ന്യൂ ഇൻഡ്യ ബൈബിൾ ചർച്ച് പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സംസ്കാരം ഒക്ടോബർ 11 ന്

post watermark60x60

തിരുവല്ല: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡണ്ടും കേരളത്തിലെ സീനിയർ പെന്തെക്കോസ്ത് സഭാനേതാക്കളിൽ ഒരാളുമായ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സംസ്കാരം ഒക്ടോബർ 11ന് ഉച്ചയ്ക്ക് 1.30ന് പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച് സെമിത്തേരിയിൽ.
ചെങ്ങന്നൂര്‍ പേരൂര്‍ക്കാവ് കുടുംബത്തില്‍ ജി. ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1939 സെപ്റ്റംബര്‍ 11ന് ജനിച്ച പാസ്റ്റർ തോമസ് ഫിലിപ്പ് മാര്‍ത്തോമ്മാ കോളജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടിയശേഷം പായിപ്പാട് ട്യൂട്ടോറിയല്‍ കോളജ് സ്ഥാപിച്ച് അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.
മര്‍ത്തോമ്മാ സഭയില്‍ ആയിരിക്കുമ്പോൾ തന്നെ ആത്മീയ കാര്യങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നു. പെന്തെക്കോസ്ത് മിഷനില്‍ സ്‌നാനമേറ്റു. സുവിശേഷപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം സ്വന്തം ഭവനത്തോടു ചേര്‍ന്ന് സണ്ടേസ്‌കൂള്‍ ആരംഭിച്ചു. പാസ്റ്റര്‍ ആലപ്പുഴ ജോര്‍ജ്കുട്ടിയുടെ സഹപ്രവര്‍ത്തകനായി ചില വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സഭയായ ദൈവസഭയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അറുപതുകളിലായിരുന്നു ഈ പ്രവര്‍ത്തനം. സഹോദരന്‍ ഡോ. ഏബ്രഹാം ഫിലിപ്പ് ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ സ്ഥാപിച്ചതോടെ ആ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ സജീവമായി. പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിള്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1973ല്‍ തന്നെ ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് സ്ഥാപിച്ച് നേതൃത്വം നല്‍കി. കേരളത്തിലെ പെന്തെക്കോസ്ത് ഐക്യപ്രവര്‍ത്തനങ്ങളുടെ വേദിയായിരുന്ന കേരളാ പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് എന്ന പ്രസ്ഥാനം തുടങ്ങുവാന്‍ പ്രേരണ നല്‍കി. ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ചിന്റെ വളര്‍ച്ചയില്‍ റവ. തോമസ് ഫിലിപ്പിന്റെ നേതൃത്വപാടവവും കഠിനാധ്വാനവും ശ്രദ്ധേയമാണ്.

നഷ്ടമായത് വേദപണ്ഡിതനും എഴുത്തുകാരനും വേദഅധ്യാപകനുമായിരുന്ന നല്ലൊരു ചർച് ലീഡറിനെയാണ്.
ഭാര്യ: മേഴ്‌സി തോമസ്. മക്കള്‍: ജോര്‍ജ് തോമസ്, തോമസ് ടി. ഫിലിപ്പ്, സ്റ്റാന്‍ലി, സോണി.

-ADVERTISEMENT-

You might also like