ലേഖനം: ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല

ജോണ്‍ കെ. പോള്‍

“എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു”. 1 രാജാക്കന്മാർ 17:1.

ഹോവയുടെ പ്രവാചകനായ ഏലീയാവ്‌ പറഞ്ഞ ചരിത്രപ്രസിദ്ധമായ ഒരു പ്രസ്താവനായാണു മുകളിൽ പറഞ്ഞത്‌: ആ ആലോചന പറഞ്ഞു കഴിഞ്ഞപ്പോൾ ദൈവം ഏലിയാവിനോട്‌ പറഞ്ഞു; നീ ഇനി വിട്ടിലേയ്ക്ക്‌ പോകണ്ട, തോട്ടിലേയ്ക്ക്‌ പോയാൽ മതിയെന്ന്. കെരീത്ത്‌ തോട്ടിൽ ഒളിച്ചിരിക്കുവാൻ. ന്യായമായും എതെങ്കിലും വീട്ടിൽ ആണു ഏലിയാവ്‌ താമസിക്കുന്നതെങ്കിൽ ആരെങ്കിലും ആ വിവരം രാജാവിനെ അറിയിക്കുകയൊ അല്ലെങ്കിൽ എതെങ്കിലും വിധത്തിൽ അദേഹത്തെ കണ്ടുപിടിക്കുമൊ ചെയ്യുമായിരുന്നു. ഇതിവിടെ ഏലീയാവ്‌ തോട്ടിലേയ്ക്ക്‌ പോകുമെന്ന് ആർക്കും പ്രതിക്ഷയില്ലാരുന്നു. ഇവിടെ ഏലിയാവ്‌ ദൂത്‌ അറിയിച്ചത്‌ യിസ്രായേലിലെ ഒരു സാധാരണ പൗരനോടല്ല, മറിച്ച്‌ യിസ്രായേൽ രാജാവിനോട്‌ ആയിരുന്നു. ‘താൻ സേവിച്ചു നിൽക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ’ താൻ നേരിടുവാൻ പോകുന്ന എത്‌ പ്രതിസന്ധിയിൽ നിന്നും തന്നെ ‘വിടുവിപ്പാൻ ശക്തൻ’എന്ന് ഏലിയാവിനു അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. നോക്കുക, ദൈവത്തിന്റെ കരുതൽ എത്ര വലിയതാണു. നാം പ്രതിക്ഷിക്കാത്ത സാഹചര്യങ്ങളിലുടെ ദൈവം നമ്മെ നടത്തുന്നു. ഏലീയാവിനെ കെരീത്ത്‌ തോട്ടിലേയ്ക്ക്‌ അയക്കുന്നു. ആ തോട്ടിലെ വെള്ളം വറ്റിയപ്പോൾ ഏലീയാവിനു ദൈവം സാരെഫാത്ത്‌ ഒരുക്കി അങ്ങോട്ട്‌ അയക്കുന്നു. ഒരു അപ്പം ഉണ്ടാക്കി മാതാവും മകനും കൂടി ആത്മഹത്യ ചെയ്യുവാനിരിക്കയാണു. ആ പ്രതികൂലത്തിലും ദൈവം അത്ഭുതം ചെയ്യുന്നു. ഒരപ്പം ഉണ്ടാക്കുവാൻ മാത്രമുണ്ടായിരുന്ന അപ്പത്തെയും എണ്ണയെയും ദൈവം വർദ്ധിപ്പിക്കുന്നു. അവളുടെ കലത്തിലും തുരുത്തിയിലും മാവീന്റെയും എണ്ണയുടെയും ഒരു ഉറവ ദൈവം തുറന്നു. ആ ഉറവയെ ആത്മാവിൽ കണ്ട്‌ ഏലിയാവ്‌ അവളോട്‌ വിളിച്ചു പറഞ്ഞു: യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല. യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല. അങ്ങനെ ഏലിയാവിനും ആ സ്ത്രീയ്ക്കും കുടുംബത്തിനും അത്‌ അനുഗ്രഹമായിത്തിരുവാൻ ദൈവം ഇടയാക്കി. നി വിശ്വാസത്തോടെ പ്രാർത്ഥിപ്പാൻ തയ്യാറാണൊ? നിന്റെ ഭവനത്തിൽ ചില പുതിയ ഉറവകൾ തുറക്കുവാൻ ദൈവത്തിനു പദ്ധതിയുണ്ട്‌. ചിലദൈവിക വെളിപ്പാടുകളുടെ പുതിയ ഉറവ നിനക്കുവേണ്ടി തുറക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. മുൻപിലുള്ള പ്രതികൂലങ്ങളെ നോക്കി യേശുവിന്റെ നാമത്തിൽ കൽപ്പിക്ക്‌: ദൈവം വിടുവിപ്പാൻ മതിയായവൻ. പ്രതിസന്ധിയിലായിരിക്കുന്ന ആർക്കെങ്കിലും ഈ വരികൾ സ്വാന്തനമേകുന്നുവെങ്കിൽ ഞാൻ ധന്യനായ്‌…

പ്രിയമുള്ളവരെ നിങ്ങൾ രോഗത്താൽ ഭാരപ്പെടുന്നുവോ? പ്രതിസന്ധികളിലുടെ കടന്നുപോകുന്നുവോ? നാം സേവിക്കുന്ന ദൈവം നമ്മെ വിടുവിപ്പാൻ ശക്തൻ. ലോകത്തിൽ നിങ്ങൾക്ക്‌ കഷ്ടങ്ങൾ ഉണ്ടു എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് അരുളിചെയ്ത യേശുവിൽ നമുക്കാശ്രയിക്കാം.

യിസ്രായേൽ രാജാവായ ആഹാബിനെ പറ്റി 1 രാജാക്കന്മാർ 16:31 ൽ പറയുന്നത്‌: നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു എന്നാണു. ആഹാബിന്റെ ഭാര്യ സീദോന്യ രാജാവായ എത്ത്‌-ബാലിന്റെ മകളായ ഈസേബെൽ ആയിരുന്നു. ഈസേബെലിന്റെ നാട്ടിൽ മഞ്ഞിനും മഴയ്ക്കും ഒക്കെ പ്രത്യേകം ദൈവങ്ങളുണ്ടായിരുന്നു. ഈസേബെൽ ആഹാബിന്റെ ഭാര്യയായി യിസ്രായേലിൽ വന്നിട്ട്‌ സത്യദൈവമായ യഹോവയെ ഭജിക്കാതെ തന്റെ നാട്ടിലെ പോലെ മഞ്ഞും മഴയും പെയ്യുവാൻ ഈ വിഗ്രഹങ്ങളെ യിസ്രായേലിലും സ്ഥാപിക്കുകയും ജനത്തെ കൊടിയ വിഗ്രഹാരാധനയിലേക്ക്‌ നയിക്കുവാൻ തന്റെ ഭർത്താവിനെ ഉത്സാഹിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ യിസ്രായേൽ ജനത്തോട്‌ മഞ്ഞും മഴയും പെയ്യുവാൻ ഈ വിഗ്രഹങ്ങളോട്‌ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. പ്രസ്തുത പശ്ചാത്തലത്തിലാണു ദൈവത്തിന്റെ പ്രവാചകനായ ഏലിയാവ്‌ ചങ്കുറ്റത്തോട്‌ ആഹാബിനോട്‌ പറയുന്നത്‌; ഞാൻ പറഞ്ഞിട്ടല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകുകയില്ല എന്ന്.

ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
യാക്കോബ്‌ 5:17. ആകാശത്തെ മഴ പെയ്യാതെ മുന്നുവർഷവും ആറുമാസവും അടെക്കുവാൻ തക്കവണ്ണം ഏലിയാവ്‌ പ്രാർത്ഥനയിൽ പോരാടി. പോരാടി പ്രാർത്ഥിക്കുന്നു. നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡീകങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളതായിരിക്കണം. കാരണം പ്രസംഗിക്കുന്നവരെ ലോകം അറിയുമെങ്കിലും പ്രാർത്ഥിക്കുന്നവനെ ദൈവം അറിയുന്നു. ഏലീയാവിനെ ദൈവം നന്നായി അറിഞ്ഞിരുന്നു. ആ വസ്തുത ഏലിയാവിനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. ആ ധൈര്യമാണു രാജാവിന്റെ മുഖത്ത്‌ നോക്കി ദൂത്‌ പറയുവാൻ തന്നെ പ്രേരിപ്പിച്ചത്‌.
രാജാവായത്കൊണ്ട്‌ ഏലീയാവിന്റെ മുട്ടിടിച്ചില്ല, അവന്റെ മുഖത്ത്‌ നോക്കി ദൈവത്തിന്റെ ആരുളപ്പാട്‌ വിളിച്ചു പറയുകയാണു. പ്രിയ ദൈവപൈതലെ; നിന്റെ മുൻപിലുള്ള ആ പ്രതികുലത്തെ നോക്കി വിളിച്ചുപറ, ഞാൻ സേവിക്കുന്ന ദൈവം ഈ പ്രതികൂലത്തിൽ എന്നെ വിടുവിക്കുമെന്ന്.

ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്ന്. നാം സേവിക്കുന്ന ദൈവം ജീവിക്കുന്നു. കുടുതൽ കാലം ഏലിയാവ്‌ ഒളിച്ചു പാർക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ഏലീയാവെ, നി പോയി യിസ്രായേൽ രാജാവായ ആഹാബിനെ കാണുക; ദൂതറിയിക്കുക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിക്കുവാൻ പോകുന്നു. ആഹാബാണെങ്കിൽ ഏലിയാവിനെ അന്യേക്ഷിക്കാത്ത ജാതിയും രാജ്യവും ഇല്ല. മാത്രവുമല്ല ഞങ്ങൾ അവനെ കണ്ടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അതുറപ്പുവരുത്തുവാൻ അവരെകൊണ്ടു ആഹാബ്‌ സത്യവും ചെയ്യിച്ചിരുന്നു. അങ്ങനെയിരിക്കെ ഏലിയാവ്‌ ആഹാബിനെ ചെന്ന് കാണണമെന്നുണ്ടെങ്കിൽ അദേഹത്തിന്റെ ചങ്കുറ്റം വളരെയാണു. യഹോവയിലുള്ള തന്റെ ആശ്രയം നിമിത്തമാണു ആ ധൈര്യം കൈവന്നത്‌. യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
ആ ധൈര്യത്തിന്റെ പിൻബലത്തിലാണു പറയുന്നത്‌: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും. ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ തന്റെ അടുക്കൽ കൂട്ടിവരുത്തുവാൻ ആഹാബിനോട്‌ പറയുന്നു. മഞ്ഞിന്റെയും മഴയുടെയും ദൈവങ്ങളും അനേകം വിഗ്രഹങ്ങളും
എതാണ്ടു 850 ഓളം കള്ളപ്രവാചന്മാരും ഉള്ള അവസ്ഥയിൽ സത്യദൈവം ആരെന്നും ആ ദൈവത്തിന്റെ പ്രവാചകൻ ആരെന്നും ഏലിയാവ്‌ വെളിപെടുത്തുവാൻ തയ്യാറാകുന്നു. അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. ദൈവം തന്റെ പ്രാർത്ഥനയ്ക്ക്‌ ഉത്തരമരുളുമെന്ന് ഏലിയാവിനു ഉറപ്പായിരുന്നു. അല്ലാതെ ചുമ്മാ ‘ഞാൻ സേവിക്കുന്ന ദൈവം’ എന്ന് പറയാൻ കഴിയത്തില്ല.

 കർമ്മേലിൽ ദൈവം ഏലിയാവിനു തീ കൊണ്ടു ഉത്തരമരുളി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. തുടർന്ന് മഴ വരുന്നു എന്ന് ആഹാബിനെ അറിയിക്കുകയും പെട്ടെന്ന് ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തപ്പോൾ രഥം കയറി യിസ്രായേലിലേക്കു പോയ ആഹാബിന്റെ മുൻപിൽ ലജ്ജിപ്പിക്കാതെ അവന്റെ മുൻപിൽ ഓടുവാൻ ദൈവത്തിന്റെ ആത്മാവ്‌ ഏലിയാവിനെ സഹായിച്ചു. അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി. ലജ്ജിക്കാതെ നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ ദൈവമായ കർത്താവ് സഹായിക്കട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like