സകലതും നന്നായി പൂർത്തിയാക്കി; ഇനി ‘ഇവിടെ കയറി വരിക’

പാസ്റ്റർ ടി.വി. തങ്കച്ചൻ

Kraisthava Ezhuthupura News

ഫിലിപ്പ്‌ സാർ സകലതും നന്നായി ചെയ്തു, പൂർണ്ണതയുള്ളതായി ചെയ്തു, തന്റെ വേല തികച്ചു, കർത്താവ്‌ തന്നോടു പറഞ്ഞു: ‘ഇവിടെ കയറി വരിക’, താനും നമ്മോടു വിളിച്ചു പറയുന്നു: ‘ഇവിടെ കയറി വരിക’.

ബാല്യം മുതൽ തിരുവെഴുത്തിലെ ഉൽപത്തി പുസ്തകം മുതൽ വെളിപ്പാടു പുസ്തകം വരെ പലവട്ടം വായിച്ചു, പഠിച്ചു, നിശ്ചയം പ്രാപിച്ചു, അതിൽ നിലനിന്നു. അര നൂറ്റാണ്ടു കാലം വിവിധ രാജ്യങ്ങളിൽ പതിനായിരങ്ങളോടു തിരുവചനം പ്രസംഗിച്ചു, നുറുകണക്കിനു വിദ്യാർത്ഥികളെ പഠിപ്പിച്ചു സുവിശേഷകരാക്കി, അവർ അതു ഏറ്റെടുത്തു ലോകമെമ്പാടും പതിനായിരങ്ങളോടു പ്രസംഗിച്ചും പഠിപ്പിച്ചും പോരുന്നു.

ബെഥേൽ ബൈബിൾ കോളജിൽ അൻപതിൽപരം വർഷങ്ങൾ അദ്ധ്യാപകനായും അതിൽ ഇരുപത്തിയഞ്ചു വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ടിച്ചു. ബൈബിൾ കോളജിനു വിശാലമായ ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, ഡൈനിംഗ്‌ ഹാൾ ഡോർമ്മെറ്ററി, അദ്ധ്യാപക ക്വാട്ടേഴ്‌സ്‌, BTh., MDiv., MTh. തുടങ്ങിയ ബിരുദ കോഴ്സുകൾ മുതലായവ തന്റെ നേട്ടങ്ങളാണ്. ഒടുവിൽ മരണത്തിനു മണിക്കൂറുകൾക്കു മുമ്പു വരെയും ഓൺലൈനായി വിദ്യാർത്ഥികൾക്കു ക്ലാസ്സുകൾ എടുത്ത ശേഷം താൻ യാത്രയായി.

12 ലധികം വർഷങ്ങൾ സൂപ്രണ്ടായിരുന്ന കാലയളവിൽ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ എന്ന പ്രസ്ഥാനത്തിനുവേണ്ടി പുനലൂർ കൺവൻഷൻ ഗ്രൗണ്ടിൽ ഓഫീസ്‌ കെട്ടിടത്തിന്റെ പ്രാരംഭ ഭാഗം നിർമ്മിക്കയും പറന്തലിൽ വിശാലമായ ഒരു കൺവൻഷൻ ഗ്രൗണ്ട്‌ വാങ്ങുകയും ചെയ്തു. അതിനായുള്ള സാമ്പത്തിക ശേഖരണത്തിൽ മുഖ്യപങ്കും ഫിലിപ്പ്‌ സാറിന്റെ വ്യക്തിപരമായ സ്നേഹബന്ധങ്ങൾ നിമിത്തമുള്ള നേട്ടമായി കരുതാം. 2019 ജനുവരിയിൽ പുനലൂരിൽ നടന്ന വാർഷിക സഭായോഗത്തിൽ താൻ ആത്മനിയോഗത്താൽ പ്രഖ്യാപിച്ച പ്രകാരം 2019 നവംബറിൽ ആറേക്കർ വരുന്ന ഭൂമി അടൂരിനടുത്തു പറന്തലിൽ കണ്ടെത്തി ആധാരം എഴുതി സ്വന്തമാക്കുകയും ചെയ്തതു അസംബ്ലീസ്‌ ഓഫ്‌ ഗോഡിനു താൻ നൽകിയ ഏറ്റവും വലിയ ഒരു സംഭാവനയായി എ.ജി സമൂഹം വിലമതിക്കുന്നു. 2020 ഫെബ്രുവരിയിൽ ഏറ്റവും വലിയ ജന പങ്കാളിത്തത്തോടെ അവിടെ കൺവൻഷനും പൊതുസഭായോഗവും നടത്തപ്പെടുവാൻ ഇടയായതു തന്റെ ജീവിതസാക്ഷാത്ക്കാരമായി. കോവിഡ് നിയമങ്ങളും കോടതി വ്യവഹാരങ്ങളും നിമിത്തം പിന്നീട്‌ എ.ജിക്ക് ഒരു കോൺഫ്രൻസും കൺവെൻഷനും ശുശ്രൂഷകന്മാരുടെ സ്ഥലം മാറ്റവും നടക്കാൻ കഴിയാതിരുന്നതു തനിക്കു ഏറെ മാനസിക സംഘർഷങ്ങൾ ഉളവാക്കിയിരുന്നു. എങ്കിലും ദൈവം കൃപ കാണിച്ചു മരണം വരെ സൂപ്രണ്ടായിരിപ്പാൻ കാലാവധി അധികമായി നീട്ടിക്കൊടുത്തു. മരണത്തിനു തൊട്ടു മുമ്പുള്ള ബുധനാഴ്ചയും സൂം വഴിയായി പ്രസ്ബിറ്ററി മീറ്റിംഗ്‌ വിളിച്ചു കൂട്ടി കാര്യങ്ങൾ അറിയിപ്പാൻ ഇടയായ ശേഷമാണു സാർ വിട വാങ്ങിയതു.

വിവിധ കാർമ്മിക ശുശ്രൂഷകളിൽ താൻ ജനത്തിനു ഏറെ സമ്മതനും പ്രിയങ്കരനും ആയിരുന്നു. ഏറ്റവും ഒടുവിലായി താൻ ചെയ്ത കാർമ്മിക ശുശ്രൂഷ 6/12/21 ൽ കോന്നി എ.ജി സഭാശുശ്രൂഷകനായ തന്റെ സഹപ്രവർത്തകൻ പാസ്റ്റർ ബാബു ജോർജ്ജ്‌ (ചിറ്റാർ) ന്റെ ശവസംസ്ക്കാര ശുശ്രൂഷയായിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു. വളരെ പ്രത്യാശാ നിർഭരമായ ആ ശുശ്രൂഷ നിർവ്വഹിച്ച സാറിനു വേണ്ടി ഇത്രയും വേഗത്തിൽ ഒരു ശവസംസ്ക്കാര ശുശ്രൂഷ ഉണ്ടാകുമെന്നു തനിക്കോ മറ്റാർക്കെങ്കിലുമോ അറിവുണ്ടായിരുന്നില്ല.

ഒരു കൺവെൻഷൻ പ്രസംഗകൻ എന്ന നിലയിൽ താൻ പ്രസിദ്ധനായിരുന്നു. ഉൽപത്തി മുതൽ വെളിപ്പാടു വരെ താൻ പ്രസംഗിച്ചിട്ടുണ്ടു. പ്രസംഗത്തിലെ എറ്റവും കാതലായ വിഷയങ്ങൾ രക്ഷയും വിശുദ്ധിയും കർത്താവിന്റെ മടങ്ങിവരുവും മറ്റുമായിരുന്നു. ഭാരതത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ സഞ്ചരിച്ചു പ്രസംഗിച്ചിട്ടുള്ള സാർ തന്റെ അവസാന പ്രസംഗം എജിയുടെ തെക്കൻ മേഖലയുടെ കൺവൻഷനിൽ ആയിരുന്നു എന്നതും, പ്രസംഗത്തിനായി തിരഞ്ഞെടുത്ത വേദഭാഗം വേദപുസ്തകത്തിലെ അവസാന പുസ്തകമായ വെളിപ്പാടു പുസ്തകത്തിൽ നിന്നും ആയിരുന്നു എന്നതും, വിഷയം: കർത്താവിന്റെ മടങ്ങിവരവും സഭയുടെ ഉൾപ്രാപണവും ആയിരുന്നു എന്നതും, ഒരു നിയോഗം പോലെ തന്നെത്തന്നെയും കേൾവിക്കാരെയും ഈ ഭൂമിയിൽ നിന്നും ഏതുസമയവും എടുക്കപ്പെടും എന്ന ഉറപ്പും പ്രത്യാശയും നൽകുന്നവയായിരുന്നു .

2021 ലെ ശുശ്രൂഷകന്മാരുടെ ക്രിഡൻഷ്യൽ പുതുക്കുന്നതിനുള്ള ഫോമുകൾ തയ്യാറാക്കി വെച്ചിരിക്കുന്നതും 2022 ലെ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കലണ്ടർ പൂർത്തിയാക്കി വച്ചിരിക്കുന്നതും കോൺഫ്രൻസ്‌ നടത്തുന്നതിനു കൊല്ലം ഡിസ്ട്രിക്ട്‌ കളകടറിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ടെന്നും പ്രസ്‌ബിറ്റർമ്മാർക്കും സഭാജനത്തിനും അറിയിപ്പു നൽകിയ ശേഷം 2021 ന്റെ അവസാന മാസത്തിൽ താൻ തന്റെ വേല പൂർത്തിയാക്കിയപ്പോൾ അരുമനാഥന്റെ വിളി കേട്ടു “ഇവിടെ കയറിവരിക”. അതു താൻ ലോകത്തോടും വിളിച്ചു പറഞ്ഞു “ഇവിടെ കയറി വരിക”. പിതാവിന്റെ അടുക്കലേക്കു കയറിപ്പോയ ഫിലിപ്പ്‌ സാറിനെ നമുക്കു വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.