ലേഖനം: വിശ്വസ്തരോ പ്രശസ്തരോ? | ആൻസി അലക്സ്

കാലചക്രം ഒരു വെല്ലുവിളിയും കൂടാതെ അതിവേഗം ഓടികൊണ്ടിരിക്കുന്നു, ഒപ്പം അൽപ്പായുസുള്ള മനുഷ്യനും. അതിവേഗം ഓടുന്ന ഈ ലോകത്തിൽ വിശ്വസ്തരേക്കാൾ ഏറെയും പ്രശസ്തരെ കാണാൻ കഴിയുന്നു. വിശ്വസ്തതയേക്കാൾ പ്രശസ്തിക്കു പ്രാധാന്യം കൊടുക്കുന്ന ഈ ലോകത്തിൽ,മനുഷ്യൻ തന്റെ തിരക്കുകൾക്കിടയിലും പ്രശസ്തി സമ്പാദിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. മറ്റെന്തിനെക്കാളും “പ്രശസ്തരാവുക”എന്ന ലക്ഷ്യം മനുഷ്യന്റെ ജീവിതചര്യയായി മാറിക്കഴിഞ്ഞു. എന്തിനേറെ പറയുന്നു ജനിച്ചുവീഴുന്ന കുഞ്ഞിനെപ്പോലും മറ്റുള്ളവരുടെ പുകഴ്ച പിടിച്ചുപറ്റാനായി ഉപയോഗിക്കുന്നു.
ലോക മനുഷ്യൻ എന്നു പറയുമ്പോഴും ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ഏറെയും ഇതിനുപിന്നാലെയാണ്. പ്രശസ്തരാകുവാൻ എന്തും ചെയ്തു കൂട്ടുന്നു. ഈ തിരക്കിനിടയിൽ “വിശ്വസ്തത” എന്ന സ്വഭാവത്തിന് മൂല്യച്യുതി സംഭവിച്ചു.എന്നാൽ ആരും അത് തിരിച്ചറിയുന്നില്ല.

Download Our Android App | iOS App

1860 കളിൽ ജനിച്ചു 1936 അമേരിക്കൻ രാജ്യത്തിൽ മരിച്ച ഒരു വ്യക്തിയാണ് ‘സാമുവൽ ബ്രിംഗൾ’. ഒരു ചെരുപ്പുകുത്തിയുടെ മകനായി ജനിച്ചു, കാണാൻ വലിയ യോഗ്യതയില്ലാ, നീളം കുറവാണ്,നിറം കുറവാണ്.ഒരിക്കൽ ദൈവവേല ചെയ്യാനുള്ള ആഗ്രഹത്തിൽ ‘സാൽവേഷൻ ആർമിയുടെ’ സ്ഥാപകൻ ആയ ‘ വില്യം ബൂത്തിന്റെ’ അടുക്കൽച്ചെന്നു. എന്നാൽ പുറമേയുള്ള തന്റെ അകാര രീതിയും വ്യക്തിത്വവും കണ്ടിട്ട് തന്നെ അവിടുന്ന് പുറത്താക്കി.വീണ്ടും താൻ ബ്രിംഗൾ അടുക്കൽ എത്തി ആഗ്രഹം പ്രകടിപ്പിച്ചു.തന്നെ ഒഴിവാക്കാനായി വില്യം ബൂത്ത്‌ സാമുവൽ ബ്രിംഗളിന് ഒരു ജോലി കൊടുത്തു. സാൽവേഷൻ ആർമിയിലെ ശുശ്രൂഷകന്മാരുടെ “ഷൂ” വൃത്തിയാക്കുക.വില്യം ബൂത്ത്‌ സാമുവേൽ ബ്രിംഗളിനെ ‘ഷൂ ‘ റാക്കിരിക്കുന്ന മുറിയിലേക്ക് എത്തിച്ചു. സാമുവേൽ ഒരു പരാതിയും കൂടാതെ ഷൂ വൃത്തിയാക്കാൻ ആരംഭിച്ചു. ഒഴിവു സമയം പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും ഉപയോഗിച്ചു.വളരെ കഷ്ടപ്പാട് സഹിച്ചു, എന്നാൽ വിശ്വസ്തതയോടെ തന്നെ ഏൽപ്പിച്ച കർത്തവ്യം താൻ ചെയ്തു. നീണ്ട 16വർഷം താൻ ആ മുറികളിൽ പ്രാർത്ഥനയോടെ ചിലവഴിച്ചു. നാളുകൾക്കു ശേഷം, സാൽവേഷൻ ആർമി ഒരു മെഗാ കൺവെൻഷൻ തീരുമാനിച്ചു. ഏഴു ദിവസത്തെ കൺവെൻഷനിൽ ഏഴു പ്രാസംഗികരെ വില്യം ബൂത്ത്‌ നിയമിച്ചു. എന്നാൽ ഏഴാം ദിവസം നിയമിച്ചിരുന്ന പ്രാസംഗികൻ വില്യം ബൂത്തിന് ടെലിഗ്രാം അയച്ചു തനിക്കു മീറ്റിംഗിൽ വരാൻ കഴിയില്ല. കത്ത് കിട്ടിയ വില്യം ബൂത്ത്‌ ഭയന്ന് പോയി. താൻ പ്രാർത്ഥിക്കാൻ തുടങ്ങി, പ്രാർത്ഥനയിൽ തനിക്ക് കിട്ടിയ പേര് സാമുൽ ബ്രിംഗളിന്റെതായിരുന്നു.എന്നാൽ തനിക്ക് വിശ്വസിക്കാൻ കഴിയാതെ താൻ വീണ്ടും പ്രാത്ഥിച്ചു. വീണ്ടു അതേ പേര് ആവർത്തിച്ചു കേട്ടു. താൻ നേരെ സാമുവേൽ ബ്രിംഗളിന്റെ അടുത്തെത്തി. ഇത് കേൾക്കുമ്പോൾ സാമുവേൽ ഭയക്കുമെന്നു വില്യം ബൂത്ത്‌ കരുതി. എന്നാൽ ഒരു ഞെട്ടലും കൂടാതെ താൻ വൈകുന്നേരം പ്രസoഗിക്കാമെന്നു ഉറപ്പു കൊടുത്തു. നീണ്ട 16 വർഷങ്ങൾക്കൊടുവിൽ തന്റെ ആഗ്രഹം പോലെ ദൈവ വേലയ്ക്കു അവസരം ലഭിച്ചു. താൻ വേദിയിൽ എത്തി, പ്രാത്ഥിക്കാം എന്നു പറഞ്ഞു, കണ്ണുകൾ അടച്ചു. കണ്ണു തുറന്നപ്പോൾ കസാരകളിൽ ആരെയും കാണുന്നില്ല. എല്ലാവരും എഴുന്നേറ്റു പോയി എന്നു താൻ കരുതി. സൂക്ഷിച്ചു നോക്കിയപ്പോൾ ഓരോരുത്തരും നിലത്തു ഇരുന്നു കരയുവാൻ തുടങ്ങി. അത് ഓരോരുത്തരുടെയും മനസാന്തരത്തിനു കാരണമായി. ദൈവസാന്നിധ്യം കൊണ്ടു വേദി നിറഞ്ഞു. ഇത് സാമൂൽ ബ്രിംഗളിന്റെ ആത്മീയ ജീവിതത്തിന്റെ തുടക്കം ആയി മാറി. പിന്നീട് സൽവേഷൻ ആർമിയുടെ ശക്തനായ നേതാവായി മാറി. സാമൂൽ ബ്രിംഗളിന്റെ ഈ മാറ്റത്തിന്റെ കാരണം എന്താണ്?

post watermark60x60

തന്റെ ശക്തമായ പ്രാർത്ഥനയും അതിലേറെ തന്നെ ആക്കിവച്ചിരുന്ന സ്ഥാനത്തോട് താൻ കാണിച്ച വിശ്വസ്തതയും ക്ഷമയും കാത്തിരുപ്പും. തനിക്കു ലഭിച്ചത് ഏറ്റവും താഴ്ന്ന പദവി ആയിരുന്നിട്ടും താൻ അവിടെ വിശ്വസ്തനായിരുന്നു.

പ്രിയ മക്കളെ, ദൈവം നമ്മെക്കുറിച്ചും ആഗ്രഹിക്കുന്നതും ഇതാണ് എത്ര ചെറിയതോ വലിയതോ ആയ പദവി നമ്മെ ഏൽപ്പിച്ചാലും നാം വിശ്വസ്തർ ആയിരിക്കണം. പ്രശസ്തരേക്കാൾ വിശ്വസ്തരെ മാനിക്കുന്ന ദൈവം ഉയരത്തിൽ ഉണ്ട്.
നാം പഴയനിയമ പുസ്തകത്തിൽ നോക്കിയാൽ യോസഫ് എന്നൊരുവനെ കാണാം (ഉല്പത്തി 39) . തനിക്ക് എല്ലാം സ്വന്തമായി ലഭിച്ചിട്ടും തന്നെ ആക്കി വെച്ച ഇടത്തു വിശ്വസ്തതയോടെ നിന്നു. യജമാനന്റെ (പൊത്തിഫർ) ഭാര്യ തന്നെ പാവം ചെയ്യാനായി ക്ഷണിച്ചപ്പോഴും താൻ പറഞ്ഞ ഒരു വാക്കുണ്ട് “ഇതാ വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല, തനിക്കുള്ളതൊക്കയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു, ഈ വീട്ടിൽ എന്നേക്കാൾ വലിയവൻ ഇല്ല.എന്നാൽ “ഞാൻ ഈ മഹാ ദോഷം പ്രവർത്തിച്ചു ദൈവത്തോട് പാപം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു”(ഉല്പത്തി 39: 8,9).
താൻ പൊത്തിഫെറിനോട് വിശ്വസ്തത പുലർത്തി അതിലുപരി ദൈവത്തോട് വിശ്വസ്തനായി നിലകൊണ്ടു. തന്നെ ആക്കി വെച്ചിരുന്ന സ്ഥാനത്തും താൻ വിശ്വസ്തനായി മാറി, അവസരങ്ങൾ ഉണ്ടായിട്ടും അതൊന്നും ദൈവഹിതത്തിനു വിപരീതമായി ഉപയോഗിക്കാതെ ദൈവനാമം പരിശുദ്ധിയോടെ, വിശ്വസ്തതയോടെ കാത്തുസൂക്ഷിച്ചു.

ദൈവമക്കളെ,നാമും ഇതുപോലെ നമ്മെ ആക്കി വച്ചിരിക്കുന്ന മേഖലകളിൽ ആരും നമ്മെ കണ്ടില്ലെങ്കിലും, മനസ്സിലാക്കിയിലെങ്കിലും നമ്മെ കാണുന്ന ദൈവമുമ്പാകെ വിശ്വസ്തത പുലർത്തണം. പ്രാർത്ഥിക്കുന്ന യോസഫിന് അറിയാം ആരു കണ്ടില്ലെങ്കിലും തന്നെ കാണുന്ന ഒരു ദൈവമുണ്ടെന്ന്. ആയതിനാൽ നമുക്കും പ്രശസ്തിയേക്കാൾ വിശ്വസ്തതയ്ക്കു പ്രാധാന്യം കൊടുക്കാം. അവങ്കലേക്ക് കണ്ണുകൾ ഉയർത്തി വിശ്വസ്തതയോടെ അവന്റെ മുമ്പാകെ ജീവിക്കാം.

ആൻസി അലക്സ്

-ADVERTISEMENT-

You might also like
Comments
Loading...