ലേഖനം: പരദേശിയുടെ പാർപ്പിടം | ജോസ് പ്രകാശ്

ഭൂമിയിൽ നാം പരദേശികളാണ്. ഭൂരിഭാഗം പേർക്കും പാർക്കുവാൻ ഒരു താല്ക്കാലിക കൂടാരം അഥവാ വീടുണ്ട്. ഇവിടെ നമുക്ക് സ്വന്തമെന്ന് അവകാശപ്പെടുവാൻ യാതൊന്നുമില്ല. നമ്മുടെ സ്വന്തദേശം ഉയരത്തിലെ  സ്വർഗ്ഗമാണ്. അവിടെയാണ് നമുക്ക്  നിത്യഭവനവും ശാശ്വതമായ  വാസസ്ഥലങ്ങളുമുള്ളത്.

post watermark60x60

അക്കരെയുള്ള വീട്ടിൽ ചെന്ന് ചേരുന്നതിന് മുമ്പായി ഇക്കരെയുള്ള കൂടാരത്തിൽ ചെയ്തു തീർക്കേണ്ട  നിരവധി കാര്യങ്ങളുണ്ട്. അവയിൽ നിന്നും ദൈവം പ്രകാശിപ്പിച്ചവയെ നമ്മുടെ ആത്മീക വർദ്ധനവിനായി പ്രാർത്ഥനാപൂർവ്വം പരിശോധിക്കാം.

● ദൈവ വചനത്തിന് പ്രഥമ പരിഗണന നല്കുക  (സങ്കീർ – 119:54).

Download Our Android App | iOS App

വിശുദ്ധ തിരുവെഴുത്തുകളിലെ വചനങ്ങൾ ദൈവത്തിന്റെ വാക്കുകളാണ്.
പരദേശ വാസത്തിലെ വഴികാട്ടിയാണ് ദൈവ വചനം. ദൈവമക്കളുടെ ഭവനത്തിൽ എന്നും   ദൈവവചന പാരായണം ഉണ്ടാകണം. അതിനായുള്ള സമയം മറ്റു യാതൊന്നും അപഹരിക്കുവാൻ അനുവദിക്കരുത്. വചനമാകുന്ന വിളക്ക് കുടുംബത്തിൽ പ്രകാശം പരത്തും. വചനാടിസ്ഥാനമുള്ള ഭവനം വീഴ്ചയെ അതിജീവിക്കും. ഓർക്കുക വചനാധിഷ്ഠിതമല്ലാത്ത പ്രവർത്തികൾ നിഷ്ഫലമാണ്.

യഹോവ നല്കിയ അവകാശവും, പ്രതിഫലവുമായ
മക്കളുമൊത്തു വീട്ടിൽ ദൈവവചന സംഭാഷണവും ചിന്തകളും കൊണ്ട് ബന്ധങ്ങൾ ഉറപ്പിക്കണം.
നാം അവയെ അവർക്ക് ഉപദേശിച്ചു കൊടുക്കണം. അപ്പോൾ അവർ പരിധിക്ക് അകത്ത് നമ്മുടെ മേശെക്കു ചുറ്റും ഒലിവുതൈകൾ പോലെ ഇരിക്കും (ആവർ 6:6-7,9).

കൺമുമ്പിൽ തെളിയുന്ന പാപത്തിന്റെ ക്ഷണഭംഗുരമായ മായകാഴ്ച്ചകളെ പ്രതിരോധിക്കുവാൻ ഹൃദയപ്പലകയിൽ ആഴത്തിൽ പതിയപ്പെടുന്ന വചനങ്ങൾ നമ്മെയും തലമുറകളെയും  പ്രാപ്തരാക്കും.

പ്രാർത്ഥന പതിവാക്കുക
(ഇയ്യോ 1:5; അ.പ്രവൃ 1:14,10:2).

പ്രതിദിന കുടുംബ പ്രാർത്ഥന ഭവനത്തിന്റെ നട്ടെല്ലാണ്. ഭക്ഷണം മുടങ്ങിയാലും  പ്രാർത്ഥന മുടങ്ങരുത്.  ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിക്കേണമെന്ന പ്രമാണം  ഈ മഹാമാരിക്കാലത്ത് വളരെ നിർണ്ണായകമാണ്. വ്യക്തിപരമായ പ്രാർത്ഥനക്ക് മുടക്കം വരുത്തരുത്.

പ്രാർത്ഥനയെക്കുറിച്ചുള്ള ഒരു ഉദ്ധരണി ഇപ്രകാരമാണ്; ”More Prayer more power, Less Prayer less power and No Prayer no power.” ധാരാളം പ്രാർത്ഥന കൂടുതൽ ശക്തി പകരുന്നു. പ്രാർത്ഥനയുടെ അളവാണ് അകത്തെ മനുഷ്യന്റെ കരുത്ത്  തെളിയിക്കുന്ന ഘടകം. അപ്പൊസ്തലനായിരുന്ന പൗലോസും പട്ടാളമേധാവിയായിരുന്ന കൊർന്നേല്യൊസും  വീട്ടിൽ പ്രാർത്ഥന കഴിച്ചവരാണ്. എല്ലാം കൈവിട്ടു പോകുമ്പോഴുള്ള അപേക്ഷയല്ല, എല്ലാം കൈവശമുള്ളപ്പോഴുള്ള നന്ദികരേറ്റലാണ് പ്രാർത്ഥന.

ഉല്ലാസവും സ്തുതിയും ഉണ്ടാകണം
(സങ്കീർ- 118:15).

വഷളത്തം വർധിതമായ വർത്തമാന കാലത്തിൽ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ ആത്മീക വർദ്ധനവിനായി പരമാവധി പ്രയോജനപ്പെടുത്തണം. ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ  ഹൃദയംഗമായി  കർത്താവിന് കീർത്തനങ്ങൾ ആലപിക്കണം. സർവകാര്യങ്ങൾക്കായും ദൈവത്തിന് എപ്പോഴും സ്തോത്രം അർപ്പിക്കുകയും പരസ്പരം പ്രബോധിപ്പിക്കയും ചെയ്യണം.

പരമാർത്ഥ (നിഷ്കളങ്ക) ഹൃദയത്തോടെ പെരുമാറുക (സങ്കീർ – 119:54).

ആത്മീക ജീവിതം പോലെ പ്രധാനമാണ് പ്രായോഗിക ജീവിതവും.
നിഷ്കളങ്കരെന്ന് ദൈവത്താൽ അറിയപ്പെട്ടവരാണ് നോഹ, ഇയ്യോബ് തുടങ്ങിയ ഭക്തന്മാർ. ആദിമ വിശ്വാസികളുടെ വീടുകളിൽ ഹൃദയപരമാർത്ഥതയുടെ നിറവുണ്ടായിരുന്നു.

നാം അവിടുത്തെ മഹിമാ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻ വേണ്ടി നമ്മെ ലോകസ്ഥാപനത്തിനു മുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തിരിക്കയാൽ വീട്ടിനകത്തും പുറത്തും നിഷ്കളങ്കമക്കളായി ജീവിക്കാം. നീച കാര്യങ്ങൾ ഒഴിവാക്കി നിഷ്കളങ്ക മാർഗ്ഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

സ്വർഗ്ഗത്തിലേക്ക് നിക്ഷേപം സമാഹരിക്കുക (മത്താ 6:20).

ദൈനംദിന ആവശ്യങ്ങളിൽ ജാഗ്രത പുലർത്തുന്നവർ ദൈവവിഷയത്തിലും ഉത്സുകരാകണം.
ദൈവത്തെ നമ്മുടെ ധനം കൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്കണം (സദൃ.വാ -3:9).

പരമപ്രധാനമായി ദൈവരാജ്യത്തിന്  മുൻഗണന നല്കുന്നവർക്ക് സമസ്ത മേഖലകളിലും ദൈവീക ഇടപെടൽ തുണയായി ഉണ്ടാകും.
ദൈവഭയത്തോട് കൂടിയ പ്രയത്നം വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ട് വരും. നമ്മുടെ കൈകളുടെ അദ്ധ്വാനഫലം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകും; മാത്രമല്ല നമുക്കു നന്മയും വരും. ആലയങ്ങൾ ശൂന്യമായിരിക്കുന്ന  ഈ സന്ദർഭത്തിൽ നന്മ ചെയ്യുന്നതിൽ നാം മടുത്ത് പോകരുത്. എളിയവരെ ആദരിക്കുന്നതിൽ അനാസ്ഥ കാട്ടരുത്. പ്രാപ്തിപോലെ നന്മ ചെയ്തും കൂട്ടായ്മ കാണിച്ചും  ഉയരത്തിലേക്ക് നിക്ഷേപിക്കാം.

അതിഥികളെ സൽക്കരിക്കുക (എബ്രാ 13:1).

അതിഥിസൽക്കാരം മറക്കരുത്. ദൈവ ഭക്തരെ ഭവനത്തിൽ കൈക്കൊള്ളണം. ദൈവം അതിഥികളായി അയക്കുന്ന വിശുദ്ധന്മാരെ സൽക്കരിക്കണം.
(2 രാജാ 4:8). ഓർക്കുക, ദൈവനാമത്തോടു നാം പ്രകടിപ്പിക്കുന്ന സ്നേഹവും, ഭക്തന്മാർക്കുവേണ്ടി നാം മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും ഓർത്തു വെച്ച്  അനുഗ്രഹിക്കുന്ന  ദൈവത്തെയാണ്‌ നാം പിന്തുടരുന്നത്. നാം അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുപാത്രത്തിലാണ്  നമുക്ക്  പ്രതിഫലം തിരികെ ലഭിക്കുന്നതെന്ന് മറന്നു പോകരുത്.

താല്ക്കാലിക പാർപ്പിടമായ ഈ വഴിയമ്പലത്തിൽ വിശ്രമിച്ച് യാത്ര തുടരുന്ന തീർഥാടകരായ നമ്മുടെ ആത്മീയ യാത്രയിലും, നാം പാർക്കുന്നിടത്തും  ദൈവത്തിന്റെ പ്രമാണങ്ങളായിരിക്കട്ടെ നമ്മുടെ വഴിവിളക്കുകൾ.

ദൈവം നമ്മോടു കല്പിച്ചിരിക്കുന്ന ഈ വചനങ്ങൾ നമ്മുടെ അധരത്തിൽ മാത്രമല്ല ഹൃദയത്തിലും  ഇരിക്കേണം. യേശു ഈ വീടിന്റെ നായകനെന്ന് പുറമെ എഴുതുമ്പോഴല്ല, പ്രത്യുത ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തിൽ  കർത്താവായി വാഴുവാൻ അനുവദിക്കുമ്പോഴാണ്‌ നമ്മുടെ ഭാവി ഭദ്രമാകുന്നത്. ആകയാൽ മഹാമാരി മാറിപ്പോകുവോളം വീടുകൾ സഭകളാകട്ടെ. ദിനവും വചനം ധ്യാനിക്കാം. മടുത്തു പോകാതെ പ്രാർത്ഥനയിൽ ഉറ്റിരിക്കാം. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം ഉയർത്താം. പരസ്പരം പരമാർത്ഥയോടെ  പെരുമാറാം. ഉയരത്തിലേക്ക് നിക്ഷേപം സ്വരൂപിക്കാം. ആതിഥ്യ മര്യാദകൾ അനസ്യൂതം  തുടരാം.

” ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ ദൈവത്തിന്റെ  ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു ” (സങ്കീർത്തനങ്ങൾ 119:54).

ജോസ് പ്രകാശ്

-ADVERTISEMENT-

-ADVERTISEMENT-

You might also like