ലേഖനം: മുഖപക്ഷമില്ലാത്ത ദൈവം | ജെ. പി. വെണ്ണിക്കുളം

എല്ലാവരും എല്ലായിടത്തും കർത്താവിനെ അറിയുക എന്നത് ദൈവീക പദ്ധതിയാണ്. അതിൽ ജാതി വർഗ്ഗ വർണ്ണ വ്യത്യാസമില്ല. യഹൂദനെന്നോ യവനനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും സുവിശേഷം എത്തിക്കുവാൻ ദൈവം തന്റെ ദാസന്മാരെ വിവിധ സമയങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗലോസ് യഹൂദന്മാർമാർക്ക് വേണ്ടി മാത്രം നിലകൊണ്ടില്ല. തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതി മനസിലാക്കി റോമിലും സാക്ഷിയാകുവാൻ ആഗ്രഹിച്ചു. റോമിലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു ലേഖനം എഴുതുമ്പോൾ താൻ പ്രത്യേകം പറയുന്നുണ്ട്, ദൈവം യഹൂദന്റെ മാത്രമല്ല ജാതിയുടെ കൂടി ആണെന്ന്. യഹൂദന്റെ മുൻവിധിയും സ്വയനീതിയും പാപവും അവരെ മതാന്ധത ഉള്ളവരാക്കി. ഇത് ദൈവത്തോടുള്ള ബന്ധം നഷ്ടമാകാനും കപടഭക്തിക്കാരായി മാറാനും കാരണമായി. പാപകരമായ പെരുമാറ്റത്തിലൂടെ ദൈവത്തോട് അവർ അനാദരവ് കാണിച്ചു. ഈ സ്വഭാവത്തെ തുറന്നു കാണിച്ചു ദൈവനീതി പ്രയോഗികമാക്കുന്നതിന്റെ ആവശ്യകത പൗലോസ് റോമാ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ദൈവനീതി യേശുക്രിസ്തുവിലുള്ള വിശ്വാസത്താലും ക്രിസ്തുവിങ്കലെ വീണ്ടെടുപ്പിന്നാലും ലഭിക്കുന്നു.

അവനിൽ വിശ്വസിക്കുന്നവർക്ക് തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ പിതാവ് സ്വപുത്രനെ നമുക്ക് നൽകി. ഈ ദൗത്യത്തിലൂടെ ന്യായപ്രമാണത്തെ ദുർബലമാക്കുകയല്ല മറിച്ചു അതിനെ ഉറപ്പിക്കുകയാണ് ചെയ്തത്. പക്ഷാഭേദം കാണിക്കാതെ ഇത് യഹൂദനും യവനനും ഒരുപോലെ സ്വീകരിക്കണമെന്നാണ് പൗലോസ് വ്യക്തമാക്കുന്നത്. ഇന്നും വിവിധ ഭാഷ സംസ്കാരാദികളിൽ ജീവിക്കുന്ന മനുഷ്യർ കർത്താവിനെ അറിയേണ്ടതുണ്ട്. എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. തിരു ഇഷ്ടം നിറവേറ്റുന്ന ദൗത്യവാഹകരായി നമുക്കും മാറാം. മനുഷ്യ നീതിയെ കവിയുന്ന ദൈവീക നീതി പ്രയോഗികമാക്കി ക്രിസ്തുവിൽ ജ്യോതിസുകളെപ്പോലെ നമുക്കും പ്രകാശിക്കാം.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.