ചെറു ചിന്ത: പരാജയപ്പെടാത്ത ദൈവികപദ്ധതി | സോനു സക്കറിയ ഏഴംകുളം

“ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ അവൻ (യേശു) കയറി …” ലൂക്കോസ് 5:3

Download Our Android App | iOS App

ഗന്നേസരേത്ത് തടാകക്കരയിൽ തടിച്ചുകൂടിയ പുരുഷാരത്തിൻറെ തിക്കിൽ നിന്ന് മാറി ഒരിടം എന്ന നിലയിൽ യേശു കണ്ടെത്തിയ വഴിയാണ് ശിമോൻറെ പടക് എന്ന് ഒറ്റവായനയിൽ നമുക്ക് തോന്നാം. എന്നാൽ ശേഷമുള്ള സംഭവങ്ങൾക്കൂടി ചേർത്തുവായിക്കുമ്പോഴാണ് ദൈവികപദ്ധതിയെക്കുറിച്ച് വ്യക്തമാകുന്നത്.

post watermark60x60

പുരുഷാരത്തിനാവശ്യമായത് കൊടുക്കാൻ തയ്യാറായപ്പോൾത്തന്നെ, ശിമോനെക്കുറിച്ചുള്ള കരുതലും യേശുവിൻറെ ഉള്ളിലുണ്ടായിരുന്നു.
മീൻപിടുത്തത്തിൻറെ പരിചയസമ്പത്ത് ധാരാളമുള്ള ശിമോനും കൂട്ടരും അന്ന് രാത്രി മുഴുവൻ അദ്ധ്വാനിച്ചു; പക്ഷെ തോറ്റുപോയി. അതും ദൈവികപദ്ധതിയായിരുന്നു. യേശുക്രിസ്തുവിനെ അവർ തിരിച്ചറിയേണ്ടതിന്നുള്ള പദ്ധതി. യേശുവിൻറെ ഉയർത്തെഴുന്നേൽപ്പിനുശേഷവും സമാനഅനുഭവം ശിമോൻപത്രോസിന് ഉണ്ടായതായി നമുക്ക് കാണാം.

പ്രിയമുള്ളവരേ, ചിലപ്പോഴൊക്കെ തോൽവികൾ സംഭവിക്കുന്നതെന്താണെന്ന് ചോദ്യമുയരുന്നുണ്ടോ? അതിൻറെ പിന്നിലുള്ള ദൈവപ്രവർത്തിയാണ് നമുക്കുള്ള മറുപടി. ജീവിതത്തിൽ എത്ര ശ്രമിച്ചിട്ടും വേദനകളോ, പ്രയാസങ്ങളോ, പരാജയങ്ങളോ നേരിടുന്ന മേഖലകളുണ്ടോ? ഭാരപ്പെടേണ്ട, ഇതൊന്നും ദൈവം അറിയാതെയല്ല. മറ്റാരും കണ്ടില്ലെങ്കിലും, നമ്മുടെ അവസ്ഥ നന്നായി അറിയുന്ന ദൈവത്തിൻറെ കരുതലിൻറെ ദൃഷ്ടിയിലാണ് നാം. ഒരിക്കലും പരാജയപ്പെടാത്ത ദൈവികപദ്ധതി തന്നെ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകട്ടെ.

നമ്മുടെ പ്രയാസങ്ങളെ നീക്കുന്ന, കണ്ണുനീർ തുടയ്ക്കുന്ന, നിന്ദകളകറ്റുന്ന യേശുകർത്താവ്, നമ്മെ എല്ലായിടങ്ങളിലും തൻറെ ഉത്തമസാക്ഷികളായി ദൈവകൃപയിൽ നിർത്തും. അവൻ നമ്മെ ജയാളിയായ് നടത്തുവാൻ മതിയായവനാണ്. നമ്മുടെ ബുദ്ധിയുടെ ആലോചനകളെ മാറ്റിവച്ച്, ദൈവികശബ്ദത്തിനായി കാതോർക്കാം. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

സോനു സക്കറിയ ഏഴംകുളം

-ADVERTISEMENT-

You might also like
Comments
Loading...