വിവാഹ – മരണ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്‌ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും.
സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും.

സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്‌സിനേഷന്‍ നിബന്ധന മതി.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.

സി എഫ് എല്‍ ടി സി, സി. എസ്.എല്‍. ടി സി കളായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോള്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പറ്റുന്ന വളണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്.

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.