ലേഖനം: തോമസ് അലക്സാണ്ടർ എന്ന കേരളാ മുൻ മുഖ്യമന്ത്രി | ടെസിൻ സൈമൺ

കേരളത്തിലെ ഈ മുൻ മുഖ്യമന്ത്രിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഉണ്ട്. നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ട്. പലരും കണ്ടിട്ടുമുണ്ട്. വായിച്ച് നെറ്റി ചുളിക്കേണ്ട. സത്യമാണ്.തോമസ് അലക്സാണ്ടർ എന്ന വ്യക്തി കേരളത്തിൽ മുഖ്യമന്ത്രിയായിട്ടുണ്ട്. സംശയിക്കേണ്ട ആ വ്യക്തി നമ്മുടെ ഉമ്മൻ ചാണ്ടി തന്നെ. അതെങ്ങനെയെന്ന ചോദ്യത്തിനുത്തരം തേടുമ്പോൾ പേരുകളുടെ പിന്നിലെ കഥകൾ ചികയണം.തോമസിനെ പറഞ്ഞ് പറഞ്ഞ് നാം ഉമ്മനാക്കി.യോസഫിനെ ഉട്ടൂപ്പും ഔതയും ആക്കിയതുപോലെ. അപ്പോൾ അലക്സാണ്ടറോ.നിങ്ങൾക്കു സംശയം വരാം.അല വെട്ടിമാറ്റി
സാണ്ടറാക്കിയതാണത്. സാണ്ടർ നാക്കിൽ നിന്നു നാക്കിലേക്കു ചാടി ചാടി പോയപ്പോൾ ചാണ്ടിയായി രൂപാന്തരം പ്രാപിച്ചു.അങ്ങനെ തോമസ് അലക്സാണ്ടറെ ജ്ഞാനസ്നാനം ചെയ്തെടുത്ത് ഉമ്മൻ ചാണ്ടി എന്ന സുന്ദരനാമം ചാർത്തപ്പെട്ടു.

post watermark60x60

മലയാളി പേരുകളുടെ തലയിലെഴുത്ത് മാന്തിയെടുത്താൽ രസമുള്ള പരിണാമം കാണാം.മാണി എന്ന പേരെടുത്ത പേര് ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന പേര് വായിലിട്ട് ഉരുട്ടി മാണിയാക്കി തീർത്തതാണ്. കുരുവിള നല്ല വിളവെടുപ്പ് നടത്തുമ്പോൾ സിറിൽ ആണ് വേഷം മാറി കുരുവിളയായതെന്ന് നാം മറന്നു പോകുന്നു. ഇംഗ്ലീഷ്കാർ തിരുവനന്തപുരം വായിൽ കൊള്ളാഞ്ഞ് ട്രിവാൻഡ്രം ആക്കിയതുപോലെ.മലയാളികൾ പേരുകളെ തിരഞ്ഞു പിടിച്ചു ചെറുതാക്കുകയും തലയും വാലും ഛേദിക്കുകയും ചെയ്യുന്നു.ജേക്കബിനെ നാം ഒന്നാന്തരം ചാക്കോയാക്കി മാറ്റി.യോശുവയെ കോശിയും. മലയാളികൾക്ക് പ്രിയം ഉലഹന്നാനും ലോനപ്പനും ആണ്. അവൻ്റെ നാവിന് വഴക്കം ഇവർ തന്നെ.ജോൺ എന്ന പേര് ഇങ്ങനെയൊക്കെ മാറ്റിയെങ്കിലെ അവനു സുഖം വരൂ.യോഹന്നാൻ മാറി പോയ പോക്കേ! പിന്നെയുമുണ്ട് മലയാളി പേരുകളുടെ വിസ്മയം.പുന്നൂസും ഈപ്പനും തലനീട്ടി നിൽക്കുമ്പോൾ നാം അറിയുന്നില്ല സാക്ഷാൽ സ്റ്റീഫനാണ് ഉയർന്നു നിൽക്കുന്നതെന്ന്. എസ്തപ്പാൻ എന്ന രൂപവും സ്റ്റീഫൻ എടുത്തണിയാറുണ്ട്.

ദേവസ്യ എന്ന പേരു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് വിശുദ്ധനെയാണ്.സെബാസ്ത്യനോസ് എന്ന വിശുദ്ധനെ .തമ്പാനും മാമ്മനും മലയാളികൾക്ക് സുപരിചിതൻ തന്നെ.എന്നാൽ ഇവർ തോമസിൻ്റെ വകഭേദങ്ങളാണ് എന്ന് പരിചയപ്പെടുത്തുമ്പോൾ മാത്രമാണ് ഓർമ്മ വരിക.പ്രാഞ്ചിയേട്ടൻ എന്നു കേൾക്കുമ്പോൾ തൃശൂർക്കാരെ ഓർക്കും. അവരാണല്ലോ മലയാളികളിൽ കുറുക്കൽ വീരന്മാർ.ഫ്രാൻസിസ് എന്ന മനോഹരമായ പേരാണ് ഇവർ ചെറുതാക്കി സുന്ദരമാക്കിയത്.

Download Our Android App | iOS App

താരുവും തര്യനും അരങ്ങുവാഴുന്നതും എറണാകുളത്തിന് അപ്പുറമാണ്. എന്നാൽ ഈ പേരുകാർക്കു പോലും അറിയാത്ത സംഗതിയുണ്ട്. തങ്ങൾ ഒരു രാജാവിൻ്റെ പേരാണ് വഹിക്കുന്ന തെന്ന്. അതേ, സാക്ഷാൽ ദാവീദ് രാജാവ്! കറിയായും സ്കറിയായും ചെറിയാനും ഭൂമി മലയാളത്തിലെ ക്രൈസ്തവ നാമങ്ങളായിട്ട് നാളുകളായി.ഹീബ്രു പദത്തിൻ്റെ കുറുനാമങ്ങളാണ് തങ്ങൾ പേറുന്നതെന്ന് എത്ര പേർക്ക് അറിയാമെന്നത് സെഖര്യാവ് പുരോഹിതനോടു ചോദിക്കേണ്ടി വരും. എൻ്റെ പേരാണ് നിങ്ങൾ ധരിക്കുന്നതെന്ന് സെഖര്യാവ് പുരോഹിതന് ഒന്നു രണ്ടു വട്ടം ആവർത്തിക്കേണ്ടി വരുമെന്ന് തീർച്ച.

പുരുഷനാമങ്ങളിൽ നിന്ന് സ്ത്രീനാമങ്ങളിലേക്ക് എടുത്തു ചാടിയാൽ വീണ്ടും രൂപമാറ്റങ്ങളുടെ വിസ്മയങ്ങൾ കാണാം.ഒറോത എന്ന മലയാള നോവലിനെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കം. ആംഗല ഭാഷയിലെ റോസയാണ് നമ്മൾ ‘ഒ’ എന്ന പ്രിഫിക്സ് ചേർത്തു രൂപാന്തരപ്പെടത്തിയത്.സ്കൂൾ ഉസ്കൂളായി മാറിയതു പോലെ. അക്കാമ്മയും ബെക്കിയും മലയാളക്കരയിൽ ഇടം കണ്ടെത്തുമ്പോൾ റെബേക്ക എന്ന നാമധേയത്തിനാണ് ഇങ്ങനെയൊരു ഭാവപ്പകർച്ച വന്നതെന്ന് ഓർക്കാതിരിക്കരുത്.

ക്രിസ്തീയ പേരുകളിലെ രൂപാന്തരങ്ങളും ഭാവമാറ്റങ്ങളും വേഷപകർച്ചകളുമെല്ലാം ഇനിയുമുണ്ടാകാം. എന്നാൽ ആധുനിക കാലത്തിൽ സ്റ്റൈലിഷ് പേരുകളുടെ പിന്നാലെ നാം പോകുമ്പോൾ വാലും തലയുമായി നിന്നിരുന്ന ‘അമ്മ’യും ‘കുഞ്ഞും’ ‘ഉണ്ണി ‘ യും ‘ഇടി’യും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

ടെസിൻ സൈമൺ

-ADVERTISEMENT-

You might also like