ലേഖനം: ദൈവഭക്തി ആദായ മാർഗ്ഗമോ ? | രാജൻ പെണ്ണുക്കര

ദൈവഭക്തിയും, ദൈവഭക്തി ഉപയോഗിച്ചുള്ള ശുശ്രുഷയും ആദായ മാർഗ്ഗമോ എന്നത് ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ടിയ സാഹചര്യം വന്നിരിക്കുന്നു. ദൈവവചനം തന്നേ വ്യക്തമായി പറയുന്നു “ഒരുകൂട്ടർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു”. “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” (1 തിമൊ 6:5,10). എന്നാൽ വചനം പറയുന്ന മറ്റൊരു മുന്നറിയിപ്പ് ഇവിടെ എപ്പോഴും വളരെ ശ്രദ്ധേയമാണ് “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ” (എബ്രാ 13:5).

ദൈവഭക്തി, ദൈവീക കാര്യങ്ങൾക്കു വേണ്ടിയും ദൈവ നാമത്തിനുവേണ്ടിയും ആദയവും നേട്ടവും ആകുന്നെങ്കിൽ അംഗീകരിക്കണം, പ്രോത്സാഹിപ്പിക്കണം, പ്രശംസിക്കണം. എന്നാൽ മറിച്ച് സ്വന്തം കാര്യങ്ങളുടെ നേട്ടത്തിനു വേണ്ടിയാക്കി മാറ്റുമ്പോൾ അതിന്റെ യഥാർത്ഥ അർത്ഥതലം മാറിപോകുന്നു എന്നത്  തികച്ചും അപലപനീയം എന്നു കൂടി പറയേണ്ടിവരുന്നു.

“ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക (2 തിമൊ 3:5). ഇവിടെ പ്രീയത്തിന് പകരം ഭയം എന്നവാക്ക് അൽപ്പം കൂടി അർത്ഥവത്താകുമെന്നു തോന്നിപോകുന്നു. ഭക്തിയുടെ വേഷം ധരിച്ചു നടന്നാൽ ആവശ്യാനുസരണം ഉരിഞ്ഞു മാറ്റുവാൻ നിഷ്പ്രയാസം സാധിക്കും എന്ന് ഓർക്കുക.

എന്തുകൊണ്ട് ഇങ്ങനെത്തെ അവസ്ഥകൾ സംജാതമാകുന്നു എന്നതാണ് ചിന്തനീയമായ കാരണങ്ങൾ. “ഇത്രയും മതി എന്നതോന്നൽ”, “ദ്രവ്യാഗ്രഹം കൂടുമ്പോൾ”, “ബന്ധങ്ങൾ ബന്ധനങ്ങളായി മാറുമ്പോൾ”, “സ്ഥാനമാന മോഹങ്ങൾ”, “ലക്ഷ്യവും നോട്ടവും” മാറി പോകുമ്പോൾ പലപ്പോഴും യഥാർത്ഥ ഉദ്ദേശം മറന്ന് എല്ലാം ഒരുതരം ആദായ മാർഗ്ഗം ആയിമാറുന്നു എന്നതല്ലേ സത്യം.

“അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും” (1 തിമൊ 6:6). ആദ്യമായി “അലംഭാവം” എന്ന വാക്ക്  പിരിച്ചെഴുത്തിയാൽ “അലം”+”ഭാവം” അതായത് “അലം” എന്നാൽ “പൂർണമായ”, “ശക്തിയുള്ള” ഭാവം എന്നാകില്ലേ അർത്ഥം. എന്നാൽ ആ പദങ്ങൾ ഒന്ന് കൂട്ടിചേർത്ത്‌ എഴുത്തിയാൽ “ഇത്ര മതി”  എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ ഇംഗ്ലീഷിൽ “Contentment” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ ഏതുതരം ദൈവഭക്തിയാണ് നാം മുറുകെ പിടിക്കുന്നതെന്നു സ്വയം ശോധന ചെയ്യണം.

കൂടാതെ “അലംഭാവം”എന്നവാക്കിന് മലയാളം നിഘണ്ടുവിൽ “വൈരുദ്ധ്യം; മടി; അശ്രദ്ധ; അലക്ഷ്യം; അജാഗ്രത; അനാസ്ഥ; ഉപേക്ഷ; അനവധാനത; അലക്ഷ്യപ്രകൃതി; സാധാരണത്വം; താത്‌പര്യക്കുറവ്‌:” എന്ന അർത്ഥങ്ങൾ കൂടിയുണ്ട് എന്നകാര്യം ഓർമ്മ വെക്കുക.  ഉദാ:- കുടുംബത്തോട്‌ അലംഭാവം കാട്ടുന്ന അവസ്ഥ എന്നൊക്കെ…. ഏതു വാക്ക് അനുയോജ്യം എന്നു നിങ്ങൾ തീരുമാനിക്കുക……

ഒരിക്കൽ രാജ്യത്തോടുള്ള അമിതമായ സ്നേഹവും ഭക്തിയും ജനത്തെ സേവിക്കണം എന്ന അർപ്പണത്തിന്റെ, ത്യാഗത്തിന്റെ മനോഭാവവും ഒരു തീനാളം പോലെ പ്രകാശം പരത്തി കത്തിതീരണം എന്ന ഉള്ളിലെ വാഞ്‌ഛയും  പലരേ രാഷ്ട്രിയ പ്രവർത്തനത്തിനു പ്രേരിപ്പിച്ച ഒരു കാലവും  സമയവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാഷ്ട്രിയ പ്രവർത്തനം ആർക്കു വേണ്ടി, എന്തിനു വേണ്ടിയുള്ള മാർഗ്ഗമായി മാറിയെന്നു ചിന്തിക്കൂ.!!!!

അതുപോലെ ആയിരുന്നില്ലേ ഒരിക്കൽ സുവിശേഷ വേലയിൽ ശോഭിച്ച ബഹുഭൂരിപക്ഷം പിതാക്കന്മാരും.  ദൈവത്തോടുള്ള അമിതമായ സ്നേഹവും ഭക്തിയും, നശിച്ചുപോകുന്ന ആത്മക്കളെ കുറിച്ചുള്ള ഭാരവും വേദനയും അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം, സേവിക്കണം എന്ന അർപ്പണത്തിന്റെ, ത്യാഗത്തിന്റെ മനോഭാവവും ഒരുമെഴുകുതിരി പോലെ പ്രകാശം പരത്തി കത്തിതീരണം എന്ന ഉള്ളിലെ അടങ്ങാത്ത വാഞ്‌ഛയും പലരേ സുവിശേഷ പ്രവർത്തനത്തിനു പ്രേരണ നൽകി ഇറക്കിയ ഒരുസമയവും കാലവും ഉണ്ടായിരുന്നില്ലേ!!!!”

എന്നാൽ ഇന്നോ ഇതെല്ലാം എന്തിനുവേണ്ടിയുള്ള മാർഗമായി മാറിയെന്നു ചിന്തിക്കൂ. നികുതി കൊടുക്കാതെ, അധികം വിയർക്കാതെ, അധിക വ്യായാമമെന്യേ, അധികം അധ്വാനമില്ലാതെ കാശുണ്ടാക്കാനുള്ള മാർഗ്ഗമായി മാറിയെന്നു പറയുവാൻ എത്രയോ അനുഭവങ്ങൾ ദൃഷ്ടാന്തമായി ഇന്നും കണ്മുന്നിൽ നിൽക്കുന്നു. ഇതിന്റെയെല്ലാം പരിണിതഫലമോ വ്യായാമത്തിന്റെയും, അധ്വാനത്തിന്റെയും കുറവുമൂലം ചെറുപ്പത്തിൽ തന്നെ സകല രോഗത്തിന്റെയും ആവാസകേന്ദ്രമായി ശരിരം മാറുന്നു എന്നുകൂടി പറയേണ്ടി വരുന്നു. എന്തുകൊണ്ട് ഇങ്ങനെ എന്നു ചിന്തിക്കേണ്ട കാലം അടുത്തിരിക്കുന്നു…..

ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു: (സദൃ 16:8). “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” (1 തിമൊ 6:8).

“ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌ (Gain), അനുഗ്രഹമാണ്” എന്നതാണ് യഥാർത്ഥ തർജ്ജമ അല്ലെങ്കിൽ അർത്ഥമാക്കുന്നതെന്ന സത്യവും മറക്കരുത്. “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു” (1 തിമൊ 4:8). ഇവിടെ ദൈവഭക്തി ഇപ്പോഴത്തെ ജീവന്റെ പ്രയോജനത്തിനു വേണ്ടി മാത്രം ഉപയോഗിച്ച് വരുമാന മാർഗ്ഗമാക്കി മാറ്റിയിട്ടു, വരുവാനുള്ള വാഗ്ദത്തം മറന്നു പോകുന്നു എന്നതാണ് ലേജ്ജാകരം.

സത്യസന്ധമായി ചോദിച്ചാൽ, നാം ഇറങ്ങി തിരിച്ചപ്പോൾ കണ്ടു എന്നു പറയുന്ന ദർശനവും കാഴ്ച്ചപ്പാടും,  കേട്ടു എന്നു പറയുന്ന വിളിയും തിരഞ്ഞെടുപ്പും ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്നുണ്ടോ?. യഥാർത്ഥത്തിൽ ദൈവശബ്ദം കേട്ടിരുന്നോ, കേട്ടെങ്കിൽ എങ്ങനെ അതിൽനിന്നും വഴുതി മാറിപോകുവാൻ സാധിക്കും??. ആ വിളക്ക്‌ ഇന്നും കേട്ടുപോകാതെ കത്തുന്നുണ്ടോ? അതിലെ കരിന്തിരി മുറിച്ചു മാറ്റാറുണ്ടോ?

നല്ല നീരോട്ടവും സമർദ്ധിയുമുള്ള ദേശം കണ്ടപ്പോൾ ഇനിയും ഇവിടെ തന്നേ നിന്നാൽ കൊള്ളാമെന്നു ലോത്തിനു തോന്നിയ വികാരം ആണ് പലരെയും പരാജയത്തിലേക്ക് നയിക്കുന്നത്. “”ലോകത്തിൽ ഒന്നും വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാ”” എന്നു വാതോരാതെ പാടിയും പ്രസംഗിച്ചു നടക്കുകയും, ദ്രവ്യാഗ്രഹവും സമ്പത്തിനോടുള്ള മോഹവും അമിതമായി വരുകയും ചെയ്യുന്നത് സകലവിധ ദോഷത്തിന്നും മൂലമായി മാറുന്നു എന്നു പറയാതെ വയ്യാ.

അമികയറും അടിമനുഖവും നിസാരക്കാരനല്ല എന്നകാര്യം ഓർത്താൽ നന്ന്. ഇന്നു പലരും കേട്ടപ്പെട്ടുപോകുന്നത് അമികയർ എന്ന വലിയ അഴിയാബന്ധനത്തിൽ ആണെന്ന സത്യം മനഃപൂര്‍വ്വം മറയ്ക്കാൻ ശ്രമിക്കുന്നു. സഭയിലെ ചിലവ്യക്തികളുടെ, കുടുംബത്തിന്റെ ഔദാര്യങ്ങളുടെ അടിമനുഖത്തിൽ കെട്ടപ്പെട്ടുപോയിട്ട് തല പൊക്കാൻ ശ്രമിച്ചൽ പോലും അനങ്ങാൻ പറ്റാത്ത വിധത്തിൽ ആയിപോകുന്ന അവസ്ഥ പരിതാപകരമാണ്, അത് അവരെ പരാജയത്തിലേക്ക് നയിക്കുന്നു. നമുക്കുചുറ്റും അങ്ങനെ കെട്ടപ്പെട്ടുപോയ എത്രയൊ പേരെ കാണുന്നു. ഇതു താത്കാലിക ബന്ധനമല്ല മറിച്ച് നിന്റെ ശുശ്രുഷയെ പരിപൂർണ്ണമായി തകർത്തുകളയുന്ന (എന്നന്നേക്കുമായി ഉണ്ടാകുന്ന) അഴിയാബന്ധനം തന്നേ എന്നുവേണം പറയുവാൻ.

സഭയിൽ ശുശ്രുഷകൻ വന്നു കാലുകുത്തുമ്പോൾ തന്നേ ചിലവ്യക്തികൾക്ക് പേരെടുക്കാൻ, പ്രീതിനേടാൻ, ചൊല്പടിയിൽ നിർത്തി വെറും കളിപ്പാവ ആക്കിതിർക്കാൻ, വാടക ഇല്ലാതെ താമസിക്കാൻ വീട് (free accommodation) വിട്ടുകൊടുത്തും, ധനസഹായം കൊടുത്തും, വാഹനങ്ങൾ ഫ്രീയായി ഉപയോഗിക്കാൻ കൊടുത്തും മറ്റും വശത്താകുന്നു. ഇങ്ങനെ വലിയ ശുശ്രുഷയും ദർശനവും, ലക്ഷ്യവും,  ഉണ്ടെന്നവകാശപ്പെടുന്നവനും കർക്കശക്കാരാനുമെന്ന് സ്വയം അഭിനയിക്കുന്ന, നടിക്കുന്ന ശുശ്രുഷകൻ പ്രലോഭനമാകുന്ന ഈ അടിമനുഖത്തിലും അമികയറിലും പെട്ടു പാവയായി പോകുന്നത്തിന്റെ പരിണിത ഫലങ്ങൾ വളരെ ദാരുണമാണ്. അത് ദൈവത്തോടും സമൂഹത്തോടും, ചെയ്ത പ്രതിബദ്ധതയോടും (Commitment) പ്രതിജ്ഞയോടും കാണിക്കുന്ന അവിശ്വസ്ഥതയാണ്.

പിന്നെ അങ്ങനെയുള്ളവർക്ക് എന്തുമാകാം, ആ വീട്ടുകാരും അവരുടെ കൂട്ടുകാരും, ഗ്രൂപ്പിൽ പെട്ടവരും ഏതു വസ്ത്രധാരണം ചെയ്താലോ, കോക്കാം പീച്ചി കാണിച്ചാലോ, ഏതു കുതന്ദ്രങ്ങളുടെ ചുക്കാൻ പിടിച്ചാലും, പൊതുമീറ്റിംഗിൽ (GB) സഭയുടെ നിയമസംഹിതയിൽ അടിവരയിട്ട് പറയുന്ന വരികൾ തെറ്റിച്ചു എഴുനേറ്റ് സംസാരിച്ചാലും, കൈയും കാലും പൊക്കിയാലും, ചാടിയെഴുന്നേറ്റാലും കുറ്റമാകുന്നില്ല, ഒരുവാക്കുകൊണ്ട്  ചെയ്തത് തെറ്റാണെന്നുപോലും പറയുവാനോ, ശാസിക്കുവാനോ ചങ്കൂറ്റം വരുന്നില്ല, എന്തിനേറെ പറയുന്നു ഒരു ചെറുവിരൽ അനക്കാൻ സാധിക്കില്ല. പ്രേത്യകിച്ച് നിതിയും ന്യായവും സത്യത്തേയും ക്രൂശിച്ചുകൊണ്ട്, ശുശ്രുഷകന് അത്രമാത്രം പ്രയോജനം ഉണ്ടാക്കുന്ന കാര്യങ്ങൾക്കു വേണ്ടിയാകുമ്പോൾ നിയമവും, പ്രമാണവും സത്യവും കാറ്റിൽ പറന്നു പോകും, ഒരു ശാസന പോലും ഇല്ലാതെ കണ്ണടച്ച് എല്ലാം വിഴുങ്ങി, ആ കൈകൊണ്ട് തിരുമേശ കൊടുക്കുന്നു, വാങ്ങുന്നു. എത്ര പരാജയം, പരിതാപകരം ആയി തീർന്നു സുവിശേഷവേല എന്ന് പറയാതെ വയ്യാ. പിന്നെ ആ സുവിശേഷവേലയിൽ പരിപാവനതയുണ്ടോ, അഥവാ സുവിശേഷ വേലയുടെ ഉദ്ദേശം പോലും വഴിമാറിപോകുന്നതിൽ കുറ്റമുണ്ടോ??. അങ്ങനെ ഔദാര്യങ്ങളിൽ കേട്ടപ്പെട്ടുപോകുന്ന ശുശ്രുഷകർ ശേഷം ജഢിക മനുഷ്യരായി മാറുന്നു എന്നുപറയുന്നതിൽ ദുഃഖമുണ്ടോ????.

ഒരു സൈനികൻ (Soldier) എവിടെ പോയാലും അവന് ഒരു സ്ഥലവും സ്ഥിരമല്ല, സ്ഥിരമായാൽ അവന്റെ അർപ്പണവും, യഥാർത്ഥ ലക്ഷ്യവും ഉദ്ദേശവും മറന്ന് ആ ദേശത്തോട് ചങ്ങാത്തം കൂടി, ഇഴുകിചേർന്ന് അവിടെത്തെ സാഹചര്യത്തിൽ കെട്ടപെട്ടു പോകുന്നു അല്ലെങ്കിൽ ഈ ലോകത്തിന്നു അനുരൂപമായി മാറുന്നു എന്നതല്ലേ സത്യം. അവിടെ ഉണ്ടാകുന്ന അഭേദ്യമായ *ബന്ധങ്ങൾ* ഒരിക്കലും പറിച്ചുമാറ്റാൻ സാധിക്കാത്ത *ബന്ധനങ്ങൾ* ആയി മാറിയിട്ട്,  അവൻ യഥാർത്ഥത്തിൽ എന്തിനുവേണ്ടി വന്നു, ആർക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന പ്രതിജ്ഞ പോലും മറന്നുപോകുന്നു. അതുപോലെയാണ് ക്രിസ്തുവിന്റെ ഓരോ ഭടനും (ശ്രശ്രുഷകനും) പെട്ടുപോകുന്നതെന്ന എന്ന സത്യം എന്തുകൊണ്ട് ഓർമ്മ വെക്കുന്നില്ല.

രണ്ടോ മൂന്നോ വർഷത്തേക്കു മാത്രം ലഭിക്കുന്ന അധികാരകസേരയും, സ്ഥാനവും, ശുശ്രുഷയും  നല്ലവരുമാനവും, സാമ്പത്തിക നേട്ടങ്ങളും, രുചിയും മണവും, ഏറെ ഗുണവും മറ്റും ഉണ്ടെങ്കിൽ, കർത്താവിന്റെ വേല ഇനിയും ഇവിടെ തീർന്നിട്ടില്ല എന്നവ്യാജേന പല ആവർത്തി അഥവാ പല പതിറ്റാണ്ടുകൾ ഇരിക്കാൻ ശ്രമിക്കുന്നു എങ്കിൽ അത് ആത്മഭാരമോ, സുവിശേഷ വേലയോടുള്ള അമിതസ്നേഹമോ അല്ലായെന്നത് പകൽപോലെ വ്യക്തമല്ലേ..!!!!

അതു നേടിയെടുക്കാൻ സമൂഹത്തിലും സഭയിലും മാനുഷിക രീതിയിൽ കാണിക്കുന്ന തരികിട കുതന്ത്രങ്ങളും, അനീതിയും, അന്യായങ്ങളും ദൈവത്മാവിന്റെ പ്രവർത്തനമോ, അതൊ  ദൈവത്മാവ് പറഞ്ഞിട്ടോ, അതൊ സുവിശേഷ വേലയുടെ ഭാഗമോ??.  അപ്പോൾ അതു ഏതുതരം ആത്മാവ് ??…… ദൈവം പറഞ്ഞിട്ടാണെങ്കിൽ, ദൈവീക പദ്ധതി ആണെങ്കിൽ മാനുഷിക കുതന്ത്രത്തിന്റെ ആവശ്യം എന്തിന്?. പിന്നെയോ ദ്രവ്യാഗ്രഹം മൂത്തിട്ട് ദൈവഭക്തി ആദായസൂത്രം ആയി മാറുന്നു എന്ന പൗലോസിന്റ പ്രവചനം ഇവിടെ പൂർണമാകുന്നു എന്നു പറയാതെ വയ്യാ. (1 തിമൊ 6:5,10).

നമുക്ക് ചുറ്റും നിൽക്കുന്ന സകലതിനെയും വിട്ടിട്ട് നമ്മുടെ മുൻപിൽ നിൽക്കുന്ന യേശുവിനെ മാത്രം നോക്കി ഓടണം എന്നു എബ്രായലേഖനം പറഞ്ഞു തരുമ്പോൾ, എന്തുകൊണ്ട് ശകലം മാത്രം വിട്ടിട്ട് നമുക്കുചുറ്റും നിൽക്കുന്നതിൽ ആകർഷിതരായി, നോട്ടം തെറ്റി, ട്രാക്ക് മാറി വല്ലവന്റെയും ട്രാക്കിൽ കയറി, ഇതാണ് എന്റേതാണെന്നു അവകാശവാദം (Claim) പറഞ്ഞു ദൈവഭക്തി ദുരുപയോഗം ചെയ്യുന്നു. നമുക്ക് ചിന്തിക്കാം നമ്മുടെ ദൈവഭക്തി ഇപ്പോൾ എവിടെ നിൽക്കുന്നു, എന്തിനുവേണ്ടി ഉപയാഗിക്കപെടുന്നു…..

ഒരു മടങ്ങിവരവ് അത്യാവശ്യം എന്നു തിരിച്ചറിയുക..
!!!!!ഗ്രഹിപ്പൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ..!!!!!

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.