പെടലുകളിലും വെല്ലുവിളികളിലും മകനെപോലെയാണ് അപ്പച്ചൻ എന്നെ കരുതിയത്. ജീവിത യാത്രയിൽ പലതും പറഞ്ഞുതന്ന് സ്നേഹത്തോടെ ചേർത്ത് നടത്തി. വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്രകൾ ചെയ്തു.പലപ്പോഴും അപ്പച്ചനെ ശുശ്രൂഷിക്കുവാനുള്ള അവസരങ്ങളും ദൈവം നൽകി.

“നീ എവിടെയാണ്?”
ഫോൺവിളിയിൽ ആദ്യം ചോദിക്കുന്ന ചോദ്യം മനസിൽ നിറയുന്നു . അപ്പച്ചനുമായി ഏതു കാര്യവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം തന്നിരുന്നു തിരിച്ചും അങ്ങനെ തന്നെ..

post watermark60x60

വെല്ലുവിളികൾ നിറഞ്ഞ ഈ ശുശ്രൂഷയുടെ മുഖത്ത് അപ്പച്ചന് തുല്യം ഇനിയും എനിക്ക് ആരുണ്ട് എന്നുള്ള ചോദ്യം ഹൃദയത്തിൽ വേദനയായി ശേഷിക്കുന്നു. തികച്ചും എനിക്ക് നല്ല മാർഗദർശിയായിരുന്നു.

തോളത്ത് തട്ടിയുള്ള അപ്പച്ചന്റെ സംസാരം, കുട്ടികളെ ചേർത്തുപിടിക്കുന്ന വാത്സല്യം ,പുഞ്ചിരി തൂകിയ മുഖം ,പറയുന്നതിൽ കർക്കശം, ആഢ്യത്വമുള്ളമുള്ള പ്രകൃതക്കാരൻ , പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ , ജാഡകളില്ലാത്ത ആത്മീയ നേതാവ് – ആയിരം വട്ടം ഞാൻ ഉറപ്പിച്ചു പറയും – അനുഭവങ്ങളുടെ വെളിച്ചത്തിൽ അങ്ങനെ ഒരാൾ ഈ ലോകത്ത് ഇനിയില്ല.

അപ്പച്ചന് തുല്യം അപ്പച്ചൻ മാത്രമാണ്.
പ്രസംഗം ഒരിക്കലും ഒരു അഭിനയം ആയിരുന്നില്ല – സുവിശേഷത്തിന്റെ തീപ്പന്തമായിരുന്നു എല്ലാവരുടെയും പ്രീയങ്കരനായ തമ്പിച്ചായൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം
സ്വർഗ്ഗത്തിൽ സെലിബ്രേഷന്റെ ദിനമാകും .

ഉണരുക സഭയെ ഉയർത്തുക ശിരസേ ,കാണുന്നു ഞാൻ യാഹിൽ ,കർത്താവേ നിൻ രൂപം,മൽ പ്രിയനേ, എന്റെ ദൈവം സ്വർഗ്ഗസിംഹാസനം – ഇതൊക്കെയായിരുന്നു ഏതുസമയവും അദ്ദേഹം പാടാൻ പറഞ്ഞിരുന്ന ഗാനങ്ങൾ!

പി എസ് ഫിലിപ്പ് സാർ ലോകത്തോട് വിട പറഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് കാണാൻ പോയത്. ആ യാത്രയിൽ അദ്ദേഹം പറഞ്ഞു – എന്റെ സമയവും അടുത്തു !!.

അപ്പച്ചനെ വിട്ട് കൊല്ലത്തേക്ക് പോയപ്പോൾ അപ്പച്ചനും എനിക്കും ദൂരം വിഷമമായി. വിളി പുറത്ത് എത്തണമായിരുന്നു. പക്ഷേ മാസത്തിൽ രണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ അടുത്ത് വരാമെന്ന് ഞാൻ ഉറപ്പു കൊടുത്തു – അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് വെള്ളപ്പൊക്ക ദുരിത സമയങ്ങളിൽ നടത്തി കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചു . പതിനായിരക്കണക്കിന് കിറ്റുകൾ കേരളത്തിൽ ഉടനീളം കൊടുത്തു. ഇരു ചെവി അറിയാതെ പതിനായിരക്കണക്കിന് ആൾക്കാരെ തമ്പിച്ചായനും മറിയമ്മ ആന്റിയും കുടുംബവും ചേർത്തു പിടിച്ചിട്ടുണ്ട്. കയ്യിൽ കിട്ടുന്നതെല്ലാം നൽകി അകമഴിഞ്ഞ് മറ്റുള്ളവരെ സഹായിക്കുന്നത് കാണുമ്പോൾ ചാരിതാർത്ഥ്യം തോന്നിയിട്ടുണ്ട് – കഴിഞ്ഞ ഡിസംബറിൽ ഒരുമിച്ച് പരസ്യ യോഗം തെരുവോരത്ത് നടത്തി.ഇങ്ങനെയൊരു നേതാവിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വീട്ടിൽ ആര് ചെന്നാലും ആദ്യം ചോദിക്കുന്നത് – നീ വല്ലതും കഴിച്ചോ , കുടിച്ചോ എന്നാകും ! സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഓടിമുറിക്കകത്തേക്ക് കയറാൻ.

 

നാല് മാസം മുമ്പാണ് കൊല്ലത്ത് എന്നെ സെന്റെർ ശുശ്രൂഷകനായി നിയോഗിച്ചത്. കഴിഞ്ഞ മാസം പാസ്റ്റേഴ്സ് കോൺഫറൻസിൽ ഈ മാസം 21 തീയതി ഡയറിൽ എന്നെ കൊണ്ട് കുറിപ്പിച്ചു. അപ്പോൾ തന്നെ വേണ്ട ഏഴ് തന്നെ കുറിക്കാൻ പറഞ്ഞു. ഈ മാസം ആറ് ഏഴ് തീയതി ഞാറാഴ്ച്ച – അവസാനമായുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷയും ഞങ്ങൾക്കൊപ്പം കൊല്ലത്തായിരുന്നു . യാത്ര പറഞ്ഞപ്പോൾ പറഞ്ഞ വാചകം മനസിൽ അല അടിക്കുന്നു. “എടാ എനിക്ക് ഇനിയും ഇങ്ങോട്ട് ഒരു വരവില്ല”.
തുടർന്ന് അയ്യായിരം രൂപ തന്നിട്ട് പറഞ്ഞു – ഓഗസ്റ്റ് 15 ന് പരസ്യ യോഗവും നടത്തി ട്രാക്ട് വിതരണം ചെയ്യണം. സ്നാനപ്പെടുത്താനുള്ള വരെ നീ തന്നെ സ്നാനപ്പെടുത്തണം.
പിറ്റേദിവസം തിങ്കളാഴ്ച
എട്ടാം തീയതി ജീബുവിന്റെ വിവാഹ ശുശ്രൂഷയ്ക്കും ഞങ്ങൾ ഒരുമിച്ചാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ അപ്പച്ചൻ ഓർപ്പിച്ചു – നാളെ ഞാൻ ഹോസ്പിറ്റലിലേക്ക് പോവുകയാണ് ; നീ എനിക്കായി പ്രാർത്ഥിക്കണം.അവസാന നിമിഷം പലതും എന്നോട് സംസാരിച്ചത് ഒരു യാത്രയ്ക്കുള്ള പുറപ്പാടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.നിരവധി കാര്യങ്ങൾ പറയാൻ ഉണ്ട് അനുഭവങ്ങൾ സംഭാഷണങ്ങൾ …….

അപ്പച്ചനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല!
ഇടയ്ക്ക് പറയും- കർത്താവിനായി എരിഞ്ഞ് തീരണം; വെറുതെയിരുന്ന് തുരുമ്പെടുത്ത് തേയരുത്; അവസാനം വരെ കർത്താവിനായി ഓടണം! എത്ര അർത്ഥവത്തായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ..!

ആഗ്രഹം പോലെ അവസാനം വരെ തീക്ഷ്ണതയോടെ ഓടിയ സുവിശേഷത്തിന്റെ ശക്തനായ ഉയരങ്ങളിലെ ധീര പോരാളി; ക്രിസ്തുവിനു വേണ്ടി നിരവധി പേരെ ഇന്ത്യക്ക് അകത്തും പുറത്തും നേടിയ വ്യക്തിത്വം – പതിനായിരക്കണക്കിന് ആൾക്കാരെ അദ്ദേഹം സ്നാനപ്പെടുത്തിയിട്ടുണ്ട്; അനേകം ലോക രാജ്യങ്ങളിൽ സുവിശേഷത്തിനായി സഞ്ചരിച്ചിട്ടുണ്ട്;

ഏഴ് വയസ് മുതൽ ഞാൻ അടുത്ത് കാണാൻ തുടങ്ങിയ വ്യക്തി വൈഭവമായിരുന്നു അത്.ഞാനും എന്റെ പിതാവും പിതാവിന്റെ പിതാവും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എന്ന മഹാ പ്രസ്ഥാനത്തോട് ചേർന്ന് അദ്ദേത്തെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചു.എന്റെ മക്കൾക്ക് അദ്ദേഹം താടി അപ്പച്ചനായിരുന്നു!
പതിനായിരക്കണക്കിന് ആൾക്കാരെ ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന സഭാ നേതാവായിരുന്നു – ന്യൂ ഇന്ത്യാ ദൈവസഭക്ക് ഇന്ന് നാലായിരത്തി അഞ്ചുറോളം സഭകളുണ്ട് .

പ്രേഷിത പ്രവർത്തനത്തിൽ ചെറുപ്പം മുതൽ ഈ സമയം വരെ കൈത്താങ്ങൽ തന്ന പ്രിയപ്പെട്ട അപ്പച്ചനെ വീണ്ടും കാണാം എന്ന പ്രത്യാശ മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ആശ്വാസം. ഇല്ല ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ക്രിസ്തുവിലൂടെ ….. ഉയരങ്ങളിലെ ധീരപോരാളിയുമായ സുവിശേഷ വിപ്ലവത്തിന്റെ മുന്നിൽ എന്റെ പ്രണാമം.

-ADVERTISEMENT-

-ADVERTISEMENT-

You might also like