ലേഖനം: വെല്ലുവിളിക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ | ഷീലാദാസ്, കീഴൂര്‍

സ്വന്ത കഴിവുകള്‍ കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയ അനേകരുടെ നടുവില്‍, ഇരു കൈകളും ഇല്ലാതെ പിറന്നു വീണ ജെസ്സിക കോക്സ് എന്ന പെണ്‍കുട്ടി ചരിത്രം സൃഷ്ടിച്ചു. 1983-ല്‍ ജനിച്ച ആ കുഞ്ഞിനെ കണ്ടപ്പോള്‍ മാതാവ് അത്ഭുതപ്പെട്ടെങ്കിലും ആ വൈകല്യത്തെ വകവെക്കാതെ വളര്‍ന്നു വരാന്‍ അമ്മ അവള്‍ക്ക് ധൈര്യം നല്‍കി. അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു, നിനക്ക് കൈകളാണ് ഇല്ലാത്തത്. പക്ഷേ കൈ കൊണ്ടു ചെയ്യേണ്ട എല്ലാ കാര്യങ്ങളും കാലുകള്‍ കൊണ്ട് ചെയ്യാന്‍ നിനക്കു കഴിയും. കൂടെക്കൂടെയുള്ള ഈ വാക്കുകള്‍ അവളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അവളുടെ സഹപാഠികള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍, തനിക്ക് നൃത്തം ചെയ്യാന്‍ കഴിയാതെ കോണില്‍ മാറി നിന്നു വിഷമിക്കുമ്പോള്‍, ഗ്രൗണ്ടിന്‍റെ മുകളിലൂടെ പറന്നുപോകുന്ന വിമാനം കണ്ടപ്പോള്‍ അവള്‍ ഹൃദയത്തില്‍ തീരുമാനിച്ചു, ഞാന്‍ ഇതുപോലെ വിമാനം പറത്തും. എന്‍റെ കൂട്ടുകാര്‍ ചെയ്യുന്നത് ഒക്കെയും ഞാനും ചെയ്യും. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും അവര്‍ ആ ലക്ഷ്യത്തിലെത്തി. അനേകം വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ആഗ്രഹിച്ചതു പോലെ ഒറ്റയ്ക്കു സ്വന്തം കാലുകള്‍ ഉപയോഗിച്ച് വിമാനം പറത്തി. ഇന്ന് ഒരു പ്രചോദനാത്മ പ്രാസംഗകയായി, സൈക്കോളജിസ്റ്റായി ലോകമെമ്പാടും അവര്‍ അറിയപ്പെടുന്നു. എല്ലാ സൃഷ്ടികളുടെയും പിന്നില്‍ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട് എന്ന് അവര്‍ സ്വന്ത ജീവിതത്തിലൂടെ തെളിയിച്ചു.
മാര്‍ച്ച് 8 വനിതാദിനമായി ലോകം ആചരിക്കുമ്പോള്‍ കഴിവുകള്‍ ഉണ്ടായിട്ടും അംഗീകരിക്കപ്പെടാതെ അടിച്ചു താഴ്ത്തപ്പെട്ട സ്ത്രീ സമൂഹത്തെ സ്മരിക്കുന്നു. അര്‍ഹമായ പ്രോത്സാഹനങ്ങള്‍ ലഭിച്ചില്ലെന്ന ചിന്തയുമായി അകത്ത് ഒതുങ്ങിക്കഴിയുന്ന അനേകം വലിയ കാര്യങ്ങള്‍ക്കായി ഹൃദയത്തില്‍ ദര്‍ശനമുണ്ടായിട്ടും പുറത്തേക്ക് വരാന്‍ സാധിക്കാതെ ഇരിക്കുന്ന സ്ത്രീ സമൂഹത്തോട് എനിക്ക് പറയാനുള്ളത് ദൈവം നിങ്ങളെ ഏല്പിച്ചത്, ചില സാഹചര്യങ്ങളില്‍ (നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ പോലും) ആക്കിവച്ചത്, നിങ്ങള്‍ ഒരു വെല്ലുവിളി ആകാനാണ്. “Choose to challenge and rom that challenge comes to change”
സമൂഹത്തില്‍ ഒരു വലിയ മാറ്റത്തിനായി നിങ്ങള്‍ ഒരു വെല്ലുവിളി ആകണം. അതിന് നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. നിങ്ങള്‍ക്ക് പകരം മറ്റൊരാളില്ല. നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാള്‍ വന്നാല്‍ ശരിയാവില്ല.
ജീവിതത്തിന്‍റെ കഠിനമായ സാഹചര്യങ്ങള്‍ കാണുമ്പോള്‍ ഉള്‍വലിയുന്ന ഒച്ചുകളെ പോലെ നാം ആകരുത്. സാധാരണ പക്ഷികള്‍ക്കിടയില്‍ കഴുകനെ വ്യത്യസ്തമായി ലോകം കാണാനുള്ള കാരണം, അതിന്‍റെ ഉയരങ്ങളിലേക്ക് പറക്കുവാനുള്ള ആഗ്രഹം ആയിരിക്കുന്നതുപോലെ സാധാരണക്കാരുടെ ഇടയില്‍ ആയിരിക്കുമ്പോഴും ഉയര്‍ന്ന ചിന്താഗതിയോടെ, ദര്‍ശനത്തോടെ മുന്നേറുവാനുള്ള ആഗ്രഹം ഉണ്ടാകണം. ഇന്നു കാണുന്ന സാഹചര്യം നിങ്ങളുടെ ലക്ഷ്യസ്ഥാനം അല്ല എന്ന് തിരിച്ചറിയുക.

വേദപുസ്തക ചരിത്രത്തില്‍ സാഹചര്യങ്ങളെ നോക്കാതെ, ഒതുങ്ങിയിരിക്കാതെ പ്രവര്‍ത്തിച്ച ബുദ്ധിമതിയായ സ്ത്രീയായിരുന്നു അബീഗയില്‍. അവള്‍ക്ക് വേണമെങ്കില്‍ ഭര്‍ത്താവിന്‍റെ അഭിപ്രായത്തിന് എതിരു പറയാതെ ഒതുങ്ങാമായിരുന്നു. അവര്‍ തന്‍റെ ഭാവിയില്‍ ലഭിക്കുവാനുള്ള പദവി ഒന്നും അപ്പോള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍ അവളുടെ അകത്ത് ആ സാഹചര്യത്തില്‍ ഒതുങ്ങിപ്പോകാതിരിക്കാനുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു. ആരെയും അംഗീകരിക്കാത്ത, ദുഷ്ടനായ ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് നശിപ്പിക്കുവാനുള്ളതല്ല തന്‍റെ ജീവിതം എന്ന തിരിച്ചറിവ് തന്നെ പിന്നീട് കൊട്ടാരത്തില്‍ എത്തിച്ചു. അബീഗയില്‍ ഈ വനിതാദിനത്തില്‍ നമ്മോട് പറയുന്നത്, നിങ്ങളുടെ സാഹചര്യങ്ങളെ നിങ്ങള്‍ വലുതായി കാണാതെ അതിനപ്പുറമുള്ള നിങ്ങളുടെ ദര്‍ശനത്തെ വലുതായി കാണുക. ആ ദര്‍ശനത്തിലേക്ക് നിങ്ങളെ എത്തിക്കുവാന്‍, ദൈവം അനുവദിച്ചിരിക്കുന്ന കഠിനമായ പരിശോധനകളെ, അതിജീവിക്കാന്‍ ദൈവത്തില്‍ നിന്നും കൃപ പ്രാപിക്കുക.
പ്രിയ സഹോദരിമാരേ, യേശുക്രിസ്തു തന്‍റെ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥിതികളെ ധീരമായി നേരിട്ട ദൈവപുത്രനാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വിലയില്ലാതിരുന്ന ആ കാലഘട്ടത്തിലും ഒരു സ്ത്രീയെപ്പോലും തരംതാഴ്ത്തി സംസാരിക്കുകയോ, വില കുറച്ചു കാണുകയോ ചെയ്തില്ല. സമൂഹം അവരിലുള്ള ന്യൂനവശങ്ങളെ കണ്ടുപിടിക്കയും ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കയും ചെയ്തപ്പോള്‍ അവരിലുള്ള നന്മകളെ പുകഴ്ത്തി, അവരെ പ്രശംസിച്ചു കൂടെ കൊണ്ടുനടന്നു. അതുമൂലം കര്‍ത്താവ്, ആ കാലഘട്ടത്തില്‍ ഒരു വെല്ലുവിളിയായി ഒരു മാറ്റമുണ്ടാക്കി.
ഇന്നും ക്രിസ്തുവിനെ പിന്തുടരുന്ന ധീരവനിതകളായ നമുക്കും സമൂഹത്തിന്‍റെ മാറ്റത്തിനായി വെല്ലുവിളിക്കാന്‍ തയ്യാറാകാം. അതിനായി ദൈവം നമ്മെ ആക്കി വച്ചിരിക്കുന്നു. നാം ഉള്‍പ്പെട്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സമൂല പരിവര്‍ത്തനം ആവശ്യമുണ്ടെന്ന് കണ്ടിട്ട് നമ്മെ അവിടേക്ക് തിരഞ്ഞെടുത്ത് അയച്ചിരിക്കുന്ന ദൈവത്തിന്‍റെ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുക. ക്രിസ്തുവിന്‍റെ നിയോഗം ഏറ്റെടുത്ത് പ്രതിനിധികളായി ക്രിസ്തുവിനു വേണ്ടി നിലനില്ക്കാം. ഭയപ്പെടുത്തുന്ന അപവാദങ്ങളെ, ഭീഷണികളെ അവഗണിക്കുക. ആരും കൂടെ ഇല്ലെങ്കിലും യഹൂദാ ഗോത്രത്തിലെ സിംഹം നമ്മോടുകൂടെ ഉണ്ട്. അലറുന്ന സിംഹത്തിന്‍റെ ശബ്ദത്തില്‍ പരിഭ്രമിക്കരുത്. ജയം നമുക്കുള്ളതാണ്. ആ ദര്‍ശനം ഹൃദയത്തില്‍ നിന്നും മാറിപ്പോകരുത്. കരുത്തോടെ, ഫറവോന്‍റെ രഥത്തിന് കെട്ടുന്ന പെണ്‍കുതിരകളെപ്പോലെ, ദൈവം ഏല്പിച്ച നിയോഗം പൂര്‍ത്തിയാക്കുന്നതു വരെ മുന്നേറാം. ഈ വനിതാദിനത്തില്‍ ദൈവത്തില്‍ നിന്നും അഭിഷേകം ഏറ്റെടുത്ത വനിതാരത്നങ്ങള്‍ കരുത്തോടെ പുറത്തു വരുവാന്‍ ആശംസിക്കുന്നു.

ഷീലദാസ്, കീഴൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.