ലേഖനം: ക്രൂശിന്റെ വചനം ക്രൂശിന്റെ ശക്തിയോടെ | നിബു വര്‍ഗ്ഗീസ് ജോണ്‍, ലണ്ടന്‍

ക്രൂശിന്റെ വചനം ക്രൂശിന്റെ ശക്തിയോടെ (1 കോരി: 1 : 17 – 18)
ലോകത്തിൽ രണ്ടു തരം വ്യക്തികൾ ഉണ്ട്.
1 . നശിച്ചുപോകുന്നവർ
2 . രക്ഷിക്കപെടുന്നവർ .

post watermark60x60

രണ്ടു കൂട്ടർക്കും തുല്യമായുള്ളതു അവർ ക്രൂശിന്റെ വചനം കേട്ടു എന്നുള്ളതാണ് . എന്നാൽ ഒരു കൂട്ടർക്ക് അത് ഭോഷത്തം ആയി മാറുമ്പോൾ മറ്റൊരു കൂട്ടർക്കു അത് രക്ഷയിലേക്കുള്ള വഴിയായി മാറുന്നു.എന്ത് കൊണ്ട് സുവിശേഷം ചിലർക്ക് ഭോഷത്തം ആയി മാറുന്നു എന്ന് നമുക്ക് ചിന്തിക്കാം .

ജനം നശിച്ചു പോകുന്നത് സുവിശേഷത്തിന്റെ കുറവ് കൊണ്ടോ അത് കേൾക്കാത്തത് കൊണ്ടോ അല്ല മറിച്ചു അവർ കേൾക്കുന്ന വചനം ക്രൂശിന്റെ ശക്തിയോടെ അവരിലേക്ക്‌ എത്തുന്നില്ല എന്നുള്ളത് കൊണ്ടാണ് . സുവിശേഷം എന്നുള്ളത് ഒരുവനെ ക്രിസ്ത്യാനി ആക്കാനുള്ള വഴി എന്നതിലുപരി അത് ആത്മീകമായി മരിച്ച ഒരുവനെ ആത്മീക ജീവനിലേക്കു നയിക്കുന്ന ഒന്നാണ് . മരിച്ചവരെ ജീവിപ്പിക്കുന്നതാണ് ക്രൂശിന്റെ വചനം എന്ന് നാം വിശ്വസിക്കുന്നെങ്കിൽ അതിനു ക്രിസ്തുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ച പുനരുത്ഥാനത്തിന്റെ ശക്തി ആവശ്യമാണ് . ക്രൂശിന്റെ ശക്തി അല്ലെങ്കിൽ പുനരുത്ഥാനത്തിന്റെ ശക്തി വ്യാപാരിക്കാത്തിടത്തോളം സുവിശേഷം കേൾക്കുന്നവന് അത് ഭോഷത്തമായി തോന്നും . അത് കേൾക്കുന്നവന്റെ കുഴപ്പം അല്ല മറിച്ചു ക്രൂശിന്റെ ശക്തിയിൽ നിന്ന് കൊണ്ട് അവനോടു സുവിശേഷം പറയാൻ ആളില്ല എന്നുള്ളത് കൊണ്ടാണ്. നാമും നമ്മുടെ പിതാക്കന്മാരും ക്രിസ്തുവിനെ അറിയാൻ ഇടയായത് വെറുതെ സുവിശേഷം കേട്ടത് കൊണ്ടല്ല മറിച്ചു ക്രൂശിന്റെ ശക്തിയിൽ നിന്ന് കൊണ്ട് ക്രൂശിന്റെ വചനം നമ്മളിലേക്കെത്തിക്കുവാൻ വില കൊടുത്ത ,ആത്മ നിറവുള്ളവർ അന്ന് ഉണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്. സുവിശേഷം എന്ന ഗുഡ് ന്യൂസ് നമുക്ക് ക്രിസ്‌തുവിനെ പരിചയപ്പെടുത്തുമ്പോൾ അതിന്റെ പിറകിൽ ആരും കാണാത്ത ആത്മ ശക്തി ആണ് ദൈവപൈതലേ അത് കേൾക്കുന്നവന്റെ ആത്മ മരണത്തെ ആത്മ ജീവനാക്കി മാറ്റുന്നത് . സുവിശേഷം വെറും ഗുഡ് ന്യൂസ് ആകുന്നതു കൊണ്ടാണ് കേൾക്കുന്നവന് അത് ഭോഷത്തം ആയി തോന്നുന്നത് . സുവിശേഷത്തിന്റെ വ്യാപാരത്തെക്കാൾ ഉപരി പരിശുദ്ധമാവിന്റെ വ്യാപാരം ആണ് ഉണർവിലേക്കും , മാനസാന്തരത്തിലേക്കും , ദേശങ്ങളെ നയിക്കുന്നത് . സുവിശേഷം ക്രൂശിന്റെ ശക്തിയിൽ കേട്ടു ജീവനിലേക്കും രക്ഷയിലേക്കും കടന്ന നാം അതെ ശക്തിയോടെ സുവിശേഷം നശിച്ചു പോകുന്ന സഹോദരങ്ങളിലേക്കെത്തിക്കുന്നുണ്ടോ ? അത് വെറും ഒരു ഉത്തരവാദത്തേക്കാൾ ഉപരി നമ്മെകുറിച്ചുള്ള ദൈവിക നിയോഗവും ദൈവിക ഉദ്ദേശവും ആണ് . സുവിശേഷം പറയുവാൻ ഉള്ള എല്ലാ കാര്യങ്ങളും അനുഭവവും ശിഷ്യന്മാർക്കു ഉണ്ടായിരുന്നിട്ടും ” ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ” എന്ന് യേശു പറഞ്ഞതിന്റെ കാരണം അവർ പറയുന്ന സുവിശേഷം അനേകർക്ക്‌ ഭോഷത്തം ആയി മാറാതിരിക്കാനാണ് .
ദൈവപൈതലേ ഉയരത്തിൽ നിന്നുള്ള ശക്തി നീ ധരിക്കുന്നില്ലെങ്കിൽ , കുറഞ്ഞ പക്ഷം അതിനായി വാഞ്ചയോടെ കാത്തിരിക്കുന്നെങ്കിലും ഇല്ലെങ്കിൽ നിന്റെ സാക്ഷ്യങ്ങളും, ശ്രുശ്രുഷകളും, ദൈവരാജ്യ വ്യാപ്തിക്കായുള്ള പ്രയത്‌നങ്ങളും എല്ലാം അനേകർക്ക്‌ ഭോഷത്തം ആയി തോന്നാൻ സാധ്യത ഉണ്ട്

Download Our Android App | iOS App

അനേകരെ രക്ഷയിലേക്കു നയിച്ച ദൈവ വചനം അന്നും ഇന്നും ചിലർക്ക് ഭോഷത്തം ആയി തോന്നുന്നുവെങ്കിൽ അതിന്റെ കാരണം ആത്മ നിറവിൽ സുവിശേഷം ജനത്തിലേക്കെത്തിക്കുന്നവരുടെ കുറവാണ് . കാലം തികയുകയും ദൈവരാജ്യം സമീപിച്ചിരിക്കുകയും ചെയ്തിരിക്കുന്നത് കൊണ്ട് നമ്മെ കുറിച്ചുള്ള ദൈവിക ഉദ്ദേശം മനസ്സിലാക്കി ,നമ്മുടെ മേലുള്ള ദൈവിക വിളിക്കൊത്തവണ്ണം ക്രൂശിന്റെ വചനം ക്രൂശിന്റെ ശക്തിയോടെ അനേകരിലേക്കെത്തിക്കുവാൻ ദൈവം നമ്മെ അഭിഷേകം ചെയ്യുമാറാകട്ടെ.

നിബു വർഗീസ് ജോൺ

-ADVERTISEMENT-

You might also like