ലേഖനം: ഐശ്വര്യവും സമ്പത്തും ആരുടെ വീട്ടിൽ ഉണ്ടാകും? | രാജൻ പെണ്ണുക്കര

 

post watermark60x60

ർമ്മ സംഭാഷണത്തിനിടയിൽ പറഞ്ഞ ഒരു വാക്യം എന്റെ മനസ്സിനെ തൊട്ടതു പോലൊരു തോന്നൽ. ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; (സങ്കീ 112:3). പിന്നെയും ആവാക്യം കാതുകളിൽ പ്രതിധ്വനിക്കുന്നതു പോലെ…..

എങ്കിലും, സംശയനിവാരണത്തിനായി സങ്കീർത്തനക്കാരനായ ദാവീദിനോടു തന്നേ പതുക്കെ ചോദിച്ചു ആരുടെ വീട്ടിലെ കാര്യമാണ് പറയുന്നത്, അപ്പോൾ കേട്ട നേരിയ ശബ്ദമാണ് ഇതെഴുതുവാൻ കാരണമായത്. നേരുള്ളവന്റെ വീട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകും, നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും എന്നു മാത്രമല്ല; നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു.

Download Our Android App | iOS App

നേരും നെറിയും എന്ന മലയാളത്തിലെ വാക്യപ്രയോഗം ഇവിടെ കടമെടുക്കുന്നു. ഒരുകാര്യം തീർച്ച, നേരും നെറിയും ഒരു മനുഷ്യന് അത്യന്താപേക്ഷിതം ആണ്. നേര് എന്നുവെച്ചാൽ സത്യം, നെറി എന്നുപറഞ്ഞാൽ സത്യമറിഞ്ഞു പെരുമാറുക. നെറികേട് എന്നുവെച്ചാൽ സത്യത്തിനു നിരക്കാത്ത പ്രവർത്തി ചെയ്യുക. ഇപ്പോൾ ഈ വാക്കുകളുടെ അർത്ഥം വ്യക്തമായി കാണുമെന്നു കരുതുന്നു. അപ്പോൾ ഇതില്ലാതെ നേടുന്നതൊന്നും ദൈവീകമല്ല. നേരും നെറിയും നുള്ളിവച്ചാൽ കിളിർക്കില്ല എന്നസത്യവും മറക്കരുത്. ജീവിതത്തിൽ നേരുള്ളവൻ ആകണമെങ്കിൽ നന്നായി ദൈവത്തേ ഭയപ്പെടണം.

ഐശ്വര്യവും സമ്പത്തും എല്ലാവരും ഇഷ്ടപെടുന്നതും, ആഗ്രഹിക്കുന്നതുമായ വാക്കുകൾ ആകുന്നു. ഏതു മനുഷ്യനും സ്വപ്നം കാണുന്നതും രാപകൽ ഇല്ലാതെ ഈ കാണുന്ന നെട്ടോട്ടം ഓടുന്നതും ഐശ്വര്യവും സമ്പത്തും നേടുവാൻ വേണ്ടിയല്ലേ.!!! എന്നാൽ ആശിക്കുന്ന അളവിൽ നേടുന്നുണ്ടോ എന്നതാണ് ആദ്യത്തേ ചോദ്യം?.

ഇതിനെ രണ്ടു ഘടകങ്ങൾ ആയി തരം തിരിച്ചു പഠിച്ചാൽ, ഐശ്വര്യം ദൈവത്തിന്റെ കൈവശം മാത്രമുള്ളതും ദൈവത്തിന്റെ ഭാഗത്തു നിന്നും മാത്രം വരുന്നതുമായ വരദാനങ്ങളും ആശിർവാദങ്ങളും ആകുന്നു. അതായത് ദൈവീക ഭാവം, ദൈവീക സാമിപ്യം, സ്വസ്ഥത, മാനം, ധനം, മനഃസമാധാനം, മനഃശാന്തി, മനഃസംതൃപ്തി, മനുഷ്യത്വം, മുഖപ്രസാദം, ഒന്നുകൂടി ചേർത്തു പറയാം സുഖനിദ്രയും ആരോഗ്യവും ദുഖവും ഇല്ലാതെ, എല്ലാവിധത്തിലും തികയുന്ന അവസ്ഥ, എന്നയർത്ഥം.

അതുകൊണ്ടല്ലേ നാം പറയുന്നത് ” അവന്റെ മുഖത്തു നോക്കിയാൽ എന്തൊരു ഐശ്വര്യമാണ്, അവരുടെ വീട്ടിൽ ചെന്നാൽ എന്തൊരു ഐശ്വര്യമാണ്” എന്നൊക്കെ. ഐശ്വര്യം പുറമേ കാണുന്നതിൽ ഉപരി അനുഭവിച്ചറിയുന്ന വികാരമാണ്.

ഐശ്വര്യം നെടുവാൻ എന്തെല്ലാം പങ്കപ്പാടുകൾ മനുഷ്യൻ ചെയ്യുന്നു. എത്ര ചിലവിടുന്നു, പ്രയത്നിക്കുന്നു, കുറുക്കുവഴികൾ തേടുന്നു. എന്നാൽ ലഭ്യമോ എന്നതാണ് അടുത്ത ചോദ്യം?. ഐശ്വര്യത്തേ, സമ്പത്ത്/പണം കൊണ്ട് വാങ്ങാം എന്നു വിചാരിച്ചാൽ ഒരിക്കലും നടക്കില്ല, മറിച്ച് ദൈവത്തിൽ നിന്നു തന്നേ അളവില്ലാതെ വരണം. അതിന് സത്യത്തിൽ നിലനിക്കുന്ന കാപട്യം ഇല്ലാത്ത, വഞ്ചനയില്ലാത്ത, ജീവിതം ഉണ്ടാകണം. അല്ലാതെ വീടിന്റ മുൻപിൽ ബോർഡ്‌ വെച്ചാലോ വീടിന് അങ്ങനത്തെ പേരിട്ടാലോ പ്രയോജനമില്ല.

ചിലർ സമ്പത്തിനെയാണ് ജീവിതത്തിലെ ഐശ്വര്യമായി കാണുന്നത്. യഥാർത്ഥത്തിൽ പറഞ്ഞാൽ സമ്പത്ത് എന്ന പദം, പണപരമായ വിഷയത്തോടെ ഏറ്റവും കൂടുതൽ യോജിക്കുന്ന പദമായി കണക്കാക്കുന്നു.

ഐശ്വര്യം വന്നാൽ സമ്പത്ത്/പണം വരാൻ സാധ്യതകൾ ഉണ്ട്. എന്നാൽ സമ്പത്ത്/പണം വർദ്ധിച്ചാൽ മുകളിൽ പറഞ്ഞിരിക്കുന്ന ഐശ്വര്യവുമായി ബന്ധപെട്ട കാര്യങ്ങളിൽ ഒന്നുപോലും തന്നേ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ വരണം എന്നു നിർബന്ധം ഇല്ലേ ഇല്ലാ എന്ന കാര്യം നാം ഓർക്കണം.

എത്രയോ സമ്പത്തുള്ളവർ എല്ലാം ഉണ്ടായിട്ടും, ലേശം പോലും ദൈവീക സാമിപ്യം, സ്വസ്ഥത, മനഃസമാധാനം, മനഃശാന്തി, മനഃസംതൃപ്തി, സുഖനിദ്രയില്ലാതെ, ലഹരിയേയും മരുന്നിനെയും ആശ്രയിച്ചു ജീവിതം കഴിച്ചുകൂട്ടുന്നു. സമാധാനം തരാതെ, നിദ്ര കെടുത്തി, സമ്പാദിക്കുന്നതൊന്നും ദൈവീകം അല്ല.

സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതെന്ന് വചനം മുന്നറിയിപ്പും തരുന്നു. കാരണം, സമ്പത്തു വർദ്ധിച്ചാൽ പിന്നെ അതുണ്ടാക്കണം എന്ന ചിന്ത മാത്രമേ മനസ്സിൽ വരൂ. ഒന്ന് രണ്ടാക്കണം, രണ്ട് നാല് ആക്കണം നാല് എട്ട് ആക്കണം എന്ന തീരാത്ത, അടങ്ങാത്ത ആഗ്രഹം. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും എന്നു വചനം ഉറപ്പിച്ചു പറയുന്നു.

എന്നാൽ “ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെ പ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും” (യിരേ 17:11). ഇപ്പോൾ അവൻ സ്വയമേ ഞാനൊരു മിടുക്കൻ, ബുദ്ധിമാൻ, സമര്‍ത്ഥൻ എന്നൊക്കെ തോന്നാം, എന്നാൽ അവൻ അവസാനം ഭോഷനായിതീരും എന്നു വചനം പഠിപ്പിക്കുന്നു.

നാം ദൈവഹിതത്തിന് വിരോധമായി ചതിച്ചും, വഞ്ചിച്ചും, കൗശലത്തിൽ കൂടിയും മറ്റുള്ളവരുടെ നെടുവീർപ്പും, കണ്ണുനീർ വീഴിച്ചും, നേടുന്നത് ശാശ്വതമല്ല. അങ്ങനെയുള്ളതിനെ കുറിച്ച് വചനം പറയുന്നു. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു: നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; (ഹഗ്ഗാ 1:6-9).

ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു യേശു പറഞ്ഞ വാക്കുകൾ വളരെ അർത്ഥമുള്ളതാകുന്നു (ലൂക്കോ 3:14).

അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വർദ്ധിച്ചു വർദ്ധിച്ചു വരും. കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; (സദൃ 13:11, 21:6). നിന്റെ ഹൃദയം ധനം നിമിത്തം ഗർവ്വിച്ചുമിരിക്കുന്നു (യേഹേ 28:5).

സമ്പത്തു സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; (സദൃ 19:4). സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു യേശു ശിഷ്യന്മാരുടെ മുഖത്തു നോക്കി പറഞ്ഞു (ലൂക്കോ 18:24).

സമ്പത്ത് എവിടെനിന്നും വരുന്നു?.
എന്റെ ശക്തിയും എന്റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം… അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു.. (ആവ 8:17-18).

വചനം പറയുന്നു, “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അതിനോട് യഹോവ ദുഃഖം കൂട്ടുന്നില്ല (അൽപ്പം കൂടി വ്യക്തമായി പറഞ്ഞാൽ ദുഖം വരുന്ന യാതൊന്നും അതിനോട് കലർത്തുന്നില്ല)”. യഥാർത്ഥത്തിൽ ഇങ്ങനെ ആയിരുന്നു മലയാളം തര്‍ജ്ജിമയിൽ വരേണ്ടിയിരുന്ന വാക്യം. (The blessing of the LORD, it maketh rich, and he addeth no sorrow with it…धन यहोवा की आशीष ही से मिलता है, और वह उसके साथ दु:ख नहीं मिलाता।).. (സദൃ 10:22).

ഇവിടെ ഒരുകാര്യം സുവ്യക്തം, ദൈവം തരുന്ന സമ്പത്തിന്റ കൂടെ ഐശ്വര്യവും, അനുഗ്രഹവും, ആശിർവാദവും സൗജന്യമായി (ബോണസ്) ആയി ലഭിക്കുന്നു എന്നു ചുരുക്കം. അങ്ങനെ പറയുമ്പോൾ ഒരുകാര്യം കൂടി പറയാതെ പോയാൽ ശരിയാകില്ലല്ലോ, ദൈവം തരാതെ നാം വളഞ്ഞ വഴിയിലും, കൗശലത്തിലും, സത്യത്തിനും ന്യായത്തിനും നീതിക്കും വിരുദ്ധമായി നേടുന്ന യാതൊരു സമ്പത്തിലും, സ്ഥാനത്തിലും, മാനത്തിലും, പ്രവർത്തിയിലും, ശുശ്രുഷയിലും ദൈവീക ഐശ്വര്യവും അനുഗ്രഹവും ലഭിക്കുന്നില്ല എന്നതല്ലേ സത്യം. അപ്പോൾ, ദൈവം തരുന്ന ന്യായമായ അനുഗ്രഹം മാത്രം മതി നമ്മുടെ ജീവിതത്തിൽ എന്നു സ്വയം തീരുമാനിക്കാം.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like