ലേഖനം: മാനസാന്തരം | ബിന്ദു സാജന്‍, ന്യൂ ഡല്‍ഹി

നഹൂം 7:9 ‘അവൻ നമ്മോടു കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ ചവിട്ടികളയും, അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും’.
ലോകത്തിന്റെ കാലഗതികളെ കീഴ്മേൽ മറിച്ചുകൊണ്ടും നമ്മുടെ പ്രാണപ്രിയനായ യേശു രക്ഷിതാവിന്റെ വീണ്ടും വരവ് വേഗം എന്നുള്ള തിരുവചന സത്യങ്ങൾ യാഥാർത്ഥ്യമാക്കി കൊണ്ട് കോവിഡ് വൈറസ് അതിന്റെ വ്യാപനം തുടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് വളരെ ഉറപ്പും ആശ്വാസവും പ്രത്യാശയും ഏകുന്ന ഒരു തിരുവചന ഭാഗമാണിത്. അവൻ നമ്മോടു കരുണ കാണിക്കും, എപ്പോൾ കരുണ കാണിക്കും എന്നുള്ള വസ്തുതകൾ നാം വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്. നമ്മുടെ ദൈവം ആരാണെന്ന് ഈ ദിവസങ്ങളിൽ വളരെ ഗൗരവത്തോടുകൂടി ധ്യാനിക്കേണ്ടതാണ്. (വെളി. 1:8, 13 – 18) നമ്മുടെ ദൈവം ഉന്നതനും ഉയർന്നിരിക്കുന്നവനും, ശാശ്വതവാസിയും, പരിശുദ്ധനെന്ന നാമമുള്ളവനും, സൗഖ്യദാതാവും, സർവ്വശക്തനും, ആലോചനയിൽ വലിയവനും, പ്രവർത്തിയിൽ ശക്തിമാനും, ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനും ആണ്.

സങ്കീ. 139:14 ൽ ഇപ്രകാരം പറയുന്നു ‘ഭയങ്കരവും അതിശയകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.’ നമ്മൾക്ക് എത്ര പേർക്ക് ഹൃദയത്തോട് ചേർന്ന് ആത്മാർത്ഥമായി ഈ വചനം പറയുവാൻ സാധിക്കും. അതേ കർത്താവേ അങ്ങ് എന്നെ ഭയങ്കരവും അതിശയകരവുമായി ഈ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നു. ഒരു മനുഷ്യ ശരീരത്തിന്റെ അനാട്ടമി പഠിക്കുന്ന ഒരു വ്യക്തിക്ക് നമ്മുടെ ദൈവത്തിന്റെ കരവിരുത് എന്തെന്ന് മനസ്സിലാക്കാൻ സാധിക്കും.

അതിമനോഹരമായി ദൈവ സാദൃശ്യത്തിൽ നമ്മെ സൃഷ്ടിച്ച് തേജസ്സും ബഹുമാനവും നമ്മെ അണിയിച്ചു. എന്നാൽ നാം ഇന്ന് എവിടെ നിൽക്കുന്നു? നമ്മൾ എന്താണ് ദൈവത്തിന് പകരം നൽകിക്കൊണ്ടിരിക്കുന്നത്? ഒരു നിമിഷം നമ്മിലേക്ക് തന്നെ ഒരു പഠനം നടത്തി നോക്കിയേ? നാം വിശ്വാസികൾ ആരാണ്?
നമ്മുടെ സൃഷ്ടാവിനെ മറന്ന് സൃഷ്ടാവ് നൽകിയ അനുഗ്രഹങ്ങളിലും നന്മകളിലും പുകഴ്ന്ന്, അഹങ്കരിച്ച്, ഞാനെന്ന ഭാവവുമായി, ആരോടും കരുണയില്ലാതെ ദയ കാണിക്കാൻ താൽപര്യമില്ലാതെ, പാപത്തിലും പാപ സ്വഭാവങ്ങളിലും അടിമപ്പെട്ട്, നിത്യജീവനെപറ്റിയോ, ശിക്ഷാ വിധിയെ പറ്റിയോ, ചിന്തയില്ലാതെ സമാധാനം ഇഷ്ടപ്പെടാതെ, പകയുടെയുടെയും കയിപ്പിന്റെയും നിറകുടമായി, തിരുവചനത്തെ തനിക്ക് ബോധിച്ച രീതിയിൽ വളച്ചൊടിച്ച് സ്വന്തം തീരുമാനങ്ങളിൽ സുഖിച്ചു തിമിർക്കുന്ന ജനം.

അങ്ങനെ പാപം പെരുകിയ ഈ ലോകത്തെ രക്ഷിപ്പാൻ തന്റെ പുത്രനെ തന്നെ ബലിയിടാക്കിയ ഒരു പിതാവിന്റെ സ്നേഹത്തെ താരതമ്യം ചെയ്യുവാൻ യോഗ്യമായ ഒരു സ്നേഹത്തെ ഈ ലോകത്ത് കണ്ടെത്താൻ കഴിയുമോ? ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിൽ ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമ. 8:3) ഇത്രയും മഹത്വകരമായ ഒരു സ്നേഹം തന്നു എന്നെയും നിങ്ങളെയും ദൈവം വീണ്ടെടുത്തു. എന്നാൽ ഈ അനശ്വരമായ സ്നേഹത്തിനു മുൻപിൽ തങ്ങളെ തന്നെ താഴ്ത്തി പാപത്തെ വിട്ടകന്ന് ക്രിസ്തു യേശുവിന്റെ സ്വഭാവവും, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ജീവിതത്തിൽ ആഭരണമായി കാണാതെ അതിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു ഒരു തലമുറയാണിന്നുള്ളത്. സകല നടപ്പിലും, വാക്കിലും, സ്നേഹത്തിലും, വിശ്വാസത്തിലും, നിർമലതയിലും വിശ്വാസിക്ക് മാതൃക ആയിരിക്കേണ്ടവർ (1. തിമോ. 4:12) അല്ലേ നാം?

ജീവിതത്തെ അശുദ്ധിയിൽ നിന്നും വിശുദ്ധിയിൽ സൂക്ഷിക്കേണ്ടവർ, വസ്ത്രധാരണതിൽ വിശുദ്ധി പാലിക്കേണ്ടവർ, നല്ല മനസാക്ഷിയിൽ നടക്കേണ്ടവർ, ദൈവം ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയെ വിശുദ്ധിയിൽ സൂക്ഷിക്കേണ്ടവർ, തങ്ങളുടെ നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കേണ്ടവർ, ദൈവം വിശ്വസ്തതയോടെ ഏൽപ്പിച്ച കൃപകളെയും കൃപാവരങ്ങളെയും ദൈവനാമ മഹത്വത്തിനും, ബന്ധനങ്ങളിലും, പാപങ്ങളിലും, പൈശാചിക പോരുകളിലും കെട്ടപ്പെട്ടു കിടക്കുന്ന ജനതയെ പ്രാർത്ഥിച്ചു വിടുവിക്കേണ്ടതിനു പകരം സ്വന്തം പേരിനും, പ്രശസ്തിക്കും, സ്വന്ത ലാഭേഛക്കായി വ്യാപാര ചെയ്യുന്നവർ, തന്നെത്താൻ മഹത്വം എടുക്കാതെ ദൈവനാമത്തിനെ മഹത്വം കൊടുക്കേണ്ടവർ, യേശു ക്രിസ്തുവെന്ന ഏക രക്ഷിതാവിനോടുള്ള നമ്മുടെ മനോഭാവം വിശുദ്ധമാക്കി സൂക്ഷിക്കേണ്ടവർ, തൻറെ കൂട്ടുസഹോദരനെ സ്വന്തം സഹോദരനെ പോലെ സ്നേഹിക്കേണ്ടവർ. ഇതെല്ലാം കാറ്റിൽ പറത്തി, വാക്കുകളിൽ മാത്രം ഒതുക്കി വിശുദ്ധിയുടെ കുപ്പായമണിഞ്ഞ് പ്രവർത്തി ശൂന്യമായ വിശ്വാസത്തിൽ ജീവിക്കുന്ന ഒരു തലമുറയല്ലേ ഇന്ന് നമ്മുടെ മുൻപിൽ ഉള്ളത്. ഒരു വ്യക്തിയിലും വിശുദ്ധിയില്ല, നിർമലതയില്ല, കരുണയില്ല, ആരാധനയില്ലാത്ത, ദൈവവചനം ധ്യാനിക്കാത്ത എന്തിനേറെ പ്രാർത്ഥനയില്ലാത്ത ഒരു സമൂഹം. സാഹചര്യങ്ങൾക്കനുസരിച്ച് വചനത്തെ പരിഷ്കരിച്ച് സമാധാനത്തെ ഇഷ്ടപ്പെടാത്ത ഒരു വിശ്വാസ സമൂഹം.

താൻ നേരോടെ സൃഷ്ടിച് തൻറെ അവസാന തുള്ളി രക്തവും ചൊരിഞ്ഞ് വീണ്ടെടുത്ത നമ്മുടെ ഈ അവസ്ഥ കാണുമ്പോൾ നമ്മുടെ കർത്താവ് കരയുകയായിരിക്കില്ലേ? പരിശുദ്ധാത്മാവ് എത്രമാത്രം ദുഃഖിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതല്ലയോ?

ഇങ്ങനെ മാതൃകയില്ലാത്ത ദൈവനാമത്തിനും ദൈവസഭക്കും ദുഷ്പേര് ഉണ്ടാക്കി ദൈവത്തെ മറന്ന് ജീവിക്കുന്ന ജനത്തോട് ദൈവം വചനത്തിലൂടെ പറയുന്നു (2 Chroni 7:14) തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിക്കു, എന്റെ മുഖം അന്വേഷിക്കു, തങ്ങളുടെ ദുർ മാർഗ്ഗങ്ങളെ വിട്ടുതിരിയൂ, എന്നാൽ നമ്മുടെ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ച് നമ്മുടെ ദേശത്തിന് സൗഖ്യം വരുത്തും. നാം നമ്മുടെ ദൈവത്തിന്റെ ദയക്കായി പ്രാർത്ഥിക്കാം. ദൈവ മക്കളാണ് എന്നുള്ള അഭിനയം നിർത്തി, നമ്മുടെ പാപങ്ങളായും പാപസ്വഭാവങ്ങളെയും ക്ഷമിക്കുവാൻ വേണ്ടി ദൈവത്തോട് നിലവിളിക്കാം. ദൈവത്തിന്റെ മനസ്സലിവിനായി നമുക്ക് പ്രാർത്ഥിക്കാം. വിശുദ്ധ തിരുവചനത്തിൽ ഇപ്രകാരം പറയുന്നു. (Ephesi 4:29) കേൾക്കുന്നവർക്ക് കൃപ ലഭിക്കേണ്ടതിനും ആവശ്യം പോലെ ആത്മീയ വർധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടരുത്. എന്നാൽ പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോട് കൂടെ ഉരിഞ്ഞു കളഞ്ഞ്, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിക്കേണ്ടതിന് പകരം പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോട് കൂടെ ധരിച്ചുകൊണ്ട് പുതുക്കം പ്രാപിച്ചു എന്ന് വിശ്വസിപ്പിച്ച് അഭിനയിച്ച് ഒരു വിശ്വാസ ജീവിതം നയിക്കുന്ന അനേകരെ നമ്മുടെ ഇടയിൽ കാണാൻ കഴിയും

പകയുടെയുo വിരോധത്തിൻ്റെയും കുശുമ്പിൻ്റെയും, നിറകുടമായി ജീവിക്കുന്ന ‘ആത്മീയ ഗുണ്ടകൾ’ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ദൈവമക്കൾ ആണ് ഇന്ന് നമുക്ക് ചുറ്റും. ആത്മാവിൻറെ ഫലങ്ങൾക്ക് പകരം ജഡ ത്തിൻറെ പ്രവർത്തികളെ ധരിച്ചുകൊണ്ട് ആത്മാവിൽ ജീവിക്കുന്നു എന്നു നടിക്കുന്ന വിശ്വാസിയെ…. മാനസാന്തരപ്പെടു…..
Covid എന്ന മഹാമാരി ദേശങ്ങളെ കീഴടക്കുന്നു. ഒരു varient മാറുമ്പോൾ മറ്റൊന്ന് മനുഷ്യനെ വേട്ടയാടുന്നു.
ഐക്യതയും സ്നേഹവും വിശുദ്ധിയും ഇല്ലാത്തിടത്ത് ദൈവത്തിൻറെ ആത്മാവിന് വസിക്കാൻ കഴിയില്ല.
എല്ലാ സഭയും ദൈവമക്കളും ഒരുമിച്ചു വരണം. ദൈവവചനത്തിൻ്റ ആഴങ്ങളെ, സത്യങ്ങളെ മനസ്സിലാക്കി ഐക്യമത്യ പെടണം. “ഞാൻ എൻറെ സഭ” എന്നല്ല ചിന്തിക്കേണ്ടത് നാം ഒരു പിതാവിൻറെ മക്കൾ ക്രിസ്തുവെന്ന സഭയിലെ അംഗങ്ങൾ. സഭ സംഘടനകൾക്ക് വേണ്ടി യുദ്ധം ചെയ്യാതിരിക്കു, ഞാനെന്ന ഭാവം ഉപേക്ഷിക്കൂ,സ്വന്തം ക്ഷേമം നോക്കാതെ കൂട്ട് സഹോദരൻറെ കഷ്ടത്തിൽ കൂട്ടായി, തണലായി, സഹായം ആയിരിക്കാൻ ശ്രമിക്കൂ സ്നേഹത്തിൽ വസിക്കാൻ പഠിക്കൂ. സൃഷ്ടാവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കാതെ സൃഷ്ടിയെ ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത് ഉപേക്ഷിക്കൂ. ദൈവജനം മാനസാന്തരപ്പെടട്ടെ…..

നമ്മെ ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയുടെ ശ്രേഷ്ഠതയെ മനസ്സിലാക്കാതെ അതിനെ നിസ്സാരവൽക്കരിച്ച് ലോക സ്നേഹത്തിനും ആഡംബരത്തിനും പോകുന്ന ദൈവ വിശ്വാസിയെ മാനസാന്തരത്തിലേക്ക് മടങ്ങി വരൂ… കോമള രൂപിയായ ഒരു 33 വയസ്സുള്ള നമ്മുടെ പ്രാണപ്രിയൻ്റ മുഖം വിരൂപം ആക്കപ്പെട്ടത് എൻറെയും നിങ്ങളുടെയും മുഖം സൗന്ദര്യം ഉളതാക്കി തീർക്കാനാണ്. അവൻ മുൾക്കിരീടം അണിഞ്ഞതും, വിലാപ്പുറത്തു കുത്തൽ ഏറ്റതും, കൈകാലുകളിൽ മൂന്ന് ആണിയാൽ തറക്കപ്പെട്ടതും, നമ്മുടെ പഞ്ചേന്ദ്രിയങ്ങളും, തലച്ചോറും ചെയ്തുകൂട്ടുന്ന പാപങ്ങൾക്ക് വേണ്ടിയാണ്. ആഡംബരത്തിൻറെ കൊടുമുടിയിൽ ആർത്തു സന്തോഷിക്കുന്ന വിശ്വാസിയെ… നിൻറെ സൗന്ദര്യം ആരെയും കാണിക്കാൻ കഴിയാതെ മാസ്ക് വച്ച് മൂടി നടക്കേണ്ട അവസ്ഥ സംജാതമായിട്ടും തിരിച്ചറിയാൻ കഴിയുന്നില്ലയോ?

Covid ഏറെ പഠിപ്പിച്ചിട്ടും മാനസാന്തരപെടാത്ത വിശ്വാസി സമൂഹമേ… പിറകോട്ട് ഒന്നു നോക്കിക്കേ? പ്രതിഷ്ഠ എവിടെ ?നമ്മുടെ പ്രാണപ്രിയ യേശുവിനു നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും സ്ഥാനം എവിടെ? മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണികളിലൂടെയും ഈ ലോകത്തെ നാം അറിയിക്കുകയാണ് “യേശു മാത്രമാണ് ഏക രക്ഷിതാവ് അവനിലൂടെ മാത്രമേ രക്ഷയുള്ളൂ.. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന്. എന്തേ നമ്മുടെ സമൂഹം ഇത് അവഗണിക്കുന്നത്? ആരും വിശ്വാസികളോട് അനുകൂലിക്കാൻ തയ്യാറാകുന്നില്ല. ഇന്ന് വിശ്വാസികളെ തികഞ്ഞ അവജ്ഞയോടെ നോക്കുന്നത് എന്തുകൊണ്ടാണ്? കാരണം മറ്റൊന്നുമല്ല ജീവിതവിശുദ്ധി ഇല്ലാത്ത, അനുഭവമില്ലാത്ത, പറയുന്ന വചനം തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാത്ത ഒരു ക്രിസ്തീയ സമൂഹം അവരുടെ മുന്നിൽ ഉള്ളതുകൊണ്ടാണ്. വിശ്വാസി സമൂഹമേ.. നമ്മുടെ പ്രതിഷ്ഠയെ പുതുക്കാം…നിങ്ങൾ എൻറെ മക്കളല്ല “കൗലടെയൻമാർ” അത്രേ എന്ന് ദൈവം നമ്മെ വിളിക്കാതിരിക്കാൻ പ്രിയരേ നമുക്ക് മാനസാന്തരപ്പെടാം.. നമ്മുടെ തലമുറയെ ഓർത്ത് നെടുവീർപ്പിട്ടു നിലവിളിക്കാം.

ഒരു പ്രശസ്ത സുവിശേഷകൻ ഒരിക്കൽ ഇങ്ങനെ ഇപ്രകാരം തൻറെ പ്രസംഗത്തിൽ പറയുന്നത് കേൾക്കാൻ ഇടയായി എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ശവപ്പെട്ടി കാണുന്നത് നല്ലതാണ്. കേട്ടവർ വളരെ ഹാസ്യ രൂപത്തിൽ ചിരിച്ചുതള്ളി എന്നാൽ പ്രിയരേ ഒന്നോർത്തു നോക്കിക്കേ ശവപ്പെട്ടിയേ ഒന്ന് ഭയക്കാത്ത ആരെങ്കിലുമുണ്ടോ?വളരെ കുറവായിരിക്കും. ഏതു നിമിഷവും ഇതിനുള്ളിൽ കയറേണ്ടി വരുമെന്ന ഭയം ഒരു മനുഷ്യനിൽ വരുമ്പോൾ വലിയ പാപങ്ങൾ ഒന്നും ചെയ്യാതെ അനുസരണയുള്ളവനായി, ദൈവത്തെ ഭയപ്പെട്ടു മാനസാന്തരത്തിൻ്റെ അനുഭവത്തിൽ ജീവിക്കാൻ ഇത് സഹായകമാകും. അതുമാത്രമല്ല ഫ്യൂണറൽ സർവീസുകൾ വളരെ സുലഭമായി നമുക്ക് യൂട്യൂബിൽ കാണുവാൻ കഴിയും.വല്ലപ്പോഴും അതു ഒന്ന് കാണാൻ ശ്രമിക്കുക. ഓരോന്നിൻറെ അവസാനം പെട്ടിയിൽ അടച്ച്, കുഴിക്കകത്തുവെച്ച്,
മണ്ണിട്ടു മൂടി,അല്ലെങ്കിൽ സീൽ ചെയ്തു എല്ലാവരും ഉപേക്ഷിച്ചു പോകുന്ന രംഗം അതു നമ്മുടേതാണ് എന്ന് കരുതണം.. വളരെ ചുരുക്കമായി നൽകപ്പെട്ടിട്ടുള്ള ഈ നമ്മുടെ ജീവിതം എങ്ങനെ ജീവിച്ചു തീർത്തു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ മരണാനന്തരജീവിതം. ഇവിടെ ഓടിയതും അധ്വാനിച്ചതും നഷ്ടമാക്കി ‘ഞാൻ നിന്നെ അറിയുന്നില്ല’ എന്ന വാക്ക് നമ്മുടെ ദൈവത്തിൽനിന്ന് കേൾക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.

സത്യത്തിലും വിശുദ്ധിയിലും നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം.. വിശ്വാസികളായ നമ്മുടെ ജീവിത വിശുദ്ധിയെ ഈ സമൂഹം, ഈ ലോകം കാണട്ടെ..അതു നമ്മുടെ സാക്ഷ്യം ആയിരിക്കട്ടെ… ആ സാക്ഷ്യം മതി നമ്മുടെ കർത്താവിനെ ഈ സമൂഹം അറിയുവാൻ. നമ്മുടെ തലമുറകൾ ആ സാക്ഷ്യം പിന്തുടർന്നു തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കത്തി പടരട്ടെ.. നമ്മുടെ വിളിയും തിരഞ്ഞെടുപ്പും പ്രതിഷ്ഠയും പുതുക്കി ദൈവത്തിൻറെ കൃപയ്ക്കായി, അവൻറെ മഹാ കരുണയ്ക്കായി നിലവിളിക്കാൻ ഒരു വിശ്വാസ സമൂഹം തയ്യാറായി ഒന്നിക്കും എങ്കിൽ ആർക്കും എതിർക്കാൻ കഴിയാത്ത ശക്തിയുള്ള ദൈവം നമ്മോടു കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങൾ അവൻ ചവിട്ടി കളയും,നമ്മുടെ പാപങ്ങളൊക്കെയും സമുദ്രത്തിൻറെ ആഴങ്ങളിൽ ഇട്ട് കളവാൻ നമ്മുടെ പ്രാണപ്രിയൻ സ്നേഹത്തോടെ, തികഞ്ഞ ആർദ്രതയോടെ നമ്മുടെ അരികിലുണ്ട്. ദൈവവചനത്തെ ബഹുമാനിക്കു… ആദരിക്കൂ…

ആത്മീയ ഗുണ്ടകളെ അല്ല ഇന്ന് സുവിശേഷ ലോകത്തിന് ആവശ്യം സുവിശേഷ വാഹകരെയാണ്. നമ്മുടെ കണ്ണുകൾ കരുണയാലും, കണ്ണുനീരിനാലും നിറയട്ടെ, കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും(James 2:13). കൈകൾ കൂപ്പിയും, കൈകോർത്തുപിടിച്ചും നമുക്ക് പ്രാർത്ഥിക്കാം..ഹൃദയം സമാധാനത്താലും ദൈവ തിരുവചന ചിന്തകളാലും നിറയട്ടെ, നമ്മുടെ ചെവികളിൽ പരിശുദ്ധാത്മാവിൻ്റെയും രക്ഷകൻ്റെയും ശബ്ദം കേൾക്കട്ടെ,നമ്മുടെ നാവുകൾ നിരന്തരം സ്തോത്രയാഗം അർപ്പിക്കട്ടെ, നമ്മുടെ ശരീരത്തെ ജീവനും വിശുദ്ധിയും ഉള്ള മന്ദിരമായി സൂക്ഷിക്കട്ടെ.. ലോകരക്ഷകൻ നമ്മിൽ വസിക്കുന്നു എന്ന് നമ്മെ കാണുന്നവർ പറയട്ടെ… അങ്ങനെ അവർ കാര്യസാധ്യത മാനസാന്തരം ഉള്ളവർ ആകാതെ, സ്ഥിര മാനസാന്തരം ഉള്ളവരായി നമ്മുടെ കർത്താവിനു ഉള്ളവരായി തീരട്ടെ. കാഹളം ധ്വനിക്കുമ്പോൾ ഞൊടിയിടയിൽ പുറപ്പെടാൻ ഒരുക്കിയിരിക്കുന്ന,വളരെ പ്രാഗത്ഭ്യത്തോടെ വിളിച്ചുപറയുന്ന , സഹോദരാ, സഹോദരി ഒന്നുകൂടി ചിന്തിച്ചുനോക്കൂ താങ്കൾ എടുക്കപ്പെടുമോ?

ഒരു മനുഷ്യ ജീവൻറെ വില എന്തെന്നും മാനുഷിക സ്നേഹത്തിൻ്റെയും ജീവിത സമ്പാദ്യങ്ങളുടെ മൂല്യം എന്തെന്നും ഈ covid നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.
നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു(1 John 1:9). ജഡമോഹം, കൺമോഹം, ജീവനത്തിൻ്റ പ്രതാപം ഇങ്ങനെ ലോകത്തിൽ ഉള്ളതിനെ ഉപേക്ഷിക്കാം. നമ്മുടെ സമയം എപ്പോഴാണ് എന്ന് നാം അറിയുന്നില്ല അടുത്ത നിമിഷം ആകാം.. നാം നമ്മുടെ പ്രാണപ്രിയനായി സൂക്ഷിക്കപ്പെട്ടിരിക്കാം.. നമ്മുടെ പ്രാണപ്രിയനായ യേശുവേ വേഗം വരാറായി. അന്തിക്രിസ്തു വാതിലിനടുത്ത് എത്തിയിരിക്കുന്നു. മുടക്കു ന്യായങ്ങൾ പറഞ്ഞ് സ്വർഗ്ഗത്തിൽ നിനക്കുള്ള സ്ഥാനം നഷ്ടപ്പെടുത്തരുത്. ഇനിയും താമസിക്കരുത്. മാനസാന്തരപ്പെട്ട് മടങ്ങി വരൂ..വചനത്തിൽ വിശ്വസിക്കൂ.. കർത്താവിൻറെ കല്പനകൾ പ്രമാണിച്ചു പിതാവിൻ്റെ യും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെട്ടു അഭിഷേകം പ്രാപിച് ജീവിതത്തെ കൊണ്ടുപോകാം. “മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല”.(Acts.4:12).

നമ്മുടെ പ്രാർത്ഥന ഇങ്ങനെ ആകട്ടെ… കർത്താവേ ഈ വിശ്വാസ പോരിൽ തോൽക്കാതെന്നെ അവസാനത്തോളവും നിർത്തണമേ.
ആകാശ മേഘത്തിൽ കാഹള നാദത്തിൽ അടിയാനും നിൻ മുൻപിൽ കാണണമേ..
ശത്രുക്കൾ വെള്ളം പോലെ പോലെ ഒഴുകി അടുത്തിടിലും..
ശരണം ആയി നാഥനേ നീയെൻ കൂടെ ഉള്ളതിനാൽ..
യുദ്ധങ്ങൾ ജയിച്ചു ഞാൻ അക്കരെ ചേരുവോളം,
യേശുവേ നിൻ ചിറകിൽ എന്നെ അനുദിനം മറിച്ചിടുക (ഒരു ഗാനത്തിൻറെ വരികൾ ആണിത്.)
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

മിനി സാജൻ, ന്യൂ ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.