പാസ്റ്റർ പി എസ്‌ ഫിലിപ്പ്‌: പെന്തെക്കൊസ്തിന്റെ അഴകും അഭിമാനവുമായ ആത്മീയാചാര്യൻ

പാസ്റ്റർ റ്റി വി തങ്കച്ചൻ

പത്തനംതിട്ട തോന്നിയാമലയിൽ നിന്നും ആരംഭിച്ചു പുനലൂർ മുസാവരിക്കുന്നിൽ അവസാനിച്ച 74 വർഷത്തെ ജീവിത യാത്രയുടെ സിംഹഭാഗവും സുവിശേഷവയലിൽ ചിലവഴിച്ച്‌ നിത്യതയുടെ തീരത്തു എത്തിച്ചേർന്ന ഭക്തഗുരുവിന്റെ ജീവിത ശുശ്രൂഷകൾ ധന്യമാണു.

ദൈവഭക്തരായ മാതാപിതാക്കളുടെ ആത്മീയ ശിക്ഷണം ശിരസ്സാ വഹിച്ച്‌ പതിനാറാം വയസ്സിൽ രക്ഷിക്കപ്പെട്ട്‌ സ്നാനപ്പെട്ട്‌, സർവ്വശക്തന്റെ ഉന്നത വിളിയാൽ വിളിക്കപ്പെട്ടു, പതിനേഴാം വയസ്സിൽ സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു, പതിനെട്ടാം വയസ്സിൽ പുനലൂർ ബഥേൽ ബൈബിൾ സ്കൂളിൽ പഠനം ആരംഭിച്ച്‌, ഇരുപത്തിയൊന്നാം വയസിൽ ബഥേലിൽ തന്നെ അദ്ധ്യാപകനായ അനുഗ്രഹീത വ്യക്തിത്വത്തിനു ഉടമയാണു പ്രിയ ഫിലിപ്‌ സാർ.

വേദവിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്‌ നേടിയെങ്കിലും ആ പദവി വേദികളിൽ പ്രത്യേകം എടുത്തു പറയണം എന്നു ഒട്ടും ശാഠ്യം പിടിക്കാത്ത, ഗ്രിക്കു, എബ്രായ ഭാഷകൾ സാധാരണക്കാരായ കേൾവിക്കാരുടെ മുമ്പിൽ പകർന്നു കൊടുക്കാതെ നാട്ടുഭാഷകളിലും ഫലിത ഭാഷകളിലും ജനഹൃദയങ്ങളിൽ ആത്മീയോപദേശങ്ങൾ വേരുറപ്പിച്ച മൃദുഭാഷി.
ഏറ്റവും അധികകാലം കൊണ്ട്‌ ബെഥേലിൽ അനേക ശിഷ്യരെ സുവിശേഷ വയലിലേക്കു അഭ്യസനം നൽകി പറഞ്ഞയച്ചിട്ടും അതിലാരെയും തന്റെ ഒരു പരിചാരകനാക്കി കൊണ്ടു നടക്കാതെ സ്വന്തം ഭാര്യയോടോപ്പം മിക്കപ്പോഴും സ്വയം വാഹനമോടിച്ചു യാത്ര ചെയ്യാൻ അഭിമാനിച്ച മാതൃകാഗുരു.
ശിഷ്യരിൽ പലരും എക്സിക്യൂട്ടിവ്‌ ചെയറുകളിൽ ഇരിക്കുമ്പോഴും ഒരു സാധാരണ കസേരയിൽ ഇരുന്നു സൂം മീറ്റിംഗുകളിൽ അദ്ധ്യക്ഷത ചെയ്യുന്നതിൽ മാന്യത പാലിച്ച്‌ ജാഡയില്ലാതെ സാധാരണക്കാരനായി വെളിപ്പെടുത്തുന്നതിൽ ബഹുമാന്യൻ.

ഏതു ആൾക്കൂട്ടത്തിലും പേരുകൾ വിളിച്ചു തോളിൽ തട്ടി കൂടെ നിന്നും കൂടെ നടന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു സാറിന്റെ ആശ്വാസവും സ്നേഹവും പകർന്നു ലഭിക്കാത്തവർ വളരെ ചുരുക്കമാണു.
സമുന്നത നേതാവായിരിക്കുമ്പോഴും ആർക്കും ഭയം കൂടാതെ അടുത്തു ചെന്നു ആവശ്യം പറയുന്നതിൽ ഔപചാരികതകൾ ഒന്നും വച്ചു പുലർത്താതെ എളിമത്വവും വാത്സല്യവും മുഖമുദ്രയാക്കിയതു സാറിന്റെ പ്രത്യേക അലങ്കാരമാണു.
ചൊടിപ്പിക്കുന്ന വാക്കുകൾക്കും പ്രകോപിപ്പിക്കുന്ന പെരുമാറ്റങ്ങൾക്കും മറുപടി പുഞ്ചിരിയും നർമ്മവും കലർന്ന വാക്കുകളിൽ മാത്രമാക്കിയതു വലിയ വിജയം തന്നെ.
ഒരു പക്ഷെ അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ സൂപ്രണ്ട്‌ പദവിയിലിരുന്ന ശേഷം അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ പദവി വഹിക്കുന്നതു മാന്യതയ്ക്കു പോരായ്മ എന്നു കരുതാതെ പലപ്പോഴും സൂപ്രണ്ടും അസിസ്റ്റന്റ്‌ സൂപ്രണ്ടുമായി എറെക്കാലം നേതൃത്വത്തിനു മഹത്തായ മാതൃക കാണിച്ചു.
ഇതര സഭാസംഘടനകളോടും വിവിധ മാദ്ധ്യമ പ്രവർത്തകരോടും പൊതുസമൂഹത്തോടും രാഷ്ട്രീയസംഘടനകളോടും വിദ്വേഷവും വെറുപ്പും വെച്ചു പുലർത്താതെ ഉപദേശവിഷയങ്ങളുമായി യോജ്യതയുള്ളവരുമായി സഹകരിച്ച്‌ ബന്ധങ്ങൾ വർദ്ധിപ്പിച്ചു സാർ തന്റെ ഹൃദയം വിശാലമായി വിരിച്ചു നൽകി.
താൻ മുഖാന്തരം രക്ഷിക്കപ്പെട്ടവർ, സ്നാനപ്പെട്ടവർ, പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചവർ, ശിശുപ്രതിഷ്ട ലഭിച്ചവർ, വിവാഹ ജീവിതത്തിൽ പ്രവേശിച്ചവർ, അന്ത്യവിശ്രമം കൊള്ളുന്നവർ എത്ര അധികം എന്നു എണ്ണിപ്പറയാവുന്നതല്ല.
എത്ര ആലയങ്ങൾ, വീടുകൾ താൻ മുഖാന്തിരം പ്രതിഷ്ടിക്കപ്പെട്ടു, എത്രപേർ രോഗസൗഖ്യം പ്രാപിച്ചു, എത്ര പേർ സാമ്പത്തിക സഹായം അനുഭവിച്ചു എന്നുള്ളതും പലർക്കും സാക്ഷ്യം പറയാൻ കഴിയുന്നവയാണു.

ജന്മദേശത്തും മാതൃസഭയിലും വന്നുപാർക്കുന്ന ദേശത്തും സഭയ്ക്കും ബൈബിൾ കോളജിലും പരിസരങ്ങളിലും കണ്ടുമുട്ടിയിട്ടുള്ള ഏവർക്കും നല്ല സാക്ഷ്യം പറയാൻ കഴിയുന്ന മാതൃകാജീവിതവും ശുശ്രൂഷയും കാഴ്ചവെച്ച ദൈവഭക്തനായ ആത്മീയാചാര്യൻ ബഹുമാന്യ ഫിലിപ്‌ സാറിന്റെ സദ്ഗുണങ്ങൾ തന്നെ സ്നേഹിച്ചാദരിക്കുന്ന ഏവർക്കും മാതൃകയാക്കാൻ ഇടയാകട്ടെ.

-Advertisement-

You might also like
Comments
Loading...