ലേഖനം: നിസ്സഹായത | റെനി ജോ മോസസ്

 

മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും സമ്മർദത്തിനു മുൻപിൽ പുരുഷാരം നിമിത്തം ഒടുവിൽ നാടുവാഴിക്കു വഴങ്ങേണ്ടി വന്നു. ബാരബ്ബാസിനെ വിട്ടുകൊടുത്തു യേശുവിനെ ക്രൂശിപ്പാൻ ഏല്പിച്ചു. ഗോൽഗോഥയുടെ നെറുകയിൽ ഒരു മുപ്പതിമൂന്നര വയസുകാരൻ ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കാൻ ഇരുകള്ളന്മാരുടെ നടുവിൽ തൂങ്ങി , കളങ്കം ഇല്ലാത്തവൻ , പാപം ശീലിക്കാത്തവൻ , നീതിമാൻ , കൊടും കുറ്റവാളിയെ പോലെ തറഞ്ഞിറങ്ങിയ മുൾകിരീടം , ഇരുകൈയിലും കാലിലും ആണികളാൽ തുളക്കപ്പെട്ടിരിക്കുന്നു , ധാര ധാരയായി ഒഴുകിയിറങ്ങിയ രക്തം, ദേഹം മുഴുവൻ അടി കൊണ്ടു , ഉഴവ് ചാല് പോലെ കീറിയിരിക്കുന്നു , ഇനി ഒന്നും ഒരു മാംസ പിണ്ഡത്തോടു ചെയ്യാനാവാത്ത വിധം …!

അതു വരെ തങ്ങളുടെ കൂടെ നടന്ന ഗുരു , പല രാത്രിയിലും തങ്ങളുടെ കൂടെ ഗലീലായിലും തിബരിസ് തീരത്തും നടന്നവൻ, എത്രയോ അത്ഭുത പ്രവർത്തികൾ , കുരുടനെ , ചെകിടനെ രക്തസ്രാവകാരിയെ എന്തിനു ഏറെ മരിച്ചു നാറ്റം വച്ച ലാസറിനെ പോലും ഉയർപ്പിച്ച ഗുരു. അവനോടൊപ്പം ഉള്ള നിമിഷങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കിയ ശിഷ്യഗണങ്ങൾക്കു ഈ കാഴ്ച സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു . തങ്ങളുടെ അരുമ ഗുരുവിനെ ഗത്സമനയിൽ നിന്നും ഈ കുന്നിന്റെ മുകളിൽ വരെ അവർ ചെയ്തത് , ഹോ ..റോമൻ പടയാളികളുടെ ഓരോ അടിയും കൊണ്ട് വേദനയോടെ പുളയുന്ന ഗുരുവിന്റെ മുഖം ,എങ്ങനെ ശിഷ്യഗണങ്ങൾ മറക്കും, കണ്ടുനിക്കുകയല്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥ ,, അയ്യോ തന്റെ ഗുരുവിനെ അറിയുക പോലും ഇല്ല എന്നു പറയേണ്ടി വന്നു പത്രോസിന് , പൊട്ടികരയാൻ അല്ലാതെ എന്തു ചെയ്യാൻ , ദേ നിസ്സഹായതയുടെ മറ്റൊരു ആൾരൂപം , പൂർണ ഗർഭിണിയായ താൻ നസ്രേത്തിൽ നിന്നും ബേദ്ലഹേം വരെ അവനെ ചുമന്നു , തൈരും തേനും ആവശ്യമുള്ളതെല്ലാം കൊടുത്തു വളർത്തി , കാനാവിലെ കല്യാണ വീട്ടിൽ ചാർച്ചക്കാരുടെ മുൻപിൽ അവൻ എന്റെ മുഖത്തു ചിരി പടർത്തി , ഒടുവിൽ “ഇങ്ങനെ ഒരു കാഴ്ച ” അതു മറിയക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . തന്റെ ഗുരുവും , സുഹൃത്തും , മാറോടു ചേർന്നിരുന്ന യോഹന്നാൻ നിരാലംബനെ പോലെ ……………എന്തൊരു അവസ്ഥയാണിത് , തിരുവചനം നാം ധ്യാനിക്കുമ്പോൾ ആ സന്ദർഭം ഒന്നു ഓർത്തു നോക്കു .

അതുവരെ തങ്ങളുടെ കൂടെ ഉണ്ടാരുന്ന പ്രിയ ഗുരു “ഏലി ഏലി ലമ്മാ ശബക്താനി” എന്നു പറഞ്ഞു ഉറക്കെ നിലവിളിക്കുന്നു . ഒടുവിൽ തിരുഹിതത്തിനു ഏല്പിച്ചു പ്രാണനെ വിട്ടു മരണത്തിലേക്ക് വഴുതി വീണപ്പോൾ ലോകൈക രക്ഷകന്റെ മാനവരാശിയോടുള്ള സ്നേഹവും , വീണ്ടെടുപ്പും നിവർത്തിയായി എങ്കിലും പുരുഷാരത്തിനും നിഴൽ പോലെ കൂടെ നടന്ന ശിഷ്യഗണങ്ങൾക്കും പ്രിയപ്പെട്ടവർക്കും ആ കാഴ്ച നെഞ്ചിൽ കനൽ കോരി ഇട്ടപോലെ , കണ്ടു നിൽക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല…!

മരണത്തെ ജയിച്ചു മൂന്നാം നാൾ വിജയശ്രീലാളിതനായി പുറത്തു വന്ന രക്ഷകന്റെ ആ ക്രൂശുമരണം കണ്ട തന്റെ പ്രിയപ്പെട്ടവർക്കും പുരുഷാരത്തിനും , ശിഷ്യഗണങ്ങൾക്കും , അവർ മാനുഷികമായി അനുഭവിച്ച വ്യെതയുടെയും നിസ്സഹായതയ്ക്കും തുല്ല്യമായി മറ്റൊന്നു ചൂണ്ടികാട്ടാൻ ഇല്ലെങ്കിലും സമാനമായ ഒരു അവസ്‌ഥയിലൂടെ അല്ലെ പ്രിയരേ നാം ഇന്ന് കടന്നു പോകുന്നത് എന്നു ഓർത്തു പോവുന്നു , കോവിഡ് എന്ന കൊച്ചു കിടാണു ലോക മനുഷ്യന്റെ മുഴുവൻ താളം തെറ്റിച്ചിരിക്കുന്ന കാഴ്ച , വേർപാട് മനുഷ്യന് വേദന ഉളവാക്കുന്നതാണെങ്കിലും അവസാനമായി ,തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാൻ, ഒന്നു കെട്ടി പിടിച്ചു കരയുവാൻ സാധിക്കുമായിരുന്ന ഒരു ലോകം , വൈദ്യ ശാസ്ത്രവും, എൻജിനീയറിങ് അടക്കം എല്ലാ മേഖലയിലും എന്തിനു ഏറെ അന്യ ഗ്രഹങ്ങളിൽ വാസം ഉറപ്പിക്കുന്ന സമയം പോലും അടുത്തു നിൽക്കുന്ന ഈ കാലത്തു , മുഴു ലോകത്തെയും നിച്ചലമാക്കി ഒരു വൈറസ് . ഏതെങ്കിലും കാരണത്താൽ ആശുപത്രിയിൽ ആകുന്ന ഒരാൾക്ക് , കോവിഡ് പോസിറ്റീവ് ആണെന്ന് വന്നാൽ പിന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ കഴിയുമോ , ഒന്നു കെട്ടി പിടിച്ചു കരയാൻ പറ്റുമോ , മരിച്ചാൽ കൂടി ആ മൃതദേഹത്തിനു കൊടുക്കേണ്ട ആദരവ്‌ എന്നോണം അന്ത്യകർമങ്ങൾ പോലും ആഗ്രഹിക്കും പോലെ കൊടുക്കാൻ പറ്റുന്നില്ല , ആർക്കും ഒരു ഉറപ്പും പറയാൻ പറ്റാത്ത അവസ്‌ഥ , മനുഷ്യൻ എത്ര ക്ഷണികൻ എന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ ” ഇന്ന് ഞാൻ നാളെ നീ ” .എന്ന ചൊല്ല് അന്വർഥമാകുന്ന പോലെ , പത്തു നാല്പതു വർഷം നാടും വീടും വിട്ടു സുവിശേഷത്തിന്റെ വിത്തു പാകാൻ അന്യ ദേശത്തു , ഒടുവിൽ ആ ദേശത്തു ഒരു നാഴിക നേരം പോലും തന്റെ പ്രിയപ്പെട്ടവളുടെ മൃതദേഹം ഒന്നു വക്കാൻ കഴിയാത്ത അവസ്‌ഥ നാം കണ്ടു , ഒരു മാസത്തിനു അപ്പുറം തന്റെ കുഞ്ഞിന് ജൻമം നൽകാൻ കാത്തിരുന്നവളെ , പോലും ഈ കുഞ്ഞൻ വൈറസ് വെറുതെ വിട്ടില്ല , പ്രവാസിപിതാവ് ,മാതാവ് ,ഭാര്യ ഭർത്താവ് , ആരേയൊക്കെ നാളെ ഒരു നോക്കു കാണാൻ പറ്റും , ഇന്ന് ഈ എഴുതുന്ന ഞാനോ, നാളെ ഇതു വായിക്കുന്ന നിങ്ങളോ , ആർക്കും ഒരു ഉറപ്പും പറയാൻ പറ്റാത്ത അവസ്‌ഥ , എങ്ങും ഒരു നിസ്സഹായത മാത്രം തളം കെട്ടി നിൽക്കുന്നു , ജാതി മത വർണ വർഗ വിത്യാസം ഇല്ലാതെ കുഞ്ഞൻ വൈറസ് ആക്രമിക്കുമ്പോൾ , ബന്ധത്തിന്റെ ആഴവും പരപ്പും അളക്കാൻ കഴിയാതെ വിട്ടുകൊടുക്കേണ്ടി വരുന്നു നമ്മൾക്ക് നമ്മളുടെ പ്രിയപ്പെട്ടവരെ………!

ഈ നിമിഷങ്ങൾ ഇത്ര ഭീകരത സമ്മാനിക്കുന്നു എങ്കിൽ ഇനി വരാൻ പോകുന്ന മഹാ പീഡന കാലം എത്ര ഭയാനകം ആയിരിക്കും എന്നു അറിയാതെ ചിന്തിച്ചു പോക്ന്നു , ഓർക്കാൻ കൂടി പറ്റുമോ, ആ കാലത്തു പെട്ടു പോയാൽ ഉള്ള അവസ്ഥ, മഹാ പീഡനം, മരണം കൊതിക്കുന്ന ആ കറുത്ത ദിനങ്ങൾ, തീര്ത്തും ദാരുണം , വേണ്ട അതു നമ്മൾക്ക് വേണ്ട , കാഹള നാദം നമ്മുടെ കർണപടങ്ങളിൽ എത്തപെടട്ടെ , അതിനായി കാതു കൂർപ്പിക്കാം , വിളക്കിൽ എണ്ണ ഒഴിക്കാം , കരിന്തിരികൾ മാറ്റാം..

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.