ചുട്ടുപൊള്ളി കാനഡ: കാട്ടുതീയും വ്യാപിക്കുന്നു

ഒട്ടാവ: കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 62 ഇടത്താണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറൻ കാനഡയിൽ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു.

വാൻകോവറിൽ നിന്ന് വടക്കുകിഴക്കൻ ഭാഗത്ത് 250 കി.മീ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതർ വ്യക്തമാക്കി. ലിട്ടൺ മേഖലയിലാണ് തീവ്യാപിക്കുന്നത് രൂക്ഷമായത്.

കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അതേസമയം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അപകടമോ മരണങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ആവശ്യമെങ്കിൽ കൂടുതൽ പേരെ ഒഴിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് റെക്കോർഡ് ചൂട് തുടരാൻ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം കാനഡയിൽ ഉഷ്ണതരംഗം മൂലം റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ കുതിച്ചുയരുകയാണ്. കൊടുംചൂടിൽ കാനഡയിലും യു.എസിലും നൂറുകണക്കിനാളുകൾ മരിച്ചുവീഴുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ 486 പേർക്കാണ് അപ്രതീക്ഷിതമരണം സംഭവിച്ചത്. വെള്ളിയാഴ്ചമുതൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെയുള്ള കണക്കാണിത്.

ഇതിൽ എത്രപേരുടെ മരണത്തിന് ഉഷ്ണതരംഗം കാരണമായെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാൽ, മുൻകണക്കുകൾപ്രകാരം പ്രവിശ്യയിൽ അഞ്ചുദിവസംകൊണ്ട് രേഖപ്പെടുത്തേണ്ട സാധാരണമരണങ്ങൾ ഏകദേശം 165 മാത്രമാണ്. ഈസ്ഥാനത്താണ് അപ്രതീക്ഷിതമരണം ഇത്രയുമധികം രേഖപ്പെടുത്തിയത്. പ്രവിശ്യയിലെ വാൻകൂവർ നഗരത്തിലാണ് കൂടുതൽപേർ മരിച്ചത്.
ആയിരംകൊല്ലത്തിനിടയിലെ ഏറ്റവുംകഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെൽഷ്യസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.