ചരിത്രവിധി: രാജ്യദ്രോഹനിയമം മരവിപ്പിച്ചു

KE News Desk | New Delhi

ന്യൂഡൽഹി: രാജ്യദ്രോഹനിയമം മരവിപ്പിച്ച്‌ സുപ്രീംകോടതി. 160 വര്‍ഷമായി ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 A വകുപ്പ് ഒറ്റ ഉത്തരവിലൂടെ കോടതി മരവിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 A പ്രകാരം രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തി വയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യദ്രോഹനിയമം പുനപരിശോധിക്കാമെന്ന് കോടതിയില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അതുവരെ കേസുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസെടുക്കുന്നത് നിര്‍ത്തിവയ്ക്കാനാവില്ല എന്നാണ് കേന്ദ്രം രാവിലെ കോടതിയെ അറിയിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തീരുമാനിക്കുന്ന തരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രം പറഞ്ഞു. അരമണിക്കൂറോളം ജഡ്ജിമാര്‍ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബഞ്ച് നല്‍കിയത്.

ഒന്ന് കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കണം, രണ്ട് നിലവിലെ കേസുകളിലെ നടപടികള്‍ എല്ലാം മരവിപ്പിക്കണം, മൂന്ന് ജയിലുകളില്‍ കഴിയുന്നവര്‍ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി കോടതികളെ സമീപിക്കണം, നാല് പൊലീസ് കേസ് രജിസറ്റര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ റദ്ദാക്കാന്‍ പൗരന്‍മാര്‍ക്ക് കോടതിയില്‍ പോകാം, 124 A ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കി ഇതേ സമയം കേന്ദ്രസര്‍ക്കാരിന് കോടതിയില്‍ നല്‍കാമെന്നും ഉത്തരവിലുണ്ട്. രാജ്യദ്രോഹനിയമം റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും എഡിറ്റേഴ്സ് ഗില്‍ഡ് പോലുള്ള സംഘടനകളുമാണ് സുപ്രീംകോടതിയില്‍ എത്തിയത്. നിയമം മരവിപ്പിക്കാനാവില്ല എന്ന നിലപാട് ഇന്ന് സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.