ലേഖനം: അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിന്ത – ഭാഗം 2 | റോഷൻ ബെൻസി ജോർജ്

“ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു.….” (വെളിപ്പാട് 3: 20)

വെളിപ്പാട് മൂന്നാം അധ്യായത്തിലെ അമ്പരപ്പിക്കുന്ന ഒരു വാക്യമാണിത്, ഇത് പറയുന്നത്, ‘യേശുക്രിസ്തു സഭയ്ക്ക് പുറത്താണ്’ എന്നാണ്. വെളിപ്പാട് രണ്ടും മൂന്നും അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ഏഴ് സഭകളിൽ അവസാനത്തേതായ ലവൊദിക്യ സഭയാണ് ഈ വാക്യത്തിന്റെ പശ്ചാത്തലം. ഒന്നാം നൂറ്റാണ്ടിൽ, ഏഷ്യാ മൈനറിലുണ്ടായിരുന്ന ഈ ഏഴ് സഭകൾ: നൂറ്റാണ്ടുകളിലുടനീളം നിലനിന്നിരുന്നതും ഇപ്പോൾ നിലനിൽക്കുന്നതുമായ വ്യത്യസ്തതരം സഭകളുടെ പ്രതീകങ്ങളാണ്. വെളിപ്പാട് 3: 14-22 വാക്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന അവസാന സഭയായ ലവൊദിക്യ, യേശുക്രിസ്തുവിന്റെ കീഴിൽ അല്ലാത്ത സഭയ്ക്ക് പ്രതീകമാണ്.

ജനങ്ങൾ ഭരിക്കുന്ന സഭ
‘ലവൊദിക്യ’ എന്ന സംയുക്ത ഗ്രീക്ക് പദത്തിന്റെ അർത്ഥം ‘ജനങ്ങളുടെ അവകാശം’ അല്ലെങ്കിൽ ‘ജനങ്ങൾ ഭരിക്കുന്നു’ എന്നാണ്. അവസാന നാളുകളിൽ സഭ ഭരിക്കുന്നത് യേശുക്രിസ്തുവല്ല, മറിച്ച് ജനങ്ങളാണ് എന്നതിനെ ഇത് ശരിയായി വരച്ച് കാട്ടുന്നു. സ്വന്തം ആത്മീയ ദയനീയത മനസ്സിലാക്കാതെ, തനിക്കുള്ള ലൗകിക സ്വത്തുക്കളെക്കുറിച്ച് പുകഴ്ച പറയുന്ന ഒരു തരം സഭയാണിത് (വെളിപാട് 3: 17). ഈ സഭ ‘അവസാന നാളുകളിലെ’ സഭയ്ക്ക് ഒരു പ്രതീകമാണ് – അവരുടെ ലൗകിക സമ്പത്തിൽ സമ്പന്നമായതും, എന്നാൽ യേശുക്രിസ്തുവിൽ നിന്നുള്ള യഥാർത്ഥ ആത്മീയ വിവേചനമില്ലത്തതുമായ സഭ. അതുകൊണ്ട് യേശുക്രിസ്തു സഭയ്ക്ക് പുറത്താണ്, അത്രമാത്രമല്ല, തന്നിൽ നിന്ന് യഥാർഥ സമ്പത്ത് വാങ്ങാൻ അവരെ ഉപദേശിക്കുന്നുമുണ്ട് (വെളിപാട് 3: 18). എന്നാൽ വിശാലമായ ചിന്തയിൽ, അവസാന കാലത്തിന്റെ സവിശേഷത ലവൊദിക്യ സഭ മാത്രമല്ല; വാസ്തവത്തിൽ, ലവൊദിക്യയുടെ മുൻപ് പരാമർശിച്ചിട്ടുള്ള എല്ലാ സഭകൾക്കും അതിന്റെ ആത്മീയ ശേഷിപ്പ് അന്ത്യ നാളുകളിൽ ഉണ്ട്.

അന്ത്യകാലത്തിലെ ജനങ്ങൾ
‘അന്ത്യകാലത്ത്’ ജീവിക്കുന്ന ആളുകളുടെ സവിശേഷതകളും ശ്രദ്ധനീയമാണ്; അപ്പൊസ്തലനായ പൗലോസ് തിമൊഥെയൊസിനെഴുതിയ കത്തിൽ അതു പരാമർശിക്കപ്പെടുന്നു – “അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാ‍രമില്ലാത്തവരും തന്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.” (2 തിമൊഥെയൊസ് 3: 1-5)

ഒരു ഉണർവ്വിന്റെ ആഹ്വാനം
2 തിമൊഥെയൊസ് 3: 1-5-ലെ വാക്യങ്ങൾ മനുഷ്യരുടെ, വിശേഷാൽ അവസാന നാളുകളിൽ ജീവിക്കുന്നവരുടെ ഒരു യഥാർത്ഥ ചിത്രം നൽകുന്നു. എന്നാൽ, പൗലോസ് ഇവിടെ ഊന്നൽ കൊടുത്ത് പരാമർശിക്കുന്നുത് സഭയ്ക്കുള്ളിലെ അത്തരം ആളുകളെയാണ് – ‘ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരായ’ ആളുകൾ. നിലവിൽ, ആത്മീയ ആധുനികതയും ലിബറലിസവും സഭയിൽ വളരെയധികം നുഴഞ്ഞുകയറിയതിനാൽ വിശ്വാസികൾ പലരും ഇതുപോലെ പരാമർശിക്കുന്നതുപോലെ മാറിയിരിക്കഴിഞ്ഞിരിക്കുന്നു. 2 തിമൊഥെയൊസ് 3: 1-5 വാക്യങ്ങളിൽ പറയുന്നത് വ്യാജ വിശ്വാസികളുടെ സ്വഭാവസവിശേഷതകളാണ്. ചിലപ്പോൾ, ഈ വാക്യങ്ങൾ സത്യസന്ധമായി ഒന്ന് വായിച്ച് നോക്കിയാൽ, നാം ഈ വാക്യങ്ങളിൽ നമ്മെത്തന്നെ ഒരുപക്ഷെ കണ്ടെത്തിഴേക്കും. അങ്ങനെയാണെങ്കിൽ, നമ്മുടെ ആത്മീയ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലേക്ക് മടങ്ങാനുമുള്ള ഒരു ഉണർവ്വിന്റെ ആഹ്വാനമായി അത് ഏറ്റെടുക്കാവാൻ കഴിയണം.

അന്ത്യകാലത്തെ വ്യാജ ഉപദേശകർ
വ്യാജ ഉപദേശക്കന്മാരെക്കുറിച്ചും അപ്പൊസ്തലന്മാർ മുന്നറിയിപ്പു നൽകുന്നു. അപ്പോസ്തലനായ പത്രോസ്, ഈ കാര്യത്തെക്കുറിച്ച് സഭക്ക് മുന്നറിയിപ്പ് നല്കി പറഞ്ഞത്, “….അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ വരും; അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങളെ കൊണ്ടുവരികയും തങ്ങളെ വിലയ്ക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും.” (2 പത്രോസ് 2: 1) യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെപ്പോലും ഇങ്ങനെയുള്ളവർ നിഷേധിക്കുമെന്ന് അപ്പോസ്തലൻ ഇവിടെ പറയുന്നു. കൂടാതെ, പരിഹാസങ്ങളും ഉണ്ടാകും എന്നും അപ്പൊസ്തലൻ പറയുന്നു, “….സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞുകൊൾവിൻ.” (2 പത്രോസ് 3: 4) അവർ വിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളെ പരിഹസിക്കുകയും, വിശുദ്ധിയെ നിന്ദിക്കുകയും തങ്ങളുടെ തന്നെ പാപമോഹങ്ങൾ പിൻപറ്റുകയും ചെയ്യും. വ്യജ ഉപദേശകരുടെ സവിശേഷതകൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വാക്കുകളിൽ കൂടി മനസ്സിലാക്കുവാൻ കഴിയും, അതെന്തെന്നാൽ – “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും….” (മത്തായി 7: 15,16)

ശരിയായ മാതൃക
അസത്യത്തിന്റെ മാതൃക പിന്തുടരരാതെ, നാം കർത്താവിന് വിശുദ്ധിയുള്ളവരായിരിക്കുക, കാരണം ” അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ” (വെളിപ്പാട് 22: 11) എന്ന് എഴുതിയിരിക്കുന്നു. യേശുവിന്റെ വരവ് അടുത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ കർത്താവിന്റെ വരവിന്റെ ലക്ഷണങ്ങൾ നമ്മുടെ മുമ്പിൽ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, “….സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും” (ലൂക്കൊസ് 21: 36) നമുക്ക് ആത്മീകമായി ഉണരുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

അകത്ത് വരുന്ന യേശുക്രിസ്തു
ലവൊദിക്യ സഭയുടെ കാര്യം പോലെതന്നെയാണ് അന്ത്യ നാളുകളിലെ സഭയിലും – യേശുക്രിസ്തു സഭയ്ക്ക് പുറത്ത് വാതില്ക്കൽ മുട്ടുകയാണ്. ഏതെങ്ങലും ഒരു സഭ അതിന്റെ വിശ്വാസികൾക്ക് യേശുക്രിസ്തുവുമായുള്ള ഒരു കണ്ടുമുട്ടലിനുള്ള വേദി ഒരുക്കാത്ത ഒരു അവസ്ഥയിലാണെങ്ങിൽ, യേശുക്രിസ്തു അത് ആഗ്രഹിക്കുന്നവരുമായി വ്യക്തിഗത ബന്ധം ഉണ്ടാക്കാൻ തയ്യാറാണ്, കാരണം അവിടുന്നു ഇങ്ങനെ പറയുന്നു, “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും.” (വെളിപ്പാട് 3: 20)

യേശുക്രിസ്തുവിന്റെ മുട്ടുകൾ നിങ്ങൾ അവഗണിക്കുമോ? അതല്ല, മുട്ടുകൾക്ക് നിങ്ങൾ ചെവികൊടുക്കുകയും, യേശുക്രസ്തുവിന് നിങ്ങളുടെ ഹൃദയത്തിന്റെ വാതിലുകൾ തുറന്ന കൊടുക്കുകയും ചെയ്യുമോ?

Reference:
1. Malayalam Bible (Indian Revised Version)

ഭാഗം 1 വായിക്കുവാൻ: അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള ഒരു ചിന്ത – ഭാഗം 1, ക്രൈസ്തവ എഴുത്തുപുര
https://kraisthavaezhuthupura.com/2021/09/30/malayalam-articles-812/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.