കാലികം: “ബർത്തഡേ കേക്ക് അല്ല, പുഞ്ചിരിച്ചു യാത്രയായ ഞങ്ങളുടെ അമ്മച്ചിയാണ്” | ബിനു വടക്കുംചേരി

മൃതദേഹത്തിനരികിൽ നിന്ന് ചിരിച്ച് കൊണ്ട് എടുത്ത ഫോട്ടോ പങ്കുവെച്ച കുടുംബാംഗങ്ങൾക്ക് നേര സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനങ്ങൾ ഉയർന്നു വന്നതോടെ പ്രതികരണവുമായി ആ കുടുംബം എത്തിയത് വീണ്ടും ചർച്ചകൾക്കു ചൂടുപിടിപ്പിക്കുന്നതാക്കി. ഒരു ഭാഗം അവരെ വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ അവരെ അനുകൂലിച്ചും പ്രതികരണങ്ങൾ വന്നു. ഇതോടെ മരണപ്പെട്ട അമ്മച്ചിയെ സന്തോഷത്തോടെ യാത്ര അയക്കാൻ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങൾ എടുത്ത ഫോട്ടോ വൈറൽ ആയി.

ഈ വിഷയത്തിൽ വിശദീകരണം നൽകുകയാണ് മരണപ്പെട്ട 95കാരിയായ മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ കുടുംബാംഗങ്ങൾ.  അവരുടെ വാക്കുകളിങ്ങനെ,
എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ
വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന
അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ്
അവിടെ പ്രകടമായത്. തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം
കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ.
അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി പ്രാർത്ഥിച്ചു. അമ്മച്ചിയുടെ ജീവിച്ചിരിക്കുമ്പോൾ ഉള്ള നല്ല ഓർമ്മകൾ ഞങ്ങൾ മക്കളും, കൊച്ചു മക്കളും എല്ലാവരും ചേർന്ന് പങ്കുവെച്ചു. വിശ്രമിക്കുവാൻ ആയി പിരിയുന്നതിടയിലാണ് ഈ ചിത്രം പകർത്തിയത്. ചിത്രം എങ്ങനെ പുറത്തുപോയി എന്നത് അറിയില്ല.
എന്നാൽ അത് മോശം രീതിയിൽ ചിലർ പ്രചരിപ്പിച്ചതു തീർത്തും നിരാശ ഉളവാക്കി.
ഞങ്ങളുടെ പ്രത്യാശ മരണാന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കും എന്നാണ്. അതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസമെന്നും അതിനാലാണ്
സന്തോഷത്തോടെ യാത്രയാക്കിയതെന്നും കുടുംബാംഗമായ ഡോ. ഉമ്മൻ പി.നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു.
പരേതനായ വൈദികൻ പി.ഒ.വര്ഗീസിന്റെ ഭാര്യയാണ് മറിയാമ്മ.

കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് 95-ാം വയസ്സിൽ നിര്യാതയായത്.
“മറിയാമ്മ അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ്
അവിടെ പ്രകടമായത്”- ഉമ്മൻ പറഞ്ഞു. മരണവീട്ടിൽ ദുഃഖഭാവമില്ലാത്തതിനെയാണ്
സമൂഹമാധ്യമത്തിലുൾപ്പെടെ രൂക്ഷ വിമർശനമുയർന്നത്.

വീട്ടുകാരുടെ പ്രതികരണം പുറത്തുവന്നതോടെ മന്ത്രിമാര്‍ ഉൾപ്പെടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ഈ വിഷയത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ തന്റെ വാക്കുകൾ സമൂഹമാധ്യമത്തിലൂടെ പറഞ്ഞതിങ്ങനെ;
“ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര
അയയ്ക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം ഒരു വേർപാട് ആണ്, സങ്കടകരവും. എന്നാൽ
അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ
യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോയ്ക്ക് നെഗറ്റീവ്
കമന്റുകൾ അല്ല വേണ്ടത്.”- മന്ത്രി കുറിച്ചു.

നമ്മുടെ ചില അന്യസംസ്ഥാനങ്ങളിൽ പോലും മരിക്കുമ്പോൾ മൃതദേഹത്തോടൊപ്പം പാട്ടുപാടിയും ആടിയും സംസ്കാര ശുശ്രുഷ ചെയ്യുന്നവർ ഉണ്ട് എന്നത് നാം മറക്കരുത്. നമ്മുടെ സംസ്കാരം മറിചാണെങ്കിലും ക്രിസ്തീയ വിശ്വാസം പ്രത്യാശ പകരുന്ന ഒന്നാണ്.
വെള്ളത്തിൽ വെറും ഒരു കുമിള പോലെയുള്ള ക്ഷണികമായ നശ്വര ജീവിതത്തിൽ നിന്നും
നിത്യതയിലേക്കുള്ള വിശ്രമത്തിലേക്കു യാത്ര ഓർക്കുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്. മാനുഷികമായി വേർപാടിന്‍റെ ദുഃഖം ഉണ്ടെങ്കിലും ക്രിസ്തിയ പ്രത്യാശ നമ്മെ മുന്നോട്ട് നയിക്കും. ധന്യനായ പൗലോസ് ഇങ്ങനെ പറയുന്നു “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”.
ആകയാൽ ഓരോ മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്ന ഒന്നുണ്ട് “ഇന്ന് നീ, നാളെ ഞാൻ“.

– ബിനു വടക്കുംചേരി

-Advertisement-

You might also like
Comments
Loading...