ലേഖനം: പൗരത്വ പ്രശ്നങ്ങളും സ്വർഗ്ഗീയ പ്രത്യാശയും | സാം തോമസ്, ഡൽഹി

‘’നാനാത്വത്തിൽ ഏകത്വം” – ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന വാചകം. ഒരു പരിധി വരെ ഇന്ത്യയെ മറ്റു ലോകരാജ്യങ്ങൾക്ക് മുൻപിൽ തനതായി നിർത്തിയ ആശയം. പക്ഷെ, ഏറ്റവും പുതിയതായി നമ്മുടെ മുന്നിലെത്തുന്ന വാർത്തകളിലൊന്ന് ഈ നാനാത്വം അവസാനിക്കുന്നു, കാവിവൽക്കരണം എന്ന ഏകത്വത്തിലേക്ക് – ആ അജണ്ടയിലേക്കുള്ള സുപ്രധാനമായ ഒരു കാൽവയ്പ്പ് – ഒരു പുതിയ കാവിഭരണഘടന നിലവിൽ വരുന്നു എന്നതാണ്. ഓരോ ഭാരതീയനും അഭിമാനിച്ചിരുന്ന, എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന പ്രതിജ്ഞാവാചകവും ഓർമയാകാൻ പോകുന്നു; കാരണം, പുതിയ ഭരണഘടനയനുസരിച്ചു ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും വോട്ടവകാശം ഇല്ലാത്ത രണ്ടാംതരം പൗരന്മാർ (?) മാത്രമാണ്. കഴിഞ്ഞ അരപ്പതിറ്റാണ്ടിനിടയിലെ അതിവേഗം മാറുന്ന ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾ ഇന്ത്യയിലെ ഓരോ സാധാരണക്കാരനേയും ആശങ്കാകുലരാക്കുന്നുണ്ട്. ഭാവിയെന്താകും എന്ന ഭയം സാമാന്യജനത്തിനിടയിൽ ജാതിമതഭേദമില്ലാതെ പരക്കുന്നുണ്ട്; അതിന്റെ തെളിവാണ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലുള്ള അഭൂതപൂർവ്വമായ വർദ്ധനവ്.

എന്നാൽ, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ചുറ്റുപാടുകൾ എങ്ങനെയൊക്കെ മാറിയാലും അതിൽ ഭയവിഹ്വലരാകേണ്ട കാര്യമില്ല. കാരണം ഒന്നാമതായി ഇതൊക്കെ സംഭവിക്കേണ്ടതാകുന്നു എന്ന മുന്നറിയിപ്പ് ക്രിസ്തുവിൽ നിന്ന് തന്നെ ലഭിച്ചവരാണ് നാം. ക്രിസ്തു പറഞ്ഞു, “ലോകം നിങ്ങളെ വെറുക്കുന്നുവെങ്കിൽ ആദ്യം എന്നെ വെറുത്തുവെന്ന് മനസ്സിലാക്കുക. നിങ്ങൾ ലോകത്തിൽ നിന്നുള്ളവരാണെങ്കിൽ, അത് നിങ്ങളെ സ്വന്തക്കാരെപ്പോലെ സ്നേഹിക്കുമായിരുന്നു. പകരം, ലോകം നിങ്ങളെ വെറുക്കുന്നു, കാരണം നിങ്ങൾ ലോകത്തിൽ നിന്നുള്ളവരല്ല, എന്നാൽ ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നു.” (യോഹ.15:18). അപ്പോൾ ലോകം നമ്മെ തരംതാഴ്ത്തുന്നതിന്റെ കാരണം നാം ഈ ലോകത്തിനുള്ളവർ അല്ല എന്നതാണ് എന്ന് നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതികൾ മാറുമ്പോൾ ഭയക്കേണ്ടതായിട്ടോ, പരാതി പറയേണ്ടതായിട്ടോ ഇല്ല, കാരണം ഇതൊക്കെയും സംഭവിക്കേണ്ടതാകുന്നു.
അതുപോലെതന്നെ, ക്രിസ്തു തന്നെ നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുമ്പോൾ പഠിപ്പിച്ചത് ദൈവരാജ്യം വരേണ്ടതിനായി പ്രാർത്ഥിക്കുവാനാണ്. സാഹചര്യവശാൽ നാം ജനിച്ച, എത്തിപ്പെട്ട രാജ്യത്ത്, ആ രാജ്യത്തോട് സ്നേഹവും കൂറും ആദരവും ഉള്ളവരായി ജീവിക്കുമ്പോൾത്തന്നെ (മർക്കോസ് 12 :17) നാം ഇവിടെ അന്യരും പരദേശികളും എന്നതുപോലെ, ഈ ലോകമഹിമകളിൽ പ്രതീക്ഷ വയ്ക്കാതെ, വരുവാനുള്ളതിനെ – സ്വർഗ്ഗീയമായതിനെത്തന്നെ കാംക്ഷിച്ചുകൊണ്ടു ജീവിതം നയിക്കുവാനാണ് വചനം നമ്മോടു ആവശ്യപ്പെടുന്നത്. കാരണം ഇവിടെ നിലനിൽക്കുന്നതൊന്നുമില്ല, എല്ലാം നശ്വരവും, മാറ്റങ്ങൾക്കു വിധേയവുമാണ്. എന്നാൽ നിലനിൽക്കുന്നത് അതൊന്നു മാത്രം – അത് ദൈവം തന്നെ അടിസ്ഥാനമിട്ടതും അവൻ തന്നെ ശില്പിയായി പണിതതുമായ ഒരുനാളും നശിച്ചുപോകാത്ത ദൈവരാജ്യമാണ്.ഈ ദൈവരാജത്വം മാത്രമാണ് മാറ്റമില്ലാത്തത്, സദാകാലത്തേക്കും നിലനില്‍ക്കുന്നത് (ദാനിയേൽ .7:18,27). ആ രാജ്യം ദൈവമക്കൾക്കു അവകാശപ്പെട്ടതാണ്, കാരണം ക്രിസ്തുവിന്റെ നമ്മോടുള്ള വാഗ്ദത്തം ഇപ്രകാരമാണ്; “ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു” (ലൂക്കോസ് 12 :32).
അടുത്തതായി, ഒരു ദൈവപൈതലിന്റെ പ്രത്യാശ അവന്റെ സ്വർഗ്ഗീയ പൗരത്വത്തിലാണ്. മനുഷ്യൻറെ ഭൗതിക ജനനത്തിനു അവന്റെ ഭൗമിക പൗരത്വത്തിന്റെ ഉറപ്പു നല്കാൻ സാധിക്കാതിരിക്കുമ്പോൾ, അവന്റെ ആത്മിക ജനനം പൂർണ്ണമായി അവന്റെ സ്വർഗ്ഗീയ പൗരത്വം ഉറപ്പു നൽകുന്നു (യോഹ 3 : 3 -7). അധികാരികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ചു ഭൗമിക പൗരത്വങ്ങൾക്കു ഭേദഗതികൾ സംഭവിക്കുമ്പോൾ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ക്രിസ്തുവിലുള്ള വീണ്ടും ജനനം നമ്മുടെ ഉന്നതമായ പൗരത്വം ഉറപ്പാക്കുന്നു. താഴ്‌ച്ചവരാവുന്നതും കേവലവുമായ മാനുഷീക പൗരത്വങ്ങൾ വാഗ്ദാനം ചെയ്യുന്ന നശ്വരമായ ജീവിതസൗകര്യങ്ങൾ പിൻവലിക്കപ്പെടുമ്പോൾ ക്രിസ്തു തന്റെ ശക്തിയാൽ സർവ്വതിനേയും അവന്റെ നിയന്ത്രണത്തിൽ കൊണ്ടുവരും, നമ്മുടെ ഹീനവും ഇപ്പോൾ അമാന്യവുമായ ശരീരങ്ങളെ അവന്റെ തേജസ്സേറിയ ശരീരത്തോട് അനുരൂപമാക്കും, നാം ആ രാജ്യത്തിൽ കേവലം പൗരന്മാരായി മാത്രമല്ല പിന്നെയോ അവനോടു കൂടെ വാഴുന്നവർ ആകും (2 തിമോഥി. 2:12) എന്ന് ദൈവവചനം ഒരു ദൈവപൈതലിനു ഉറപ്പു നൽകുന്നു.
ആകയാൽ പരിതഃസ്ഥിതികൾ പ്രതികൂലമാകുമ്പോൾ പ്രയാസപ്പെടരുത് – നാം അതിനെക്കുറിച്ചൊന്നും മുന്നറിവില്ലാത്തവരല്ല. ജീവിത സാഹചര്യങ്ങൾ അനുദിനം സങ്കീർണ്ണമാകുമ്പോൾ ഭയപ്പെടരുത് – നാം ഇവിടെ അന്യരും പരദേശികളുമാണ്. സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ പതറരുത് – ഒരു മഹത്തായ സ്വർഗീയ പൗരത്വത്തിനുടമകളാണ് നമ്മൾ. നമ്മുടെ ദൈവം ജീവിക്കുന്നു, ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, സർവ്വത്തെയും ഭരിക്കുന്ന ഒരു അത്യുന്നതന്റെ കരം സർവ്വതിനേയും നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്നുവെങ്കിൽ, വീണ്ടും ജനനം പ്രാപിച്ച ദൈവമക്കൾക്കു ഒരിക്കൽക്കൂടി ഉറക്കെ പറയാം… “നമ്മുടെ പൗരത്വമോ അത് സ്വർഗ്ഗത്തിലാകുന്നു…”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.