ചെറുചിന്ത: മറഞ്ഞ സ്നേഹം | രാജൻ പെണ്ണുക്കര

ലോകജീവിതത്തിൽ നാം കർശനമായി പാലിക്കേണ്ട പല നിബന്ധനകൾ ഉണ്ട്. എന്നാൽ നാം അറിഞ്ഞോ അറിയാതയോ അവകൾ പാലിക്കപ്പെടാതെ പോകുന്നു എന്നത് പരമാർത്ഥം തന്നേ.

ചിലപ്പോൾ നാം അതിനു കൊടുക്കുന്ന പ്രാധാന്യമോ, മുൻഗണനയൊ ആകാം ഇങ്ങനെ സംഭവിക്കുന്നതിനു മുഖ്യ കാരണങ്ങൾ.

നാം ജീവിതത്തിൽ പ്രകടമാക്കേണ്ടിയതും, പ്രകടമാക്കാൻ പാടില്ലാത്തതുമായ (മറച്ചുവയ്‌ക്കേണ്ടിയ) പല കാര്യങ്ങൾ ഉണ്ട് എന്നത് ശരിയല്ലേ?. ദൈവ വചനവും അങ്ങനെ തന്നേ നമ്മേ ഉപദേശിക്കുന്നു.

ഇനിയും വിഷയത്തിലേക്ക് വരാം. സദൃശ്യവാക്യത്തിൽ (27:5) ശലോമോൻ രാജാവ് വിളിച്ചു പറയുന്ന സത്യം മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്. ഇവിടെ മറഞ്ഞ സ്നേഹം (Unexpressed love) എന്ന വാക്യത്തിലെ, മറഞ്ഞ എന്നതിന് ഇംഗ്ലീഷ് ഭാഷയിൽ (Secret, Concealed, Hidden, Unspoken) എന്നി പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. നമ്മുടെ ഭാഷയിൽ അതിനെ പ്രകടമാക്കാത്ത സ്നേഹം എന്നു വിളിച്ചാൽ വായനകാരായ നിങ്ങളും അതിനോട് യോജിക്കും എന്നു കരുതുന്നു.

നാം നമ്മുടെ സ്നേഹം പ്രകടമാക്കണോ, വേണ്ടായോ എന്നതാണ് ചോദ്യം.

ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു (റോമ 5:8).

നിറ വ്യത്യാസം കൂടാതെ, ജാതി വ്യത്യാസം കൂടാതെ, ലിംഗവ്യത്യാസം കൂടാതെ, ഭാഷഭേദമെന്യേ എല്ലാ മാനവരേയും ഒരുപോലെ സ്നേഹിച്ച അഗാധമായ ദൈവസ്നേഹത്തിന്റെ പ്രദർശനമല്ലേ അഥവാ പ്രകടനമല്ലേ നാം കാൽവരി ക്രൂശിൽ കാണുന്നത്. രാജാധിരാജാവായ, ദൈവം പോലും സ്നേഹം പ്രകടിപ്പിച്ചു എങ്കിൽ നാമും എത്രയധികം പ്രകടിപ്പിക്കണം.

ചിലർ പറയും എനിക്കു സ്നേഹം മനസ്സിന്റെ ഉള്ളിലാ, പക്ഷേ പുറത്ത് കാണിക്കില്ല, പ്രകടിപ്പിക്കാൻ അറിയില്ല എന്നൊക്കെ. പല മാതാപിതാക്കളും മക്കളോടുള്ള സ്നേഹം പുറത്ത് കാണിക്കാതെ ചിലപ്പോൾ അങ്ങനെയാണ് പറയുക, അതുപോലേ തിരിച്ചും. ചിലർ കുടുംബം ജീവിതത്തിലും അങ്ങനെയായിരിക്കും. അങ്ങനെത്തെ അവസ്ഥയിൽ മനുഷ്യൻ അതിനു ചില പോംവഴികൾ തേടുന്നതും നാം കാണാറുണ്ടല്ലോ.

മനുഷ്യരായ നാം പരസ്പരം സഹായങ്ങളും ഉപകാരങ്ങളും ചെയ്യാറുണ്ട്, എന്നാൽ നന്ദി എന്നു പറയുവാനോ, അതൊന്നു ഹൃദയത്തിന്റ അടിത്തട്ടിൽ നിന്നും പ്രകടിപ്പിക്കാനോ പലപ്പോഴും വൈമനസ്യം കാണിക്കാറില്ലേ?.

യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും? സങ്കീർത്തനകാരന്റെ ഹൃദയത്തിന്റെ വെമ്പൽ അല്ലേ, വാഞ്‌ഛയല്ലേ നാം ഇവിടെ കാണുന്നത്.

ചില മാസങ്ങൾക്ക് മുമ്പ് പെട്ടിമടയിലെ ശുനകന്റെ രോധനം നാം കണ്ടതല്ലേ. അവനു ഒരുനേരമെങ്കിലും ആഹാരം കൊടുത്ത, അവനെ സ്നേഹിച്ച, അവനെ താലോലിച്ച, കൊച്ചു പെൺകുട്ടിയുടെ ശവം മണ്ണിനടിയിൽ നിന്നും പോലീസ് വെളിയിൽ എടുക്കും വരെ ജലപാനം പോലും ഇല്ലാതെ, അഹോരാത്രം കാത്തിരുന്ന ശുനകന്റെ കഥ. അവിടെയാണ് യഥാർത്ഥത്തിൽ സ്നേഹം പ്രകടമാക്കുന്നത്. ഒരു മിണ്ടപ്രാണിയായ മൃഗത്തിന് തോന്നിയ വികാരവും, വിചാരവും മനുഷ്യർക്ക് പലപ്പോഴും ഉണ്ടാകാറുണ്ടോ?.

സ്നേഹം, നന്ദി ഇതൊന്നും പൊതിഞ്ഞു വെക്കാനോ, ഒളിച്ചു വെക്കാനോ, മറച്ചു വെക്കാനോ ഉള്ളതല്ല, മറിച് അവ പ്രാവർത്തിക പദത്തിൽ കൊണ്ടുവന്നു പ്രകടിപ്പിക്കുമ്പോൾ മാത്രമേ അർത്ഥപൂരിതം ആയി മാറുന്നുള്ളൂ.

ദൈവം പോലും നമ്മിൽ നിന്നും ആഗ്രഹിക്കുന്നത് ഇതൊക്കെയാണ്

ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നതു എന്ന് സത്യവചനവും പറയുന്നു. യഥാർത്ഥ സ്‌നേഹവും, നന്ദിയും ഹൃദയത്തിൽ നിന്നും നിറഞ്ഞു തുളുമ്പി കവിയുമ്പോൾ നമുക്ക് സ്വയമേ നിയന്ത്രിക്കാനൊ, അടക്കിവെക്കാനോ കഴിയാതെ അതു പ്രകടമായി പുറത്തുവരുന്നു.

എന്നാൽ സ്നേഹവും നന്ദിയും മറ്റുള്ളവരെ കാണിക്കാൻ കൃത്രിമമായ രീതിയിൽ പ്രകടമാക്കുമ്പോഴാണ് ഒത്തിരി ശബ്ദമുഖരിതം ആയി തീരുന്നത്. എന്നാൽ അതിന്റ ആയുസ്സ് താൽക്കാലികം മാത്രം. അതിന്റെ വേറെയൊരു പേര് പ്രഹസനം എന്നല്ലേ. അതു കാര്യസാധ്യത്തിനു വേണ്ടിമാത്രം ഉള്ളതാകുന്നു.

ഒരിക്കൽ ഇസ്ക്കാര്യോത്ത് യൂദാ യേശുവിനെ കെട്ടിപിടിച്ചു ചുംബിച്ച് സ്നേഹം പ്രകടിപ്പിച്ചില്ലേ, എന്നാൽ ആ കപടസ്നേഹ പ്രകടനത്തിൽ അല്പമെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നോ. പലപ്പോഴും മനുഷ്യരായ നാം ചെയ്യുന്ന പല പ്രകടനങ്ങളും ഈ നിലവാരത്തിൽ ഉള്ളതല്ലേ. ആത്മാർത്ഥയില്ലാത്ത പ്രകടനം വെറും പ്രഹസനം മാത്രം എന്നു മനസ്സിലാക്കണം. അതിനെ ദൈവവും വെറുക്കുന്നു.

കർത്താവിന്റെ മേശ കഴിച്ചിട്ട് നാം പരസ്പരം കൊടുക്കുന്ന വിശുദ്ധ ചുംബനം (പേരുകൊണ്ട് മാത്രം) യഥാർത്ഥത്തിൽ ശുദ്ധഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും നല്ല മനസ്സാക്ഷിയോടെ നിർവ്യാജമായി ബഹിർഗമിക്കുന്ന അഥവാ ഉളവാകുന്ന സ്നേഹ പ്രകടനമാണോ?. ഹൃദയത്തിൽ നിരസം ഉള്ളവർ അടുത്തു വരുമ്പോൾ അവരെ മനഃപൂർവം ഒഴിവാക്കി, മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹപ്രകടനത്തിന് സ്വർഗം എത്ര മാർക്ക്‌ ഇടും എന്നതും ചിന്തനീയം. അങ്ങനെ സ്വയമേ അയോഗ്യരായി മാറി പലരും ബലഹീനരും രോഗികളും ആയി തീരുന്നു എന്നതും സത്യം. ഇതെല്ലാം ഇന്നു ആത്മീയ ലോകത്തു സാധാരണ നടക്കുന്ന കാര്യങ്ങൾ അല്ലേ….

ഒരു പഴംചൊല്ല് പോലെ പൊന്നു കൊണ്ട് പുളിശ്ശേരി ഉണ്ടാക്കി കൊടുത്താലും ചിലർ നന്ദി പറയുകയുമില്ല, കാണിക്കത്തുമില്ല. അവർ ചിന്തിക്കുന്നത് ഇതെല്ലാം അവരുടെ കടമയല്ലേ (duty), പിന്നെ അവന്റെ കൈയിൽ ധാരാളം ഉള്ളതുകൊണ്ടല്ലേ സഹായിച്ചത്, അതിനോക്കെ എന്തോ നന്ദി പറയാനും, കാണിക്കാനാണ്. ഇതു മനുഷ്യനിൽ മാത്രം കാണുന്ന സ്വഭാവമല്ലേ.

ഒരിക്കൽ പത്രത്തിൽ വായിച്ച വാർത്ത ഓർമ്മ വരുന്നു. ഏതോ ഒരു വീട്ടിൽ ഒരു മുറിവേറ്റ മയിൽ കയറിച്ചെന്നു. അവിടെത്തെ പിതാവ് കനിവ് തോന്നി അതിനെ പിടിച്ചു, അതിന്റെ മുറിവുകൾ കെട്ടി ശുശ്രുഷിച്ചു, ആഴ്ചകൾക്ക് ശേഷം മയിൽ പൂർണ്ണ സൗഖ്യം ആയപ്പോൾ കാട്ടിൽ കൊണ്ടുപോയി തുറന്നുവിട്ടു. എന്നാൽ അവർ മടങ്ങി വീട്ടിൽ എത്തും മുൻപേ മയിൽ തിരിച്ചു പറന്നു വന്നു വീടിന്റെ മുകളിൽ ഇരിക്കുന്ന കാഴ്ച്ച അവരെ അമ്പരപ്പിച്ചു. അവർ എത്ര ആട്ടിപായിച്ചിട്ടും മയിലിന്റെ തീരുമാനം മാറ്റിയില്ല. ഇന്നും വീട്ടിലെ ഒരംഗം പോലെ കൂടെ കഴിയുന്നു. വിശ്വസിക്കാൻ പ്രയാസം എങ്കിലും ചില യാഥാർഥ്യങ്ങൾ ഇല്ലേ അതിൽ. ഒരു പക്ഷിക്കു തോന്നിയ വികാരം എന്ത്. അതാണ് യഥാർത്ഥ നന്ദിയുടെയും സ്നേഹത്തിന്റെയും പ്രകടനം.

പ്രകടമാക്കാത്ത സ്നേഹം, കഴിക്കാത്ത ഭക്ഷണം പോലെയും, ചിലവാക്കാത്ത ധനം പോലെയും അല്ലേ. ഇവ അർഹിക്കുന്നവർക്ക് കൊടുത്താൽ പതിൻ മടങ്ങ് തിരികെ ലഭിക്കും എന്ന് എവിടെയോ വായിച്ചത് എത്രയോ സത്യം.

ക്രിസ്തുവിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ, അതു മറകൂടാതെ പ്രകടമാകട്ടെ….. മറ്റുള്ളവർ ദർശിക്കട്ടെ നമ്മിലെ ദൈവസ്നേഹം…

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.