ഭാവന: അനുഗ്രഹം ലഭിച്ചവൾ | ദീന ജെയിംസ് ആഗ്ര

അസ്തമയ സൂര്യന്റെ കിരണങ്ങൾക്ക് പതിവിലേറെ ചൂട് അനുഭവപെടുന്നപോലെ തോന്നി കൂടാരവാതിൽക്കൽ ഭർത്താവിന്റെ വരവും കാത്തുനിന്ന അവൾക്ക്. ചൂടേറിയ അ നുഭവങ്ങളായിരുന്നു ജീവിതത്തിന്റെ ഏറിയപങ്കും. കുടുംബക്കാരിൽ നിന്നും ഒക്കെ അകന്ന് കൂടാരത്തിൽ ഭർത്താവിനൊപ്പം കഴിയുന്ന സാധാരണക്കാരിയായ ഒരു സ്ത്രീയാണ്.ഓരോന്നോർത്തു നിന്ന അവൾ തന്റെ കൂടാരത്തെ ലക്ഷ്യമാക്കി ആരോ ഓടിവരുന്നത് കണ്ട് ആദ്യമൊന്ന് ഭയന്നു. ആരായിരിക്കും? ആഗതന്റെ ഉദ്ദേശ്യമെന്തായിരിക്കും? പല ചിന്തകൾ മനസിലൂടെ കടന്നുപോയി. വാതിൽക്കൽ നിന്നിറങ്ങി അല്പം മുന്നോട്ടു നടന്നപ്പോൾ മനസിലായി മാറ്റാരുമല്ല കനാന്യരാജവായ യാബീന്റെ സേനാപതി സീസരയാണ്. തൊള്ളായിരം ഇരുമ്പ് രഥങ്ങളുടെ ഉടമ!!!!
സീസരയും യജമാനനും ചേർന്ന് യിസ്രായേൽജനതയെ വളരെയധികം ഞെരുക്കുന്ന വാർത്ത അറിഞ്ഞപ്പോൾ അല്പം നീരസം മനസ്സിൽ തോന്നിയതാണ്. മുന്നിൽ കണ്ടപ്പോൾ വല്ലാത്തൊരു ദേഷ്യം തോന്നിയെങ്കിലും പുറത്തുകാണിക്കാതെ എതിരെറ്റു ചെന്നു അവൾ. “യജമാനനേ, ഇങ്ങോട്ട് കയറിക്കൊൾക്ക.. ഭയപ്പെടേണ്ട,”എന്ന് പറഞ്ഞെങ്കിലും വല്ലാത്തൊരു അമർഷം മനസ്സിൽ. വലിയൊരു ശക്തി ശരീരത്തിൽ പ്രവഹിക്കുന്നപോലെ… ഇന്നിവനെ വകവരുത്തണം. മനസ്സിൽ ആരോ മന്ത്രിക്കുന്നു. വല്ലാത്തൊരു ഭീതിയും മനസ്സിൽ കാരണം ഭർത്താവിന്റെ കുടുംബവും യാബീനും വളരെ സ്നേഹത്തിലാണ്.

post watermark60x60

സീസര വളരെ ക്ഷീണിതനായിരുന്നു.വെള്ളം കുടിപ്പാൻ ചോദിച്ചു അവൾ പാൽക്കൊടുത്തു കുടിപ്പാൻ. ഒരു പരവതാനികൊണ്ട് അവനെ മൂടി. ഇന്നുവരെയും ആരെയും നോവിച്ചിട്ടുപോലുമില്ലാത്ത അവൾക്ക് അവനെ കൊല്ലാനുള്ള ധൈര്യം എവിടെനിന്നോ കിട്ടിയപോലെ…. എങ്ങനെ ഈ കൃത്യം നടത്തും വാളോ കുന്തമോ ഒന്നും തന്റെ കൈവശമില്ലല്ലോ എന്നോർത്ത അവളുടെ കണ്ണുകൾ കൂടാരത്തിന്റെ കുറ്റിയിൽ പതിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല വലിച്ചൂരിയ കുറ്റിയും ചുറ്റികയുമെടുത്തു സീസരയുടെ അടുത്തേക്ക് നടന്നു അവൾ. ഗാഡനിദ്രയിലേക്ക് വീണിരുന്നു അപ്പോഴേക്കും അവൻ. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവളുടെ… കണ്ണുകൾ ഇറുകെയടച്ചു സർവ്വശക്തിയുമെടുത്തു കുറ്റി അവന്റെ ചെന്നിയിൽ വച്ച് ചുറ്റികകൊണ്ട് ആഞ്ഞടിച്ചു. കൂടാരത്തിനു പുറത്തേക്കോടി അവൾ. നേരെ പോയത് ബാരാക്കിനടുത്തേക്ക് ആണ്. “നിങ്ങൾ അന്വേഷിക്കുന്നവനെ ഞാൻ കാണിച്ചുതരാം “അവൾ പറഞ്ഞു. ബാരാക്കും കൂട്ടരും കൂടാരത്തിൽ വന്നപ്പോൾ മരിച്ചുകിടക്കുന്ന സീസരെയാണ് കണ്ടത്. അന്ന് വലിയജയം ദൈവം അവളിൽ കൂടി യിസ്രായേലിനു നൽകി. ദബോരയും ബാരാക്കും ഇങ്ങനെ പാടി അവളെ പറ്റി :കേന്യനാം ഹേബീരിൻ ഭാര്യയാം യായേലോ
നാരീജനത്തിൻ അനുഗ്രഹം ലഭിച്ചവൾ
കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.

ശത്രുവിനെ ജയിക്കുവാൻ കഴിവോ പരിചയസമ്പന്നതയോ വേണ്ടതില്ല… നമ്മിൽ വ്യാപാരിക്കുന്ന ഉയരത്തിലെ ശക്തി മാത്രം മതി.

Download Our Android App | iOS App

ദീന ജെയിംസ്

-ADVERTISEMENT-

You might also like