മഹാരാഷ്ട്രയിൽ പേമാരി: 136 മരണം: കൊങ്കണിൽ മണ്ണിടിഞ്ഞ് ട്രെയിന്‍പാളം തെറ്റി

 

Download Our Android App | iOS App

മുംബൈ: കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും അതേത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ 136 പേർ മരിച്ചു.

post watermark60x60

ഇതിൽ 47 പേർ റായ്ഗഡിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരാണ്.
സൈന്യവും എൻഡിആർഎഫും ചേർന്നുള്ള രക്ഷാപ്രവർത്തനം വിവിധയിടങ്ങളിൽ തുടരുകയാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

പശ്ചിമ മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ മരിച്ചവരുടെ എണ്ണം 27 ആണ്. കിഴക്കൻ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ് മറ്റ് മരണങ്ങൾ.
റായ്ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മലയുടെ അവശിഷ്ടങ്ങൾ പാർപ്പിട പ്രദേശത്ത് പതിച്ച് 36 പേരാണ് മരിച്ചത്. മുപ്പത്തിയഞ്ച് വീടുകളാണ് മണ്ണിനടിയിലായത്. 70 ലധികം പേരെ കാണാതായി.

സതാരയിലെ പത്താൻ തഹ്സിലിലെ അംബേഗർ, മിർഗാവ് ഗ്രാമങ്ങളിലും വ്യാഴാഴ്ച രാത്രി എട്ട് വീടുകൾ മണ്ണിനടിയിലായി. രത്നഗിരി ജില്ലയിലെ ചിപ്ലൂണിലെ കോവിഡ് ആശുപത്രിയിൽ വെള്ളപ്പൊക്കത്തിൽ വൈദ്യുതി വിതരണം നിലച്ചതിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ എട്ട് രോഗികൾ മരിച്ചു.
മുംബൈയോട് ചേർന്നുള്ള ഗോവണ്ടിയിൽ കെട്ടിടം തകർന്ന് നാല് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പരിക്കേറ്റ ആറ് പേരെ മുംബൈയിലെ രാജ്വാഡിയിലും സിയോൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗോവയിൽ തീവണ്ടി പാളം തെറ്റി. മംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട പാസഞ്ചർ തീവണ്ടിയുടെ മേലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. യാത്രക്കാർക്കാർക്കും പരിക്കില്ല. പാളം തെറ്റിയ കോച്ചിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി തീവണ്ടി കൂലം സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു. മുംബൈയിലേക്കുള്ള മംഗളൂരു എക്സ്പ്രസ് ലോണ്ട-മീറജ് റൂട്ടിലാണ് പാളം തെറ്റിയത്.

കനത്തമഴയെത്തുടർന്ന് ദുധ്സാഗർ-സൊണോലിം സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് മണ്ണിടിഞ്ഞ് വീണ് തീവണ്ടി പാളം തെറ്റുന്നത്. തുടർന്ന് ഇതുവഴിയുള്ള തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. നിലവിൽ മുംബൈയിലേക്കും കേരളത്തിലേക്കുമുള്ള വണ്ടികൾ വഴിതിരിച്ചുവിടാൻ കഴിയാത്ത അവസ്ഥയിലാണ്. വണ്ടിയിലെ 345 യാത്രക്കാരെയും പിന്നീട് തിരികെ മഡ്ഗാവിൽ എത്തിച്ചു.

സംഭവത്തെ തുടർന്ന ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ബുധനാഴ്ച പുറപ്പെട്ട 02780 ഹസ്രത്ത് നിസാമുദ്ദീൻ-വാസ്കോഡഗാമ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ലോണ്ടയ്ക്കും വാസ്കോ ഡഗാമയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി.

-ADVERTISEMENT-

You might also like
Comments
Loading...