ചെറു ചിന്ത: ചുരുളിയും സംസാര സംസ്ക്കാരവും | പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

 

ടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയിലെ ഭാഷാപ്രയോഗം ‘അതിഭീകരമെന്ന്’ഹൈക്കോടതി വാക്കാൽ പരാമർശിച്ചു എന്ന മാധ്യമ വാർത്തയാണ് ഈ കുറിപ്പികൾക്ക് ആധാരം.

ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് അഭിപ്രായപ്പെട്ടത്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ ഉടനീളം പൊതു ധാർമികതയ്ക്ക് ചേരാത്ത അസഭ്യവാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അവർ ഹർജിയിൽ പറഞ്ഞു .സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയെ പ്രകോപിപ്പിക്കുന്നതാണ് സിനിമയിലെ ഭാഷയെന്നും ഹർജിയിൽ ആരോപിക്കുന്നു. ചുരുളി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കോവിഡ് കാലമായതിനാൽ വീടുകളിൽ കഴിയുന്ന കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്നും ഹർജിക്കാരി ആരോപിക്കുന്നു.
പ്രദർശനത്തിനെത്തിയതുമുതൽ ചിത്രത്തിലെ സംഭാഷണങ്ങളിലെ മോശം പ്രയോഗങ്ങൾ വ്യാപകമായ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ആശയവിനിമയമാണ് ഭാഷയുടെ ലക്ഷ്യം.ആളുകൾ തമ്മിലുള്ള പരസ്പര ധാരണയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് ആശയവിനിമയം.അതിനാൽ വാക്കാലുള്ള സംസാര സംസ്കാരത്തിന് വലിയ പ്രാധാന്യമുണ്ട്.അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണം.യാതൊരു നിയന്ത്രണവുമില്ലാതെ അസഭ്യ-അശ്ലീല-അപ്രിയ പദങ്ങള്‍ ഉപയോഗിക്കുമ്പോൾ സമൂഹത്തിൽ നല്ല ഭാഷയ്ക്ക് ഇടമില്ലാതാക്കുന്നു.ബോധപൂർവമായ പരിശ്രമത്താൽ മാത്രമേ ഇത്തരം ദൂഷ്യങ്ങള്‍ ഒഴിവാക്കി നല്ല ഭാഷ സംസാരിക്കാനും സംരക്ഷിക്കാനും കഴിയു.

നല്ല വാക്കുകൾ പ്രചോദനം സൃഷ്ടിക്കുമ്പോൾ ചീത്ത വാക്കുകൾ പ്രകോപനം സൃഷ്ടിക്കുന്നു.നല്ല വാക്കുകൾ അനുഗ്രഹമാകുമ്പോൾ ചീത്ത വാക്കുകൾ അപമാനമുണ്ടാക്കുന്നു. ശരിക്കും പറഞ്ഞാൽ അസഭ്യങ്ങൾ പ്രയോജനരഹിതമായ വെറും പാഴ് വാക്കുകളാണ്. യഥാർത്ഥത്തിൽ പറയുന്നവർക്കും കേൾക്കുന്നവർക്കും അസഭ്യങ്ങൾ ഒരു പ്രയോജനവുമുണ്ടാക്കുന്നില്ല.മറിച്ച്, പ്രകോപനവും അപമാനവും വരുത്തുന്നു.

വാ തുറക്കുന്നതിനു മുൻപ് നമ്മോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കണം.ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ മുറിപ്പെടുത്തുമോ,അതോ മുറിവുണക്കുമോ?.അടുപ്പം കൂട്ടുമോ,അതോ അകലം കൂട്ടുമോ?.അഹന്തയിൽ നിന്നോ, അതോ വിവേകത്തിൽ നിന്നോ?. വിശുദ്ധിയിൽ നിന്നോ,അതോ അശുദ്ധിയിൽ നിന്നോ?. ആവേശഭരിതമോ,അതോ നിരാശജനകമോ?.ഉപയോഗിക്കുന്നു വാക്കുകളിൽ ഒന്നുപോലും ആരെയും ഉണർത്തുന്നില്ലെങ്കിൽ പ്രയോഗിക്കുന്ന അപ്രിയ പദങ്ങൾ ആർക്കും ഒരു പ്രയോജനവും നൽകുന്നില്ലെങ്കിൽ പിന്നെ നിശബ്ദതയാണ് ഏറ്റവും നല്ലത്.

ഒരാളുടെ സംഭാഷണ സംസ്കാരം നിരീക്ഷിച്ചാൽ അയാളുടെ ആത്മീയവും ബൗദ്ധികവുമായ വികാസത്തിന്റെ നിലവാരം വിലയിരുത്താൻ കഴിയും.
അർത്ഥവത്തായ സംസാരം ചിന്തയുടെയും ഭാഷയുടെയും ഉയർന്ന സംസ്കാരത്തെ വെളിപ്പെടുത്തുന്നു. അസഭ്യവാക്കുകൾ ആഴത്തിലുള്ള ചിന്തകളെയും ഏറ്റവും അർത്ഥവത്തായ ആശയങ്ങളെയും നശിപ്പിക്കും.
ഒരു മനുഷ്യന്റെ സംസ്കാരം മറ്റൊരാൾക്ക് ബോദ്ധ്യപ്പെടുന്നത് ചങ്ക് തുറന്ന് നോക്കിയിട്ടല്ല. പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയുമാണ്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അസഭ്യം പറഞ്ഞാലേ മതിയാവൂ എന്ന് കരുതുന്ന മനോഭാവം വളരെ അപകടകരമാണ് .നല്ല വാക്ക് പറയാനുള്ള ത്രാണിയാണ് യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ ശക്തി സൗന്ദര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കൊച്ചുകുട്ടികള്‍ ചീത്ത വാക്കുകള്‍ പറഞ്ഞുതുടങ്ങുന്നത് മറ്റുള്ളവരില്‍നിന്നോ ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍നിന്നോ കേട്ടിട്ടായിരിക്കും.ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നതിൽ ദൃശ്യശ്രവ്യ മാധ്യമങ്ങൾക്കു വലിയ പങ്കുണ്ട്. അതുകൊണ്ട് കുട്ടികള്‍ ചീത്ത വാക്കുകള്‍ കേള്‍ക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ല മാതൃക കാണിക്കുകയും ചെയ്യണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.