ലേഖനം: നൊടി നേരത്തെ വെടിപ്പാക്കൽ | ജോസ് പ്രകാശ്

യേശു നാഥന്റെ ഐഹിക ശുശ്രൂഷയുടെ സമാപന വേളയിൽ അവിടുന്ന് പങ്കുവെച്ച ഒരു സുപ്രധാന സന്ദേശമാണ് (യോഹ- 15:2 )
“ഫലം കായ്ക്കാത്ത എല്ലാ ശാഖകളെയും ദൈവം വെട്ടിമാറ്റുന്നു, ഫലം കായ്ക്കുന്ന എല്ലാ ശാഖകളെയും അവിടുന്ന് ചെത്തിവെടിപ്പാക്കുന്നു, അതിനാൽ അത് കൂടുതൽ ഫലപ്രദമാകും.”
ഈ വേദഭാഗത്ത് കായ്ക്കാത്ത ശാഖയേയും ഫലം കായ്ക്കുന്ന ശാഖയേയും അവയുടെ അവസാനത്തെയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

വിശ്വാസ സമൂഹത്തിലും (സഭയിൽ) ഫലം പുറപ്പെടുവിക്കുന്നവരും ഫലരഹിതരമുണ്ട്. രണ്ടു കൂട്ടരുടെയും അന്ത്യവും സ്ഥാനവും വ്യത്യസ്തമാണ്. ഒന്നുകിൽ നരകത്തിലെ നിത്യശിക്ഷ അല്ലെങ്കിൽ സ്വർഗ്ഗത്തിലെ നിത്യജീവൻ ഇവയിലൊന്ന് സുനിശ്ചിതമാണ്.

കൊമ്പിന്റെ നിലനില്പിനെയും സ്ഥാനത്തെയും ബാധിക്കുന്ന പ്രധാന ഘടകമാണ് അതിന്റെ ഫലനിലവാരം.
വളർച്ച വെടിപ്പാക്കലിലും വിളർച്ച വെട്ടിമാറ്റലിലും കലാശിക്കുന്നു. പോഷണം പുതുക്കപ്പെടലിനും ശോഷണം ഒതുക്കപ്പെടലിനും കാരണമാകും. കൊമ്പുകളുടെ നിറവ് മരത്തിൽ തുടരുവാനും കുറവ് മണ്ണിൽ മറയുവാനും ഇടയാക്കുന്നു.

ഉൽപാദനക്ഷമമായ മുന്തിരിത്തോട്ടം നട്ടുവളർത്തുന്നവർ
അതിന്റെ പരിപാലനത്തിലും വളർച്ചയിലും അതീവ ശ്രദ്ധാലുക്കളായിരിക്കുന്നതു പോലെ, ഭാഗ്യവശാൽ (കൃപയാൽ) അവിടുത്തെ മുന്തിരിത്തോട്ടത്തിൽ ആയിരിക്കുന്ന നമ്മെക്കുറിച്ചും ഉടമസ്ഥനായ ദൈവത്തിന് വളരെ പ്രതീക്ഷയും പ്രത്യേക കരുതലും ഉണ്ട്. അതുകൊണ്ട് നമ്മെയും ചില രൂപാന്തരീകരണ പ്രക്രിയകളിലൂടെ പ്രവേശിപ്പിച്ച് പൊന്നു പോലെ പണിതെടുക്കുവാൻ അവിടുത്തേക്ക് ഹിതമുണ്ട്.

പുതിയ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും, ഒരു നിർദ്ദിഷ്ട ദിശയിലേക്ക് വളർച്ചയെ നയിക്കുന്നതിനും, പഴയ നിർജ്ജീവ ഭാഗങ്ങൾ മുറിച്ച് വൃക്ഷലതാതികളുടെ വളർച്ചയും വികാസവും നിയന്ത്രിക്കുന്ന പ്രക്രിയയാണ് ചെത്തിവെടിപ്പാക്കൽ അഥവാ വെട്ടി ഒതുക്കൽ (Pruning).

വാടിപ്പോകുന്ന ചെടികളുടെ നിലനിൽപ്പിന് ഉയർന്ന തലത്തിലുള്ള പരിചരണം ആവശ്യമെന്നതു പോലെ വാടാത്ത കിരീടം പ്രാപിക്കേണ്ടവർക്കും പലവിധ ചെത്തിവെടിപ്പാക്കലുകൾ (ആത്മീയ പരിശോധനകൾ) അനിവാര്യമാണ്.

ഓരോ വെട്ടിനും (മുറിവിനും) വൃക്ഷത്തിന്റെ വളർച്ചയിൽ കാര്യമായ മാറ്റം വരുത്താൻ കഴിവുള്ളതിനാൽ, കാരണം കൂടാതെ ഒരു ശാഖയും നീക്കം ചെയ്യാറില്ല.
ഇത് പോലെ പ്രത്യേക ഉദ്ദേശമില്ലാതെ ദൈവം ആരെയും ശോധന ചെയ്യുകയില്ല. അത് നല്ലതു പോലെ ഗ്രാഹ്യമുള്ളവർക്കാണ് തങ്ങൾ കഷ്ടതയിൽ ആയിരുന്നത് ഗുണമായി എന്ന് പ്രഖ്യാപിക്കാൻ കഴിയുന്നത്. ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കാറില്ലല്ലോ.

വിശുദ്ധ വേദപുസ്തക ചരിത്രത്തിൽ, ദൈവമഹത്വത്തിനായി അധികം പ്രജ്ജ്വലിച്ച ഭക്തന്മാരെല്ലാം കർത്താവ് അനുവദിച്ച വെട്ടി ഒരുക്കലിനും ചെത്തിവെടിപ്പാക്കലിനും വിധേയപ്പെട്ടവരാണ്.
അവിടുത്തെ നാമ മഹത്വത്തിനായി അധികം ഫലം പ്രതീക്ഷിക്കുന്നത് കൊണ്ടാണ് നമ്മെയും പലവിധ വെടിപ്പാക്കലുകൾക്ക് സ്വർഗ്ഗീയ പിതാവ് വിധേയരാക്കുന്നത്.

നമ്മെ തകർക്കുവാനല്ല ഇന്നത്തെ ശോധനകളും വേദനകളും പ്രത്യുത നമ്മുടെ ദ്രവത്വമുള്ള ശരീരത്തെ അവിടുത്തെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തുന്നതിനും ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രക്രിയകളുടെ ഭാഗമാണത്. ക്രിസ്തുവിന്റെ പുനരുത്ഥാന ശക്തി നമ്മിൽ ആവസിക്കേണ്ടതിന് നൊടി നേരത്തേക്കുള്ള ചെത്തി വെടിപ്പാക്കലുകൾ അനിവാര്യമാണ്. ഇളകാത്ത രാജ്യപ്രവേശനത്തിന് ഇടർച്ച വരുത്തുന്നവയെ ഇളക്കി മാറ്റുന്ന ഈ വെടിപ്പാക്കൽ പ്രക്രിയയിൽ ഉടയോനൊപ്പം നമുക്കും പങ്കു വഹിക്കാം.

വെട്ടിക്കളയാം, വേണ്ടാത്തവയെ

രോഗ ബാധയേറ്റ് നിർജ്ജീവമായതും, കീടബാധയുള്ളതുമായ ശാഖകളെയാണ് സാധാരണ നീക്കം ചെയ്യാറുള്ളത്.
ഇതു പോലെ ആത്മീക ജീവിതത്തിലും ചില അടർത്തി മാറ്റലുകൾ അനിവാര്യമാണ്.
ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും നാം വെട്ടിക്കളയണം. ജഡത്തിന്റെ നിഷ്ഫല പ്രവർത്തികളെ വെട്ടിക്കളയാതെ ആത്മാവിന്റെ സൽഫലങ്ങൾ പൊട്ടിപ്പുറപ്പെടുകയില്ല.

ക്രിസ്തുവിനെ നേടുക എന്ന ഏക ലക്ഷ്യത്തിൽ നിന്ന് നമ്മെ തടയുന്ന സകല കാര്യങ്ങളേയും, അരുതാത്ത ബന്ധങ്ങളേയും, ചിന്തകളേയും നമ്മിൽ നിന്നും വെട്ടിമാറ്റണം. എങ്കിൽ മാത്രമേ ദൈവഹിതം നമ്മിലൂടെ നിറവേറുകയുള്ളൂ.

വെട്ടി ഒരുക്കുന്നത് ധാരാളം ഫലം കായ്ക്കാനാണ്. വെട്ടേൽക്കുന്നത് ഫലപ്രദമായ കൊമ്പുകൾക്കാണ്. കായ്ക്കുന്ന കൊമ്പാണ് ചെത്തി വെടിപ്പാക്കുന്നത്. ഒതുക്കപ്പെടലിനും ഒരുക്കപ്പെടലിനും വിധേയമാകുമ്പോൾ നമുക്ക് വേദനയുണ്ടാകും. എന്നാൽ വേദന കൂടാതെ വളർച്ച പൂർണമാകില്ല. അപൂർണ്ണ അവസ്ഥയിൽ ഫലം പുറത്തു വരികയുമില്ല. ഓർക്കുക, ഈ ചെത്തിക്കളയൽ നമ്മുടെ ഗുണത്തിനു വേണ്ടിയാണ്.

മെച്ചപ്പെടുത്താം, ആത്മീകാരോഗ്യം

ശാഖകളുടെ ആരോഗ്യം മെച്ചപ്പെട്ട് സുഗമമായി വളരുന്നതിനു വേണ്ടിയാണ് കൊമ്പിൽ നിന്നും രോഗബാധിതമായയ ശാഖകൾ നീക്കം ചെയ്യുന്നത്. ക്രിസ്തുവിലൂടെ ജയജീവിതം കാംക്ഷിക്കുന്നവർ പഴയതിനെ വിട്ടുകളഞ്ഞ് നവീകരണം പ്രാപിക്കണം.

അപ്രധാനമായ ശാഖകളെ നീക്കം ചെയ്യുന്നതിലൂടെ വൃക്ഷലതാതികൾക്ക് ഒട്ടനവധി ഗുണങ്ങളുണ്ടാകുന്നു :
നിർജ്ജീവമായ ഭാഗങ്ങൾ നീക്കപ്പെടുന്നു. രൂപഘടന മെച്ചപ്പെടുന്നു. അപകട സാധ്യത പരിഹരിക്കപ്പെടുന്നു. കനത്ത ശാഖകളുടെ ഭാരം കുറയുന്നു. സ്വാഭാവിക രൂപം തിരികെ ലഭിക്കുന്നു. വെളിച്ചവും വായുവും യഥാക്രമം പ്രവേശിക്കുന്നു.

ആത്മാക്കളുടെ പിതാവ് നമ്മുടെ പ്രയോജനത്തിനായി- നാം അവിടുത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന് നമുക്ക് നൽകുന്ന ബാലശിക്ഷകളിലൂടെയും (ചെത്തി വെടിപ്പാക്കൽ) ഒട്ടനവധി ഗുണങ്ങളുണ്ട്.
ജഡത്തിന്റെ നിർജ്ജീവ പ്രവർത്തികൾ നശിക്കുന്നു. ആത്മീയ അപകടം ഒഴിവാകുന്നു. പാപഭാരവും ജീവനഭാരവും ഇല്ലാതാകുന്നു. ദൈവം ആഗ്രഹിക്കുന്ന പൂർണ്ണത കൈവരുന്നു.

ഉപേക്ഷിക്കാം, ഉപദ്രവകാരികളെ

കൊമ്പുകളിൽ ദുർബലമായതോ, രോഗമുള്ളതോ, അല്ലെങ്കിൽ നിർജ്ജീവമായതോ ആയ ഭാഗങ്ങൾ കണ്ടയുടനെ നീക്കം ചെയ്യുകയാണ് പതിവ്. ഏത് സമയത്തും വൃക്ഷത്തിന് കോട്ടം തട്ടാതെ ചെത്തിവെടിപ്പാക്കൽ പൂർത്തിയാക്കാം.

തെറ്റുകൾ അറിഞ്ഞയുടൻ തിരുത്തപ്പെടണം. ഓർക്കുക, തെറ്റുകൾ മറച്ചുവയ്ക്കുന്നവർക്ക് ഐശ്വര്യമുണ്ടാവുകയില്ല; അവയെ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവർക്കാണ് കരുണ ലഭിക്കുന്നത്. ഏറ്റ് പറഞ്ഞു മടങ്ങി വന്ന പത്രൊസും ഒറ്റി കൊടുത്ത് ഒടുങ്ങി പോയ യൂദയും ഉദാഹരണമായി നിലകൊള്ളുന്നു.

മൂർച്ചയുള്ള ആയുധം (അരിവാൾ) കൊണ്ട് അപ്രയോജന ഭാഗങ്ങൾ വെട്ടി മാറ്റുമ്പോൾ വൃക്ഷലതാതികൾക്ക് വിലയും നിലയും ഉണ്ടാകുന്നതു പോലെ, കർശനമായ ആത്മനിയന്ത്രണം പാലിച്ച് ലൗകികമോഹങ്ങളെ വർജ്ജിക്കുമ്പോഴാണ് നാമും ദൈവത്തിന് വിലയേറിവരും മാന്യരുമായിത്തീരുന്നത്.

കേടായ ഭാഗം മുറിച്ചു മാറ്റുന്നതിലൂടെ മറ്റു കൊമ്പുകളിലേക്കുള്ള രോഗവ്യാപനം തടയുവാൻ സാധിക്കുന്നു. ഇതുപോലെ വേണ്ടാത്തവയെ ഉപേക്ഷിച്ച് നമ്മെ വെടിപ്പാക്കുമ്പോഴാണ് നാം പരോപകാരികളാകുന്നത്.

ഉപയോഗിക്കാം, ആത്മാവിന്റെ വാൾ

വെടിപ്പാക്കൽ പ്രക്രിയക്ക് മൂർച്ചയുള്ള ഉപകരണങ്ങൾ ആവശ്യമെന്നതു പോലെ ശരീരത്തെയും ആത്മാവിനെയും മലീമസമാക്കുന്ന എല്ലാറ്റിൽ നിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ച് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിൽ എത്തിച്ചേരുവാൻ സഹായിക്കുന്ന ആത്മീയ ആയുധമാണ് മൂർച്ചയേറിയതും ഇരുവായ്ത്തലയുള്ളതുമായ ആത്മാവിന്റെ വാളായ ദൈവവചനം.

അരിവാൾ കൊണ്ട് മുന്തിരിവള്ളിയെ ശ്രദ്ധാപൂർവ്വം മുറിക്കുന്നതു പോലെ, നമ്മുടെ വളർച്ചയെ മുരടിപ്പിക്കുന്നതും ദൈവരാജ്യത്തിനായി ഫലം പുറപ്പെടുവിക്കുന്നതിൽ നിന്നും തടയുന്നതുമായ എല്ലാറ്റിൽ നിന്നും ദൈവം നമ്മെ അടർത്തി മാറ്റേണ്ടതിനായി നമുക്ക് സമർപ്പിച്ചു പ്രാർത്ഥിക്കാം.

ക്രിസ്തുവിൽ നാം ഒന്നായിരിക്കയാൽ (അവയവങ്ങൾ) സഹയാത്രികരുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും തിന്മകൾ ഉണ്ടെങ്കിൽ അതിനെ നമ്മിൽ നിന്നും വചനമാകുന്ന വാളുകൊണ്ട് വെട്ടി മാറ്റുവാൻ അവിടുത്തോട് അപേക്ഷിക്കാം.

ദൈവത്തിന്റെ വെടിപ്പാക്കൽ (ചെത്ത്) സഹിക്കുന്നവർ ഭാഗ്യമുള്ളവരാണ്. ദൈവത്താൽ വരുന്ന മുറിവുകൾ നമ്മുടെ നന്മയ്ക്കാണ്. ദൈവം മുറിവ് വരുത്തിയാൽ അത് കെട്ടുകയും സൗഖ്യമാക്കുകയും ചെയ്യും. ചതഞ്ഞ ഓടത്തെ ഒടിച്ചു കളയാത്ത ഉടയോൻ ബലഹീനരായ നമ്മെ ഒരുനാളും ഉപേക്ഷിക്കയില്ല.

ദൈവത്തിന്റെ അരിവാൾ നമ്മെ വേദനിപ്പിക്കാനല്ല, കർത്താവിനുവേണ്ടി പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നതിന് തടയിടുന്ന കാര്യങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാൻ വേണ്ടിയുള്ളതാണ്.
യുഗാന്ത്യത്തിലെ ദുർഘട സമയങ്ങളിൽ പിശാചിനോടു എതിർത്തു നില്പാൻ സാധിക്കേണ്ടതിന് നാം ഉപയോഗിക്കേണ്ട സർവ്വായുധവർഗ്ഗങ്ങളിൽ പ്രധാനമാണ്
ആത്മാവിന്റെ വാളായ ദൈവവചനം
(എഫെ-6:17).

വിധേയപ്പെടാം, പുനരാഗമനം വരെ

നാം പൂർണ്ണമായും ശുദ്ധമാകുന്നത് വരെ ഈ ചെത്തിവെടിപ്പാക്കലും (purging), എടുത്ത് കളയലും (taking away) തുടർന്ന് കൊണ്ടിരിക്കും.

ക്രിസ്തുവിനോടുള്ള അനുസരണത്തിൽ ശുദ്ധീകരണ പ്രക്രിയയിലൂടെ പോകേണ്ടി വരുമ്പോൾ ബാഹ്യ മനുഷ്യന് ക്ഷയം സംഭവിച്ചേക്കാം, എങ്കിലും ആന്തരിക മനുഷ്യൻ ദിനവും ബലം പ്രാപിക്കുന്നു. അപ്രയോജനമായവയെ നീക്കിക്കളയുമ്പോൾ അനുഭവിക്കുന്ന അതിയായ വേദന പ്രയോജനമുള്ള ഫലം ലഭിക്കുന്ന മാത്രയിൽ അത്യന്തം സന്തോഷ ഉളവാക്കും.

ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്ന അശുദ്ധികളെ നീക്കിക്കളഞ്ഞാലെ വിശുദ്ധിയുടെ പൂർണ്ണത പ്രാപിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ടി
നാൾ തോറും ചെത്തി വെടിപ്പാക്കപ്പെട്ടു കൊണ്ടിരിക്കേണം. പരദേശികളായ നമ്മുടെ ആത്മാവിനോട് പോരാടിക്കൊണ്ടിരിക്കുന്ന ജഡമോഹങ്ങളെ ചെത്തിക്കളഞ്ഞ് നമ്മെ വെടിപ്പാക്കുന്നതിലൂടെ മാത്രമേ കർത്താവ് ആഗ്രഹിക്കുന്ന സമ്പൂർണ്ണത നമ്മിൽ കൈവരികയുള്ളൂ.

അധികപ്പറ്റായവയെ വെട്ടിമാറ്റി അനുദിനം നാം രൂപാന്തരപ്പെട്ടു കൊണ്ടിരിക്കണം. അങ്ങനെ ഉള്ളവർക്കെ ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അവിടുത്തോട് സദൃശരാകുവാൻ കഴികയുള്ളൂ. തിരുഹിതത്താൽ വരുന്ന വേദനകളിൽ വിട്ടുപോകാതെ അവിടുത്തോട് പറ്റിയിരിക്കാം. പരിശോധനയ്ക്ക് വിധേയപ്പെടുമ്പോൾ വ്യസനമുളവാക്കുന്നവ എന്തെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ അവയെ ആത്മീയ ശസ്ത്രക്രിയയിലൂടെ പുറത്തു കളയാം. എങ്കിൽ മാത്രമേ ഈ പ്രക്രിയ സഹിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാവുകയുള്ളൂ.

പ്രാണപ്രിയന്റെ പുനരാഗമനം വരെ ഈ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും തുടർന്നു കൊണ്ടിരിക്കും. പരിശോധനകളെ സഹനശക്തിയോടെ അഭിമുഖീകരിക്കുന്നവർ വിജയിക്കും. അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. വിജയികൾ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം അവകാശമാക്കും.

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.