കണ്ടതും കേട്ടതും: PPE കിറ്റും ഞാനും | പാസ്റ്റർ സി. ജോൺ, ഡൽഹി

കോവിഡ് എന്ന മഹാമാരി ലോകത്തിലെ അനേക ലക്ഷം ആളുകളെ മരണത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. കോവിഡ് രോഗികളെ പരിചരിക്കുന്ന ആതുര സേവന പ്രവർത്തകർ രോഗികളിൽ നിന്നും തങ്ങൾക്ക് ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ ധരിക്കുന്ന സുരക്ഷാ കവചം ആണ് PPE കിറ്റ്.
ഇതു ധരിച്ചു കൊണ്ട് നിൽക്കുന്നവരെ കാണുമ്പോൾ കാഴ്ചക്കാർക്കു കൗതുകവും, നല്ല രസവും ആണ്. ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ് നെ പോലെ ഇരിക്കുന്നു എന്നൊക്കെ പറഞ്ഞു പലരും കമെന്റ് പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ സുഖം എന്തെന്ന് ഇതു ഒരു പ്രാവശ്യം എങ്കിലും ഇട്ടിട്ടുള്ളവർക്ക് അറിയാം.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കോവിഡ് രോഗികൾ മരിച്ചാൽ അവരെ അടക്കം ചെയ്യാനായി വരുന്ന ശുശ്രൂഷകന്മാരും PPE കിറ്റ് ഇടണം. ഇന്നലെ എനിക്കും അങ്ങനെ ഒരു സഹോദരിയെ അടക്കേണ്ടി വന്നപ്പോൾ ഈ സുരക്ഷാ കവചം ധരിക്കേണ്ടി വന്നു. ഇതു ധരിച്ചപ്പോൾ ആണ് ഇതിന്റെ ബുദ്ധിമുട്ട് എന്തൊക്കെ ആണെന്ന് അറിയാൻ കഴിഞ്ഞത്.ഇത് ഇട്ട് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ശരീരം വിയർക്കാൻ തുടങ്ങി. പുറത്തു നിന്നും കാറ്റു കയറാതെ എയർ പ്രൂഫ് ആണ് ഈ കിറ്റ്. ശരീരത്തിലെ വിയർപ്പ് ഉണങ്ങാനോ പുറത്തു പോകാനോ ഒരു മാർഗവും ഇല്ല. എന്റെ സഹ ശുശ്രൂഷകരായ രണ്ടു പേർ ഈ കിറ്റ് ധരിച്ചു 30 മിനിറ്റ് പൊരി വെയിലിൽ നിന്നപ്പോൾ തല ചുറ്റി താഴെ വീണു. അവരെ പൊക്കി എടുത്തു സെമിത്തേരിയിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുത്തി PPE കിറ്റ് വലിച്ചു കീറി കളഞ്ഞു. അവരുടെ ശരീരത്തെ വിയർപ്പ് കാറ്റടിച്ചു ഉണങ്ങി കഴിഞ്ഞപ്പോൾ ആണ് അവർ നോർമൽ ആയത്. എന്റെ അവസ്ഥ അതിലും ഭയാനകമായിരുന്നു. വെള്ളത്തിൽ കിടക്കുന്ന മീനിനെ പിടിച്ച് കരക്ക് ഇട്ടാൽ അത് എങ്ങനെ മരണ വെപ്രാളപ്പെടുന്നുവോ അതുപോലെ യുള്ള അനുഭവം ആയിരുന്നു എനിക്ക്. ഞാൻ താഴെ വീഴും എന്ന് എനിക്ക് തോന്നി പോയി. എന്റെ ശരീരം മുഴുവൻ വിയർത്ത്, ഷൂസ് ൽ വരെ വെള്ളം നിറഞ്ഞു. ഞാൻ ആ കൊടും വെയ്ലിൽ ഈ കിറ്റിനുള്ളിൽ മരിക്കും എന്നുപോലും തോന്നി പോയി. ഉടൻ തന്നെ ഞാൻ അവിടെ ഒരു കല്ലറയുടെ സ്ലാബിൽ ഇരിക്കുകയും ഞാൻ faint ആകുന്നതു കണ്ട് എന്റെ സഹശുശ്രൂഷ കന്മാരും, സെന്റ് സ്റ്റീഫൻ ഹോസ്പിറ്റലിലെ ചാപ്ലയിനും, എന്റെ സ്നേഹിതനുമായ ബെൻ ഓടിവന്ന് എന്റെ PPE കിറ്റ് വലിച്ചു കീറി എന്നെ അതിൽ നിന്നും പുറത്തെടുത്തു. ഞാൻ വെള്ളത്തിൽ മുങ്ങി പൊങ്ങിയ ഒരു മനുഷ്യനെ പോലെ അവിടെ ശരീരം ആസകലം നനഞ്ഞ അവസ്ഥയിൽ ആ കല്ലറയുടെ സ്ലാബിൽ ഇരുന്നു. ഏകദേശം അര മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ നോർമൽ അവസ്ഥയിൽ ആയതു. അത്രയും സമയം ശുശ്രൂഷ പോലും ബ്രേക്ക്‌ ചെയ്യേണ്ടി വന്നു.ശുശ്രൂഷയുടെ രണ്ടാംഘട്ടം ഞാൻ PPE കിറ്റ് ഇടാതെയാണ് ചെയ്തത്.
ഇത്രയും കാര്യങ്ങൾ ഞാൻ എഴുതിയതിന്റെ കാരണം ഒരു കാര്യം നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി ആണ്. ഈ കോവിഡ് എന്ന മഹാ മാരി തുടങ്ങിയപ്പോൾ മുതൽ ഈ PPE കിറ്റ് ധരിച്ചു ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്സ്മാർ, മറ്റു ആരോഗ്യ പ്രവർത്തകർ ഇവരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നൊക്കൂ…. രാവിലെ ഇടുന്ന PPE കിറ്റ് വൈകിട്ടു പോകുമ്പോൾ ആണ് അഴിച്ചു മാറ്റുന്നത്. ഇത് ഇട്ടു കഴിഞ്ഞാൽ പ്രാഥമിക ആവശ്യമായ യൂറിൻ പോലും പാസ്സ് ചെയ്യാൻ പറ്റില്ല. ഒരിക്കൽ ഊരിയ കിറ്റ് രണ്ടാമത് ഇടാൻ പറ്റില്ല. അതുകൊണ്ട് ബാത്‌റൂമിൽ പോകേണ്ട സാഹചര്യം ഒഴിവാക്കാൻ വേണ്ടി അവർക്ക് 8 മണിക്കൂർ ജോലിക്കിടെ വെള്ളം പോലും കുടിക്കാൻ പറ്റില്ല. ഇങ്ങനെ മറ്റുള്ളവരെ രക്ഷിക്കുവാൻ അവർ തങ്ങളെ തന്നെ കൊല്ലുകയാണ് ഒരു കണക്കിൽ. 8 മണിക്കൂർ ജോലിക്കിടെ ആ വശ്യത്തിന് വെള്ളം ശരീരത്തിൽ ചെല്ലാതിരുന്നാൽ അവരുടെ കിഡ്‌നി, അതുപോലെയുള്ള ആന്തരിക അവയവങ്ങൾ കേടാകും. താമസിയാതെ അവർ രോഗികൾ ആകും. വിയർത്തു കുളിച്ചു നിൽക്കുന്ന ശരീരത്തിലെ വിയർപ്പ് പുറത്തു പോകുവാൻ ഒരു മാർഗവും ഇല്ല. അങ്ങനെ നിരന്തരം വിയർപ്പിൽ ശരീരം മുങ്ങി നിൽക്കുന്നതിനാൽ ന്യൂമോണിയ ഉണ്ടാകാൻ ഉള്ള എല്ലാ സാധ്യതകളും ഉണ്ട്‌. PPE കിറ്റ് മാത്രമല്ല മുഖത്ത് ഡബിൾ മാസ്ക്, അത് കൂടാതെ ഫേസ് ഷിൽഡ്,കയ്യിൽ ഗ്ലൗസ്.ഇതെല്ലാം ഇട്ടു കഴിയുമ്പോൾ ശരീരത്തിൽ അല്പം പോലും വായു കയറാതെ, ഒരു ഡെഡ് ബോഡി പ്ലാസ്റ്റിക്കിൽ പൊതിയുന്നതിനു തുല്യമാണ് PPE കിറ്റ് ഇട്ട ഒരു വ്യക്തിയുടെ ശരീരം. AC റൂമിൽ ഇരുന്നാലും PPE കിറ്റിനുള്ളിൽ AC യുടെ തണുപ്പ് കയറില്ല. ശരീരം വിയർത്തു കുളിച്ചിരിക്കും.. ഇത് സത്യത്തിൽ സുരക്ഷാ കവചം അല്ല.ശരീരത്തെ കൊല്ലുന്ന കവചം ആണ്. കോവിഡ് ബാധിച്ചു ഒരു വ്യക്തി അനുഭവിക്കുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ട് ആണ് അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർ, നേഴ്സ് ഇവർ അനുഭവിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി തങ്ങളെ തന്നെ കൊല്ലുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അവർ നമുക്ക് വേണ്ടി തങ്ങളെ തന്നെ കൊല്ലുകയാണ്.. നമ്മുടെ ആരോഗ്യ പ്രവർത്തകരെ ഓർത്ത് നമുക്ക് ശക്തമായി പ്രാർത്ഥിക്കാം. അവരുടെ നിസ്വാർത്ഥമായ സേവനത്തിന് മുൻപിൽ ശതകോടി പ്രണാമം!! നമുക്ക് അവർക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം!!

പാസ്റ്റർ സി. ജോൺ, ഡൽഹി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.