ശുഭദിന സന്ദേശം: പ്രാർത്ഥനയും പ്രവൃത്തിയും | ഡോ. സാബു പോൾ

അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക”(ഫിലേ.1:20).

ഒരു യാചകൻ അല്പം ഭക്ഷണം വേണമെന്ന യാചനയുമായി ഒരു വീട്ടിലെത്തി. വീട്ടുടയവൻ ‘ആത്മീയ’നാണ്. വീടിൻ്റെ പുറകുവശത്തെ വാതിലിനടുത്ത് വരാൻ പറഞ്ഞു. തറയിലിരുന്ന അയാൾക്ക് മുമ്പിൽ ഭക്ഷണത്തിൻ്റെ ശേഷിപ്പ് കൊണ്ടു വെച്ചു.

”നമുക്ക് പ്രാർത്ഥിക്കാം….”
‘ആത്മീയ’നായ വീട്ടുകാരൻ ആരംഭിച്ചു…
“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..”

യാചകൻ ഏറ്റുപറഞ്ഞു:
”സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവേ…”
അല്പം അലോസരം തോന്നിയ വീട്ടുകാരൻ പറഞ്ഞു:
”അല്ല! സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…”
പക്ഷേ, നിർബ്ബന്ധിച്ചിട്ടും യാചകൻ ‘നിങ്ങളുടെ പിതാവേ’ എന്നാവർത്തിച്ചപ്പോൾ സഹികെട്ട വീട്ടുടയവൻ ചോദിച്ചു:
”നിങ്ങളെന്താണ് ഞാൻ പറഞ്ഞതുപോലെ എറ്റു പറയാത്തത്….?

യാചകൻ്റെ മറുപടി:
”സാർ, നമ്മൾ ഒരു പിതാവിൻ്റെ മക്കളായ സഹോരങ്ങളായിരുന്നെങ്കിൽ എന്നെ താങ്കൾ മുൻവാതിലിലൂടെ അകത്തേക്ക് ക്ഷണിക്കുമായിരുന്നു…
നമ്മൾ ഒരുമിച്ച് ഡൈനിംഗ് ടേബിളിൽ ഭക്ഷണം കഴിക്കുമായിരുന്നു…
ഭക്ഷണത്തിൻ്റെ അവശിഷ്ടമായിരിക്കില്ല എനിക്കു തരുമായിരുന്നത്….”

പലരുടെയും ആത്മീയതയുടെ പുറംപൂച്ച് പുറത്ത് കൊണ്ടുവരുന്ന കഥയാണിത്….

ബൈബിൾ പഠിക്കുമ്പോൾ മന:പൂർവ്വമായി ദൈവം ഉൾപ്പെടുത്തിയിരിക്കുന്നത് എന്നു തോന്നുന്ന ചില ഭാഗങ്ങളുണ്ട്. അതിലൊന്നാണ് ഫിലേമോൻ്റെ ലേഖനം. ഇത് തികച്ചും വ്യക്തിപരമായ ഒരു കത്താണ്. ഫിലേമോൻ്റെ വീട്ടിലെ സഭയെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും സഭയ്ക്ക് ചെറിയൊരാലോചന പോലും കൈമാറുന്നില്ല. പൗലോസ് പലർക്കും വ്യക്തിപരമായി കത്തുകൾ എഴുതിയിട്ടുണ്ട്. എന്നാൽ അവയൊന്നും തിരുവചനത്തിൻ്റെ ഭാഗമായിട്ടുമില്ല….

ഇവിടെ യജമാനനോട് അന്യായം ചെയ്തിട്ട്(എന്തെങ്കിലും മോഷ്ടിച്ചതാകാം) ഓടിപ്പോയ ഒനേസിമോസ് എന്ന അടിമയെ കാരാഗൃഹത്തിൽ വച്ച് ക്രിസ്തു സ്നേഹത്തിലേക്ക് കൊണ്ടുവന്ന പൗലോസ് അവനെ സഹോദരനായി സ്വീകരിക്കാൻ ഫിലേമോൻ എന്ന തൻ്റെ സ്നേഹിതനോട് ആവശ്യപ്പെടുകയാണ്.

രണ്ട് കള്ളന്മാർ

മന:പൂർവമായി വചനത്തിൽ പരിശുദ്ധാത്മാവ് ഉൾപ്പെടുത്തി എന്ന് തോന്നുന്ന വിഷയമാണ് രണ്ട് കള്ളന്മാരുടെ അനുഭവങ്ങൾ. ഒന്ന് ക്രൂശിലെ കള്ളനും മറ്റൊന്ന് ഒനേസിമോസ് എന്ന കള്ളനും.

ജീവിതത്തിൽ അവസാനസമയം വരെ ദുഷ്പ്രവൃത്തി ചെയ്തിട്ട് അതിൻ്റെ ശിക്ഷയായ മരണത്തോട് സമീപിക്കുമ്പോഴാണ് ക്രൂശിലെ കള്ളന് കുറ്റബോധമുണ്ടായത്.
ആത്മതപനം ആത്മാർത്ഥമാണെന്ന് തിരിച്ചറിഞ്ഞ യേശു കഴിഞ്ഞകാലങ്ങളിലെ പാപങ്ങളോരോന്നും പറഞ്ഞ് കുമ്പസാരിക്കാൻ ആവശ്യപ്പെടാതെ പറുദീസയുടെ വാതിൽ അവൻ്റെ മുമ്പിൽ മലർക്കെ തുറന്നിട്ടു…

ഒനേസിമോസിനും ക്രൂശീകരണമെന്ന ശിക്ഷയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ 6 കോടിയോളം അടിമകളുണ്ടായിരുന്ന തിനാൽ ഒരു രക്തരൂഷിത വിപ്ലവത്തിന് അവർ മുതിർന്നേക്കുമോ എന്ന സന്ദേഹം അധികാരികൾക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടിമകൾക്കുള്ള ശിക്ഷയും കഠിനമായിരുന്നു. ഒരു അടിമ യജമാനനിൽ നിന്ന് ഓടിപ്പോയാൽ(ഒന്നും അപഹരിക്കാതെയാണെങ്കിലും) അവനെ ക്രൂശിക്കുകയോ, അല്ലെങ്കിൽ ഇരുമ്പ് പഴുപ്പിച്ച് ‘F’ എന്ന അക്ഷരം (Fugitive = ഒളിച്ചോടിയവൻ) അവൻ്റെ നെറ്റിയിൽ എഴുതുകയോ ചെയ്യുമായിരുന്നു….

ഒനേസിമോസിൻ്റെ ഇന്നലെകളെ വ്യക്തമായി അറിഞ്ഞെങ്കിലും അവനിൽ വെളിപ്പെട്ട മാനസാന്തരാനുഭവത്തെക്കുറിച്ച് സന്ദേഹമേതുമില്ലാത്ത പൗലോസ് അവനു വേണ്ടി ജാമ്യം നിൽക്കുകയാണ്…

ഒരുവൻ ക്രിസ്തുവിലായാൽ അവൻ നവസൃഷ്ടിയാകുമെന്നുള്ള ഉറപ്പാണ് രണ്ട് കള്ളന്മാരുടെ ജീവിതാനുഭവം നമുക്ക് നൽകുന്നത്. ഇന്ന്, പലരുടെയും ഭൂതകാലാനുഭവങ്ങളുടെ അടിവേര് തിരഞ്ഞു കണ്ടുപിടിച്ചിട്ടും സംതൃപ്തി വരാത്ത ‘അന്വേഷകർ’ ആത്മീയ ലോകത്തുണ്ട്….

സകല മനുഷ്യരും മാനസാന്തരപ്പെട്ട് ദൈവസഭയുടെ ഭാഗമാകണേ എന്നാണ്
പ്രാർത്ഥന. പക്ഷേ, ആരെങ്കിലും വരാൻ തയ്യാറായാൽ ശരിക്കും ഗുണപ്പെട്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് പരിശോധനയാണ് താനും…

പൗലോസിൻ്റെ പ്രാർത്ഥന പോലെ തന്നെയായിരുന്നു പ്രവൃത്തിയും…
നമുക്കും അതേ പാത പിൻതുടരാം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.