ചെറു ചിന്ത: അവസാന ശത്രു (THE LAST ENEMY) | മിനി തര്യന്‍, ന്യൂ യോര്‍ക്ക്‌

തനിക്കും ഭാര്യക്കും കോവിഡ് പിടിക്കുമെന്നു ഭയപ്പെട്ടു ഒരു വിമാനത്തിലെ മുഴുവൻ ടിക്കറ്റും ബുക്ക് ചെയ്തു യാത്ര ചെയ്ത യുവ വ്യവസായിയെക്കുറിച്ചുള്ള വാർത്ത ചിത്ര സഹിതം ഓൺലൈൻ മാധ്യമത്തിൽ വന്നത് നിങ്ങളിൽ പലരും വായിച്ചിരിക്കും. അത്രേം കാശുള്ള വ്യവസായിക്ക് അങ്ങനൊക്കെ കഴിയും, അതെന്തെലും ആകട്ടെ. എന്റെ വിഷയം മറ്റൊന്നാണ്. ഭയം.

Download Our Android App | iOS App

രോഗത്തെ, മരണത്തെ അങ്ങനെ എന്തെല്ലാം കാര്യങ്ങളെയാണ് മനുഷ്യൻ ഭയപ്പെടുന്നത്. എനിക്ക് ഒന്നിനെയും തന്നെ ഭയമില്ല എന്ന് പറയാൻ പറ്റുന്ന ആരേലും ഉണ്ടോ എന്ന് എനിക്കറിയില്ല. ഒന്നിനെ അല്ലെങ്കിൽ മറ്റൊന്നിനെ മനുഷ്യൻ ഭയപ്പെടുന്നു. എന്റെ അടുത്ത ഒരു സുഹൃത്തിനു ഉയരത്തെ ഭയമാണ്, Acrophobia. അതുകൊണ്ടു തന്നെ കുടുംബത്തെയും കുട്ടികളെയും കൊണ്ട് ഉയർന്ന റൈഡുകൾ ഉള്ള  സ്ഥലത്തൊന്നും പോകാറില്ല. അങ്ങനെ എത്രയോ വിചിത്രങ്ങളായ ഭയങ്ങൾ അനുഭവിക്കുന്നവരെയാണ് ദൈനംദിന ജീവിതത്തിൽ നമുക്ക് ചുറ്റും കാണുന്നത്. ഇടുങ്ങിയ സ്ഥലങ്ങൾ, അല്ലെങ്കിൽ ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ ചിലർക്കുണ്ടാകുന്ന ഭയത്തെ ക്ലോസ്ട്രോ ‌ഫോബിയ എന്ന് വിളിക്കും. അങ്ങനെയുള്ള രോഗികൾക്ക് വേണ്ടി പ്രത്യേക MRI സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഭയം ഒരു വില്ലൻ തന്നെയാണ്.

post watermark60x60

കോവിഡ്  എന്ന മഹാമാരി പടർന്നു പിടിക്കാൻ തുടങ്ങിയ ആദ്യ മാസങ്ങളിൽ തങ്ങൾക്കു ഒരു ചെറിയ പനിയോ തലവേദനയോ ഒക്കെ ഉണ്ടായപ്പോൾ കോവിഡായിരിക്കുമോ എന്ന് ഭയന്ന് ആത്മ ഹത്യ ചെയ്ത എത്രയോ പേരുടെ വാർത്ത നാം പത്രങ്ങളിൽ വായിച്ചു. ചിലപ്പോൾ വെറും പനിയായിരുന്നിരിക്കും.പക്ഷെ ഭയം എന്ന മഹാമാരി ഹൃദയത്തെ കാർന്നു തിന്നുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ ചിലർ ആത്മഹത്യയിലേക്കു എടുത്തു ചാടുന്നു. മറ്റൊന്നും അനുഭവിക്കേണ്ടല്ലോ എന്ന തോന്നലായിരിക്കാം.

ഏറ്റവും വിചിന്തനം  ചെയ്യപ്പെട്ടിട്ടുള്ള ഭയം മരണഭയം തന്നെയായിരിക്കും എന്ന് ഞാൻ കരുതുന്നു, ഏറ്റവും ഭയാനകമായതും. എന്താണ് ഒരു പോം വഴി? എത്രയോ തവണ അവസാന ശ്വാസം വലിക്കുന്ന വ്യക്തികളുടെ കയ്യിൽ മുറുകെ പിടിച്ചു ആ അവസാന യാത്രക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എനിക്ക്. അപ്പോളൊക്കെ ഞാൻ ചിന്തിച്ചിട്ടുള്ള ഒരു കാര്യം ഇതാണ്, മരിച്ചു കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ച് ഉറപ്പു പ്രാപിച്ചായിരിക്കുമോ ഇവർ പോയിരിക്കുന്നത്?  ” I DON’T WANT TO DIE YET ”  എന്ന് പറഞ്ഞു കരഞ്ഞ എത്രയോ മുഖങ്ങൾ.  മരണത്തിനു മുന്നിൽ നിസ്സഹായനായി നില്ക്കാൻ മാത്രമേ മനുഷ്യന് കഴിയു. വൈദ്യ ശാസ്ത്രവും അതി വിദഗ്ദ്ധ സാങ്കേതിക വിദ്യകളും ഒക്കെ ഉപയോഗിച്ച് കുറച്ചു നാളൊക്കെ ആയുസു വലിച്ചു നീട്ടാൻ കഴിയുമെന്ന് നമുക്ക് തോന്നിയാൽ പോലും ഒരിക്കൽ നാം ഒക്കെ നടന്നു പോകേണ്ട വഴി തന്നെയാണ് മരണം. ആൾട്ടർനേറ്റീവ്/ ബദൽ ഒന്നും ഇതുവരെ ഇല്ല. ഇനി ഉണ്ടാകയും ഇല്ല.  മരണം പരമസത്യമായി തുടരുന്നു. അന്നും ഇന്നും എന്നും. മനുഷ്യന്റെ അവസാന ശത്രു മരണം ആണെന്ന് ബൈബിളും സാക്ഷീകരിക്കുന്നു.

എന്നാൽ മരണഭയത്തിൽ നിന്ന് വിടുതൽ നേടുവാൻ വിശുദ്ധ വേദപുസ്തകം മനുഷ്യനു മുന്നിൽ ഒരു വഴി തുറന്നിടുന്നു. വിശുദ്ധ തിരുവെഴുത്തിൽ എബ്രായ ലേഖനം രണ്ടാം അദ്ധ്യായം പതിനാലാം വാക്യം ഇപ്രകാരം ആണ് പറയുന്നത്, കർത്താവായ യേശു ക്രിസ്തു മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

മനുഷ്യൻ അടിമ തന്നെയാണ്, മരണ ഭയം കൊണ്ട്. എന്നാൽ അതിനെ മാറ്റുവാൻ ക്രിസ്തു ജഡാവതാരം എടുത്തു മരണത്തിന്റെ അധികാരിയായിരുന്ന സാത്താനെ ക്രൂശിൽ തോൽപ്പിച്ചു എന്ന വാർത്ത മനുഷ്യരാശിക്ക് സന്തോഷവും പ്രത്യാശയും തരുന്നത് തന്നെയാണ്. പലസ്തിൻറെ മണ്ണിൽ നിന്നുകൊണ്ട് യേശു ഇപ്രകാരം വിളിച്ചു പറഞ്ഞു. ” *എന്നില് വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും* .” എന്തൊരു ഉറപ്പാണ് ആ വാക്കുകൾക്ക്. വിശ്വസിക്കുക എന്നത് മാത്രമാണ് നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.

എന്റെ വായനക്കാർ ആരെങ്കിലും മരണഭയത്തിൽ ഇന്നും ആയിരിക്കുന്നു എങ്കിൽ ഈ സന്തോഷവാർത്ത നിങ്ങൾക്കുള്ളതാണ്. ക്രിസ്തു യേശുവിലുള്ള വിശ്വാസം മുഖാന്തരം നിത്യ ജീവൻ പ്രാപിപ്പാൻ എന്റെ പ്രിയ സഹോദരങ്ങൾക്ക് ഇടയാകട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.

മിനി തര്യൻ, ന്യൂയോർക്ക്

-ADVERTISEMENT-

You might also like
Comments
Loading...