ലേഖനം: യോസേഫ് ചെയ്ത തെറ്റ് | രാജൻ പെണ്ണുക്കര, മുംബൈ

യഥാർത്ഥത്തിൽ യോസേഫ് തെറ്റ് ചെയ്തിട്ടുണ്ടോ. യാക്കോബിന്റെ പാതിനൊന്നാമത്തെ മകനായ യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു, കൂടാതെ ചില പ്രത്യേക പരിഗണനയും കൊടുത്തു. ഇതുകണ്ട് സഹികെട്ട സ്വന്ത സഹോദരന്മാർക്ക് അവനോട് സമാധാനമായി സംസാരിപ്പാൻ പോലും  കഴിഞ്ഞില്ല, അവനെ പകച്ചു എന്നു വായിക്കുന്നു.

അതു മാത്രമല്ല യോസേഫ് ഒരു സ്വപ്നം കണ്ടു എന്നു സഹോദരങ്ങളോട് സൂചിപ്പിച്ച നിമിഷത്തിൽ തന്നേ സഹോദരങ്ങൾ അവനെ പിന്നെയും അധികം പകച്ചു. ഇവിടെ ഒരു കാര്യം പ്രത്യേകം  ശ്രദ്ധിക്കണം, യോസേഫ് ഇതുവരെ സ്വപ്നം എന്താണെന്ന് അവരോട് പറഞ്ഞിട്ടില്ല. അപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ പിന്നെത്തെ കാര്യം എന്താകും.

എന്നാൽ യോസേഫ് ഒന്നാമത്തെ സ്വപ്നം വിവരിച്ചപ്പോൾ സഹോദരങ്ങൾ അവനെ പിന്നെയും അധികം ദ്വേഷിച്ചു, വെറുത്തു. രണ്ടാമത്തെ സ്വപ്നം കേട്ടമാത്രയിൽ  സഹോദരങ്ങൾക്ക്‌  അവനോട്‌  അസൂയ തോന്നി. *പക എന്ന വികാരം പടിപടിയായി വളർന്നു പന്തലിച്ച് എവിടെവരെ എത്തി നിൽക്കുന്നു എന്നു നോക്കുക*. എല്ലാ മനുഷ്യരുടെയും  ജീവിതത്തിൽ സംഭവിക്കുന്നതും ഇതുതന്നെയല്ലേ.!!!

ഈ സ്വപ്നത്തിന്റെ വർത്തമാനം കെട്ട അപ്പൻ ചെറിയ വായിൽ വലിയ വർത്തമാനം എന്നു വിചാരിച്ച് അവനെ ശാസിച്ചു, എന്നാൽ അവൻ പറഞ്ഞ വാക്കുകൾ മനസ്സിൽ സംഗ്രഹിച്ചു എന്ന് എഴുതിയിരിക്കുന്നു. ഇതാണ് വിവേകമുള്ളവന്റെയും, തിരിച്ചറിവുള്ളവന്റെയും ലക്ഷണം. ഈ പറയുന്നതിൽ അഥവാ കേൾക്കുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ, സത്യമുണ്ടോ, വാസ്തവം  ഉണ്ടോ എന്നു അറിയണം എന്ന ജിജ്ഞാസ ഉള്ളിൽ ഉണ്ടായി കാണും.

ഇത്രയൊക്കെ സഹോദരങ്ങൾ അവനോട്  ചെയ്തിട്ടും, അവരുടെ ക്ഷേമം അന്വേഷിച്ചുവരുവാൻ അപ്പൻ പറയുമ്പോൾ ഒരു വൈമനസ്യമോ, വിരക്തിയോ കാണിക്കാതെ അപ്പനെ അനുസരിക്കുന്ന ഒരു നല്ല പുത്രനെയല്ലേ ഇവിടെ ദർശിക്കുന്നത്.

അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു: അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു (ഉല്പ 37:18-20).

എന്നാൽ കുഴിയിൽ എറിഞ്ഞവർ തന്നേ, യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അപ്പോൾ ഭൗതീകത്തിനുവേണ്ടിയും, പണത്തിനുവേണ്ടി ആരും എന്തും ചെയ്യും എന്നതും ഉറപ്പല്ലേ. ഒരിക്കൽ ഒരാൾ മുപ്പതു വെള്ളികാശിന് യേശുവിനെ ഒറ്റുകൊടുത്തിട്ട് അയാളുടെ അവസാനം എന്തായി!!!.

ഇതിൽനിന്നും അവർ സന്ദർഭവും,  സുവർണ്ണാവസരവും,  ഒത്തുവരാൻ കത്തിരിക്കുകയായിരുന്നു എന്നതല്ലേ വ്യക്തമായി മനസ്സിലാകുന്നത്.
ഇന്നു ഭവനങ്ങളിലും, സഭകളിലും, ദേശത്തും നടക്കുന്നത് ഇതല്ലേ, സത്യവും, യാഥാർഥ്യവും, ന്യായവും, നേരും പറയുന്നവനെ എല്ലാവരും പ്രത്യേകിച്ച് സഹോദരങ്ങളും പകയ്ക്കുന്ന, വെറുക്കുന്ന, ഒറ്റപ്പെടുത്തി പുറത്താക്കി അപായപെടുത്തുന്ന സ്ഥിതി വിശേഷമല്ലേ നടക്കുന്നത്.

യഥാർത്ഥത്തിൽ യോസേഫ് എന്തു തെറ്റാണ് ചെയ്തത്.  യോസഫിന്റെ ഹൃദയപരമാർത്ഥകൊണ്ട് യഹോവയാം ദൈവം അറിയിച്ച സത്യങ്ങളും, അവൻ കണ്ടതും, അറിഞ്ഞതുമായ ചില യാഥാര്‍ത്ഥ്യങ്ങളും, മറച്ചുവെക്കാതെ, സഹോദരങ്ങളും മാതാപിതാക്കളും എന്തോവിചാരിക്കും എന്നുപോലും ആലോചിച്ചു നിൽക്കാതെ തുറന്നു പറഞ്ഞതാണോ തെറ്റ്?.

ഇവിടെ യോസെഫിന്റെ സ്വപ്നം സാക്ഷത്കരിക്കാതിരിക്കാനും അവരുടെ പദ്ധതി വിജയിക്കാനുമല്ലേ ഇത്ര നീചമായ അപരാധം ചെയ്തത്. നമ്മുടെ ഭാഗം ജയിക്കാൻ, ഉറപ്പിക്കാൻ, എത്രഹീനമായ പ്രവർത്തിയും ചെയ്യുവാൻ ഇന്നു മനുഷ്യൻ ഒരു മടിയും കാണിക്കുന്നില്ല എന്നതാണ് ഏറ്റവും വേദനയുളവാക്കുന്ന സത്യം.

അൽപ്പം കൂടി വിശദമാക്കിയാൽ, ആത്മീക ഗോളത്തിലും, സഭയിലും ഈ അവസ്ഥ ഒട്ടും കുറവല്ല, സത്യവും, യാഥാർഥ്യവും, ന്യായവും, നേരും പറയുന്നവനെ ആദ്യം  പകയ്ക്കും, പിന്നെ അധികം പകയ്ക്കും, അതിനു ശേഷം അധികം ദ്വേഷിക്കും, പിന്നെ അസൂയ തോന്നി, അതു വിരോധമായിമാറി, ഗൂഢമായി ദുരാലോചന ചെയ്തു, അവസരവും സന്ദർഭവും കിട്ടുമ്പോൾ സമയം പാഴാക്കാതെ ഇല്ലാതാക്കി പുറത്ത് കുഴിയിൽ ഇട്ടുകളയുന്ന പ്രവണതയല്ലേ കാണുന്നത്.

ഇതിനിടയിലും പിടക്കുന്ന ഹൃദയമുള്ള രൂബേന്മാരും കാണും. അതല്ലേ രൂബേൻ തിരികെ കുഴിയുടെ അടുക്കൽ തിരിച്ചു ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറിയത്. അപ്പോൾ എല്ലായിടത്തും രൂബേനെ പോലെയുള്ള ചില സഹോദരന്മാരും ഉണ്ട് എന്നതും സത്യം, പക്ഷെ ആർ ചെവികൊള്ളും അവന്റെ വാക്കുകൾ, ഭൂരിപക്ഷം മറുഭാഗത്തല്ലേ?.

സത്യവും, ന്യായവും, നേരും പറഞ്ഞാൽ, പൊട്ടകിണറിൽ എറിയപ്പെടാം, നാലുപാടും കൂരിരുട്ടിന്റെ അനുഭവം വരാം, എല്ലാവരും ഉപേക്ഷിച്ചു പോയേക്കാം, എല്ലാവരോടുമുള്ള  സമ്പർക്കം വിച്ഛേദിക്കപെട്ട് ആരോരും ഇല്ലാത്ത അവസ്ഥയിൽ ഒറ്റപ്പെട്ടു പോകാം, കൂടെനിന്നവർ ഇപ്പോൾ കൂടെയില്ലാത്ത അവസ്ഥ വന്നേക്കാം.  ഇപ്പോഴത്തേ യോസെഫിന്റെയും  അവസ്ഥ ഇതല്ലേ???.

ഇവിടെ സഹോദരന്മാരുടെ വിജയം താൽക്കാലികമായിരുന്നു. അവർ വിചാരിച്ചതും വിശ്വസിച്ചതും യോസേഫിനെ ഒതുക്കിയാൽ പൂർണവിജയം നേടാം എന്നാണ്. അതുകൊണ്ടല്ലേ  അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞത്. യഥാർത്ഥത്തിൽ അവർക്ക് തെറ്റുപറ്റിപ്പോയി.

എന്നാൽ ആരുപകച്ചാലും ദൈവീക പദ്ധതിക്ക് മാറ്റം വരില്ലല്ലോ!!!. യോസഫിനെ പൊട്ടകിണറ്റിൽ നിന്നും കരകയറ്റി പടിപടിയായി ഉയർത്തി ഫറവൊന്റെ കൊട്ടാരത്തിലേ സിംഹസനത്തിൽ ഇരുത്താൻ ശക്തിയുള്ള, വിശ്വാസ്തനായ, വാക്കുമാറാത്ത ദൈവമല്ലേ സ്വപ്നം കാണിച്ചു കൊടുത്തതും, അവനെക്കൊണ്ട് ഇതെല്ലാം പറയിച്ചതും എന്ന സത്യം മറന്നുപോകരുത്. ഫറവോൻ യോസഫിനെ അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചു കൊടുപ്പാനും, തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു (സങ്കി 105:21-22). എത്രവലിയ പരമാധികാരം. ലോകം വെറുത്തോട്ടെ, എല്ലവരും ഉപേക്ഷിച്ചോട്ടെ, എല്ലാവരും ഒറ്റപെടുത്തിക്കോള്ളട്ടെ സാരമില്ല.  *എന്നാൽ യഹോവ യോസേഫിനോടു കൂടെ ഇരുന്നു,  അവനോടു ദയ തോന്നാൻ ചിലർക്ക് കൃപ നൽകുന്ന ദൈവമല്ലെ നമ്മുടെ ദൈവം. (ഉല്പ 39:21). ഇതാണ് ദൈവപ്രവർത്തിയുടെ മാഹാത്മ്യം.

കാലങ്ങൾ കടന്നുപ്പോയതിനു ശേഷമാണ് ദൈവപ്രവർത്തിയുടെ രണ്ടാംഘട്ടം തുടങ്ങുന്നത്. യഹോവയാം ദൈവം, യോസേഫിനെ പകച്ച സ്വന്ത സഹോദരന്മാരെ  യോസേഫിന്റ സിംഹസനത്തിന്റെ മുൻപിൽ നമ്രാശിരസ്കരായി നിൽക്കേണ്ടിയ അവസ്ഥയിൽ ആക്കി തീർത്തു എന്നു പറയുന്നതാകും ശരി. ഒരുകാര്യം നാം ഓർക്കണം, രണ്ടുവട്ടം മാത്രം എല്ലാവരും ചേർന്നു യോസേഫിനെ നമസ്കരിക്കുമെന്നു  സ്വപ്നത്തിൽ കാണിച്ച ദൈവം, അവരുടെ കൗശലവും കുറുക്കുവഴികളും, കൈയ്യിലിരിപ്പും നിമിത്തം നാലുവട്ടം  യോസേഫിന്റെ കല്പാദത്തിൽ സാഷ്ടാംഗം വീണു  നമസ്കരിപ്പിച്ചു.

ചിലതിനൊക്കെ മുതലിനോടൊപ്പം  പലിശയും കൂട്ടുപലിശയും ചേർത്ത് അടയ്ക്കണം എന്നൊരു തത്വം ഉണ്ടെന്നകാര്യം പലരും വിസ്മരിച്ചു   പോകുന്നു. അവർ സന്ധ്യ സമയത്ത് വട്ടംകൂടിയിരുന്നു തന്ത്രങ്ങളും കൗശലവും, പദ്ധതികളും പലപ്പോഴായി തയ്യാറാക്കിയപ്പോൾ, ഒരിക്കലും അവരും ഓർത്തില്ല, കരുതിയില്ല ദൈവം ഇങ്ങനെയൊരു കുരുക്ക് അവർക്കുവേണ്ടിയും വെച്ചിട്ടുണ്ടെന്ന്.
ആ ഗൂഡാലോചനയിൽ ഉൾപ്പെട്ടിരുന്ന പത്തുപേരെയും ഒരുമിച്ച് ദൈവം യോസേഫിന്റെ കല്പാദത്തിൽ കൊണ്ടുവന്നു. ഇതാണ് ദൈവനീതി. ഒരു പദ്ധതി ഇട്ടാൽ അതിന്റ വള്ളി പുള്ളി മാറാതെ, മാറ്റാതെ, അപ്രകാരം ചെയ്തെടുക്കുന്നവനാണ്  നമ്മുടെ ദൈവം.

ഈ സഹോദരന്മാർ യോസേഫിന്റെ മുൻപിൽ പറയുന്ന സാക്ഷ്യപത്രം  അഥവാ സ്വഭാവ സർട്ടിഫിക്കറ്റ് വളരെ രസകരമാണ്. ഞങ്ങൾ തികച്ചും  പരമാർത്ഥികൾ (Honest, True) ആകുന്നു. പരമാർത്ഥത എന്നുവച്ചാൽ വാസ്തവമായത്, പരമമായ അർത്ഥതോടു കൂടിയത്, അതായത് പരമമായ അർത്ഥം സത്യമാണല്ലോ. ഇവരുടെ സാക്ഷ്യത്തിലും പ്രവർത്തിയിലും ജീവിതത്തിലും സത്യത്തിന്റെ അംശം കാണാനുണ്ടോ?. അപ്പോൾ ഇവർ  ഇതുവരെ പറഞ്ഞതും, പറയുവാൻ പോകുന്നതുമെല്ലാം സത്യമോ?.

ഇവിടത്തെ ചിന്തനീയമായ  വിഷയം. യഥാർത്ഥത്തിൽ ഇവർ പരമാർത്ഥികൾ ആണോ?.  ഈ പദം നാലു തവണ നാല്പത്തിരണ്ടാം അദ്ധ്യായത്തിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. ഉല്പ 44:20 പ്രകാരം യോസേഫ് എന്ന സഹോദരൻ എന്നേ മരിച്ചുപോയി എന്ന ധാരണയിലല്ലേ ഇപ്പോഴും ജീവനോടിരിക്കുന്ന യോസേഫിന്റെ മുൻപിൽ നിന്നുകൊണ്ട് ഇത്ര ലാഘവത്തോടെ ഒറ്റവാക്കിൽ ഉത്തരം പറയുന്നത്.

മരിക്കുക എന്നത്  സ്വഭാവീക മരണത്തെ വിശേഷിപ്പിക്കുന്ന  പദമല്ലേ. എന്നാൽ അവർ  യോസേഫിനോട് കൊല്ലാക്കൊലയ്ക്ക് തുല്യമായ ഹീനമായ പ്രവർത്തിയല്ലേ ചെയ്തത്. എന്നിട്ടും അവർ ലജ്ജയില്ലാതെ പറയുകയാണ് യോസേഫ് മരിച്ചുപോയെന്ന്.  സാധാരണ നാം പറയുന്നത്  കേൾക്കാറുണ്ട് അവൻ വീട് വിട്ടുപോയി, സഭ വിട്ടുപോയി, യഥാർത്ഥത്തിൽ വിട്ടുപോയതോ, അതൊ ഇറക്കിവിട്ടിട്ട് പടി അടച്ചു പിണ്ഡം വെച്ചിട്ട് മനഃപൂർവം ഒഴിവാക്കിയതോ. എന്നിട്ട് പറയും ഇവിടെ ഇപ്പോൾ വരാറില്ല, ഞങ്ങൾക്ക് അറിയില്ല ഇപ്പോൾ എവിടെയാണെന്ന്, എന്നുവെച്ചാൽ മരിച്ചുപോയോ ജീവനോടെ ഉണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല എന്നുച്ചുരുക്കം.

കുറച്ചു നാളുകൾക്ക് മുൻപേ ഇവർ ഒരുമിച്ചുചേർന്ന് ചെയ്തുകൂട്ടിയ കാര്യങ്ങൾ മനഃപൂർവം മറച്ചു വച്ചുകൊണ്ട്, എല്ലാവരും എല്ലാം മറന്നുപ്പോയി കാണുമെന്ന ചിന്തിച്ചുകൊണ്ടാകാം പരമാർത്ഥികൾ എന്ന വേഷം അണിഞ്ഞു അവർ വിറ്റുകളഞ്ഞ സ്വന്തം സഹോദരന്റെ മുൻപിൽ ഒരു കുസലും ഇല്ലാതെ ഇപ്പോൾ നിൽക്കുന്നത്.

യോസേഫിന്റെ സ്ഥാനത്ത് നാം ആയിരുന്നെങ്കിൽ ഇതെല്ലാം കേട്ടിട്ട് ഉള്ളിൽ ചിരിക്കുമായിരുന്നു. എന്നാൽ ഇവിടെ യോസേഫ് ഹൃദയം പൊട്ടി മറഞ്ഞിരുന്നു കരഞ്ഞു എന്നു വായിക്കുന്നു. ഇന്നു യോസേഫിന്റെ കൈയിൽ എന്തും ചെയ്യുവാനുള്ള അധികാരം ഉണ്ട്, തന്നേ ഒരിക്കൽ  കൊല്ലാക്കൊല ചെയ്ത സ്വന്ത സഹോദരങ്ങളെ ഒറ്റുനോക്കുകാർ, ചാരൻമാർ (Spies) എന്ന ജാമ്യമില്ലാത്ത കുറ്റം ചാർത്തി ജയിലിൽ അടയ്ക്കാമായിരുന്നു. ആരും ചോദിക്കാൻ വരില്ല, എന്നിട്ടും,  ഒരിക്കലും തന്റെ അധികാരം ദുർവിനയോഗം  ചെയ്തില്ല. ഇതാണ് യോസേഫിനേ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്ന മുഖ്യ ഘടകം.

നാമും പലപ്പോഴും  ഇങ്ങനെയുള്ള പരമാർത്ഥതയുടെ കപടവേഷം  അണിയാറില്ലേ?. ഇങ്ങനെ പലതും നാം  ചെയ്തുകൂട്ടിട്ട് സ്വയം ഉണ്ടാക്കിയ പരമാർത്ഥികൾ എന്ന വ്യാജസ്വാഭാവ സർട്ടിഫിക്കറ്റുമായി യോസേഫിന്റെ മുൻപിൽ പോയി നിന്നാൽ ദൂരവേ വെച്ച് അവൻ നമ്മേ തിരിച്ചറിയും എന്ന സത്യം മറന്നുപോകരുത്. ഒരുകാര്യം കൂടി ഓർക്കുക, സത്യവും, ന്യായവും, നേരും പറഞ്ഞാൽ, പൊട്ടകിണർ ഉറപ്പായും ലഭിക്കും. നാം എന്തു തിരഞ്ഞെടുക്കും…

ഇതിന്റ വേറെ ഒരു മർമ്മം.. ദർശനം കണ്ട, യഥാർത്ഥസത്യം  മനസ്സിലാക്കിയ യോസേഫിനു ദുഷ്ടതയും, കൗശലക്കാരുമായ സഹോദരന്മാരോട് കൂടെ നിൽക്കുവാൻ കഴിയുമോ?. ദൈവീക പദ്ധതി നിറവേറണമെങ്കിൽ യോസഫ് അവിടെനിന്നും മാറേണ്ടിയതും ആവശ്യം തന്നേ. അതുകൊണ്ട് ദൈവം യോസേഫിനെ അവരുടെ വീട്ടിൽ നിന്നും മനഃപൂർവം മാറ്റിയെന്നും കരുതാം.

ദർശനം കണ്ട യോസേഫിനെ പരാജയ പെടുത്താൻ സ്വന്ത സഹോദരങ്ങളിൽ കൂടി പിശാച് ശ്രമിച്ചുവെങ്കിൽ, വാഗ്ദത്തം ചെയ്ത ദൈവം അതിനെ എല്ലാം തട്ടിമാറ്റി വള്ളിപുള്ളി തെറ്റാതെ പൂർത്തീകരിക്കാൻ വിശ്വസ്തനാണെന്ന് തെളിയിച്ചു കൊടുത്തില്ലേ. യോസേഫിന്റെ നിഷ്കളങ്കതയും, കാപട്യമില്ലാത്തതും, തിന്‍മ തീണ്ടിയിട്ടില്ലാത്തതുമായ ജീവിതം കൊണ്ട്, പൊട്ടകിണറ്റിലെ ഇരുട്ടിലും പ്രകാശമായി യഹോവ കൂടെയുണ്ടായിരുന്നു. സ്വന്ത സഹോദരങ്ങൾ അവനോട് തിന്മ ചെയ്തു അവനെ ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിൽ, ആ തിന്മയെ നന്മയാക്കി മാറ്റുവാൻ ദൈവം വിശ്വസ്തൻ.  അതേ ചിലപ്പോൾ ചിലർ നമുക്കെതിരെ ചെയ്തുകൂട്ടുന്ന തിന്മകൾ നമ്മുടെ നന്മയായി മാറും എന്നതിന് തർക്കമില്ല. ഇന്നു തിന്മചെയ്തവരുടെ അവസ്ഥയോ…..? ഒരിക്കൽ അവർ വിജയം ആഘോഷിച്ചവർ ആണ്. എന്നാൽ, അവരുടെ താത്കാലിക ജയം ഇന്ന് അവരെ എവിടെ കൊണ്ടെത്തിച്ചു… ചിന്തിക്കുക, ഈ ദൈവത്തെ ഭയപ്പെടുക…

രാജൻ പെണ്ണുക്കര,  മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.