ലേഖനം: സൺഡേസ്കൂളും യുവജന സംഘടനകളും | എഡിസൺ ബി ഇടയ്ക്കാട്

 

Download Our Android App | iOS App

മ്മുടെ സൺഡേ സ്കൂളുകൾക്കും യുവജന സംഘടനകൾക്കും കാലോചിതമായ പരിഷ്ക്കാരം ആവശ്യമില്ലേ ? നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പുതുതലമുറയുടെ വിശ്വാസസംബന്ധമായ മൂല്യച്യുതികളെ കുറിച്ചും നാം വാതോരാതെ സംസാരിക്കാറുണ്ട്. ഈ സാഹചര്യത്തിൽ തിരുവചനത്തിന്റെ അടിസ്ഥാന സത്യങ്ങളും ഉപദേശങ്ങളും പഠിപ്പിക്കുന്ന സൺഡേ സ്കൂളുകൾക്കും യുവജന സംഘടനകൾക്കും ഏതെങ്കിലും തരത്തിൽ മാറ്റം ആവശ്യമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ?

post watermark60x60

പാഠപുസ്തകങ്ങളിലെ ഭാഷാ പരിഷ്കാരങ്ങളും രൂപമാറ്റവും കുട്ടികളുടെ പ്രസ്ഥാനത്തിന്റെ കാലോചിതമായ മാറ്റങ്ങളായി പരിഗണിക്കാമോ ? ആഴ്ചകളിലെ ഒരു മണിക്കൂറാണ് സൺഡേസ്കൂൾ ക്ലാസുകൾക്കായി ചെലവഴിക്കാറുള്ളത്. പരമാവധി ഒന്നര മണിക്കൂർ. പാട്ടും, പ്രാർത്ഥനയും, ബൈബിൾ പാരായണവും, സ്തോത്രകാഴ്ചയും, ഗാനപരിശീലനവും, മനപ്പാഠം ചൊല്ലലും ഒക്കെയായി ഭൂരിപക്ഷ സമയവും കഴിയും. അവശേഷിക്കുന്ന പരിമിതമായ സമയമാണ് വചനപഠനത്തിനായി ചെലവഴിക്കുന്നത്.

ഒരു സൺഡേസ്കൂൾ ക്ലാസിൽ വചന പഠനത്തിനായി പരമാവധി ലഭിക്കുക  20 അല്ലെങ്കിൽ 30 മിനിറ്റുകൾ. സെന്ററും സംസ്ഥാനവും ജനറലും അടക്കമുള്ള കൺവൻഷനുകളും, സ്കൂളുകളിലെ അധിക പഠനസമയവും സൺഡേസ്കൂൾ സമയങ്ങളിൽ നിന്നും അപഹരിച്ചാൽ ഒരു വിദ്യാർഥിക്ക് പരമാവധി ഇരുപതോ ഇരുപത്തൊന്നോ മണിക്കൂറുകൾ മാത്രം വർഷത്തിൽ ലഭിക്കുന്നു. അതായത് ഒരു ദിവസത്തിന്റെ സമയം മാത്രം.

സൺഡേസ്കൂൾ ക്ലാസുകളിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിലൂടെ പുസ്തകത്തിന്റെ കനവും വർദ്ധിക്കാറുണ്ടെങ്കിലും മുൻ പറഞ്ഞ സമയത്തും, പരമാവധി ലഭിക്കുന്ന ദിവസങ്ങളിലും പഠിപ്പിച്ചു തീർക്കാൻ കഴിയുന്നുണ്ടോ എന്നതും മറ്റൊരു പ്രശ്നമാണ്.

ഇനി യുവജനസംഘടനകൾ നോക്കാം. സൺഡേ സ്കൂളിൽ പഠിച്ചത് പ്രാവർത്തികമാക്കുകയാണ് യുവജന സംഘടനകളിലൂടെ ചെയ്യേണ്ടത്. സാമൂഹിക പ്രവർത്തനങ്ങളും സേവന ദൗത്യങ്ങളുമായി യുവജനസംഘടനകൾ മുന്നേറുമ്പോഴും യുവജനങ്ങളുടെ ആത്മീയ അവബോധം വർധിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

സഭ നേരിടുന്ന ആനുകാലിക പ്രതിസന്ധികളെ തരണം ചെയ്യാൻ സൺഡേസ്കൂൾ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സൺഡേസ്കൂൾ സമിതികൾ പരിശോധിക്കണം. വിദഗ്ധ സമിതികളെ തെരഞ്ഞെടുത്തു ആനുകാലിക പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. ക്രൈസ്തവ സഭകൾക്കായി ഏകീകൃത സൺഡേസ്കൂൾ സിലബസും പരീക്ഷയും നടപ്പിലാക്കാൻ ശ്രമിക്കണം. സൺഡേസ്കൂൾ പഠന സമയങ്ങളിലും ശൈലിയിലും കാര്യമായ മാറ്റം വരുത്തണം. പൊതു അവധി ദിവസമായ ഞായറാഴ്ചകളിലെ സ്കൂൾ ക്ലാസുകൾ സൺഡേസ്കൂൾ പഠനത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പരിഹാരത്തിനായി സർക്കാർ തലങ്ങളിലും വിദ്യാഭ്യാസ വകുപ്പുകളിലും ഇടപെടൽ നടത്തുന്നതിലും തെറ്റില്ല.

സൺഡേ സ്കൂൾ ക്ലാസുകളും പുസ്തകങ്ങളും അടിസ്ഥാനമാക്കി സൺഡേ സ്കൂൾ ക്യാമ്പുകൾ മേഖലാ തലത്തിൽ സംഘടിപ്പിക്കണം. ഇത്തരം ക്യാമ്പുകൾ ചെറിയ അറിവുകളെ വിശാലമാക്കാൻ സഹായിക്കും.
സൺഡേ സ്കൂൾ അധ്യാപകർക്കായി സെമിനാറുകൾ സംഘടിപ്പിക്കണം. അറിയപ്പെടുന്ന പ്രഭാഷകരെ ഉൾപ്പെടുത്തി നടത്താറുള്ള പതിവ് സെമിനാറുകളിൽ നിന്നും വിപരീതമായി സൺഡേസ്കൂൾ പഠനത്തിന് ആവശ്യമായ വിദഗ്ധ പരിശീലനമാണ് ഇത്തരം സെമിനാറുകളിൽ കൂടി നൽകേണ്ടത്.

തെരഞ്ഞെടുപ്പ് മാമാങ്കങ്ങളും സംഘടനാ ചുമതലയും പ്രധാന അജണ്ടയായി മാറാതെ യുവജനങ്ങളെ ആർദ്രമായ ക്രിസ്തു സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന പദ്ധതികൾ ആകട്ടെ യുവജന സംഘടനകളുടെ ലക്ഷ്യം. യുവജനങ്ങൾക്കായി വിശ്വാസ സംബന്ധമായ തുടർ പഠനവേദികളും  ചർച്ചകളും അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി തിരക്കിട്ട വിദ്യാഭ്യാസ ശീലങ്ങളിലേക്ക് മാറുന്ന യുവജനങ്ങൾക്കിടയിൽ സ്വതന്ത്ര ക്രൈസ്തവ സംഘടനകൾ ചെലുത്താറുള്ള സ്വാധീനം പോലും സഭകളുടെ യുവജന കൂട്ടായ്മകളിൽ നിന്നും ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

യുവജനങ്ങൾ ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കാൻ മികച്ച ക്യാമ്പസും ഇതര സംസ്ഥാനങ്ങളും രാജ്യങ്ങളും തേടി പോകുമ്പോഴും വിശ്വാസ രീതികൾക്ക് മാറ്റം വരുത്താൻ കഴിയാത്തവിധം അടിസ്ഥാനം ഇടാൻ നമ്മുടെ പുത്രികാ സംഘടനകൾക്ക് സാധിക്കണം. ക്രൈസ്തവ യുവസമൂഹത്തിന്റെ വിശ്വാസത്യാഗം സംബന്ധിച്ച് തുറന്നുപറച്ചിലുകൾ സെമിനാറുകളിലും സഭായോഗങ്ങളിലും മാത്രമായി ഒതുങ്ങാതെ കാര്യമായ പരിഹാര നടപടികളിലേക്ക് കടക്കാൻ കുട്ടികളുടെയും യുവജനങ്ങളുടെയും സംഘടനകൾക്ക് സാധിക്കണം. കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം സൺഡേ സ്കൂളുകൾക്ക് മാത്രമല്ല എന്ന വാദം ഉയർത്തി സംഘടനകൾ പിന്മാറരുത് എന്ന് അപേക്ഷിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...