ലേഖനം: മാനുഷികവും ദൈവികവും | ഇവാ. അജി ഡേവിഡ് വെട്ടിയാർ

ആലോചനയോ പ്രവൃത്തിയോ മാനുഷം എന്ന് വരികിൽ അതു നശിച്ചു പോകും; ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴികയില്ല”(അപ്പൊ.പ്രവൃത്തികൾ 5:38,39).
അപ്പൊസ്തലന്മാരായ പത്രൊസിന്റെയും യോഹന്നാന്റെയും നേതൃത്വത്തിൽ യെരുശലെമിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വലിയ അടയാളങ്ങളും അത്ഭുതങ്ങളുമാണ് നടത്തിയത്. ഇക്കാരണത്താൽത്തന്നെ ഈ കർത്തൃദാസന്മാർക്കെതിരെ വിവിധ കോണുകളിൽ നിന്നായി ശക്തമായ എതിർപ്പുകളും പീഡനങ്ങളും ഉണ്ടായി. മഹാപുരോഹിതനും ന്യായാധിപസംഘവും സദൂക്യരും പടനായകനുമൊക്കെ അപ്പൊസ്തലന്മാരെ ഒതുക്കിക്കളയുവാനുള്ള തന്ത്രങ്ങൾ നടത്തി. ഒരു ഘട്ടത്തിൽ തടവിലാക്കുകവരെ ചെയ്തു. വർദ്ധിതവീര്യത്തോടെ സുവിശേഷം പ്രഘോഷിച്ച അവരെ എതിരാളികളെല്ലാവരും കൂടി പിന്നെയും ഒടുക്കിക്കളയാൻ ശ്രമിക്കുന്നു. ഈ അവസരത്തിലാണ് സർവ്വജനത്തിനും ബഹുമാനമുള്ള ധർമോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ് യിസ്രായേൽ പുരുഷന്മാരോടായി പറയുന്നത്: ” ഈ നാളുകൾക്കു മുമ്പേ ത്യുദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നു കൂടി; എങ്കിലും അവൻ നശിക്കുകയും അവനെ അനുസരിച്ചവർ ചിന്നി ഒന്നുമില്ലാതാകുകയും ചെയ്തു. അവന്റെ ശേഷം ഗലീലക്കാരനായ യുദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു. അവനും നശിച്ചു. അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞു കൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്ന് വരികിൽ അതു നശിച്ചു പോകും; ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴികയില്ല” (അപ്പൊ.പ്രവൃത്തി:5:36-39). മുകളിൽ പരാമർശിക്കുന്ന വ്യക്തികളിൽ ത്യുദാസ് ജനസംഖ്യാകണക്കെടുപ്പിനു മുമ്പായി(എഡി 6) 400 പുരുഷന്മാരെകൂട്ടി ഒരു വിപ്ലവം നയിച്ച് പരാജയം നേരിട്ട് കൊല്ലപ്പെട്ട വ്യക്തിയാണ്. അതുപോലെ റോമാക്കാർക്കെതിരായി ഒരു വിപ്ലവം നടത്തി മരിച്ചവരിൽ ഒരാളായിരുന്നു ഗലീലിയായിലെ യൂദാസ്. ഇതും എഡി ആറിൽ നടന്നിരിക്കാം. എന്തുമാവട്ടെ, ഗമാലീയേൽ രണ്ടു പരാജയപ്പെട്ട വ്യക്തികളെ താരതമ്യം ചെയ്തുകൊണ്ടാണ് അപ്പൊസ്തലന്മാരെക്കുറിച്ച് ജനത്തെ ഓർമ്മിപ്പിക്കുന്നത്. അതായത് ഇരുവരും മാനുഷികമായി പ്രവർത്തിച്ചവരാണെന്നും പത്രൊസും സഹപ്രവർത്തകരും ചെയ്യുന്ന പ്രവർത്തനങ്ങൾ മാനുഷികമാണെങ്കിൽ നശിച്ചു പോകുമെന്നും; ദൈവികമാണെങ്കിൽ അത് ആർക്കും നശിപ്പിപ്പാൻ കഴികയില്ലെന്നു അറിയിക്കുകയാണ് ചെയ്തത്. ജനം അവന്റെ വാക്കുകൾ അനുസരിച്ചശേഷം അപ്പൊസ്തലന്മാരെ വരുത്തി അടുപ്പിച്ചു. ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്നും താക്കീത് നല്കി വിട്ടയച്ചു. സത്യത്തിൽ ഇവിടെ ഗമാലീയേലിന്റെ വാക്കുകൾ പോലെ തന്നെയാണ് സംഭവിച്ചത്.

അപ്പൊസ്തലമാരുടെ ആലോചനകളും പ്രവർത്തികളും മാനുഷികമല്ലായിരുന്നു; നൂറു ശതമാനവും ദൈവീകം തന്നെയായിരുന്നു. ഈ സത്യം ഗമാലീയേൽ ഉൾപ്പെടെയുള്ളവരുടെ കണ്ണുകൾകൊണ്ട് കാണേണ്ടിവന്നു. 12ാം അദ്ധ്യായം വരെ പത്രൊസ് മിഷണറി പ്രവർത്തനങ്ങളിൽ നിറഞ്ഞു നില്ക്കുന്നതായി കാണാം. ജനത്തിന്റെ ഇടയിൽ ദൈവം ശക്‌തമായി അത്ഭുതങ്ങൾ ചെയ്യിച്ചു, അനേകർ രോഗസൗഖ്യം പ്രാപിച്ചു, മരിച്ച തബീഥായെ ഉയർപ്പിക്കുകവരെയുണ്ടായി. പലരും കർത്താവിൽ വിശ്വസിക്കുവാനിടയായി(9:36-42). പ്രിയരെ! ക്രൈസ്തവ ജീവിതം ചിലപ്പോൾ കഷ്ടതകളുടെയും അപമാനങ്ങളുടെയും സരണിയായിരിക്കാം. സുവിശേഷവേല ത്യാഗത്തിന്റെയും പീഡനങ്ങളുടെയും പ്രതിസന്ധികളുടെയും സംഘമവേദിയായിരിക്കാം.എതിരാളികൾ താക്കീത് ചെയ്യുകയും ഉപദ്രവിക്കുകയും ഒടുക്കിക്കളയാൻ ശ്രമിക്കുകയും ചെയ്തേക്കാം. അധികാരികൾ നമുക്കെതിരായി നിയമങ്ങൾ കൊണ്ടു വന്നേക്കാം. കാരാഗൃഹം ഒരുക്കിയേക്കാം. പക്ഷെ, തളരരുത്. ക്രൈസ്തവ മാർഗ്ഗത്തെ ഇല്ലാതാക്കുവാൻ ആർക്കും സാധ്യമല്ല. നമ്മൾ ചെയ്യുന്നത് ദൈവീകം എന്നത് കാലം തെളിയിക്കുക തന്നെ ചെയ്യും. കർത്താവായ യേശു ക്രിസ്തു നമുക്കു തുണയുണ്ട്. ധൈര്യമായി മുന്നോട്ട് പോകാം.

അജി ഡേവിഡ്

-Advertisement-

You might also like
Comments
Loading...