ചെറുചിന്ത: ദൈവം നമ്മോട് ഈ ചെയ്തത് എന്ത്? | ദീന ജെയിംസ് ആഗ്ര

പരമാർഥികൾ എന്ന് സ്വയം വിശേഷിപ്പിച്ച യോസേഫിന്റെ സഹോദരന്മാർ തമ്മിൽതമ്മിൽ പറഞ്ഞ ശ്രദ്ധേയമായ വാക്കുകളാണ് “ദൈവം നമ്മോട് ഈ ചെയ്തത് എന്ത് “(ഉല്പത്തി 42:28)ദേശത്തു ക്ഷാമം കഠിനമായിരുന്നു. മിസ്രയിമിൽ ധാന്യമുണ്ടെന്ന് കേട്ട യാക്കോബ് തന്റെ മക്കളിൽ ബെന്യാമിനൊഴികെ ബാക്കി പത്തുപേരെയും ധാന്യം വാങ്ങുവാൻ പറഞ്ഞയച്ചു. അവിടെയെത്തിയ തന്റെ സഹോദന്മാരെ നീണ്ട വർഷങ്ങൾ പിന്നിട്ടെങ്കിലും യോസേഫ് തിരിച്ചറിഞ്ഞു. എന്നാൽ സഹോദരന്മാർക്ക് അതിന് സാധിച്ചില്ല. യോസേഫ് സ്വയം വെളിപ്പെടുത്താതെ അവരോട് കഠിനമായി സംസാരിച്ചു. അവർ ഒറ്റുകാരാണെന്നു ആരോപണം ഉന്നയിച്ചു.സഹോദരന്മാർ ധർമ്മസങ്കടത്തിലായി. അവരുടെ വിവരങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞശേഷം അവരിലൊരുവനായ ശിമയോനെ അവർ കാൺകെ പിടിച്ചുകെട്ടി ധാന്യവുമായി ബാക്കിയുള്ളവരെ അയച്ചത് ഇളയസഹോദരനുമായി മടങ്ങിവരണം എന്നുള്ള ഒരുനിബന്ധനയിന്മേലാണ്. മനസ്സില്ലാമനസോടെ അവർക്കത് അംഗീകരിക്കേണ്ടി വന്നു. അവരുടെ മനസ് ആകെ വ്യാകുലപെട്ടിരുന്നു. ഒരു മകൻ നഷ്ടപെട്ട വേദനയിൽ കഴിയുന്ന അപ്പനോട് ശിമയോനെ കുറിച്ച് എങ്ങനെ പറയും… ബെന്യാമീനെ കൊണ്ടുപോകാൻ അപ്പൻ അനുവാദം തരുമോ…. അങ്ങനെ പല ചിന്തകൾ അവരെ അലട്ടി. മടക്കയാത്രയിൽ വഴിയമ്പലത്തിലെത്തി ചാക്ക് അഴിച്ചപ്പോൾ ദ്രവ്യം ചാക്കിന്റെ വായ്ക്കലിരിക്കുന്നു. അവരുടെ ഉള്ളം തളർന്നു. ഒന്നിനുപുറകെ ഒന്നായി പരീക്ഷണങ്ങൾ!!!!അവർ വിറച്ചു :ദൈവം നമ്മോട് ഈ ചെയ്തത് എന്ത് എന്ന് തമ്മിൽ പറഞ്ഞു.

ഈ പരീക്ഷണങ്ങൾ യോസേഫ് തന്റെ സഹോദരമാരോട് ചെയ്തത്, അവരോട് കഠിനമായി പെരുമാറിയത് അവരോട് വിദ്വേഷം ഉണ്ടായിട്ടല്ല, മറിച്ചു അവരെ സ്നേഹിച്ചിരുന്നത് കൊണ്ടാണ്. സഹോദരന്മാരെ തിരിച്ചറിഞ്ഞ യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു. അനുജനായ ബെന്യാമിനെ കണ്ട് അവന്റെ മനസ് ഉരുകി അറയിൽ കടന്ന് കരഞ്ഞു.

കഷ്ടതയാകുന്ന കഠിനശോധനകൾ ജീവിതത്തിൽ ആഞ്ഞടിക്കുമ്പോൾ പലപ്പോഴും നാമും ചോദിക്കാറുണ്ട് ദൈവം നമ്മോട് ഇങ്ങനെ ചെയ്തത് എന്ത്…. എന്നാൽ ഒരു സത്യം നാം മനസിലാക്കേണം അവൻ നമ്മെ സ്നേഹിക്കുന്നു!!!! കർത്താവ് താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു. അവന്റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. ശോധനകളിൽ സ്നേഹിക്കുന്ന ദൈവത്തെ അനുഭവിച്ചറിയാം!!!!

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.