എഡിറ്റോറിയൽ : പ്രായമുള്ളവർ ഒരു ഭാരമല്ല… ഭാഗ്യമാണ് | ബിൻസൺ കെ. ബാബു

അഗതിമന്ദിരത്തിലെ ലൈറ്റുകൾ അണയുമ്പോൾ
“എന്റെ കുട്ടി ഉറങ്ങിക്കാണുമോ” എന്നോർത്തു നെടുവീർപ്പെടുന്നു നിന്റെ അച്ഛനും അമ്മയും.
ഇന്ന് ഞാൻ… നാളെ നീ എന്നാണ്…
വേദനിപ്പിക്കാതെ ചേർത്തു നിർത്തണം നമ്മുടെ വയോജങ്ങളെ.

ജിന സേതു വർമ്മ എഴുതിയ ഒരു കവിതയുടെ ഭാഗമാണ് തുടക്കത്തിൽ കുറിച്ചിറിക്കുന്നത്.

ഇന്ന് (ജൂൺ 15) ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം. നമ്മുടെ സമൂഹത്തിൽ പ്രായമായവർ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്. വയോജനങ്ങൾ നേരിടേണ്ടി വരുന്ന ദുരുപയോഗം തടയുന്നതിന് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോ‍ർ ദ പ്രിവെൻഷൻ ഓഫ് എൽഡെ‍ർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. ‌2006 മുതൽ എല്ലാ വർഷവും ജൂൺ 15നാണ് ഈ ദിനം ആചരിക്കുന്നത്. 2011ൽ ഐക്യരാഷ്ട്രസഭയും മുതിർന്നവ‍ർക്കെതിരെയുള്ള ചൂഷണം ഇല്ലാതാക്കുന്നതിനുള്ള ബോധവത്ക്കരണ ദിനമായി ഈ ദിവസം പ്രഖ്യാപിച്ചു.കോവിഡ് ലോകമെമ്പാടും വ്യാപിച്ചതോടെ പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പറയുന്നുണ്ട്. മുതിർന്നവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും മറ്റ് യുഎൻ അനുബന്ധ സംഘടനകളും അടിയന്തര കർമ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

നമ്മുടെ ചുറ്റുപാടുകളിൽ വർദ്ധ്യക്ക്യത്തിൽ എത്തിയവർ പല വിധ ദുരുപയോഗങ്ങൾക്ക് ഇരയാകുന്നുണ്ട് എന്ന് വിദഗ്ധ‍ർ അഭിപ്രായപ്പെടുന്നു. ഇത് ശാരീരികമോ വാക്കാലുള്ളതോ ലൈംഗികമോ സാമ്പത്തികമോ കുടുംബത്തിലെ ബന്ധുക്കളുടെ ഭാഗത്തു നിന്നുള്ള അവഗണനയോ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാറുണ്ട്.
ഇത് ഒരു ആഗോള സാമൂഹിക പ്രശ്നമാണ്, അത് പ്രായമായവരുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് പ്രായമായ വയോജനങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മനസിലാക്കാം.

പ്രായമുള്ളവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്‌. ഇന്ന് നാം നോക്കുമ്പോൾ അവരെ അവഗണിക്കുകയും, കരുതാതിരിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു അധികപ്പറ്റാണ് പ്രായമുള്ളവർ എന്ന് തോന്നുന്നവരും കുറവല്ല. ഒരു കാര്യം നാം വളരെ ശ്രദ്ധിക്കണം നമ്മൾ പ്രായമായ മാതാപിതാക്കളെ അവഗണിക്കുമ്പോൾ, കരുതാതെയിരിക്കുമ്പോൾ നമ്മുടെ തലമുറയും ഇത് കാണുന്നുണ്ടെന്ന് ഓർക്കേണ്ടത് ആവശ്യമാണ്. അവരും ഇത് കണ്ട് വളരുമ്പോൾ നാളെ നിങ്ങളെയും ഇതുപോലെ ചെയ്യുമ്പോൾ…. പലപ്പോഴും ഇങ്ങനെ കേട്ടിട്ടുണ്ട് എനിക്ക് ഇങ്ങനെ വരില്ല… എന്റെ മക്കൾ നോക്കിക്കോളും എന്നൊക്കെ.. ഓർക്കുക നാം എല്ലാവരും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടവരാണ്. നാളെ എന്താകുമെന്ന് നമ്മുക്ക് അറിയില്ല. അതുകൊണ്ട് നല്ല മാതൃകയുള്ള കരുതൽ കണ്ട് തലമുറകൾ വളരട്ടെ…ഒഴിവാക്കി കളയുമ്പോൾ ഓർത്തിരിക്കുക ആരും കാണാതെ തേങ്ങി കരയുന്ന ഒരു ക്ഷീണിച്ച ഹൃദയം ഉണ്ടെന്ന്….നിസ്സാരമായി കാണല്ലേ ആ സ്നേഹമുള്ളവരുടെ ജീവൻ..
ഓരോ പ്രായമുള്ളവരും ആഗ്രഹിക്കുന്നു… സ്നേഹത്തോടുള്ള ഇടപെടൽ… കരുതൽ…. വാത്സല്യം….

ബൈബിളിലെ ഒരു വേദ വാക്യം പറഞ്ഞു അവസാനിപ്പിക്കട്ടെ…വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും,” (സങ്കീർത്തനങ്ങൾ 92:15). അതെ അവർ അനുഗ്രഹമാണ്..നന്മയാണ്..

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.