ലേഖനം: ദരിദ്രരോടു ദയയുള്ളവരാകുക | പാസ്റ്റര്‍ ടി. വി. തങ്കച്ചന്‍

ജീവിതത്തിനാവശ്യമായ സുഖസൗകര്യങ്ങളുടെ (വേണ്ടത്ര ആഹാരം, വസ്ത്രം, പാർപ്പിടസൗകര്യം, ശുദ്ധജലം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, സ്വാതന്ത്ര്യം) ഇല്ലായ്മയും അത്യാവശ്യ സാധനങ്ങളുടെ ദൗർലഭ്യത ഉളവാക്കുന്ന അവസ്ഥകളുമാണു ദാരിദ്യം. ഈ പറയപ്പെട്ട സുഖസൗകര്യങ്ങൾ ഇല്ലാത്തവരാണു ദരിദ്രർ. 2010 ലെ കണക്കു പ്രകാരം ഇന്ത്യയിൽ ഏകദേശം 37.2 ശതമാനം ആളുകൾ ദേശീയ ദാരിദ്ര്യ രേഖയ്ക്കു താഴെയാണു ജീവിക്കുന്നതു. കോവിഡു പിടിമുറുക്കിയ ഒരു വർഷത്തിനിടയിൽ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽ നിന്നു 13.4 കോടി (ഇരട്ടിയിൽ അധികം) ആയതായി പഠനം വെളിപ്പെടുത്തുന്നു.

Download Our Android App | iOS App

വേദപുസ്തക ചരിത്രം പഠിച്ചാൽ അക്കാലത്തും ദരിദ്രർ ഉണ്ടായിരുന്നതായും ദരിദ്രരെ മറ്റുള്ളവർ സഹായിക്കണം എന്നും അവരുടെ ന്യായം മറിച്ചു കളയരുതെന്നും സ്വന്തം കൃഷിസ്ഥലങ്ങൾ ഏഴാം വർഷം കൃഷിചെയ്യാതെ ദരിദ്രർക്കായി വിട്ടുകൊടുക്കണമെന്നും മറ്റുമായ അനേകം വ്യവസ്ഥകൾ കാണുവാൻ കഴിയും. ദൈവപ്രമാണം അനുസരിച്ചു ജീവിക്കുന്ന ഒരുവനെ ദൈവം ഏറ്റവും അനുഗ്രഹിക്കുമെന്നും അവൻ വായിപ്പ വാങ്ങേണ്ടി വരുന്ന സ്ഥിതി ഉണ്ടാകയില്ല എന്നും വല്ല ദരിദ്രനും ഉണ്ടെങ്കിൽ അവനു നേരെ നിന്റെ ഹൃദയം കഠിനമാക്കരുതെന്നും നിന്റെ കൈ തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണമെന്നും വ്യവസ്ഥയുണ്ട്‌ (ആവ.15:4-11).
“നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ
പാർക്കേണം” (ലേവ്യ.25:35).
“നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു. അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുതു; അവൻ ദരിദ്രന്നും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരരുതു” (ആവ.24:14,15).

post watermark60x60

ദരിദ്രരോടു ദയയുള്ള ദൈവം:

ദൈവം ദരിദ്രരോടു ദയ കാണിക്കുന്നവനാണു എന്നതിനു വചനത്തിൽ പല തെളിവുകൾ ഉണ്ടു. -ദൈവം ദരിദ്രനെ മറക്കുന്നില്ല (സങ്കീ.9:19).
-ദൈവം ദരിദ്രന്റെ പ്രാർത്ഥന (കേൾക്കുന്നു (സങ്കീ.69:33).
-ദൈവം നിലവിളിക്കുന്ന ദരിദ്രനെ ആദരിക്കുന്നു, വിടുവിക്കുന്നു, രക്ഷിക്കുന്നു (സങ്കീ.72:12,13).
-ദൈവം ദരിദ്രനെ കുപ്പയിൽ നിന്നു ഉയർത്തുന്നു, പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു (സങ്കീ.113:7,8).
-ദൈവം ദരിദ്രന്മാർക്കു വാരി വിതറി കൊടുക്കുന്നു (സങ്കീ.112:9).
ദരിദ്രരോടു സുവിശേഷം അറിയിപ്പാൻ അഭിഷേകം ചെയ്യപ്പെട്ടു ഭൂമിയിലേക്കു അയക്കപ്പെട്ട യേശു സമ്പന്നൻ ആയിരുന്നിട്ടും തന്റെ ജനത്തെ സമ്പന്നരാക്കേണ്ടതിന്നു (ആത്മീകമായും ഭൗതികമായും) ദരിദ്രനായി തീർന്നു എന്ന നാം (2കൊരി.8:9) വായിക്കുന്നു. അതുപോലെ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും ദരിദ്രരെ തങ്ങളാൽ ആവോളം ആത്മികമായിട്ടും ഭൗതികമായിട്ടും സമ്പന്നരാക്കുവാൻ കടമപ്പെട്ടവരാണു. സഖായി മാനസാന്തരപ്പെട്ടപ്പോൾ താൻ കർത്താവിനോടു പറഞ്ഞതു കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു എന്നാണു. നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം എന്നു ചോദിച്ച ഒരു പ്രമാണിയോടു യേശു പറഞ്ഞതു ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും എന്നാണു (ലൂക്കോ.18:18-22). ധനവാന്റെ പടിപ്പുരക്കൽ വ്രണം നിറഞ്ഞവനായി കിടന്ന ലാസർ എന്നു പേരുള്ള ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രഹാമിന്റെ മടിയിലേക്കു കൊണ്ടുപോയപ്പോൾ ധനവാനായ ആ മനുഷ്യൻ മരിച്ചു അടക്കപ്പെട്ടപ്പോൾ പാതാളത്തിൽ യാതനാസ്ഥലത്തേക്കു പോകേണ്ടി വരികയും അവിടെ താൻ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കയും ചെയ്തതായി യേശു പഠിപ്പിച്ചിട്ടുണ്ട്‌ (ലൂക്കൊ.16:19-31).

ദരിദ്രരോടു ദൈവത്തിനു കരുണയും മനസ്സലിവും ഉണ്ട്‌. എന്നാൽ അവർ ദൈവത്തെ ഭയപ്പെടുന്നവരും ദൈവത്തിന്റെ വഴികളിൽ നടക്കുന്നവരും ആയിരിക്കേണം എന്നു ദൈവം ആഗ്രഹിക്കുന്നു. ദൈവനാമത്തിൽ ഉള്ളതിൽ പങ്കു നൽകുന്നവരെ ദൈവം അറിയുന്നു, അനുഗ്രഹിക്കുന്നു. ദരിദ്രയായ ഒരു വിധവ ഭണ്ഡാരത്തിൽ രണ്ടു കാശു വഴിപാടു ഇടുന്നതു യേശു കണ്ടിട്ട്‌ അവളെ വിലക്കാതെ അവളുടെ ഉപജീവനം മുഴുവനും അർപ്പിക്കുന്നു എന്നു കണ്ടിട്ട്‌ അതിനെ പ്രശംസിക്കയാണു ചെയ്തതു. വിധവയും ദരിദ്രയും എങ്കിലും മനസുതുറന്നു ദൈവത്തിനു അർപ്പിക്കുന്നതു ദൈവം പ്രസാദകരമായി കണ്ടു സ്വീകരിച്ചു പ്രതിഫലം നൽകുന്നവനാണു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ധർമ്മോപകാരം ചെയ്‌വാൻ മനസ്സു തോന്നിയ മക്കെദോന്യക്കാരെക്കുറിച്ചും അഖായയിലുള്ളവരെക്കുറിച്ചും അഭിമാനത്തോടെ പൗലോസ്‌ പറയുന്നതുപോലെ ദരിദ്രരായവർക്കു ഉപകാരം ചെയ്യേണ്ട കടമ ദൈവജനത്തിനു ഉണ്ടു (റോമ.15:26). ദരിദ്രരെ ഓർക്കേണം എന്നും വചനം പറയുന്നുണ്ടല്ലോ (ഗലാ.2:10).

ദാരിദ്ര്യത്തിനു കാരണമായി ദൈവവചനം പറയുന്നു ചില വസ്തുതകൾ ശ്രദ്ധിക്കുക:

1. മടി അഥവാ അലസത – മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണി കിടക്കും (സദൃ.19:15).
-മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരും; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു (സദൃ.10:4).

2. ഉറക്കം അഥവാ നിദ്ര:. -മടിയാ, നീ എത്ര നേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേക്കും? കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും (സദൃ.6:9-11).
-നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും (സദൃ.23:21).

3. കുടിയും അതിഭക്ഷണവും:. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും (സദൃ.23:21). കുടി അഥവാ മദ്യപാനവും അമിതഭോജനപ്രിയവും മനുഷ്യരെ ദരിദ്രരാക്കും.

4. ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും (സദൃ.21:17). ധുർത്തും ആർഭാടവും ദാരിദ്ര്യത്തിലേക്ക് വഴി തെളിക്കും.

ആകയാൽ നിങ്ങൾ ഒരു ദരിദ്രനായിപ്പോകാതെയിരിപ്പാൻ ശ്രദ്ധിക്കുക. ദരിദ്രനായിപ്പോയാൽ ദൈവത്തോടു പ്രാർത്ഥിക്കുക; ദൈവം വിടുവിക്കയും ഉദ്ധരിക്കയും ചെയ്യും. നിങ്ങൾ ഒരു സമ്പന്നൻ ആണോ ദരിദ്രരെ ഓർക്കുക, അവരെ പരിഹസിക്കരുതു. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സൃഷ്ടാവിനെ നിന്ദിക്കുന്നു (സദൃ.17:5). അവരെ സഹായിക്കുക. ഓർക്കുക, ഭൗതിക ദാരിദ്യം വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും അപമാനകരമാണു. എന്നാൽ ആത്മാവിലെ ദാരിദ്ര്യം അഭിമാനകരമാണു. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു (മത്താ.5:3). യേശു നിന്റെ ആത്മികവും ഭൗതികവുമായ ദാരിദ്ര്യത്തിനു പരിഹാരം വരുത്തുന്നവനാണു.

പാസ്റ്റർ റ്റി. വി തങ്കച്ചൻ

-ADVERTISEMENT-

You might also like
Comments
Loading...