ചെറുകഥ: കുഷ്ഠരോഗി | ഷൈലജ ശ്രീജിത്ത്

അയാൾ പലവിധ ചിന്തകളിൽ നിമഗ്നനായി രാത്രിയിൽ ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കി കിടക്കുമ്പോൾ ഉള്ളിൽ തിങ്ങി നിറഞ്ഞ സങ്കടം കണ്ണുകളുടെ പെയ്തിറങ്ങി. എത്ര ദിനരാത്രങ്ങൾ കഴിഞ്ഞു. കുഷ്ഠരോഗത്തിൻ്റെ ഭീകരമായ അവസ്ഥ അയാളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. തൻ്റെ പ്രിയപ്പെട്ടവരെ ഇനിയും കാണുവാൻ കഴിയുമോ? ഈ രോഗത്തിന് സൗഖ്യം വരുമോ? തൻ്റെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഈ പാളയത്തിനു പുറത്ത് ഈ മണ്ണിൽ തീരുമോ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ അയാളുടെ ഹൃദയത്തിലൂടെ കടന്നുപോയി.
കുഷ്ഠം എന്ന രോഗം തൻറെ ശരീരത്തിൽ കഠിനമായി കൊണ്ടിരിക്കുന്നു. ഓരോ ദിവസവും കഴിയുന്തോറും തൻറെ അവയവങ്ങളുടെ മനോഹാരിത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആരും തിരിച്ചറിയാൻ പറ്റാത്ത വിധം താൻ വിരൂപമായി മാറി കൊണ്ടിരിക്കുന്നു എന്ന സത്യം അയാളെ തകർത്തു. ആർക്കും വേണ്ടാത്തവനായി, ആരു കണ്ടാലും അറയ്ക്കുന്ന ഒരു പാഴ്ജന്മം ആയി തീരാൻ പോകുന്നു. ഇരുട്ടിൻ്റെ പിടിയിൽ അമരാൻ പോകുന്ന തൻ്റെ ജീവിതത്തിലേക്ക് ഇനിയും ഒരിക്കലെങ്കിലും ഒരുതരി വെളിച്ചം പകരപ്പെടുമോ? അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

വിദൂരതയിലെവിടെയോ രാപ്പാടികളുടെ ശബ്ദം. കുറുനരികളുടെ കൂവലും, ചീവീടുകളുടെ ശബ്ദവും, അയാളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഉറക്കം അയാളെ വിട്ടുപോയിരിക്കുന്നു. കഠിനമായ വേദനയും, ഏകാന്തജീവിതവും അയാളെ വല്ലാതെ തളർത്തിയിരിന്നു. പ്രഭാതത്തിൽ സൂര്യൻ കിഴക്കേ ചക്രവാളത്തിൽ ഉദിച്ചുയർന്നിരിക്കുന്നു. വെളിച്ചം കണ്ണുകളിലേക്കടിച്ചപ്പോൾ വല്ലായ്മ തോന്നി. ഉറക്കം നഷ്ടപ്പെട്ട കൺപോളകൾ തടിച്ചുവീർത്തിരിക്കുന്നു. രോഗവും വിശപ്പും ദാഹവും എല്ലാം അയാളെ വളരെ ക്ഷീണിതനാക്കിയിരിക്കുന്നു.
തൻറെ അശുഭമായ ചിന്തകളിൽനിന്നുള്ള മോചനം ആഗ്രഹിച്ചായിരിക്കാം അയാൾ പതുക്കെ എഴുന്നേറ്റു തൻ്റെ പുതപ്പെടുത്ത് ശരീരം മൂടി നടക്കാനിറങ്ങിയത്. ഒരു തെരുവിൽ എത്തിയപ്പോൾ ഒരാരവം അയാൾ കേട്ടു. അയാൾ ശ്രദ്ധിച്ചു അത് ഒരാൾക്കൂട്ടത്തിൻ്റെതാണ്. ആരെങ്കിലും കണ്ടാലോ എന്ന് ഭയന്ന് ഒന്നുകൂടി പുതപ്പ് ശരീരത്തിലേക്ക് വലിച്ചിട്ടു. വസ്ത്രം വളരെ മുഷിഞ്ഞിരിക്കുന്നു വ്രണത്തിൽ നിന്ന് ഒഴുകുന്ന രക്തവും വെള്ളവും കൊണ്ട് അത് ശരീരത്തോട് ഒട്ടി പിടിച്ചിരിക്കുന്നു. മനം മടിപ്പിക്കുന്ന രൂക്ഷ ഗന്ധം എങ്കിലും അയാൾ അവിടെ കൂടി നിന്നവർ പറയുന്നത് ശ്രദ്ധിച്ചു. ആവരുന്നത് യേശുവാണെന്നും, അൽഭുതം ചെയ്യുന്നവനാണെന്നും കേട്ടു. ആ വാക്കുകൾ അയാൾക്ക് പ്രത്യാശ നൽകുന്നതായിരുന്നു. എങ്ങനെയെങ്കിലും യേശുവിൻ്റടുത്തെത്താൻ അയാൾ ആഗ്രഹിച്ചു. ആ ആരവം തൻ്റെ അടുക്കൽ വന്നു കഴിഞ്ഞു. അവരുടെ നടുവിലായി നടന്നുവരുന്ന യുവകോമളനായ ഒരു മനുഷ്യൻ. ആ മനുഷ്യൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരുന്നതുകൊണ്ടും അവരുടെ നടുവിൽ വരുന്നത് യേശുക്രിസ്തു എന്ന് അയാൾക്ക് മനസ്സിലായി. താൻ അശുദ്ധനാണെന്നുള്ളകാര്യം പോലും മറന്ന് അയാൾ സർവ്വശക്തിയുമെടുത്ത് അദ്ദേഹത്തിൻറെ അരികിലേക്ക് നടന്നു ചെന്നു, കുനിഞ്ഞ് യേശുവിൻറെ കാൽ തൊട്ടു നമസ്കരിച്ചു. “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” തകർന്നു പോയവൻറെ ഉള്ളിൽനിന്ന്, സർവ്വ പ്രതീക്ഷകളും അറ്റുപോയവൻറെ അവശേഷിക്കുന്ന ആഗ്രഹത്തിൻ്റെ വാക്കുകൾ. ആശയറ്റവൻ്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.
ആരും അടുക്കാൻ മടിക്കുന്ന, ദുർഗന്ധം വമിക്കുന്ന, തൊടാൻ അറയ്ക്കുന്ന അവൻറെ ശരീരത്തെ ചേർത്തുപിടിച്ചുകൊണ്ട് യേശു പറഞ്ഞു “എനിക്ക് മനസ്സുണ്ട് നീ ശുദ്ധനാക “എന്നു പറഞ്ഞു ആ നിമിഷം തന്നെ അയാളുടെ കുഷ്ഠരോഗം മാറി. താൻ ശുദ്ധനായത് അയാളുടെ ശരീരത്തിലറിഞ്ഞു. തന്നെ ചേർത്തുപിടിക്കാൻ മനസ്സ് കാണിച്ച സ്നേഹത്തിന്റെ പൂർണ്ണതയുടെ പ്രതീകമായ ക്രിസ്തുവിൻ്റെ മുഖത്തേക്ക് അയാൾ നോക്കി. അയാളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രു നിറഞ്ഞു. നഷ്ടപ്പെട്ടു പോയി എന്ന് ഞാൻ കരുതിയ എൻറെ ജീവിതം ക്രിസ്തു മടക്കി തന്നിരിക്കുന്നു. എൻറെ ഇരുളും മൂടിയ ജീവിതത്തിൽ യേശു വെളിച്ചം പകർന്നു. അയാൾ അയാളെ തന്നെ ശ്രദ്ധിച്ചു, നോക്കി വ്രണത്തിന്റെ പാടുകളില്ല, മനം മടുപ്പിക്കുന്ന ഗന്ധംഇല്ല, വിരൂപമായ് മാറിയ അവയവങ്ങളുടെ സ്ഥാനത്ത് പുതിയതൊന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

കൈവിട്ടുപോയ ജീവിതം മടക്കി തന്ന ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് പ്രിയപ്പെട്ടവരുടെ അരികിലേക്ക് സന്തോഷത്തോടെ സമാധാനത്തോടെ അയാൾ നടന്നു മറഞ്ഞു.
നിങ്ങളുടെ തകർന്നുടയപ്പെട്ട ജീവിതത്തെ പണിയാൻ യേശു കർത്താവിന് കഴിയും. ഏൽപ്പിച്ചു കൊടുത്താൽ, യേശുവിനെ സ്വീകരിച്ചാൽ, യേശു നിങ്ങളുടെ ഏതു വിഷയത്തിനും പരിഹാരം വരുത്തുവാൻ മതിയായവനാണ്. ആമേൻ!
(വായന ഭാഗം: മത്തായി 8: 1-4)

ഷൈലജ ശ്രീജിത്ത്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.