ജീവിതം നന്നായി പൂർത്തീകരിക്കുക; പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ  

ഐ.പി.സി. നോർത്തേൺ റീജിയൺ പി.വൈ.പി.എ 'കിംഗ്ഡം ഇമ്പാക്ട് 2022 ദ്വിദിന കൺവെൻഷന് അനുഗ്രഹീത സമാപ്തി

News: IPCNR MEDIA TEAM

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടന്ന ‘കിംഗ്ഡം ഇംപാക്ട് എന്ന ദ്വിദിന യൂത്ത് കൺവൻഷന് അനുഗ്രഹീത സമാപ്തി. സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെട്ട കൺവൻഷൻ്റെ രണ്ടാം ദിവസം പി.വൈ.പി.എ വൈസ് പ്രസിഡന്റ് പാസ്റ്റർ. ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ചു. റീജിയൺ ജനറൽ പ്രസിഡന്റ് പാസ്റ്റർ. സാമുവേൽ ജോൺ ലഘു സന്ദേശം നൽകി. ഫിലിപ്പിയർ 3:7-14 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി ക്രിസ്തുവിന്റെ സ്വഭാവമുള്ള യുവജനങ്ങൾ എഴുന്നേൽക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുഖ്യ പ്രഭാഷകനായ പാസ്റ്റർ. ജോ തോമസ്, 2 തിമൊഥെയോസ് 2:8 നെ ആധാരമാക്കി ‘ജീവിതം നന്നായി പൂർത്തീകരിക്കുക’ എന്ന പ്രമേയത്തെ സംബന്ധിച്ച് ശക്തമായി ദൈവവചനം പ്രഘോഷിച്ചു. “നന്നായി ആരംഭിച്ചത് കൊണ്ട് മാത്രം നന്നായി പൂർത്തീകരിക്കുവാൻ കഴിയുകയില്ല. നന്നായി പൂർത്തീകരിക്കണമെങ്കിൽ യേശുവിനെ എപ്പൊഴും ഓർക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ലജ്ജകൂടാതെ നമുക്കു വേണ്ടി ക്രൂശു മരണം വരിച്ച യേശുവിനെ ഓർക്കുന്നതിൽ യുവാക്കൾ ലജ്ജിക്കരുത്. യേശുവിനു വേണ്ടി, തൻ്റെ ക്രൂശിനുവേണ്ടി ഏതറ്റം വരേയും പോകുവാൻ തയ്യാറുള്ള ഒരു യുവസൈന്യം എഴുന്നേല്ക്കേണ്ടത് അനിവാര്യമാണെന്ന് താൻ ഓർപ്പിച്ചു.” സിസ്റ്റർ. ബിൻസി ബിബിൻ്റെ നേതൃത്വത്തിൽ നടന്ന ഗാനശുശ്രൂഷ ജനത്തിന് ആത്മീക ഉണർവ് പകരുന്നതായിരുന്നു. ഐ.പി.സി.എൻ.ആർ നോർത്ത് വെസ്റ്റ് സോൺ പ്രസിഡന്റ് പാസ്റ്റർ. പി.ഡി. തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ ദ്വിദിന യൂത്ത് കൺവൻഷന് അനുഗ്രഹീത സമാപനമായി. റീജിനൽ പിവൈപിഎ പ്രസിഡന്റ്‌ പാസ്റ്റർ എൻ ജി ജോൺ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജിജോ, സെക്രട്ടറി ബ്രദർ ജയൻ കൊട്ടേരി,  ട്രെഷറർ ബ്രദർ സ്റ്റാൻലി, ബ്രദർ സ്റ്റീഫൻ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നല്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like