യുദ്ധത്തില്‍ ഒരാള്‍ക്കും അന്തിമ വിജയമുണ്ടാവില്ല: യൂറോപ്യൻ മണ്ണിൽ നിലപാടുമായി പ്രധാനമന്ത്രി

KE NEWS DESK

ബെര്‍ലിന്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസം ആരംഭിച്ച യൂറോപ്യന്‍ പര്യടനത്തില്‍ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയത് റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് എന്താവും എന്നായിരുന്നു.
യുദ്ധം തുടങ്ങിയത് മുതല്‍ സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന ഇന്ത്യ, പക്ഷേ പാശ്ചാത്യ ശക്തികളുടെ വഴിയേ റഷ്യയ്ക്ക് നേരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിന് പുറമേ റഷ്യയില്‍ നിന്നും കൂടിയ അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയും ആരംഭിച്ചിരുന്നു. യു എന്നിലും റഷ്യയ്‌ക്കെതിരെയുള്ള പ്രമേയങ്ങളില്‍ നിന്നെല്ലാം ഇന്ത്യ വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യ റഷ്യയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പ്രതിച്ഛായയാണ് ലോകത്തിന് നല്‍കിയത്. എന്നാല്‍ ഈ മുന്‍ധാരണകളെ എല്ലാം മായ്ക്കുന്ന പ്രസ്താവനയാണ് യൂറോപ്പിന്റെ മണ്ണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയത്.

റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തില്‍ ഒരാള്‍ക്കും അന്തിമ വിജയമുണ്ടാവില്ലെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ധീരമായി പ്രസ്താവിച്ചത്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി യുദ്ധത്തെക്കുറിച്ച്‌ സംസാരിച്ചത്. യുദ്ധം ഏവര്‍ക്കും നഷ്ടമുണ്ടാക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,അതിനാല്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. യുദ്ധം നിമിത്തം ലോകത്തിനുണ്ടായ കഷ്ടപ്പാടുകളെ കുറിച്ചും അദ്ദേഹം അക്കമിട്ട് പറഞ്ഞു. യുക്രെയിന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയരുകയാണെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ക്കും വളങ്ങള്‍ക്കും ക്ഷാമമുണ്ടെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും യുദ്ധം വരുത്തുന്ന ആഘാതം പ്രത്യേകിച്ചും ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസമായി തുടരുന്ന യുദ്ധം നിമിത്തമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. റഷ്യയുടെ ആക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ വെടിനിര്‍ത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സംഭാഷണത്തിലൂടെ മാത്രമേ തര്‍ക്കം പരിഹരിക്കാന്‍ കഴിയുകയുള്ളു. അതേസമയം യുക്രെയിനെ ആക്രമിച്ചതിലൂടെ റഷ്യ യുഎന്‍ ചാര്‍ട്ടര്‍ ലംഘിച്ചുവെന്ന് ചാന്‍സലര്‍ ഷോള്‍സ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് മോദി ജര്‍മ്മനിയിലെത്തിയത്. ആദ്യ ദിനം ജര്‍മ്മനിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം ഡെന്മാര്‍ക്കിലും ഫ്രാന്‍സിലും സന്ദര്‍ശനം നടത്തിയ ശേഷമേ തിരികെ എത്തു. ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെയും ക്ഷണിച്ചിട്ടുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading