ലേഖനം: അധർമ്മം പെരുകുന്നു സ്നേഹം തണുക്കുന്നു | ജോസ് പ്രകാശ്

പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന വിശുദ്ധനും സ്നേഹവാനുമായ ദൈവത്തെ വിശുദ്ധ വചനത്തിന്റെ താളുകളിൽ ദർശിക്കുവാൻ സാധിക്കും. പാപികളായ മാനവ ജനതയോടുള്ള ദൈവത്തിന്റെ ആഴമായ സ്നേഹമാണ് തിരുവെഴുത്തുകളിൽ നിറഞ്ഞു നിൽക്കുന്നത്.
“ദൈവം സ്നേഹം ആകുന്നു” (God is love) എന്നാണ് സ്നേഹത്തിന്റെ അപ്പൊസ്തലനായ യോഹന്നാൻ ദൈവത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

Download Our Android App | iOS App

ദൈവസ്നേഹം വർണ്ണിക്കുവാൻ വാക്കുകളോ വിശദീകരിക്കുവാൻ ഉദാഹരണങ്ങളോ പര്യാപ്തമല്ല. എന്തുകൊണ്ടെന്നാൽ ആഴിയേക്കാൾ അഗാധവും ആകാശത്തെക്കാൾ ഉന്നതവുമാണ് അവിടുത്തെ നിത്യ സ്നേഹം.

post watermark60x60

പിതാവായ ദൈവത്തിന്റെ മഹൽ സ്നേഹം പുത്രനായ യേശു ക്രിസ്തുവിലൂടെ കാൽവറി ക്രൂശിൽ പ്രദർശിപ്പിക്കപ്പെട്ടു. നിത്യമരണത്തിലേക്ക് പ്രയാണം ചെയ്യുന്നവരെ നിത്യജീവൻ നൽകി രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകി ലോകത്തെ (മനുഷ്യരെ) സ്നേഹിച്ചത് (1യോഹ – 4:9).

പാരിന്റെ പാപങ്ങൾ ചുമന്നൊഴിപ്പാൻ പരലോകം വിട്ടു ഭൂവിൽ വന്ന യേശുനാഥന്റെ പാവനസ്നേഹത്തിന് തുല്യമായി വേറൊന്നുമില്ല.
സ്നേഹിക്കുന്നവർ തങ്ങളുടെ സ്നേഹം പ്രകടമാക്കുവാൻ ഏറ്റവും ഉത്തമമായ വസ്തുക്കൾ നൽകുന്ന പതിവുണ്ട്. എന്നാൽ യേശുനാഥൻ സ്വന്തം ജീവൻ നൽകിയാണ് വിശ്വത്തെ സ്നേഹിച്ചത്. സ്നേഹിതർക്ക് സാധനങ്ങൾ കൈമാറുന്നത് ലോക പ്രകാരമുള്ള സ്നേഹത്തിന് ഉദാഹരണമെങ്കിൽ ശത്രുക്കൾക്കു വേണ്ടി സ്വന്തം ജീവനെ നൽകിയത് ക്രിസ്തുനാഥന്റെ ത്യാഗപൂർണ്ണമായ സ്നേഹത്തിന് മകുടോദാഹരണമാകുന്നു.

പ്രപഞ്ചത്തിലെ ഒരു വ്യക്തി പോലും യേശുനാഥന്റെ സ്നേഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. പിതാവ് തന്നെ സ്നേഹിച്ചതു പോലെ യേശുവും മാനവരെ സ്നേഹിച്ചു. എന്നാൽ അത് അഗണ്യമാക്കിയ ഈ ലോകത്തിന്റെ പ്രഭുക്കന്മാർ തേജസ്സിന്റെ കർത്താവായ മശിഹായെ കാരണം കൂടാതെ ക്രൂശിച്ചു.

നമ്മോടുള്ള ഇഷ്ടമാണ് സ്വന്തപുത്രനെ തകർത്തുകളയുവാൻ പിതാവിനെ നിർബന്ധിച്ചത്.
ദൈവക്രോധത്തിന്റെ ചക്കിൽ ഗോതമ്പ് മണിപോലെ പൊടിഞ്ഞമർന്ന് പിതാവിന്റെ ഹിതം നിറവേറ്റിയതിലൂടെ പുത്രനും നമ്മോടുള്ള തന്റെ അദമ്യമായ സ്നേഹം വെളിപ്പെടുത്തി.

യേശുവിന്റെ സ്നേഹം തികച്ചും വേറിട്ടതായിരുന്നു, ഇന്നും അത് വ്യത്യസ്തമായി തുടരുന്നു. എന്തെങ്കിലും പകരം പ്രതീക്ഷിച്ചോ വ്യാജസ്നേഹത്തിലൂടെയോ താൻ ആരെയും വഞ്ചിച്ചിട്ടില്ല. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുക മാത്രമല്ല തന്നോട് ശത്രുത കാട്ടിയവരെ സ്നേഹിച്ചിട്ടുമുണ്ട്. തള്ളിപ്പറഞ്ഞ പത്രോസിനെയും ഒറ്റിക്കൊടുത്ത യൂദാസിനെയും ഓടിക്കളഞ്ഞ ശിഷ്യന്മാരെയും ഒടുവിൽ വരെയും മടി കൂടാതെ സ്നേഹിച്ചത് അതിനുള്ള ദൃഷ്ടാന്തങ്ങളാണ്.

ഗുണവാന്മാർക്ക് വേണ്ടി ഒരു പക്ഷെ ആരെങ്കിലും വിരളമായി മരിക്കുന്ന ഈ ലോകത്തിൽ പാപികളായ സമസ്ത മാനവർക്കും വേണ്ടി ക്രിസ്തു സ്വമനസ്സാലെ യാഗമായതാണ് ഉലകം കണ്ടതിൽവെച്ച് ഏറ്റവും വലിയ സ്നേഹം. വംശമോ, വർഗ്ഗമോ, വർണ്ണമോ ഒന്നും നോക്കാതെയാണ്‌ നാഥൻ ഏവരെയും സ്നേഹിച്ചത്. സ്ത്രീ-പുരുഷ, വലിപ്പ-ചെറുപ്പ വ്യത്യാസം കൂടാതെ എല്ലാവരേയും സ്നേഹിച്ച പരമഗുരു പരസ്പരം സ്നേഹിക്കുവാൻ പ്രിയശിഷ്യരെയും തന്റെ ജീവിത മാതൃകയിലൂടെ പഠിപ്പിച്ചു.

മുറിവേറ്റവരെയും നിരാലംബരേയും അശരണരേയും നിസ്സഹായരേയും ആത്മാർഥമായി കരുതുവാനും സ്നേഹിക്കുവാനുമുള്ള ഗുരുനാഥന്റെ ആഹ്വാനം ശമര്യക്കാരന്റെയും അർദ്ധരാത്രിയിലെ സ്നേഹിതന്റെയും ഉപമകളിലൂടെ സ്പഷ്ടമായി ദർശിക്കുവാൻ സാധിക്കും.

മറ്റേത് കാലത്തേക്കാളും ജഗത്ഗുരുവായ യേശുക്രിസ്തു പഠിപ്പിച്ചതും പ്രദർശിപ്പിച്ചതുമായ സ്നേഹത്തിന് ഇന്ന് പ്രസക്തി ഏറെയുണ്ട്. പഴയകാലത്തെ ദുരാചാരങ്ങളെ വേരോടെ പിഴുതെറിയുവാൻ പ്രേക്ഷിത പ്രവർത്തകരെ സഹായിച്ചതും ക്രിസ്തുവിന്റെ സ്നേഹത്താൽ മുഖരിതമായ സുവിശേഷമായിരുന്നു.

അന്ത്യനാളിലെ ഭയാനകമായ (ദുർഘടമായ) സമയത്താണ് നാം ജീവിക്കുന്നത്. സ്വന്തക്കാരെക്കാൾ സ്വയത്തേയും പ്രാണനെക്കാൾ പണത്തെയും സ്നേഹിക്കുന്ന നവതലമുറ വ്യാജ സ്നേഹത്തിന് അടിമകളായി മാറുന്നത് ഹൃദയഭേദകമായ കാഴ്ച്ചയാണ്.

നിർവ്യാജസ്നേഹം എന്തെന്ന് അറിയാമായിരുന്നെങ്കിൽ അയൽക്കാരെ സംരക്ഷിക്കേണ്ടവർ അവരുടെ അന്തകർ ആകില്ലായിരുന്നു. കാമസ്നേഹത്തിൽ നിന്നും (Erose – 2ശമു 13:1-15) കാൽവറി സ്നേഹത്തിലേക്ക് (Agape – യോഹ 3:16) ഒരുവനെ രൂപാന്തരപ്പെടുത്തുവാൻ ക്രിസ്തുവിന്റ നിർമ്മല സുവിശേഷത്തിന് മാത്രമേ കഴിയൂ.

സുവിശേഷത്തെ തൃണവൽഗണിക്കുന്ന ഗ്രാമങ്ങളിലും രാജ്യങ്ങളിലും അധർമ്മം വർദ്ധിക്കുന്നു. തന്മൂലം സ്നേഹം തണുത്ത് കൊണ്ടിരിക്കുന്നു. കൂട്ടുകാരെ സ്നേഹിക്കണമെന്ന ഗുരുമൊഴി കേട്ടിട്ടില്ലാത്തവർ കൂട്ടുകാരെയും കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തുന്നു. അയൽക്കാരെ സ്നേഹിക്കണമെന്ന പ്രമാണം അറിഞ്ഞിട്ടില്ലാത്തവർ വീട്ടുകാരെയും നാട്ടുകാരെയും തല്ലി കൊല്ലുന്നു.

രാജ്യത്തെയും നിയമപാലകരെയും സമൂഹത്തെയും
വ്യക്തികളെയും കുടുംബത്തെയും മക്കളെയും മാതാപിതാക്കളെയും ആത്മാർഥമായി സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന ഏക ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ. നരഭോജികളെ നരസ്നേഹികളാക്കി മാറ്റിയ അസംഖ്യം ചരിത്രങ്ങൾ ഇതിനുണ്ട്. ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം വരുത്തുവാൻ സ്നേഹവാനായ ക്രിസ്തുവിന്റെ സുവിശേഷത്തിന് മാത്രമേ കഴിയുകയുള്ളൂ.

പ്രിയമുള്ളവരേ, ദൈവം ക്രിസ്തുവിലൂടെ നമ്മെ സ്നേഹിച്ചതു പോലെ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. “ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം” എന്ന വലിയ കല്പനയുടെ വാഹകരായി ‘കാണപ്പെടുന്ന സഹോദരങ്ങളെയും കാണപ്പെടാത്ത ദൈവത്തെയും’ കർത്താവിന്റെ പുനരാഗമനം വരെയും ആത്മാർഥമായി സ്‌നേഹിക്കാം.

ജോസ് പ്രകാശ്

-ADVERTISEMENT-

You might also like
Comments
Loading...