ഭക്തന്മാർ ഇല്ലാതെ പോകുന്നു: പാസ്റ്റർ റ്റി വി തങ്കച്ചൻ

യഹോവേ, രക്ഷിക്കേണമേ, ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു (സങ്കീ. 12:1). മരണത്താൽ അനേക ഭക്തന്മാർ ലോകത്തിൽ നിന്നു ഇല്ലാതെ പോയിക്കൊണ്ടിരിക്കുന്നു. പാസ്റ്റർ കെ ഇ എബ്രഹാം, പാസ്റ്റർ ടി എസ്‌ എബ്രഹാം, പാസ്റ്റർ എ സി സാമുവൽ, പാസ്റ്റർ സി കുഞ്ഞുമ്മൻ, പാസ്റ്റർ പി ഡി ജോൺസൻ, പാസ്റ്റർ പി എസ്‌ ഫിലിപ്‌, പാസ്റ്റർ ടി എം വർഗ്ഗീസ്‌, പാസ്റ്റർ യു തോമസ്‌, പാസ്റ്റർ പി എ വി സാം ഇവരൊക്കെ എനിക്കു കേട്ടും കണ്ടും പരിചയമുള്ള മണ്മറയപ്പെട്ട ചില ഭക്തന്മാരാണു. അവർക്കു സമകാലീനന്മാരായ അനേകം ദൈവഭക്തന്മാരായ ദൈവദാസന്മാരും വിവിധ സംഘടനകളിലും മറ്റുമായി കാലയവനികക്കുള്ളിൽ മറയപ്പെട്ടിട്ടുണ്ട്‌. അവർ നാടിനു പകർന്ന വെളിച്ചത്തിൽ പ്രകാശിതരായ ധാരാളം ജനങ്ങളും ഉണ്ട്‌.

post watermark60x60

എന്നാൽ പലരിലും അഭക്തി മുതിർന്നു വരുന്നതിനാലും ഭക്തന്മാർ ഇല്ലാതെ പോകുന്നുണ്ട്‌. ഒരു കാലത്തു വിശ്വാസത്തിനു വേണ്ടി ത്യാഗവും കഷ്ടവും ഉപദ്രവവും പീഡയും നിന്ദയും ദുഷിയും പരിഹാസവും സഹിച്ച്‌ പട്ടിണികിടന്നു നേരോടും വിശ്വസ്തതയോടും ഭക്തിയോടും കൂടെ ജീവിച്ചതും സുവിശേഷവേല ചെയ്തും പടുത്തുയർത്തിയ ഒരു മാർഗ്ഗത്തിന്റെ പിൻഗാമികളാണു ഇന്നത്തെ വിശ്വാസികളും സുവിശേഷ വേലക്കാരും. ഒരിക്കൽ പെന്തക്കൊസ്തു ഒരു അപമാനമായി സമൂഹം കണ്ടിരുന്നു. എന്നാൽ പെന്തക്കൊസ്തിൽ അഭിവൃദ്ധി കടന്നുകൂടി, സ്ഥാനമാനങ്ങൾ വർദ്ധിച്ചു, അപ്പോൾ സമൂഹത്തിൽ അഭിമാനമായി മാറി. ജനങ്ങൾ അന്തസ്സോടെ പെന്തക്കൊസ്തുകാർ എന്നും പാസ്റ്റർമ്മാർ എന്നും അറിയപ്പെടുവാനും സമൂഹത്തിൽ അംഗീകരിക്കപ്പെടുവാനും ഇടയായി.

ഭക്തന്മാരെ കണ്ടും കേട്ടും വളർന്നു വന്ന തലമുറകൾ ഏറെക്കുറെ ദൈവഭക്തി കാത്തു സൂക്ഷിച്ചു. എന്നാൽ അവരുടെ കാലങ്ങൾ കഴിഞ്ഞു, അവർ ചരിത്രങ്ങളായി, ചിലർ പുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെട്ടു, അതിനു കഴിയാത്തവർ ഓർമ്മകളിൽ നിന്നു പൊയ്പോയി. മാനസാന്തരത്തിനു വിലകൊടുക്കത്തവർ സ്നാനപ്പെട്ടു സഭയുടെ അംഗങ്ങളായി. സഭയിൽ കമ്മറ്റികളിലായി, കമ്മറ്റിയിലെ സ്ഥാനങ്ങൾ വിലപ്പെട്ടതാതി. സഭയുടെ അധികാരസ്ഥനങ്ങൾക്കു വിലയായി, ബഹുമാനമായി, വേദിയിൽ ഇരിപ്പിടങ്ങളായി, ക്ഷണിക്കപ്പെടാനും ആദരിക്കപ്പെടാനും ഇഷ്ടം പോലെ എവിടെയും ജനങ്ങളായി. അധികാരത്തിൽ എത്താൻ എന്തു വേലയും ചെയ്യാൻ മടിയില്ലാതായി. എന്തു വിലകൊടുത്തും ഒരു സ്ഥാനം നേടാൻ ആർത്തിയായി, ആവേശമായി. സ്ഥാനത്തിനായി പരസ്യബാനറുകളായി, വോട്ടു പിടിത്തമായി, പണം വാരിക്കോരി ചെലവിട്ടു തുടങ്ങി. ജയിച്ചു വരുന്നവർക്കു അഭിനന്ദനങ്ങളുടെ പ്രവാഹമായി, ഫോൺ വിളികളായി, സദ്യവട്ടങ്ങളായി. ഭരണത്തിലെത്തുന്നവർ തങ്ങൾക്കെതിനെ നിന്നവരെ ഏതു വിധത്തിലും ദ്രോഹിക്കാൻ കരുക്കൾ കൂട്ടുന്നു, ചിലപ്പോൾ അവരെ വശത്താക്കി തങ്ങളുടെ അംഗബലം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. സുവിശേഷവേല ചെയ്യുന്നവരെ ആദരിക്കുന്നതിനെക്കാൾ തങ്ങളെ ജയിപ്പിക്കാൻ വേല ചെയ്തവരെ ആദരിച്ചു മാനിക്കുന്നു. ഇതെല്ലാം കൊണ്ടും പുറത്തുനിന്നുള്ളവർ പണ്ടത്തെപ്പോലെ ഇതിലേക്കു കടക്കാൻ മടിച്ചു നിൽക്കുന്നു. അകത്തുള്ള പലരും പുറത്തുപോകാൻ മടിച്ചു തങ്ങളെ തന്നെ കാത്തു സൂക്ഷിച്ചു എല്ലാം കണ്ടും കേട്ടും സഹിച്ചു കഴിയുന്നു.

Download Our Android App | iOS App

പഴയ ദൈവഭക്തി ഓർമ്മയായി മാറുകയും അധികം താമസിയാതെ പെന്തക്കൊസ്തിനെ നയിക്കാൻ പണവും, പ്രതാപവും, രാഷ്ട്രീയ ബന്ധങ്ങളും, അനാത്മീയ പ്രവർത്തനങ്ങളും സകല അസന്മാർഗ്ഗികതകളും വച്ചു പുലർത്തുന്ന, സ്നേഹവും കരുണയും വാത്സല്യവും ദൈവഭയവും ഭക്തിയും തൊട്ടുതീണ്ടീട്ടില്ലാത്ത കുറെ അധികാരക്കൊതിയരായ മനുഷ്യർ കടന്നു കൂടുന്ന അപകടകരമായ കാഴ്ച നമുക്കു കാണാം. അതുകൂടി കഴിഞ്ഞിട്ടേ കർത്താവു വരികയുള്ളു എന്നു വേണം കരുതാൻ. ‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’

പ്രിയരേ, പ്രിയ തമ്പിച്ചായനെപ്പോലെ കഷ്ടം സഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാലും ലജ്ജിക്കാത്തവരായി ഒരു സുവിശേഷവേലക്കാരനോ ഒരു വിശ്വാസിയോ ആയി ജിവിച്ചു ദൈവരാജ്യത്തിൽ എത്തിച്ചേരാൻ നമുക്കു ഇടയായിത്തീരട്ടെ.

– പാസ്റ്റർ റ്റി വി തങ്കച്ചൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like