കഥ: വെളിച്ചം കാട്ടിയ രക്തസാക്ഷികള്‍ | സജോ കൊച്ചുപറമ്പിൽ | ഭാഗം 1

കാടും മലയും പലതു താണ്ടി നാളേറെ കടന്നു പോയോരു കാലഘട്ടത്തില്‍ കൈയ്യില്‍ ഇത്തിരി പോന്നോരു വെളിച്ചവുമായി ഒരു പടുവൃദ്ധന്‍ ആ നാട്ടിലെത്തി. ഇരുളുനിറഞ്ഞോരു നാടിന് വെളിച്ചവുമായായിരുന്നു അയാളുടെ വരവ്. പക്ഷെ ഏറെ നാള്‍ ഇരുളില്‍ കിടന്ന ആ നാടും നാട്ടാരും അയാളിലെ വെളിച്ചത്തെ വല്ലാതെ ഭയപ്പെട്ടു.
തന്നിലെ വെളിച്ചത്തെ ആ നാട്ടിലേക്ക് പകര്‍ന്നു നല്കും മുമ്പെ ആ നാടും നാടുവാഴികളും ആ വൃദ്ധനെയും അയാളുടെ ഓര്‍മ്മകളേയും എന്നെന്നെക്കുമായി അഗ്നിയില്‍ ചാരമാക്കി.

ചില നാളുകള്‍ക്കു ശേഷം അയാളുടെ മകന്‍ കാടും മലകളും താണ്ടി ആ നാട്ടിലേക്ക് എത്തി. അയാളുടെ വരവ് നഷ്ടപ്പെട്ട തന്റെ പിതാവിനെ തേടിയല്ലായിരുന്നു. നഷ്ടപ്പെട്ട മനുഷ്യരെ തേടിയായിരുന്നു.

തന്റെ പിതാവിനെപ്പോലെ അയാളും ആ ഇരുളില്‍ അവര്‍ക്കൊരു വെളിച്ചമായി.
എന്നാല്‍ ആ നാട് ആ ഉരുകികത്തികൊണ്ടിരുന്ന മെഴുകുതിരി വെളിച്ചത്തെ ഊതിക്കെടുത്തി.
തന്റെ പിതാവിന്റെ ശരീരം ചാരമായി വീണ മണ്ണിലേക്ക് തലയും ഉടലും വേര്‍പെട്ട് മകന്റെ ശരീരം പതിച്ചു .

കാലം അധികം മുന്‍പോട്ടു പോയില്ല, തന്റെ വല്ല്യപ്പച്ചന്റെയും പിതാവിന്റെയും മരണം നടന്ന നാട്ടിലേക്ക് കാടും മലകളും കടന്ന് നഗ്നപാദനായി ആ കോമളനായ യുവാവ് നടന്നെത്തി.
ചെറിയോരു വെളിച്ചമായി കടന്നു വന്ന തന്റെ വല്യപ്പച്ചനിലും,
ഒരു മെഴുകുതിരി നാളം പോലെ ഉരുകി നിന്ന പിതാവിലും വ്യത്യസ്ഥനായി അവനൊരു കാട്ടുതീ ആയിരുന്നു.
എത്ര ഊതിയാലും കെടുത്താനാവാത്ത ഓരോ ശ്വാസത്തിലും പതിന്‍മടങ്ങ് ജ്വലിക്കാന്‍ കഴിവുള്ള കാട്ടു തീ !!

അവനാ നാട്ടില്‍ കത്തിപ്പടര്‍ന്നു. കുടിലുകള്‍ മുതല്‍ നാട്ടുപ്രമാണിമാരുടെ വലിയ വീടുകള്‍ വരെ ആ കാട്ടുതീ പടര്‍ന്നു പിടിച്ചു.
കാട്ടിനുള്ളില്‍ ഒറ്റപ്പെട്ട ആ നാട് ദിവസങ്ങളോളം നിന്നു കത്തി.

ഇരുളില്‍ അകപ്പെട്ടു പോയ ജനത വെളിച്ചത്തില്‍ തിളങ്ങി.
അവനെ കത്തിക്കാന്‍ ഒരുങ്ങിയവരെല്ലാം അവനാല്‍ കത്തി ജ്വലിച്ചു.
സുവിശേഷം അപ്രകാരമാണ്…
നീ എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും അത് തകരുകയില്ല…
പിന്നെയോ, അതു നിന്നെ തകര്‍ക്കും …
ശേഷം നിന്നെ ശ്രേഷ്ടമായി പണിയും…
അതൊരു നാടാവട്ടെ ..അതൊരു കാടാവട്ടെ… അതൊരു വീടാവട്ടെ… അതൊരു ശരീരമാവട്ടെ… അതിനെ എല്ലാം കത്തിക്കാന്‍ കരുത്തുള്ളതാണ് സുവിശേഷം !!

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.